ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിന് കാരണമാകുന്നതില്‍ രണ്ടാംസ്ഥാനത്ത് അന്തരീക്ഷ മലിനീകരണമെന്ന് പുതിയ പഠനം. യു.എസ് ആസ്ഥാനമായ ഹെല്‍ത്ത് ഇഫക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കനുസരിച്ച് അന്തരീക്ഷ മലിനീകരണം മൂലം 2021ല്‍ ലോകത്ത് മരിച്ചത് 81 ലക്ഷം പേരാണ്. മരണസംഖ്യയില്‍ 54 ശതമാനവും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണ്.
അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന അസുഖങ്ങളെ തുടര്‍ന്ന് 21 ലക്ഷം പേര് ഇന്ത്യയിലും 23 ലക്ഷം പേര് ചൈനയിലും മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് അമിത രക്തസമ്മര്‍ദവും ഹൃദ്രോഗവും മൂലമാണ്. പുകയിലെ ഉപയോഗം മൂലമുള്ള മരണസംഖ്യ വര്‍ധനവിനെ പിന്തള്ളിയാണ് അന്തരീക്ഷ മലിനീകരണം രണ്ടാംസ്ഥാനം പിടിച്ചത്.
2019ല്‍ അന്തരീക്ഷ മലിനീകരണം കാരണം ലോകത്ത് മരിച്ചവരുടെ എണ്ണം 50 ലക്ഷമായിരുന്നു. 2020ല്‍ ഇത് 67 ലക്ഷമായി. മലിനവായുവിലൂടെ എത്തുന്ന ചെറുകണങ്ങള്‍ ശ്വാസകോശത്തില്‍ തങ്ങിനിന്ന് രക്തത്തിലേക്ക് പ്രവേശിക്കുന്നത് വഴി ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, ശ്വാസകോശ അര്‍ബുദം എന്നിവയ്ക്ക് കാരണമാകുന്നു.
വായു മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയാണ്. ഗര്‍ഭാവസ്ഥയില്‍ തന്നെ കുട്ടികള്‍ വായുമലിനീകരണം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് മാസം തികയാതെയുള്ള ജനനം, ഭാരക്കുറവ്, ആസ്ത്മ, ശ്വാസകോശ രോഗങ്ങള്‍ എന്നിവ ഉണ്ടാകുന്നു. ഡല്‍ഹിയിലെ കണക്കെടുത്താല്‍ മൂന്നില്‍ ഒരു കുട്ടിക്ക് ആസ്തമ രോഗം ഉണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
വായു മലിനീകരണം കുറയ്ക്കാനും കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യുനിസെഫ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ കിറ്റി വാന്‍ ഡെര്‍ ഹെയ്ഡെന്‍ പറഞ്ഞു. മാതൃ-ശിശു ആരോഗ്യത്തില്‍ പുരോഗതിയുണ്ടെങ്കിലും വായു മലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങള്‍ മൂലം അഞ്ച് വയസില്‍ താഴെയുള്ള ഏഴുലക്ഷത്തിലധികം കുട്ടികളാണ് ലോകത്താകമാനം മരണപ്പെട്ടിട്ടുള്ളത്. ഇതില്‍ ഇന്ത്യയില്‍ മാത്രം 169, 400 കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ട്. നൈജീരിയയില്‍ 114,100 കുട്ടികളും പാക്കിസ്ഥാനില്‍ 68,100, ഇതോപ്യയില്‍ 31,100, ബംഗ്ലദേശില്‍ 19,100 കുട്ടികളുമാണ് വായു മലിനീകരണം മൂലം മരിച്ചത്.