സൈമണ്‍ വളാച്ചേരില്‍ (ചീഫ് എഡിറ്റര്‍)
വിദേശ മലയാളികള്‍ കേരളത്തിന്റെ അനുഗ്രഹീതരായ സമ്പത്താണ്. അത് അമേരിക്കന്‍ മലയാളി ആയാലും യൂറോപ്യന്‍ മലയാളി ആയാലും ഗള്‍ഫ് മലയാളി ആയാലും, കേരളനാട് അവരെയെല്ലാം ഒരേ ഹൃദയ തുലാസിലാണ് കാണുന്നത്.
കാരണം ജന്മഭൂമിയുടെ സുരക്ഷിതത്വത്തില്‍ നിന്ന് കര്‍മഭൂമിയുടെ സാമ്പത്തിക ഭദ്രതയിലേക്ക് സ്വപ്നം പേറി പറിച്ചു നടപ്പെട്ടവരാണ് ഓരോ പ്രവാസി മലയാളിയും. കടലും കരകളും കടന്ന് ചെന്നെത്തിയ പുതു ദേശങ്ങളിലെല്ലാം തനതായ മേല്‍വിലാസം സ്ഥാപിച്ചുകൊണ്ടാണ് ഓരോ പ്രവാസി മലയാളിയും തങ്ങളുടെ ജീവിതം കരുപ്പിടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആ പലായനം തുടരുകയും ചെയ്യുന്നു.
നാടും നാട്ടാരും വേദനിക്കുമ്പോള്‍ പ്രവാസിയുടെ ചങ്കും വല്ലാതെ പിടയും. ആ പിടച്ചിലിനിടയില്‍ നിന്നുകൊണ്ടാണ് കേരളം അഭിമുഖീകരിച്ച വന്‍ പ്രളയ ദുരന്തനിവാരണത്തിനും ഓഖി കൊടുങ്കാറ്റ് സമ്മാനിച്ച ദുരിതങ്ങള്‍ക്കും ഇരയായവര്‍ക്ക് തങ്ങളുടെ വിയര്‍പ്പിന്റെ വിലയായ സഹായങ്ങള്‍ അവര്‍ എത്തിച്ചുകൊടുത്തത്.
ജന്മഭൂമിയെ എത്രമേല്‍ പ്രവാസി മലയാളികള്‍ സ്‌നേഹിക്കുന്നു എന്നതിന് ഒരിക്കലും കണക്കില്ല. എന്നാല്‍ പ്രവാസികളില്‍ നിന്ന് കണക്ക് പറഞ്ഞ് കാശ് ഈടാക്കുവാന്‍ ശ്രമിക്കുന്ന ഭരണവര്‍ഗ സിദ്ധാന്തത്തിന്റെ ഇരകളായി ഒരുപാട് നിക്ഷേപകര്‍ ആത്മത്യാഗം ചെയ്തിട്ടുമുണ്ട്.
സംരംഭകരുടെ നാടാണ് കേരളം എന്ന പരസ്യവാചകത്തില്‍ കൊട്ടിഘോഷിക്കുന്ന വിപണന തന്ത്രത്തില്‍ ഭ്രമിച്ച് പെട്ടുകൊണ്ടാണ് പലരും ഈ നാട്ടില്‍ നിന്നും മനസ്താപത്തോടെ നിക്ഷേപ ദൗത്യങ്ങളില്‍ നിന്ന് വേദനയോടെ പിന്‍മാറിയിരിക്കുന്നത്.
എത്ര പ്രവാസി ഇന്ത്യക്കാര്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ സ്വസ്ഥമായി ജീവിക്കുന്നുണ്ട്..? എത്ര വിദേശ മലയാളികള്‍ ഏതെല്ലാം രാജ്യങ്ങളില്‍ ചൂഷണം ചെയ്യപ്പെടാതെ ജോലി ചെയ്യുന്നുണ്ട്..? പ്രസക്തമായ ഈ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി ഉത്തരം പറയാന്‍ അല്ലെങ്കില്‍ അത്തരത്തിലൊരു സര്‍വേ നടത്താന്‍ കാലാകാലങ്ങളില്‍ ആഘോഷജാഡകളോടെ അധികാരത്തില്‍ വന്ന കേന്ദ്ര സര്‍ക്കാരിനോ, കേരള ഭരണകൂടത്തിനോ ഇന്നുവരെ സാധിച്ചിട്ടില്ല എന്നത് അതീവ ലജ്ജാകരം തന്നെ.
അന്യനാട്ടില്‍ അതിജീവനത്തിനായി പൊരുതുന്ന പതിനായിരക്കണക്കിന് മലയാളി കുടുംബങ്ങള്‍ ഈ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അവിടങ്ങളിലെ ജോലിയും പ്രതീക്ഷയും നഷ്ടപ്പെട്ട് കണ്ണീരോടെ നാട്ടിലേക്ക് മടങ്ങി പോകുവാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. സാമ്പത്തിക മേന്‍മ മാത്രം സ്വപ്നം കണ്ട് കിടപ്പാടം പോലും പണയപ്പെടുത്തി വിമാനം കേറിയെത്തുന്ന ശരാശരി മലയാളികളുടെ ജീവിതം കോവിഡ് 19 എപ്പോഴേ അപഹരിച്ചു കഴിഞ്ഞു.
ശമ്പളമില്ലാതെ നാട്ടിലെ ബാധ്യതകള്‍ അടച്ചുതീര്‍ക്കാനാവാതെ കാലിയായ ബാഗേജുമായി വിമാനത്താവളത്തില്‍ തിരിച്ച് ഇറങ്ങി നടന്ന് ഇനി എങ്ങോട്ട് എന്ന് ചിന്തിച്ച് വലയുന്ന മലയാളി യുടെ മുഖം പ്രകാശിപ്പിക്കുവാന്‍ കേരള സര്‍ക്കാരിന് ജനാധി പത്യപരമായ കടമയുണ്ട് ബാധ്യതയുണ്ട്. അതുപോലെ ഭാവി ജീവിതം ശോഭനമാക്കാന്‍ വിദേശ രാജ്യങ്ങളിലേയ്ക്ക് പോകാന്‍ ഊഴം കാത്ത് കഴിയുന്നവര്‍ക്കും അടിയന്തിരമായി സുഗമമായ പാതയൊരുക്കണം.
കേരളം വളരണം എന്നത് അമ്മപെറ്റ മലയാളിയുടെ ജന്‍മാഭിലാഷമാണ്. കേരളത്തെ വില്‍ക്കണമെന്നത് ആര്‍ത്തിസന്താനങ്ങളുടെ ആവശ്യവും. നാടിനോട് കൂറില്ലാത്ത രാജ്യത്തോട് സ്‌നേഹമില്ലാത്ത ഭരണവര്‍ഗങ്ങളുടെ ഉപചാപക വൃന്ദങ്ങള്‍ പാപ്പരാസികളായി അധികാരത്തിന്റെ ഇടനാഴികളില്‍ ഉള്ളിടത്തോളം കാലം നമ്മുടെ മോഹങ്ങളെല്ലാം മുരടിച്ചുകിടക്കും…അവ തളിര്‍ത്തു പുഷ്പിക്കാന്‍, അധികാര കങ്കാണിമാരേ…നിങ്ങള്‍ ഒരിറ്റു വെള്ളം തളിക്കുക…