ജയ്പുർ: സമ്പന്ന പുരുഷന്മാരെ വിവാഹത്തട്ടിപ്പിൽ കുടുക്കി പണം തട്ടുന്നത് പതിവാക്കിയ യുവതി ജയ്പുർ പൊലീസ് പിടിയിൽ. ഡെറാഡൂൺ സ്വദേശി സീമ അഗർവാൾ (നിക്കി–36) ആണ് പിടിയിലായത്. മാട്രിമോണിയൽ ആപ്പുകളിൽ വിവാഹ പരസ്യം നൽകി സമ്പന്നരായ പുരുഷന്മാരെ വിവാഹം കഴിക്കുകയും പിന്നീട് പണവുമായി കടന്നുകളയും വ്യാജ പരാതികൾ നൽകി നഷ്ടപരിഹാരം വാങ്ങി മുങ്ങുകയും ചെയ്യുകയായിരുന്നു സീമ അഗർവാളിന്റെ രീതി.
ജോട്ട്‌വാര സ്വദേശിയായ ജ്വല്ലറി ഉടമയുടെ പരാതിയിലാണ് ഇവർ പിടിയിലായത്. 2024 ഫെബ്രുവരിയിൽ ജ്വല്ലറി ഉടമയെ വിവാഹം ചെയ്ത സീമ, ജൂലൈയിൽ 30 ലക്ഷം രൂപയുടെ ആഭരണങ്ങളും ആറരലക്ഷം രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുവെന്നാണ് പരാതി.
മാട്രിമോണിയൽ ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട സീമയെ മാൻസരോവറിൽ വച്ച് ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ജ്വല്ലറി ഉടമ വിവാഹം കഴിച്ചത്. പരാതി ലഭിച്ചതിനെ തുടർന്ന് ഡെറാഡൂണിലെ വീട്ടിൽനിന്ന് സീമയെ പൊലീസ് അറസ്റ്റ് ചെയ്തു.