ന്യൂഡല്‍ഹി: മരിക്കുന്നതിന് മിനിറ്റുകള്‍ക്കു മുന്‍പ് ജയ്പുര്‍ സ്വദേശിയായ ആയുര്‍വേദ ഡോക്ടര്‍ ട്വീറ്റ് ചെയ്ത സന്തോഷത്തോടെയുള്ള ചിത്രം കണ്ടു വിങ്ങുകയാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും.
ഞായറാഴ്ച ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കൂറ്റന്‍ പാറകള്‍ വാഹനത്തിലേക്കു വീണ് കൊല്ലപ്പെട്ടവരില്‍ ഡോ. ദീപ ശര്‍മയും ഉള്‍പ്പെടുന്നു. ഒന്‍പതു വിനോദസഞ്ചാരികളാണ് അന്നു മരിച്ചത്.
ഞായറാഴ്ച മരിക്കുന്നതിന് മിനിറ്റുകള്‍ക്കു മുന്‍പ് പോസ്റ്റ് ചെയ്ത ട്വീറ്റില്‍ “പൊതുജനങ്ങള്‍ക്ക് എത്താവുന്ന ഇന്ത്യയിലെ അവസാന പോയിന്റില്‍ നില്‍ക്കുന്നു’ എന്നായിരുന്നു ട്വീറ്റ്. ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന നഗാസ്റ്റി ഐടിബിപി ചെക്പോസ്റ്റിന്റെ ചിത്രം പങ്കുവച്ചായിരുന്നു ട്വീറ്റ്.
ഉച്ചയ്ക്ക് 12.59നായിരുന്നു പോസ്റ്റ്. ബസ്‌തേരിക്കു സമീപം സംഗ്ല ചിറ്റ്കുല്‍ റോഡില്‍ അപകടം നടക്കുന്ന ഉച്ചയ്ക്ക് 1.25നും.
സന്തോഷത്തോടെ ക്യാമറയ്ക്കുമുന്നില്‍ പോസ് ചെയ്‌തെടുത്ത ചിത്രത്തിനോടൊപ്പം നല്‍കിയ കുറിപ്പില്‍ 80 കിലോമീറ്ററുകള്‍ കഴിയുമ്പോള്‍ ടിബറ്റ് എത്തുമെന്നും അവിടം ചൈന അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും പറയുന്നു.