രാമായണം നാടകത്തിൽ ഭൂതത്തിൻറെ വേഷം ചെയ്ത നടൻ സ്റ്റേജിൽ വച്ച് ജീവനുള്ള പന്നിയുടെ വയറു കീറി പച്ചമാംസം ഭക്ഷിച്ചു. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലെ റലാബ് ഗ്രാമത്തിലെ ഹിൻജിലി പോലീസ് സ്റ്റേഷൻ പരിധിയിൽ നവംബർ 24ന് നടന്ന നാടകത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
സംഭവത്തിൽ ഭൂതത്തിൻറെ വേഷം ചെയ്ത 45 കാരനായ ബിംബാധർഗൗഡ എന്ന നടൻ, നാടകത്തിന്റെ സംഘാടകൻ എന്നിവർക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു.അറസ്റ്റിലായ സംഘാടകന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. പന്നിയെ കൊന്ന് മാംസം ഭക്ഷിച്ച നടനെതിരെ കേസ് രജിസ്റ്റർ ചെയ്തതായും ഇയാളെ അറസ്റ്റ് ചെയ്തതായും ഹിൻജിലി പോലീസ് സ്റ്റേഷൻ ഇൻചാർജ് ശ്രീനിബാസ് സേത്തി പറഞ്ഞു. ഗ്രാമത്തിലെ കാഞ്ചിയനല യാത്രയുടെ ഭാഗമായാണ് നാടകം സംഘടിപ്പിച്ചത്.
സംഭവത്തെത്തുടർന്ന് സംസ്ഥാനത്താകെ പ്രതിഷേധം ഉയരുകയും തിങ്കളാഴ്ച നിയമസഭയിൽ സംഭവത്തെ അപലപിക്കുകയും ചെയ്തു. ഭരണകക്ഷിയായ ബിജെപിയിലെ അംഗങ്ങളായ ബാബു സിംഗും സനാതൻ ബിജുലിയും നിയമസഭയിൽ സംഭവത്തെ ശക്തമായി അപലപിച്ചു. പ്രതികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് മൃഗസംരക്ഷണ പ്രവർത്തകർ ആവശ്യപ്പെട്ടു. നാടകത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചത്.
സ്റ്റേജിൽ പാമ്പുകളെ പ്രദർശിപ്പിച്ചവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ബര്‍ഹാംപൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സണ്ണി ഖോക്കർ പറഞ്ഞു.കഴിഞ്ഞവർഷം ഓഗസ്റ്റിൽ പുറപ്പെടുവിച്ച മാർഗ്ഗരേഖയിൽ സർട്ടിഫൈഡ് പാമ്പ് പിടുത്തക്കാർ ഉൾപ്പെടെയുള്ളവർ പാമ്പുകളെ പൊതുപ്രദർശനത്തിന് ഉപയോഗിക്കുന്നത് സംസ്ഥാന സർക്കാർ വിലക്കിയിരുന്നു.