കണി കണ്ടുണരാന്‍ ഒരു വിഷിക്കാലം കൂടി. കരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്.
സമ്പന്നമായ നമ്മുടെ കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് വിഷു. ഐശ്വര്യപൂര്‍ണമായ നാളയെ വരവേല്‍ക്കുന്നതിനുള്ള ഈ ആഘോഷത്തില്‍ മലയാളികള്‍ ഒത്തൊരുമയോടെ പങ്കെടുക്കുന്നു.
നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം.
രാവണന്റെ കൊട്ടാരത്തിനുള്ളില്‍ വെയില്‍ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാല്‍ സൂര്യനെ നേരെ ഉദിക്കാന്‍ രാവണന്‍ സമ്മതിച്ചില്ലെന്നും രാവണനെ രാമന്‍ വധിച്ചശേഷമാണ് സൂര്യന്‍ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം ഉണ്ട്.
വിഷുക്കണി കണ്ടുകൊണ്ട് വേണം വിഷു ദിവസം ആരംഭിക്കാന്‍. വിഷുക്കണിക്ക് ആവശ്യമായ സാധനങ്ങള്‍: കണിക്കൊന്ന കൃഷ്ണവിഗ്രഹം നിലവിളക്ക് ഉരുളി കോടിമുണ്ട് വെറ്റില, അടയ്ക്ക നാണയങ്ങള്‍ നാളികേരം പാതി പച്ചക്കറികള്‍ മാമ്പഴം, ചക്ക, ഇലയോട് കൂടിയ തണ്ട് പൊട്ടിക്കാത്ത മാങ്ങ ഉള്‍പ്പെടെയുള്ള പഴങ്ങള്‍ വാല്‍ക്കണ്ണാടി കണിവെള്ളരി കണ്‍മഷിയും ചാന്തും.
കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ മുണ്ടും, സ്വര്‍ണവും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക.
കണിക്കൊന്ന പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്. ഐശ്വര്യസമ്പൂര്‍ണ്ണമായ അതായത് പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുക്കണി കണ്ടുണരുമ്പോള്‍, പുതിയൊരു ജീവിത ചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. ചിലയിടങ്ങളില്‍ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ് പറയുന്നത്.
ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി പുറകില്‍ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണികാണിക്കുന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരും കണികണ്ടാല്‍ പിന്നെ വീടിന്റെ കിഴക്കുവശത്ത് കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം. അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു. കണി കണ്ടതിനുശേഷം ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക് വിഷുക്കൈനീട്ടം നല്‍കും.
വായനക്കാര്‍ക്ക് നേര്‍ക്കാഴ്ചയുടെ വിഷു ആശംസകള്‍….
