റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ 10 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. ഭേജ്ജി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വനത്തില്‍ രാവിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘത്തിന്റെ നക്‌സലൈറ്റ് വിരുദ്ധ ഓപ്പറേഷനിലാണ് നക്‌സലുകള്‍ കൊല്ലപ്പെട്ടത്. കൊരജ്ഗുഡ, ദന്തേസ്പുരം, ഭണ്ഡര്‍പദര്‍ എന്നിവിടങ്ങളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞതിനെത്തുടര്‍ന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ആരംഭിച്ചത്.
ഇന്‍സാസ് റൈഫിള്‍, എ കെ 47 റൈഫിള്‍, സെല്‍ഫ് ലോഡിങ് റൈഫിള്‍ എന്നിവയുള്‍പ്പെടെയുള്ള ആയുധശേഖരവും പിടിച്ചെടുത്തു. ജില്ലാ റിസര്‍വ് ഗാര്‍ഡും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ഛത്തീസ്ഗഡിലെ സുക്മ ഉള്‍പ്പെടെ ഏഴ് ജില്ലകള്‍ ഉള്‍പ്പെടുന്ന ബസ്തര്‍ മേഖലയില്‍ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളെ തുടര്‍ന്ന് ഈ വര്‍ഷം ഇതുവരെ 207 നക്‌സലുകളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.