റോം: മതങ്ങള്‍ക്കിടയില്‍ പരസ്പര ധാരണ വളര്‍ത്താന്‍ പ്രവര്‍ത്തിക്കുന്ന റോമിലെ തവാസുല്‍ ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ പബ്ലിഷിങ് ആന്‍ഡ് ഡയലോഗ് സ്ഥാപകയായ ഇറ്റാലിയന്‍ തത്ത്വചിന്തകയും എഴുത്തുകാരിയുമായ ഡോ. സബ്രിന ലീ ശ്രീനാരായണ ഗുരു രചിച്ച ആത്മോപദേശ ശതകത്തിന്‍െറ ഇറ്റാലിയന്‍ വിവര്‍ത്തനം പൂര്‍ത്തിയാക്കി പ്രകാശിപ്പിക്കാനൊരുങ്ങുകയാണ്.
കേരള സമൂഹത്തില്‍ ശ്രീനാരായണ ഗുരു ചെലുത്തിയ സ്വാധീനത്തെക്കുറിച്ച പഠനവും മലയാളത്തിന്‍െറ ഈ മരുമകളിലൂടെ ഇറ്റാലിയന്‍ അക്കാദമിക്‌വായന സമൂഹത്തിലേക്കും മതാന്തര പഠനവേദികളിലേക്കും എത്തിച്ചേരും.
ജീവിത പങ്കാളിയും തവാസുല്‍ സാംസ്കാരിക ഉപദേഷ്ടാവുമായ തലശ്ശേരി സ്വദേശി ഡോ. അബ്ദുല്‍ ലത്തീഫ് ചാലിക്കണ്ടിയില്‍ നിന്നാണ് ഗുരുവി!െന്‍റ അധ്യാപനങ്ങളെക്കുറിച്ച് ആദ്യമറിയുന്നത്. തുടര്‍ന്ന് നിരന്തര ഗവേഷണത്തിലേര്‍പ്പെട്ടു.
കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകമൊട്ടുക്കും മതവംശീയ വൈരങ്ങള്‍ പരക്കുന്ന വിഷമസന്ധിയില്‍ മാനവികതയും സാഹോദര്യവും ഊന്നിപ്പറഞ്ഞ ഗുരുദര്‍ശനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നതിനാലാണ് ഇത്തരമൊരു ഉദ്യമം ഏറ്റെടുത്തതെന്ന് അവര്‍ പറഞ്ഞു.
ശ്രീനാരായണ ദര്‍ശനങ്ങളില്‍ അവഗാഹമുള്ള സ്വാമി സച്ചിദാനന്ദയുമായി കൂടിയാലോചിച്ചാണ് മൊഴിമാറ്റം പൂര്‍ത്തിയാക്കിയത്.
നേരത്തേ ഭഗവത്ഗീത, രാജാറാം മോഹന്‍റോയ് രചിച്ച ‘തുഹ്ഫത്തുല്‍ മുവഹ്ഹിദീന്‍’, അബ്ദുല്ല യൂസുഫലി തയാറാക്കിയ ഖുര്‍ആന്‍ വ്യാഖ്യാനം, ഡോ. ബി.ആര്‍. അംബേദ്ര്‍ രചിച്ച ‘അനിഹിലേഷന്‍ ഓഫ് കാസ്റ്റ്’, നടനും മുന്‍ ലോക്‌സഭാംഗവുമായ ഇന്നസെന്‍റി!െന്‍റ ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ തുടങ്ങിയ ഗ്രന്ഥങ്ങളും ഡോ. സബ്രിന ഇറ്റാലിയന്‍ ഭാഷയിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.