Sunday, December 22, 2024

HomeArticlesArticlesകിറ്റില്‍ വീണൊരു കേരളം, പറ്റുന്നില്ലീ ഭരണം

കിറ്റില്‍ വീണൊരു കേരളം, പറ്റുന്നില്ലീ ഭരണം

spot_img
spot_img

(ജെയിംസ് കൂടല്‍)

പ്രതീക്ഷയോടെ ജനം എതിരേറ്റ രണ്ടാം പിണറായി സര്‍ക്കാര്‍. വാഗ്ദാന പെരുമഴയും കോവിഡ് കാലത്തെ കരുതലും പിണറായിയെ വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് നയിച്ചു. അങ്ങനെ ‘കിറ്റില്‍’ കേരളത്തെ വീഴ്ത്തി പിണറായി വാണു. അതോടെ വീണതാകട്ടെ കേരളത്തിലെ ജനങ്ങളും. ബജറ്റിലെ നികുതിഭാരമടക്കമുള്ള പ്രഖ്യാപനങ്ങളില്‍ ജനം പൊറുതിമുട്ടുകയാണ്. മറ്റൊരു വശത്താകട്ടെ പൊതുഖജനാവ് ധൂര്‍ത്തടിച്ചുള്ള ആഡംബരങ്ങളും. മടുത്തും സഹിച്ചും കേരളജനത ഇനി എത്ര നാള്‍ ഇനി ദുരന്തം അനുഭവിക്കണമെന്ന ചോദ്യം മാത്രമാണ് ബാക്കി.

ഭരണത്തുടര്‍ച്ചയുടെ ഗര്‍വ്വില്‍ പിണറായി കേരളത്തെ മറന്നു. ധൂര്‍ത്തടിച്ചും അനാവശ്യ ചെലവുകള്‍ നടത്തിയും പ്രിയപ്പെട്ടവരെ സംതൃപ്തിപ്പെടുത്തിയും ഈ ഭരണകൂടം കേരളത്തെ കൊള്ളയടിക്കുന്നത് കുറച്ചൊന്നുമല്ല. കേരളം മുന്‍പെങ്ങും കാണാത്തവിധം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നാടിനെ നയിച്ചു. അതോടെ അധിക നികുതിഭാരം ചുമത്തി ജനത്തെ കൊള്ളയടിക്കുകയാണ് പിണറായി സര്‍ക്കാര്‍. തുടര്‍ച്ചയായി ഇതിനെതിരെ സമരങ്ങള്‍ നടത്തിട്ടും പ്രതികരണങ്ങള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ മൗനം തുടരുന്നു. സര്‍ക്കാര്‍ ആരുടെ സംരക്ഷകരായി മാറുകയാണ് എന്ന ചോദ്യം പ്രസക്തമാകുന്നതും ഇവിടെയാണ്.

നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവില്‍ ജനം പൊറുതിമുട്ടുകയാണ്. ഏപ്രില്‍ ഒന്നുമുതല്‍ ഇന്ധനവിലയിലടക്കം വര്‍ധനവ് വന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇനിയും വില വര്‍ധിക്കും. അതോടെ എല്ലാ മേഖലകളും അതിന്റെ സ്വാധീനമുണ്ടാകും. ചുരുക്കത്തില്‍ കേരളജനതയുടെ ഭാവി എന്തായി തീരുമെന്ന് വരും മാസങ്ങളില്‍ കൂടുതല്‍ വ്യക്തമാകും.

ആദ്യം നടന്ന ഗവര്‍ണര്‍ – സംസ്ഥാനമന്ത്രിസഭാ പൊറാട്ടുനാടകം അഡ്ജസ്റ്റുമെന്റില്‍ അവസാനിച്ചു. വീറുകാട്ടിയും പോര്‍വിളിച്ചും ഗവര്‍ണര്‍ നടത്തിയ നാടകം എന്തിനായിരുന്നുവെന്ന ചോദ്യമാണിപ്പോള്‍ ബാക്കി. ദുരിതത്തിലായ കെഎസ്ആര്‍ടിസിയെ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും ഉപേക്ഷിച്ച മട്ടിലാണ്. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ ശാശ്വതമായ പരിഹാരം നിര്‍ദേശിക്കാനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രഖ്യാപനങ്ങള്‍ പലതും പാഴ് വാക്കായി. തൊഴില്‍ ഇല്ലായ്മ പരിഹരിക്കാനോ, വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാനോ നാളിതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഒപ്പം കെ റെയില്‍പ്പോലെ ജനവികാരം എതിരായ വന്‍കിട പദ്ധതികള്‍ നടത്തി അഴിമതിയ്ക്ക് കളമൊരുക്കുകുകയും ചെയ്തു. തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനമെന്ന ലേബലില്‍ നിന്നും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി എത്രത്തോളം പിന്നിലേക്ക് പോയി എന്നു സൂചിപ്പിക്കുന്ന സംഭവവികാസങ്ങള്‍ക്കാണ് പുതിയ കേരളം സാക്ഷ്യം വഹിക്കുന്നത്.

സ്വപ്‌നാ സുരേഷില്‍ കേരളം ആടി ഉലയാന്‍ തുടങ്ങിയിട്ട് നാളേറെയായി. സ്വര്‍ണ്ണ കള്ളക്കടത്തിനും മറ്റും കൂട്ടുനിന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ കേരളത്തെ കട്ടുമുടിച്ചു. കേരള സമൂഹത്തെ തന്നെ അപമാനപ്പെടുത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി തന്നെ കൂട്ടുനിന്നു. ജനത്തെ വലച്ചും പൊറുതിമുട്ടിച്ചും അനാവശ്യ സുരക്ഷ ഒരുക്കി പിണറായി ജനങ്ങളില്‍ നിന്നും അകന്നു. ഇതിന്റെ പേരില്‍ ഖജനാവില്‍ നിന്നും ചെലവാകുന്നതാകട്ടെ പിന്നെയും ലക്ഷങ്ങള്‍…

എന്തായാലും അഴിമതികളുടെ കെട്ടുകള്‍ ഓരോന്നായി അഴിയുകയാണ്. ജനത്തെ വെല്ലുവിളിച്ചും പരിഹസിച്ചും പിണറായി അധികകാലം വാഴുമെന്ന് ആരും കരുതേണ്ട. ജനാധിപത്യ സമൂഹമാണിത്. മാധ്യമങ്ങള്‍ അത്രമേല്‍ സ്വാധീനം ചെലുത്തുന്ന നാട്ടില്‍ ഇനിയും തുറന്നെഴുത്തുകളും കണ്ടെത്തലുകളും ഉണ്ടാകും. എന്തായാലും പിണറായയും കൂട്ടരും ഒന്നോര്‍ത്തോളൂ, നിങ്ങള്‍ പിടിയ്ക്കപ്പെടാന്‍ അധികകാലം വേണ്ട, ജാഗ്രതൈ….

ജെയിംസ് കൂടല്‍
(ചെയര്‍മാന്‍, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്, യുഎസ്എ)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments