ന്യൂഡല്‍ഹി: ഇന്ത്യയിലെ യുവാക്കളില്‍ ആത്മഹത്യാ നിരക്ക് നിയന്ത്രണാതീതമായി വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2022ല്‍ മാത്രം ഇന്ത്യയില്‍ 1,70,924 ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തു. 18-30 വയസ്സിനിടയിലുള്ള ആത്മഹത്യകള്‍ ഇത്തരം മരണങ്ങളുടെ 35 ശതമാനം വരും. 18 വയസ്സിന് താഴെയുള്ള ആത്മഹത്യകള്‍, ഇത്തരത്തിലുള്ള മൊത്തം ജീവഹാനിയുടെ 6 ശതമാനവും. രാജ്യത്തെ മൊത്തം ആത്മഹത്യകളുടെ 41 ശതമാനവും ഈ രണ്ട് പ്രായ വിഭാഗങ്ങളിലെയും മരണങ്ങളാണ്.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ആണ് കണക്ക് പുറത്തുവിട്ടത്. രാജ്യത്തെ വിദ്യാര്‍ഥികളുടെ ആത്മഹത്യകളുടെ എണ്ണം 13,044 ആണ്. മൊത്തം എണ്ണത്തിന്റെ 7.6 ശതമാനം. ഇതില്‍ 2,248 ആത്മഹത്യാ മരണങ്ങളും പരീക്ഷാ പരാജയം മൂലമാണ് എന്ന് ചെന്നൈയില്‍ നിന്നുള്ള കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റും ഇന്ത്യയിലെ മുന്‍നിര മാനസികാരോഗ്യ വിദഗ്ധരില്‍ ഒരാളുമായ ലക്ഷ്മി വിജയകുമാര്‍ പറയുന്നു. ആത്മഹത്യാ പ്രതിരോധ സംഘടനയായ ടചഋഒഅ യുടെ സ്ഥാപകയാണ് വിജയകുമാര്‍. ഡബ്ല്യു.എച്ച്.ഒയുടെ ഇന്റര്‍നാഷണല്‍ നെറ്റ്വര്‍ക്ക് ഫോര്‍ സൂയിസൈഡ് റിസര്‍ച്ച് ആന്‍ഡ് പ്രിവന്‍ഷനിലെ അംഗവുമാണ്.
മാനസികാരോഗ്യ അവകാശ സംഘടനയായ ‘അഞ്ജലി’ ഫെബ്രുവരി 3-4 തീയതികളില്‍ നടത്തിയ ദേശീയ ആത്മഹത്യ പ്രതിരോധ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവര്‍ കല്‍ക്കത്തയില്‍ എത്തിയിരുന്നു. പരിപാടിയിലെ മറ്റ് പ്രമുഖ മാനസികാരോഗ്യ വിദഗ്ധരും യുവാക്കളുടെ ആത്മഹത്യയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
ഇന്ത്യയില്‍ 18 വയസ്സിന് താഴെയുള്ളവരുടെ ആത്മഹത്യ ഞെട്ടിക്കുന്ന സംഖ്യയാണെന്ന് കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റും പുണെയിലെ സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് ലോ ആന്‍ഡ് പോളിസി ഡയറക്ടറുമായ സൗമിത്ര പതാരെ കോണ്‍ഫറന്‍സില്‍ ചൂണ്ടിക്കാട്ടി. മത്സര പരീക്ഷകള്‍ക്കുള്ള സ്വകാര്യ പരിശീലന കേന്ദ്രങ്ങളുടെ കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ മാധ്യമങ്ങളുടെ കണ്ണില്‍ പെടുന്നുവെന്നും എന്നിട്ടും ഇത് തുടരുന്നുവെന്നും പതാരെ പറഞ്ഞു.
2020ല്‍ 18 വയസ്സിന് താഴെയുള്ള 10,000 കുട്ടികള്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തു. 2021ല്‍ 18 വയസ്സിന് താഴെയുള്ള 11,000 കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അത് കൂടുതല്‍ വഷളാക്കിയെന്നും 2017 മുതല്‍ മരണങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിവര്‍ഷം 7,20,000 പേര്‍ ആത്മഹത്യ ചെയ്യുന്നു. ആഗോള ആത്മഹത്യകളില്‍ 73 ശതമാനവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് നടക്കുന്നത്. ആഗോള ജനസംഖ്യയുടെ 18 ശതമാനം ഇന്ത്യയിലാണെങ്കിലും ആഗോള ആത്മഹത്യയുടെ 28 ശതമാനം വരും രാജ്യത്തെ ആത്മഹത്യാ നിരക്ക്.