വീട്ടിലെ ഊണുകൾ – ഈ അടുത്ത് നാട്ടിൽ പോയപ്പോൾ , കുറച്ച് ദിവസങ്ങൾ ആശുപത്രിയും പരിസരങ്ങളും ആയി സുഹൃത്ത് ബന്ധം സ്ഥാപിച്ചപ്പോൾ ആണ് വീട്ടിലെ ഊണുകൾ നല്ല രസമുകുളങ്ങൾ ആയി നാവിലേക്കും മനസിലേക്കും കയറി വരുന്നത്.
ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുന്നതിന പകരം , ഒരു വീട്ടിൽ , ആ വീട്ടിലെ ആൾക്കാർ പാചകം ചെയ്ത സ്വാദ് , അധികം ലാഭേച്ഛ ഇല്ലാതെ വിളമ്പുന്ന ഇടങ്ങൾ ആണ് വീട്ടിലെ ഊണുകൾ . നല്ല കുത്തരി ചോറ് , സാമ്പാർ – മോര് – പരിപ്പ് , എല്ലാവിധ പ്രശസ്ത “ശേരി” കളും, നല്ല വറുത്ത് മൊരിഞ്ഞ പൊടി മീൻ, നമ്മുടെ സ്വകാര്യ അഹങ്കാരം ബീഫ് റോസ്റ്റ്, ഫ്രൈ , ഉലത്തു – അയല , ആവോലി , മത്തി/ചാള , പലവിധ തോരനുകൾ , കക്ക ഇറച്ചി, ഫ്രീയായിട്ട് കിട്ടുന്ന മീൻചാർ – മീൻചാറിൽ ഭാഗ്യമുണ്ടെങ്കിൽ കിട്ടുന്ന മത്തി കഷ്ണങ്ങൾ , പിന്നെ നല്ല ചൂട് കരിങ്ങാലി വെള്ളവും …അഹാ അന്തസ്😎
ഇരിക്കാൻ സ്ഥലം ഉടനെ കിട്ടണം എന്ന് ഇല്ല , ഒരാളുടെ ഊണു ഏതു സ്റ്റേജിൽ എത്തി എന്ന് നോക്കി ആ കസേര പിടിക്കണം , ചിലടത്തൂ ബംഗാളികൾ ആതിഥേയരായി നമ്മളെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടിരുത്തും, കസേര കളിക്കാൻ നിൽക്കണ്ട. എന്റെ മുഖത്തിന്റെ ഒരു ഐശ്വര്യം കൊണ്ട് എനിക്ക് പെട്ടെന്ന് തന്നെ കസേരകൾ കിട്ടിയിരുന്നു.
രുചിയോടൊപ്പം പരസ്പര സ്നേഹത്തിന്റെ നേർക്കണ്ണാടി ആയിരുന്നു ഓരോ തീൻമേശയും, നമുക്ക് ഒരു വിഭവം അടുത്ത ആള് കഴിക്കുന്ന കണ്ടിട്ട് , “കൊള്ളാമോ ചേട്ടാ” എന്ന് ചോദിക്കേണ്ട താമസം ആ പ്ലേറ്റ് നമ്മുടെ മുമ്പിലേക്ക് നീക്കി തരുവാ, കൊള്ളാം – ഇച്ചിരെ എടുത്തോ… എല്ലാം സദാരണ അന്നത്തെ അന്നത്തിനു വേണ്ടി ഓടുന്ന മനുഷർ , ഒരു നേരത്തെ ഭക്ഷണം അവനവന് താങ്ങുന്ന വിലക്ക് രുചിയോടു കഴിക്കാൻ പറ്റുന്ന ഇടങ്ങൾ( പറ്റ് നടക്കില്ല).
ഇലയിലാണ് ഊണെങ്കിൽ ഇല പുറത്ത് കൊണ്ടുകളയാനുള്ള ഭാരിച്ച ഉത്തരവാദിത്തം നമ്മളിൽ നിക്ഷിപ്തമാണ് . ഹാൻഡ്‌വാഷ് കുപ്പിയിലെ പത നിറച്ച പച്ചവെള്ളം ഒരു നല്ല പരിപാടി ആണ്.
ഒരു കപ്പലണ്ടി മിട്ടായിയും, രണ്ട് ലോട്ടറി ടിക്കറ്റും മേടിച്ചു , മുണ്ടും മടക്കി കുത്തി ഇറങ്ങുമ്പോൾ , വാൾ സ്ട്രീറ്റിലെ വഴിയോര കച്ചവടക്കാരെയും(NYC Street Food) ഞാൻ ഓർത്തു. ധർമ്മം ഒന്ന് തന്നെ.
മനപൂർവ്വം ഫോട്ടോ എടുത്തില്ല, ഈ കൊടുത്തിരിക്കുന്നത് ഗൂഗിൾ ബ്രോ തന്നതാ. രുചികൾ തേടി പിടിച്ച് എന്നെ കൊണ്ട് നടന്ന ചങ്ക് ബ്രോ ഷാജിക്ക് , സ്നേഹവും പകുതി കപ്പലണ്ടി മിട്ടായിയും
ജോർജി സാമൂവൽ മാവേലിക്കര