Sunday, December 22, 2024

HomeEditor's Pickമാത്യു എന്ന കുട്ടി ക്ഷീര കർഷകൻ (ലേഖനം : ആൻറണി ജോസഫ് കുറുപ്പശ്ശേരി)

മാത്യു എന്ന കുട്ടി ക്ഷീര കർഷകൻ (ലേഖനം : ആൻറണി ജോസഫ് കുറുപ്പശ്ശേരി)

spot_img
spot_img

ഈ കഴിഞ്ഞ ദിവസം ഇടുക്കിയിൽ 13 പശുക്കൾ കപ്പത്തൊലിയിൽ നിന്നുള്ള ഭക്ഷ്യ വിഷ ബാധയേറ്റ് ചത്തു എന്നത് മനഃസാക്ഷിയുള്ള ഓരോ മലയാളിയേയും ദുഖത്തിലാഴ്ത്തി. ആ പശുക്കളെ വളർത്തിയിരുന്നത് പിതാവ് നഷ്ടപ്പെട്ട 15 വയസ്സുള്ള മാത്യു എന്ന കുട്ടിയും അവൻ്റെ കുടുംബവുമാണെന്നതാണ് അതിന് കൂടുതൽ പ്രാധാന്യം ലഭിക്കാൻ കാരണമായത്. മികച്ച കുട്ടി ക്ഷീര കർഷകനുള്ള അവാർഡ് വാങ്ങിയ ഒരു വിദ്യാർത്ഥി ആണ് മാത്യു. അവർ കുറച്ച് കാലമായി കപ്പത്തൊലി ഉണക്കി പൊടിച്ച് പശുക്കൾക്ക് ഭക്ഷണമായി കൊടുക്കുന്നുണ്ടായിരുന്നു എന്നാണ് അറിയുന്നത്. ഈ പശുക്കൾക്ക് ആവശ്യമായ ഇൻഷുറൻസ് പരിരക്ഷ ഇല്ലായിരുന്നു എന്നതാണ് അവരെ ഒരു സാമ്പത്തിക സ്തംഭനാവസ്ഥയിലേക്ക് തള്ളിവിടാൻ ഇടയാക്കുന്നത്.

അത് വലിയ വാർത്തയാകുകയും നല്ല മനസ്സുള്ള ധാരാളം ആൾക്കാർ സാമൂഹ്യ പ്രതിബദ്ധതയോടെ അവരെ സഹായിക്കാൻ മുന്നോട്ട് വന്നു എന്നതും ഏറ്റവും സന്തോഷകരമായ ഒരു കാര്യമാണ്.

കപ്പത്തൊലിയിലുള്ള സയനൈഡിൻ്റെ സാന്നിദ്ധ്യമാണ് മരണകാരണമെന്നാണ് പുറത്ത് വരുന്ന വിവരം. വളരെ കാലമായി കപ്പത്തൊലി കൊടുക്കുന്നുണ്ടായിരുന്നു എങ്കിലും ഇപ്പോൾ പെട്ടെന്ന് ഇത്തരത്തിൽ 13 പശുക്കൾ ചത്തു എന്നത് ശരിയായ രീതിയിൽ അന്വേഷിക്കപ്പെടണ്ടതാണ്. ആ കപ്പ എവിടെ വിളയിച്ചതാണെന്നും, എന്ത് വളമാണ് അതിന് പ്രയോഗിച്ചതെന്നും, ആ കപ്പ ഉപയോഗിച്ച മനുഷ്യന് ഏതെങ്കിലും രീതിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കപ്പെടേണ്ടതാണ്. ഇവിടെ കുറച്ച് കാലികൾ ചത്തു എന്നും കാലികൾ നഷ്ടപ്പെട്ടവർക്ക് ആവശ്യമായ സാമ്പത്തിക സഹായം കിട്ടി എന്നതുകൊണ്ടും അന്വേഷണം ഇല്ലാതാകരുത്.

പശുവും ചത്തു മോരിലെ പുളിയും തീർന്നു എന്ന പഴംചൊല്ല് പോലെ, കുറെ ദിവസങ്ങൾക്കുള്ളിൽ തന്നെ നമ്മൾ ഈ സംഭവവും മറക്കും എന്നതാണ് മറ്റൊരു വസ്തുത.

ഇവിടെ ഈ സംഭവത്തിൽ ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ട്. അതിൽ പ്രധാനമായത്, ഒരു അവാർഡ് വാങ്ങിയ ഒരു ക്ഷീരകർഷനുമായി ക്ഷീര വകുപ്പുദ്യോഗസ്ഥർ പതിവായി ബന്ധപ്പെട്ടിരുന്നുവോ എന്നും അത്തരം കർഷകരിൽ നിന്ന് സമ്പാദിക്കേണ്ട വിവരങ്ങൾ സമയാ സമയങ്ങളിൽ അവർ തേടിയിരുന്നോ എന്നതുമാണ്. അത്തരത്തിലുള്ള ഏതെങ്കിലും അവസരത്തിൽ അവർ കപ്പയുടെ തൊലി ഭക്ഷണമായി കൊടുക്കുന്നുണ്ടെന്നത് ഉദ്യോഗസ്ഥർ അറിയുകയും ഉദ്യോഗസ്ഥർ അതിനെ നിരുത്സാഹപ്പെടുത്തിയിരുന്നുവോ എന്നതും പ്രസക്തമായ ചോദ്യമാണ്.

ഇത്തരം കാര്യങ്ങളിൽ നമുക്ക് ശരിയായ സംവിധാനങ്ങൾ ഇല്ലായെന്നതാണ് നമ്മൾ മനസ്സിലാക്കേണ്ടത്. അങ്ങനെയുള്ള ഒരു നല്ല സംവിധാനമുണ്ടായിരുന്നെങ്കിൽ, അത്തരം കർഷകരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പതിവായി ബന്ധപ്പെടുകയും, അവരിൽ നിന്ന് ആവശ്യമായ വിവരങ്ങൾ തേടുകയും, അവർക്കാവശ്യമായ മാർഗ നിർദേശങ്ങൾ നൽകുകയുമായിരിക്കും ചെയ്യുക. ശരിയായ സംവിധാനം എന്നാൽ അതിൽ കൃത്യമായ ചില മാർഗ്ഗരേഖകളോട് കൂടിയ പ്രവർത്തന രീതികളുണ്ടാകണം എന്നതാണ്.

എന്നാൽ പല സംവിധാനങ്ങളും മാർഗ്ഗരേഖകൾ ഉണ്ടെങ്കിലും, അതൊക്കെ ശരിയായ രീതിയിൽ ആ മാർഗരേഖകൾക്ക് അനുസൃതമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സാധിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ഇതൊക്കെയാണ് ഇത്തരം സംഭവങ്ങൾ ഓരോന്നും തുടർച്ചയായി ഉണ്ടാകുവാൻ കാരണം. ഇതിലൊക്കെ ഉദ്യോഗസ്ഥർ കാട്ടുന്ന അനാസ്ഥയോ ഉത്തരവാദിത്വക്കുറവോ, അവർക്കാവശ്യമായ പരിശീലനമില്ലാത്തതോ, ഉദ്യോഗസ്ഥരുടെ കുറവോ എന്ത് തന്നെയായാലും അത് സംവിധാനത്തിൻ്റെ പരാജയമായി മാത്രമേ കാണാൻ കഴിയൂ.

ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും മന്ത്രിമാർ ഇടപടേണ്ടി വരുന്നു എന്നതും നമ്മുടെ സംവിധാനങ്ങൾ ശരിയായി നടക്കുന്നില്ല എന്നതിന് ഒരു ഉദാഹരണമാണ്. നയപരമായ കാര്യങ്ങളിൽ, സംവിധാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ മന്ത്രിമാരുടെ ഇടപെടലുകൾ ആവശ്യം തന്നെയാണ്.

മറ്റൊരു പ്രധാന കാര്യം ഇത്തരം വളർത്ത് മൃഗങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ എല്ലാവർക്കും ലഭ്യമാകുന്നില്ല അല്ലെങ്കിൽ ഇൻഷുറൻസ് പ്രീമിയം സാധാരണ കർഷകർക്ക് താങ്ങാവുന്നതിലും അധികമാണെന്നതാണ് അവരെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.

ഇന്ന് ഇൻഷുറൻസ് ഒരു ബിസിനെസ്സ് ആയി വളരുകയും കമ്പനികൾ കൂടുതൽ ലാഭം ഉണ്ടാക്കുവാനുള്ള പ്രവണതകളിലേക്ക് നീങ്ങുകയുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇൻഷ്വർ ചെയ്ത വ്യക്തികളിൽ നിന്ന് സമ്പാദിക്കുന്ന ആകെത്തുക നഷ്ടം സംഭവിക്കുന്നവർക്കിടയിൽ വിതരണം ചെയ്യുക എന്നതാണ് ഇൻഷുറൻസ് എന്ന സംവിധാനത്തെ ലളിതമായ രീതിയിൽ മനസ്സിലാക്കാവുന്നത്. ആ കമ്പനികളുടെ ചിലവുകളും, എത്രമാത്രം അപകട സാധ്യതകൾ ഉണ്ടാകുമെന്ന അനുമാനവും, എത്രമാത്രം പരിരക്ഷ നൽകേണ്ടി വരുമെന്നതുമൊക്കെ അതിൻ്റെ പ്രീമിയം തുക കണക്കു കൂട്ടുന്നതിനെ സ്വാധീനിക്കുന്നു.

എന്നാൽ കണ്ടെത്തുന്ന പ്രീമിയം തുകയേക്കാൾ ഭീമമായ ഒരു തുക കമ്പനികൾ ഈടാക്കാൻ ശ്രമിക്കുന്നു. ഈ പ്രീമിയം തുക സാധാരണക്കാരന് താങ്ങാവുന്നതാണോ എന്നതാണ് ഏറ്റവും പ്രാധാന്യത്തോടെ ചിന്തിക്കേണ്ടത്. താങ്ങാവുന്നതിലും അധികമായ ഒരു തുക കൊടുത്ത് ഇൻഷുറൻസ് നേടുന്നതിലെ ഒരു സാമാന്യ യുക്തി മനസ്സിലാകുന്നില്ല. ഏറ്റവും കുറഞ്ഞ പ്രീമിയത്തിൽ എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ കിട്ടണമെന്നതായിരിക്കണം ഒരു സമഭാവനയുടെ കാഴ്ചപ്പാട്. നമ്മുടെ രാജ്യത്തിൻ്റെ പുരോഗതിക്കായാണ് നമ്മൾ നികുതി കൊടുക്കുന്നത്.

ഭീമമായ നികുതി കൊടുക്കുന്നയാൾ ഒരു നാൾ തൊഴിൽ രഹിതനാകുമ്പോൾ എത്തിപ്പെടുന്ന ഒരു സാഹചര്യം നമ്മൾ പാലപ്പഴും വിസ്മരിക്കുകയാണ്. ഈ വർഷം പല മെഡിക്കൽ ഇൻഷുറൻസ് കമ്പനികളും പ്രീമിയം 100% ആണ് പെട്ടെന്ന് വർധിപ്പിച്ചതെന്നത് എങ്ങനെയാണ് ന്യായീകരിക്കാൻ സാധിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഇവിടെയൊക്കെ സർക്കാർ സംവിധാനങ്ങളുടെ ശരിയായ ഇടപെടലുകൾ ഉണ്ടാകുന്നുണ്ടോ എന്നാണ് സംശയം.

ഇൻഷുറൻസ് കമ്പനികളുടെ പ്രീമിയം തുക കാണുമ്പോൾ മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച നാടോടിക്കാറ്റിലെ “അച്ഛൻ പറഞ്ഞു ഇതിലും ഭേദം കട്ടപ്പാരയുമെടുത്ത് കക്കാനിറങ്ങുന്നതാണെന്ന്” എന്ന ഡയലോഗ് ആണ് ഓർമ്മ വരുന്നത്.

ഇന്ത്യൻ റെയിൽവേയുടെ ഓരോ റിസർവേഷൻ ടിക്കറ്റുകൾക്കും 35 പൈസ ഓരോ യാത്രികനിൽ നിന്നും ഇൻഷുറൻസ് പ്രീമിയമായി വാങ്ങുന്നുണ്ട്. അതൊക്കെ ശരിയായ രീതിയിലാണോ കൈകാര്യം ചെയ്യുന്നതെന്നതൊക്കെ ഓഡിറ്റ് ചെയ്യുവാൻ നമുക്ക് വലിയ സംവിധാനങ്ങളുണ്ട്. അതൊക്കെ നല്ല രീതിയിൽ ഓഡിറ്റ് ചെയ്യപ്പടുന്നുണ്ടെന്നും നമുക്ക് വിശ്വസിക്കാം. എന്നാൽ ആ ഓഡിറ്റ് സംവിധാനങ്ങൾക്കൊന്നും നയപരമായ കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ല എന്നതും ഓർക്കേണ്ടതാണ്.

ഇവിടെ മാത്യു എന്ന കുട്ടി ക്ഷീര കർഷകൻ്റെ പശുക്കൾക്ക് ഇൻഷുറൻസ് എടുക്കാഞ്ഞത് അമിതമായ ഇൻഷുറൻസ് പ്രീമിയം ആണെന്നതു കൊണ്ടാണ്.

നമ്മുടെ കർഷകരുടെ ഉന്നമനത്തിന്നായി സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും വ്യക്തമായ പ്രവർത്തനങ്ങൾക്കായുള്ള മാർഗരേഖകൾ രൂപപ്പെടുത്തുകയും അത് ശരിയായ രീതിയിൽ നടപ്പിലാക്കുകയുമാണ് വേണ്ടത്. ഓരോ വലുതും ചെറുതുമായ ക്ഷീര ഫാമുകളുടെ നടത്തിപ്പിലും ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കണം. ശരിയായ സമയബന്ധിതമായ പരിശോധനകൾ ഉണ്ടാകണം. അത് ക്ഷീര കർഷകരെ ശിക്ഷിക്കുവാനുള്ളതല്ല പകരം മെച്ചപ്പെടുത്തുവാനുള്ളതായിരിക്കണം

ദിനം പ്രതിയുള്ളതും, ആഴ്ചയിലുള്ളതും, മാസത്തിലുള്ളതുമായ, ഫാമുകളുമായി ബന്ധപ്പെട്ടുള്ള റെക്കോർഡുകൾ സൂക്ഷിക്കുകയും ബന്ധപ്പെട്ടവർക്ക് സമർപ്പിക്കേണ്ടതുമാണ്. അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും, കാതലായ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കേണ്ടതുമാണ്. തീർപ്പാകാത്ത പ്രശ്നങ്ങൾ മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള സംവിധാനവും ഉണ്ടാകണം. അതോടൊപ്പം കർഷകരുടെ കാലികൾക്കുള്ള ഇൻഷുറൻസ് പ്രീമിയം തുക അവർക്ക് താങ്ങാവുന്നതുമാകണം.

ഇനി ഒരു പ്രശ്നങ്ങളിലും സുമനസ്സുകളുടെ ദയയ്ക്കായി ആരും കാത്തിരിക്കേണ്ടി വരരുത്. ഒരു ഫോട്ടോയ്ക്കും പോസ്സ് ചെയ്യാൻ ഇടവരരുത്. അവർ അഭിമാനികളായി തലയുയർത്തി ജീവിക്കട്ടെ. ഇവിടെയാണ് സംവിധാനങ്ങൾ ശക്തമാകേണ്ടതിൻ്റെ ആവശ്യകത.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments