വൈരാഗ്യത്തിന്റെ പേരിൽ കടയിൽ കഞ്ചാവ് വച്ച് മകനെ കുടുക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. വയനാട് മാനന്തവാടി ചെറ്റപ്പാലം പുത്തൻതറ വീട്ടിൽ പി അബൂബക്കറാണ്(67) എക്സൈസിന്റെ പിടിയിലായത്. മറ്റുള്ളവരുടെ സഹായത്തോടെയായിരുന്നു മകൻറെ കടയിൽ ഇയാൾ കഞ്ചാവ് കൊണ്ടുവെച്ചത്.കഴിഞ്ഞ സെപ്റ്റംബർ ആറിന് ഉച്ചയ്ക്കായിരുന്നു സംഭവം. അറസ്റ്റിലായ അബൂബക്കറിനെ എന്‍ ഡി പി എസ് കോടതി റിമാൻഡ് ചെയ്തു
അബൂബക്കറിന്റെ മകനായ നൗഫൽ മാനന്തവാടി-മൈസൂരു റോഡിൽ നടത്തുന്ന പിഎ ബനാന എന്ന കടയിൽ, വെള്ളിയാഴ്ച ഉച്ചയ്ക്ക് നൗഫൽ പള്ളിയിൽ നിസ്കരിക്കാൻ പോയ സമയത്താണ് മറ്റുള്ളവരുടെ സഹായത്തോടെ അബൂബക്കർ കഞ്ചാവ് വച്ചത്.കടയിൽ കഞ്ചാവുണ്ടെന്ന് എക്സൈസിന് രഹസ്യവിവരം നൽകിയതും അബൂബക്കർ തന്നെയാണ്. ഓട്ടോ ഡ്രൈവർ ജിൻസ് വർഗീസ്, അബ്ദുള്ള (ഔത) ,അബൂബക്കറിന്റെ പണിക്കാരനായ കർണാടക സ്വദേശി എന്നിവർ ചേർന്നാണ് ഗൂഢാലോചന നടത്തി കടയിൽ കഞ്ചാവ് വെച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. 2.095 ഗ്രാം കഞ്ചാവാണ് കടയിൽ നിന്നും കണ്ടെടുത്തത്.
കർണാടകയിൽ നിന്നായിരുന്നു കഞ്ചാവ് എത്തിച്ചത്. കഞ്ചാവ് കൊണ്ടുവരാൻ സഹായം നൽകിയ ഓട്ടോ ഡ്രൈവറായ പയ്യമ്പള്ളി കൊല്ലശ്ശേരിയിൽ വീട്ടിൽ ജിൻസ് വർഗീസിനെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും നൗഫലിന്റെ നിരപരാധിത്വം എക്സൈസിനും കോടതിക്കും ബോധ്യപ്പെട്ടതോടെ അറസ്റ്റ് ചെയ്ത അന്ന് തന്നെ നൗഫലിന് ജാമ്യം ലഭിച്ചു. പിന്നീടുള്ള അന്വേഷണത്തിലാണ് അബൂബക്കറാണ് മറ്റുള്ളവരുടെ സഹായത്തോടെ കടയിൽ കഞ്ചാവ് കൊണ്ടുവച്ചതെന്ന് വെളിവായത്. തുടർന്ന് അബൂബക്കറിന് മുഖ്യപ്രതി ചേർത്ത് എക്സൈസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രന്റെ നേതൃത്വത്തിലാണ് അബൂബക്കറെ അറസ്റ്റ് ചെയ്തത്. സഹായിയായ കർണാടക സ്വദേശിക്കായുള്ള തിരച്ചിലിലാണ്. അബ്ദുള്ള (ഔത) മുൻകൂർ ജാമ്യം നേടിയിരുന്നു.