തൃശൂർ ചെറുതുരുത്തിയിൽ യുവാവിനെ കമ്പിവടി കൊണ്ട് അടിച്ചുകൊന്ന് പുഴയിൽ തള്ളി. മലപ്പുറം വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു അരുംകൊല. ഭാരതപ്പുഴയിലാണ് കഴിഞ്ഞദിവസം യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആറുപേർ അറസ്റ്റിലായി. കൊല്ലപ്പെട്ട സൈനുൽ ആബിദ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഭാരതപ്പുഴയിൽ പുതുശ്ശേരി ശ്മശാനം കടവിനോടു ചേർന്നാണ് കഴിഞ്ഞ ദിവസം രാവിലെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റുമോർട്ടത്തിലാണ് സൈനുൽ മരിച്ചത് മർദ്ദനമേറ്റാണെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാലു പേരെ ചെറുതുരുത്തി പൊലീസ് കോയമ്പത്തൂരിൽ നിന്നു കസ്റ്റഡിയിലെടുത്തു. അഞ്ചു പേരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം
തിങ്കളാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം. മൃതദേഹം കണ്ടതിന്റെ അടുത്ത് മദ്യക്കുപ്പികളും ഭക്ഷണം പാചകം ചെയ്തതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സാമ്പത്തികതർക്കം മൂലമുള്ള വൈരാഗ്യത്തെ തുടർന്നായിരുന്നു കൊലപാതകം. കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് മരിച്ച സൈനുൽ ആബിദ്.