മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കാറിടിച്ചു രണ്ടുവര്‍ഷമായിട്ടും വിചാരണയും അതുവഴി നീതിയും അകന്നു പോകുന്നു. കേസിലെ പ്രതികള്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ.ശ്രീറാം വെങ്കിട്ടരാമനും കാറിലുണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസും.
മദ്യ ലഹരിയില്‍ അമിത വേഗത്തില്‍ ശ്രീറാം ഓടിച്ച കാറിടിച്ചാണു ബഷീര്‍ കൊല്ലപ്പെട്ടതെന്നാണു കേസ്. എന്നാല്‍ കുറ്റപത്രം നല്‍കി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ വിചാരണ തുടങ്ങിയില്ല. പ്രതി ഉന്നതനായതിനാല്‍ നീതി ലഭിക്കുമോ എന്ന ആശങ്കയില്‍ ബഷീറിന്റെ കുടുംബവും സുഹൃത്തുക്കളും.
അതിനിടെ കേസില്‍ വിചാരണ പോലും തുടങ്ങും മുന്‍പേ ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുത്തു. തുടര്‍ച്ചയായി സുപ്രധാന ചുമതലകളും നല്‍കി. 2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെയാണു ബഷീര്‍ കൊല്ലപ്പെടുന്നത്.
സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന ബഷീറിന്റെ വിയോഗം മാധ്യമലോകവും പൊതു സമൂഹവും ഒരുപോലെ ചര്‍ച്ച ചെയ്തിട്ടും ഒന്നാം പ്രതി ശ്രീറാം സസ്‌പെന്‍ഷന്‍ കാലാവധിക്കിടെ സര്‍വീസില്‍ തിരികെ പ്രവേശിച്ചത് കേസിന്റെ മുന്നോട്ടുള്ള പോക്കിന്റെ ദിശാസൂചികയായി.
2020 ഫെബ്രുവരിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതു പോലും ഏറെ സമ്മര്‍ദങ്ങള്‍ക്കൊടുവിലായിരുന്നു. എന്നാല്‍ 3 പ്രാവശ്യം സമന്‍സ് അയച്ചിട്ടും പ്രതികള്‍ നഗരത്തില്‍ ഉണ്ടായിട്ടും കോടതിയില്‍ ഹാജരായില്ല. നാലാം തവണ ഹാജരായി ജാമ്യവും നേടി. 66 പേജുള്ള കുറ്റപത്രത്തില്‍ 84 രേഖകളും 72 തൊണ്ടി മുതലുകളുമാണു പൊലീസ് ഹാജരാക്കിയത്. 100 സാക്ഷി മൊഴികളുമുണ്ട്.
മദ്യപിച്ച് അമിത വേഗത്തിലും അപകടകരമായും വാഹനമോടിച്ചാല്‍ അപകടമുണ്ടായി യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും മരണം സംഭവിക്കാമെന്നും പൊതുമുതല്‍ നശിക്കുമെന്നും ബോധ്യമുള്ള ഐഎഎസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ ശ്രീറാം വെങ്കിട്ടരാമനാണ് അപകടകരമായി വാഹനമോടിച്ചത് എന്നു കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി.
മനഃപൂര്‍വമല്ലാത്ത നരഹത്യ, പൊതു മുതല്‍ നശിപ്പിക്കല്‍ ,മോട്ടര്‍ വാഹന നിയമ ലംഘനം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഒന്നാം പ്രതി ശ്രീറാമിനെതിരെ ചുമത്തിയത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍. ശ്രീറാമിനൊപ്പം സംഭവസമയത്തു കാറിലുണ്ടായിരുന്ന രണ്ടാം പ്രതി വഫ എന്ന യുവതിക്കെതിരെ പ്രേരണാക്കുറ്റവും ചുമത്തി.
ശ്രീറാം മദ്യപിച്ചിരുന്നതായി അറിഞ്ഞിട്ടും തന്റെ കാര്‍ കൈമാറുകയും വേഗത്തില്‍ ഓടിക്കാന്‍ അനുവദിക്കുകയും ചെയ്‌തെന്നാണു കുറ്റം. 2 വര്‍ഷം വരെ ശിക്ഷ ലഭിക്കാം. 50 കിലോമീറ്റര്‍ മാത്രം വേഗ പരിധിയുള്ള വെള്ളയമ്പലംമ്യൂസിയം റോഡില്‍ 100 കിലോമീറ്ററിലേറെ വേഗത്തില്‍ അലക്ഷ്യമായും അപകടകരമായും കാര്‍ ഓടിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
വിദേശ പഠന ശേഷം മടങ്ങിയെത്തിയ ശ്രീറാം വെങ്കിട്ടരാമനെ റവന്യു വകുപ്പില്‍ സര്‍വേ ഡയറക്ടറായി നിയമിച്ചിരുന്നു. ചുമതലയില്‍ പ്രവേശിക്കുന്നതിനു മുന്‍പു നടത്തിയ ആഘോഷരാവിലാണ് സുഹൃത്ത് വഫ ഫിറോസിനെ കാറുമായി കവടിയാറിലേക്കു ശ്രീറാം വിളിച്ചു വരുത്തിയതെന്നു കുറ്റപത്രത്തിലുണ്ട്.
വഫയെ മാറ്റി ഡ്രൈവിങ് ഏറ്റെടുത്ത ശ്രീറാം, കാര്‍ ഓടിക്കുന്നതിനിടെ പബ്ലിക് ഓഫിസിനു മുന്‍പില്‍ നിയന്ത്രണം വിട്ടു ബഷീറിന്റെ ബൈക്കിനു പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു ബഷീര്‍.
കുറ്റപത്രം നല്‍കി ഒന്നര വര്‍ഷമായിട്ടും കേസിന്റെ വിചാരണ തുടങ്ങാന്‍ കഴിയാത്തതതിനു കാരണം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഉന്നയിക്കുന്ന ആവശ്യങ്ങളാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അപകട ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് അതില്‍ ഒന്ന്. മജിസ്‌ട്രേട്ട് കോടതി ഇതു പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല.
എന്നാല്‍ വിചാരണ തുടങ്ങും മുന്‍പേ ദൃശ്യങ്ങള്‍ പ്രതിഭാഗത്തിനു നല്‍കുന്നതിനെ എതിര്‍ത്ത കോടതി നിയമസാധ്യത പരിശോധിക്കാന്‍ പ്രോസിക്യൂഷനോടു നിര്‍ദേശിച്ചു.
തുടര്‍ന്നാണു ദൃശ്യങ്ങള്‍ നല്‍കാന്‍ പറ്റില്ലെന്നു പ്രോസിക്യൂഷന്‍ അറിയിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ടും ഹര്‍ജി നല്‍കി. രേഖകള്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍ സമ്മതിച്ചെങ്കിലും കോടതി വിസമ്മതിച്ചു. കേസ് തുടര്‍ നടപടികള്‍ക്കായി വിചാരണക്കോടതിക്കു കൈമാറാനിരിക്കെ ആയിരുന്നു ശ്രീറാമിന്റെ ആവശ്യങ്ങള്‍.