പി.പി. ചെറിയാന്‍
ഒക്ലഹോമ: കുട്ടികളെ വീട്ടിലിരുത്തി മദ്യപിക്കാന്‍ പോയ അമ്മ അറസ്റ്റില്‍. എട്ടും, അഞ്ചും, ഒന്‍പതു മാസവും പ്രായമുള്ള മൂന്നു കുട്ടികളുടെ ചുമതല ഒന്‍പതു വയസ്സുള്ള മകളെ ഏല്‍പിച്ചാണ് അമ്മ മദ്യഷോപ്പില്‍ പോയത്. പെറിയ അഗിലാറെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്തത്.
സാധാരണ പരിശോധനയുടെ ഭാഗമായാണ് സൗത്ത് വെസ്റ്റ് ബ്ലാക്ക് വെല്‍ഡറിലുള്ള ഇവരുടെ വീട്ടില്‍ ഒക്ലഹോമ പൊലീസ് എത്തിയത്. ഈ സമയം മൂത്തപെണ്‍കുട്ടി ഒന്‍പത് മാസം പ്രായമുള്ള കുട്ടിക്ക് പിസാ കൊടുക്കുകയായിരുന്നു. കുട്ടിക്ക് എന്തുകൊടുക്കണമെന്ന് തനിക്കറിയില്ലെന്നു കുട്ടി പൊലീസിനോടു പറഞ്ഞു.
ഈ സമയത്ത് മദ്യലഹരിയില്‍ വാഹനം ഓടിച്ചു മാതാവ് വീട്ടിലെത്തി. ഇവര്‍ക്ക് ശരിയായി സംസാരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നു പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. വീട്ടില്‍ എസി ഇല്ലായിരുന്നുവെന്നും പുറത്ത് ചൂടു കൂടുതലായിരുന്നെന്നു പൊലീസ് വ്യക്തമാക്കി.
കുട്ടികളുടെ ചുമതല ഒന്‍പത് വയസ്സുകാരിയെ ഏല്‍പിച്ച് മദ്യഷാപ്പില്‍ പോയതു കുറ്റകരമായ അനാസ്ഥയാണെന്നും, മദ്യലഹരിയില്‍ വാഹനമോടിച്ചത് ഗുരുതരകുറ്റമാണെന്നും പൊലീസ് പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്ത ലൈസെന്‍സ് ഉപയോഗിച്ചാണ് ഇവര്‍ വാഹനം ഓടിച്ചതെന്നും പൊലീസ് വ്യക്തമാക്കി.