പത്തനംതിട്ട: സി.പി.എം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപ് കൊല്ലപ്പെട്ടത് ശനിയാഴ്ച പിറന്നാള്‍ ആഘോഷിക്കാനിരിക്കെ. തന്റെ പ്രിയപ്പെട്ടവന് പിറന്നാള്‍ സമ്മാനമായി നല്‍കാന്‍ വാങ്ങിയ ചുവന്ന ഷര്‍ട്ട് മൃതദേഹത്തില്‍ വെച്ച് ഭാര്യ സുനിത വിതുമ്പുന്നത് കണ്ടുനിന്നവരുടെയും കണ്ണുകള്‍ ഈറനണിയിച്ചു.
രണ്ടാമത്തെ പ്രസവം കഴിഞ്ഞ് മൂന്നുമാസമായ കുഞ്ഞുമായി ചങ്ങനാശ്ശേരി തൃക്കൊടിത്താനത്തെ സ്വന്തം വീട്ടിലായിരുന്നു സുനിത.
അതേസമയം, കണ്ണീര്‍ കിനിയുന്ന നൊമ്പരക്കാഴ്ചയാവുകയാണ് സന്ദീപിന്റെ കുടുംബ ഫോട്ടോ. സന്ദീപും ഭാര്യയും തങ്ങളുടെ രണ്ട് കുഞ്ഞുങ്ങളുമായി നില്‍ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ ഏറെ പങ്കുവെക്കപ്പെടുന്നുണ്ട്. മൂന്നര വയസ്സുള്ള മകന്‍ നിഹാലിനെ സന്ദീപും മൂന്നുമാസം പ്രായമുള്ള മകള്‍ ഇസയെ ഭാര്യ സുനിതയും എടുത്തുകൊണ്ട് നില്‍ക്കുന്ന ചിത്രം, ഈ പിഞ്ചുകുഞ്ഞുങ്ങളെ അനാഥരാക്കിയവര്‍ എന്തുനേടി എന്ന ചോദ്യത്തോടെയാണ് പ്രചരിക്കപ്പെടുന്നത്.
2017ലായിരുന്നു സന്ദീപിന്റെ വിവാഹം. പെരിങ്ങരയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു സന്ദീപിന്‍േറത്. 27 വര്‍ഷത്തിനുശേഷം പെരിങ്ങര പഞ്ചായത്തില്‍ ഇടതിന് ഭരണംപിടിക്കാന്‍ അവസരമൊരുക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചു. യുവജന നേതാവ് എന്ന നിലയില്‍ നാട്ടുകാര്‍ക്കിടയില്‍ സന്ദീപിന് വലിയ സ്വീകാര്യതയുണ്ടായിരുന്നു.
നാടിന്റെ യാത്രാമൊഴി
സന്ദീപ് കുമാറിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ചെറുപ്പത്തില്‍ത്തന്നെ തെരഞ്ഞെടുപ്പില്‍ ജയിച്ച സന്ദീപ് ജനഹൃദയങ്ങളില്‍ ഇടംനേടിയിരുന്നു. വിലാപയാത്രയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു.