(പി ഡി ജോർജ് നടവയൽ)
ഫിലഡൽഫിയ: യുഎന്നിൽ അമേരിക്കൻ പ്രതിനിധിയായി ബാലാവകാശ പ്രസംഗം മുഴക്കിയ, മലയാളി വിദ്യാർത്ഥിനി എയ്‌മിലിൻ തോമസ്സിനെ ശശി തരൂർ ട്വിറ്ററിലൂടെ പ്രശംസിച്ചു. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലെ ആമുഖ പ്രഭാഷണം നിർവഹിച്ചത് ഹൈസ്കൂൾ വിദ്യാർഥിനിയായ എയ്‌മിലിനായിരുന്നു.
ഐക്യരാഷ്ട്രസഭാക്കമ്മിറ്റി സംഘടിപ്പിച്ച ചർച്ചായോഗത്തിൽ എയ്‌മിലിൻ റോസ് തോമസാണ് നൂതന വീക്ഷണങ്ങളുടെ സാധ്യത വാഗ്‌മിത്വമാർന്ന് അവതരിപ്പിച്ചത്. കുട്ടികളുടെ അവകാശ സമിതിയുടെ യുഎൻ ചെയർമാൻ, അസോസിയേറ്റ് ഡയറക്ടർ, യൂണിസെഫിന്റെ ആഗോള മേധാവി, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി എന്നിവരായിരുന്നു ഉദ്ഘാടന യോഗത്തിലെ മറ്റ് പ്രഭാഷകർ.
കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്ര സമിതി (സിആർസി) രണ്ട് വർഷത്തിലൊരിക്കൽ പൊതു ചർച്ചാ ദിനം നടത്താറുണ്ട്. ഈ വർഷത്തെ സമ്മേളനം സെപ്റ്റമ്പർ 16നും 17നുമായിരുന്നു. കുട്ടികൾ, യുവാക്കൾ, നയരൂപീകരണ നേതാക്കൾ എന്നിവരാണ് യോഗത്തിൽ സംബന്ധിച്ചത്. കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുത്ത വിഷയത്തിൽ പ്രസംഗിക്കാനുള്ള അവസരമായിരുന്നു സമ്മേളനത്തിലെ മുഖ്യ കാര്യപരിപാടി. . “ഇതര (സ്പെഷ്യൽനീഡ്) പരിചരണത്തിലുള്ള കുട്ടികൾ” എന്നതായിരുന്നു ഈ വർഷത്തെ വിഷയം.
““ഇതര പരിചരണത്തിലുള്ള കുട്ടികൾ” എന്ന വിഷയം എയ്‌മിലിന് വിലയേറിയതായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന അസ്വാസ്ഥ്യമായ ‘കാർഡിയോഫാസിയോക്യുട്ടേനിയസ് സിൻഡ്രോം’ എന്ന അപൂർവ ജനിതകമാറ്റം മൂലം പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടിയാണ് അവളുടെ സഹോദരൻ ഇമ്മാനുവൽ തോമസ്.
പ്രത്യേക പരിചരണം ആവശ്യമുള്ള സഹോദരനെ ശുശ്രൂഷിക്കുന്നതിലൂടെ ആർജ്ജിച്ച ജീവിതാനുഭവങ്ങൾ, എയ്‌മിലിനെ കുട്ടികളുടെ അവകാശങ്ങൾക്കുള്ള ധീരയായ വക്താവാക്കി. കുട്ടികളുടെ ശബ്ദം കേൾക്കുന്നുവെന്ന് എയ്‌മിലിൻ ഉറപ്പുവരുത്തി. എയ്‌മിലിൻ അവളുടെ സ്കൂളിലെ ‘മോഡൽ യുണൈറ്റഡ് നേഷൻസിന്റെയും ’ ‘സംവാദ ടീമുകളുടെയും’ സമർത്ഥയായ അംഗമാണ്.”- ഉദ്ഘാടന പരാമർശങ്ങൾക്കായി എയ്‌മിലിനെ പരിചയപ്പെടുത്തിക്കൊണ്ട് കമ്മിറ്റി ചെയർപേഴ്സൺ മിക്കിക്കോ ഒടാനി പറഞ്ഞു.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ക്രിയേറ്റീവ് റൈറ്റിംഗ് കോളേജ് ക്രെഡിറ്റ് പ്രോഗ്രാമിൽ എയ്‌മിലിൻ പങ്കെടുത്തു. ഇംഗ്ലീഷ് അദ്ധ്യാപകർക്കും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുമൊപ്പം ഈ കോളേജ്തല കോഴ്‌സിൽ പങ്കെടുത്ത വളരെ ചെറുപ്പക്കാരിയായ വിദ്യാർത്ഥിനിയെന്ന നിലയിൽ, പ്രൊഫസർമാർക്ക് എയ്‌മിലിൻ്റെ കർമവ്യഗ്രതയിൽ മതിപ്പു തോന്നി.
എയ്‌മിലിനാകട്ടേ, സ്വന്തം സഹോദരൻ ഇമ്മാനുവേലിനെക്കുറിച്ച്, അവൻ്റെ സ്പെഷ്യൽ കെയർ നീഡ്സിനെ അടിസ്ഥാനമാക്കി, ഒരു കവിത എഴുതിയിരുന്നു. ആ കവിതയുടെ മനോഹാരിത ന്യൂയോർക്കിലെ അഡെൽഫി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് എഡ്യൂക്കേഷനിൽ പ്രൊഫസറായ ഡോ. പവൻ ആന്റണി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ മികച്ചതായി വിലയിരുത്തപ്പെട്ടു. സിആർസിയുടെ ചിൽഡ്രൻസ് അഡ്വൈസറി ടീമിലേക്ക് എയ്‌മിലിനെ നിർദ്ദേശിച്ചത് ഡോ. ആന്റണിയാണ്.
നാമനിർദ്ദേശത്തെത്തുടർന്ന്, 19 രാജ്യങ്ങളെ പ്രതിനിധീകരിച്ച്, ലോകമെമ്പാടുമുള്ള 250 അപേക്ഷകരിൽ നിന്ന് 30 അംഗങ്ങളിൽ ഒരാളായി എയ്‌മിലിൻ തിരഞ്ഞെടുക്കപ്പെട്ടു. കുട്ടികളുടെ ഉപദേശക ടീമിലെ അംഗമായി രണ്ട് വർഷമായി എയ്‌മിലിൻ പ്രവർത്തിച്ചു. അങ്ങനെയാണ് യൂ എന്നിൽ അമേരിക്കൻ പ്രതിനിധിയായി കുട്ടികളുടെ അവകാശങ്ങൾ പ്രതിനിധീകരിച്ചു കൊണ്ട്, ബാലാവകാശ പ്രസംഗം മുഴക്കുവാൻ എയ്‌മിലിൻ തോമസ് നിയുക്തയായത്.
കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്രസഭാക്കമ്മിറ്റിയിലെ ഉപദേശക സംഘത്തോടൊപ്പം പ്രവത്തിച്ച അനുഭവങ്ങളെക്കുറിച്ച് എയ്‌മിലിൻ ഇങ്ങനെയാണ് വിവരിച്ചത്:” അത് അതിശയിപ്പിക്കുന്നതായിരുന്നു. പാകിസ്താനിൽ നിന്നും നേപ്പാളിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള കുട്ടികളെ ഞാൻ കണ്ടുമുട്ടി. ലോകമെമ്പാടുമുള്ള കുട്ടികളോടൊപ്പം സേവനവും ചർച്ചകളും ആശയങ്ങൾ പങ്കുവയ്ക്കലും നടത്തി, അത് മികച്ച അനുഭവമായി എന്ന് ഞാൻ കരുതുന്നു.”
“കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്രസഭാക്കമ്മിറ്റിയിലെ ഉപദേശക സംഘത്തിൻ്റെ പ്രധാന ലക്ഷ്യം ‘ബദൽ പരിചരണത്തിലെ കുട്ടികൾ’ എന്ന വിഷയം ചർച്ച ചെയ്യുക, വിവിധ രാജ്യങ്ങളിലെ പരിചരണ സാദ്ധ്യതകൾ താരതമ്യം ചെയ്യുക, ലോകമെമ്പാടുമുള്ള കുട്ടികൾക്കിടയിൽ സർവേകൾ നടത്തുക, കുട്ടികളുടെ സംഘടനകളിൽ നിന്നുള്ള ആഗോള പ്രഭാഷകരെ തിരിച്ചറിയുക, കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച യുഎൻ കമ്മിറ്റിക്ക് മാർഗ്ഗനിർദ്ദേശം തയ്യാറാക്കി നൽകുക എന്നിവയാണ്. മിക്കിക്കോ ഒടാനിയാണ് കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്രസഭാക്കമ്മിറ്റിയിലെ ഉപദേശക സമിതിയുടെ ചെയർപേഴ്സൺ. 2020 സെപ്റ്റംബർ 18 ന് ജനീവയിലെ യുഎൻ ലോക ആസ്ഥാനത്ത് നടത്താൻ ഉദ്ദേശിച്ച പരിപാടി കോവിഡ് -19 മഹാമാരി മൂലം, ഒരു വർഷത്തിനുശേഷം, 2021 സെപ്റ്റംബർ 16 ന് സൂം മീറ്റിംഗിലൂടെ നടത്തി. യുഎൻ വെബ് ടിവിയിൽ നമുക്കിത് ഇത് കാണാൻ കഴിയും.” എയ്‌മിലിൻ പറഞ്ഞു.
“എൻ്റെ സഹോദരൻ ഇമ്മാനുവലിനെ പരിചരിച്ച അനുഭവം പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ മികച്ച ഭാവി ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതിന് എനിക്ക്പ്രചോദനമായി; ആ ദൗത്യലക്ഷ്യങ്ങളിലേക്ക്പ്രതിജ്ഞാബദ്ധയാകാൻ എനിക്ക് അത്തരം അനുഭവങ്ങൾ കാരണമായി. ഒരു പീഡിയാട്രിക് സർജൻ ആകാൻ ഞാൻ ആഗ്രഹിക്കുന്നു, കുട്ടികകളുടെ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന അഡ്വക്കറ്റാകാൻ വലിയ ആഗ്രഹമുണ്ട്. കൂടുതൽ ചെയ്യുന്നതിലൂടെ കൂടുതൽ അനുഭവം നേടുന്നതിതിനും, പഠിക്കുന്നതിതിനും എൻ്റെ മാതാപിതാക്കളും സ്കൂളും ചർച്ചും എൻ്റെ കൗമാരവും ഇനിയുള്ള നാളുകളും എന്നെ ഉത്സുകയാക്കുന്നു “- എയ്‌മിലിൻ കൂട്ടിച്ചേർത്തു.
ഈ കഴിഞ്ഞ വേനൽക്കാലത്ത്, ഗവേഷണ സംഘത്തോടൊപ്പം എയ്‌മിലിൻ ലോക പ്രശസ്തമായ ചിൽഡ്രൻസ് ഹോസ്പിറ്റൽ ഓഫ് ഫിലഡൽഫിയയിൽ (ചോപ്) ഇന്റേൺഷിപ്പ് ചെയ്തു. “ഞാൻ രോഗികളോടും ഡോക്ടർമാരോടും ഒപ്പം പ്രവർത്തിച്ച് അതുരശുശ്രൂഷയുടെ അന്തരീക്ഷം ശീലിച്ചു, സേവന ജീവിതദൗത്യ നിർവഹണത്തിന് സഹായകമാകുന്ന ആ അന്തരീക്ഷം ഞാൻ ഇഷ്ടപ്പെട്ടു,” എയ്‌മിലിൻ പറഞ്ഞു.
മൗണ്ട് സെൻ്റ് ജോസഫ് അക്കാഡമി ഹൈസ്കൂളിലിൽ , ‘ഓപ്പറേഷൻ സ്മൈലി’നായി എയ്‌മിലിൻ്റെ നേതൃത്വത്തിൽ ഒരു ക്ലബ് നടത്തുന്നുണ്ട്. ഇത് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ സർവീസ് ഓർഗനൈസേഷനാണ്. ‘ലൂമൻ വിറ്റെ’ എന്ന ആഗോള ചാരിറ്റി സംഘടനയാണ് എമിലിന് സേവന പ്രവർത്തനങ്ങളിൽ വഴികാട്ടിയായത്.
“അമേരിക്കയിൽ താമസിക്കുന്നതിനാൽ, നല്ല ആരോഗ്യ ഇൻഷുറൻസും പ്രത്യേക ആവശ്യങ്ങൾ ഉള്ള കുട്ടികൾക്കായി അതിശയകരമായ പ്രോഗ്രാമുകളും ഉള്ളതിനാൽ, നമ്മൾ വളരെ ഭാഗ്യമുള്ളവരാണെന്ന് ഞാൻ കരുതുന്നു. എന്നാൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും അമേരിക്കയിലെ തന്നെ പാവപ്പെട്ട വരുമാനം കുറഞ്ഞ സ്ഥലങ്ങളിലും താമസിക്കുന്ന, പ്രത്യേക പരിചരണാവശ്യങ്ങളുള്ളവർക്ക് ഗുണനിലവാരമുള്ള പരിചരണം ലഭ്യമല്ല, ഉയർന്ന നിലവാരമുള്ള പരിചരണം എല്ലാവർക്കും ലഭ്യമാകണമെന്ന് സ്പഷ്ടമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു- നാം എത്ര പണം സമ്പാദിച്ചാലും, നാം എവിടെ താമസിച്ചാലും,” കൗമാരക്കാരിയായ ഒരു അഭിഭാഷകയുടെ സ്വരത്തിൽ എയ്‌മിലിൻ വ്യക്തമാക്കി.
പാലാ (അവിമൂട്ടിൽ വീട്) സ്വദേശിയായ ജോസ് തോമസിന്റെയും മൂലമറ്റം (കുന്നക്കാട്ട് വീട്) സ്വദേശിയായ മെർലിൻ അഗസ്റ്റിന്റെയും മകളാണ് എയ്‌മിലിൻ. സ്പ്രിംഗ് ഫോർഡ് ഏരിയ ഹൈസ്കൂളിൽ ഗണിത അധ്യാപകനായി ജോസ് തോമസ് ജോലി ചെയ്യുന്നു. ഫാർമ മേജർ ഫൈസർ ഇൻകോർപ്പറേഷനിൽ ഗ്ലോബൽ കംപ്ലയിൻസ് അസോസിയേറ്റ് ഡയറക്ടറാണ് മെർലിൻ അഗസ്റ്റിൻ. ഫിലാഡൽഫിയയിൽ സ്ഥിരതാമസം. “കേരളത്തിന്റെ മൂല്യങ്ങളും സംസ്കാരവും നമ്മുടെ കുട്ടികളിൽ വളർത്തിയെടുക്കാൻ ഞങ്ങൾ എപ്പോഴും ശ്രമിച്ചിട്ടുണ്ട്”: ജോസ് തോമസ് പറഞ്ഞു.
കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്ര സമിതി (സിആർസി) ഈ വർഷത്തെ സമ്മേളനം സെപ്റ്റമ്പർ 16 നു നടന്നപ്പോൾ, ആ യോഗത്തിലെ പ്രാരംഭ പരാമർശങ്ങൾ അവതരിപ്പിക്കുന്നതിന് എയ്‌മിലിൻ തിരഞ്ഞെടുത്ത വസ്ത്രധാരണം ഇന്ത്യൻ പശ്ചാത്തലത്തിൽ നിന്നുള്ളതായിരുന്നു: “ഞങ്ങൾ ഇന്ത്യൻ വസ്ത്രം മന:പൂർവ്വം തിരഞ്ഞെടുത്തു. നമ്മുടെ സംസ്കാരം കാണിക്കേണ്ടതുണ്ട്, അതിന് അതിന്റേതായ മൂല്യമുണ്ട്, പ്രത്യേകിച്ച് യുഎൻ പ്രേക്ഷകർക്കായി” മാതാ പിതാക്കളായ ജോസും മെറ്ളിനും വ്യക്തമാക്കി.
കേരളത്തെക്കുറിച്ച് എയ്‌മിലിന് പറയാനുള്ളത് ഇതാണ്: “എനിക്ക് കേരളത്തെ ശരിക്കും ഇഷ്ടമാണ്, എന്റെ കുടുംബത്തെ മുഴുവനും കാണാനും എന്റെ മലയാളം ഭാഷാ വൈദഗ്ദ്ധ്യം വീണ്ടെടുക്കാനും കേരളം സഹായിക്കുന്നു. 2019 ലെ കേരള സന്ദർശന വേളയിൽ, ഞാൻ കേരളത്തിലെ ചില സ്കൂളുകളിലും കോളേജുകളിലും വൈകാരിക ബുദ്ധിയെക്കുറിച്ച് സംസാരിച്ചു. സംസ്ഥാനത്തെ ആത്മഹത്യാ നിരക്കുകളിൽ നമ്മൾ പരിഭ്രാന്തരായതിനാൽ ആ വിഷയം തിരഞ്ഞെടുത്തു.ഒരിക്കൽ ഇന്ത്യയിലേക്ക് വന്ന് കുട്ടികളെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” എയ്‌മിലിൻ പറയുന്നു.