കേരളത്തിലെ ചാനല്‍ ചര്‍ച്ചകള്‍ എന്തിനുവേണ്ടി ആര്‍ക്കുവേണ്ടി, കേരളത്തിലെ ചാനല്‍ ചര്‍ച്ചകള്‍ കാണുമ്പോള്‍ മനസ്സില്‍ അറിയാതെ തോന്നുന്ന ചോദ്യമാണ്. ഗംഭീരമായ അവതരണത്തോടെയാണ് ചാനല്‍ ചര്‍ച്ചകള്‍ തുടങ്ങാറ്. അവതരണം കാണുമ്പോള്‍ എന്തോ വലിയ സംഭവം നടക്കുന്ന പ്രതീതിയാണ് ഉണ്ടാകാറ്. ചര്‍ച്ചകള്‍ നിയന്ത്രിക്കുന്ന ചാനല്‍ അവതാരകരുടെ ഇരിപ്പും മട്ടും കണ്ടാല്‍ യു.എന്‍. ജനറല്‍ അസംബ്ലിയില്‍ സെക്രട്ടറി ജനറല്‍ ഇരിക്കുന്നമാതിരിയാണ്.
ലോകത്തിനു കീഴിലുള്ള എല്ലാ കാര്യത്തെക്കുറിച്ചും അഗാധ പാണ്ഡിത്യവും അതിലേറെ കഴിവുമുണ്ടെന്ന ധാരണയിലാണ് അവതാരകരുടെ ഇരിപ്പു കണ്ടാല്‍ തോന്നുക. കടിച്ചാല്‍ പൊട്ടാത്ത വാക്കുകളും ഘനഗാംഭീര്യത്തോടെയുള്ള അവതരണശൈലിയിലും ഇവരുടെ അവതരണം കാണുമ്പോള്‍ ഊതി വീര്‍പ്പിച്ച ബലൂണാണെന്ന് ആദ്യം ആര്‍ക്കും തോന്നാറില്ല. കാണുന്നവരും കേള്‍ക്കുന്നവരും ഇവരെ കാണുമ്പോള്‍ അറിയാതെ എഴുന്നേറ്റ് നിന്ന് ആദരിക്കുകയോ ആരാധനയോടെ നോക്കുക ചെയ്യണമെന്ന് ഇവരുടെ മുഖഭാവം തന്നെ പറയുന്നുണ്ട്. കുതിരവട്ടം പപ്പു പറയുന്നതുപോലെ ആകെ മൊത്തം ടോട്ടല്‍ ഒരു സംഭവമാണെന്ന് നാട്ടുകാര്‍ക്ക് തോന്നുന്ന പ്രകടനമാണ് ചാനല്‍ അവതാരകരുടേത്.
ഇനിയും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ കാര്യം അതിലേറെ വിശേഷങ്ങള്‍ നിറഞ്ഞതാണ്. അല്പജ്ഞാനി അപകടകാരിയെന്ന് പഴമക്കാര്‍ പറയുന്നത് ഇവരുടെ കാര്യത്തില്‍ അല്പം കുറഞ്ഞു പോയിട്ടുണ്ടോയെന്ന് സംശയമാണ്. അല്പജ്ഞാനവുമായി അനേക കാര്യങ്ങള്‍ പറയുന്ന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അവര്‍ പറയുന്നത് എന്തെന്ന് പലപ്പോഴും അവര്‍ക്കു തന്നെ അറിവില്ല. ചാനല്‍ ചര്‍ച്ചയുടെ വിലയിരുത്തല്‍ പലപ്പോഴും വേറിട്ടതാണെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഒട്ടുമിക്കവര്‍ക്കും തങ്ങള്‍ പറയുന്ന വിഷയത്തെക്കുറിച്ച് അഗാധ പാണ്ഡിത്യം പോയിട്ട് അല്പജ്ഞാനം പോലുമില്ലെന്ന് തോന്നിപ്പോകും.
ഏതാനും നാളുകള്‍ക്ക് മുന്‍പ് നടന്ന ഒരു രാഷ്ട്രീയ ചര്‍ച്ചയില്‍ പങ്കെടുത്ത അംഗത്തോട് അവതാരകന്‍ കണ്‍കറന്റ് ലിസ്റ്റ് ഏതെന്ന് ചോദിക്കുകയുണ്ടായി. കേരളത്തിലെ തീപ്പൊരി പ്രസംഗം നടത്തുന്ന ഒരു വനിതാ രാഷ്ട്രീയ നേതാവിനോടായിരുന്നു ആ ചോദ്യം. അവര്‍ക്ക് ആ വിഷയത്തെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് അവരുടെ മറുപടി കേട്ടാല്‍ തന്നെ അറിയാം. തനിക്ക് ആ വിഷയത്തെക്കുറിച്ച് അറിവ് അധികമില്ലെന്ന് പരസ്യമായി സമ്മതിക്കാതെ ചോദ്യകര്‍ത്താവിനോട് പരസ്പരവിരുദ്ധമായ എന്തൊക്കെയോ പറഞ്ഞ് ആ വിഷയത്തില്‍ നിന്ന് തടി തപ്പാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് അവരുടെ സംസാരത്തില്‍ നിന്ന് മനസ്സിലാക്കാമായിരുന്നു. അതു കൂടാതെ അതുമായി ബന്ധപ്പെട്ടതെന്ന് തോന്നിക്കുന്ന ചില ചോദ്യങ്ങള്‍ അവതാരകനോട് അവര്‍ ചോദിക്കുന്നുമുണ്ടായിരുന്നു.
അവതരിപ്പിക്കുന്ന വിഷയം പലപ്പോഴും ചര്‍ച്ചകളുടെ തുടക്കത്തില്‍ മാത്രമെ ഉണ്ടാകാറുള്ളു. അവതാരകന്റെ ചോദ്യത്തിന് ഉത്തരമെന്നോണം തുടക്കത്തില്‍ എന്തെങ്കിലും ഒന്ന് പറഞ്ഞൊപ്പിച്ചിട്ട് പിന്നീട് പറയുന്നതെല്ലാം ആ വിഷയവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളായിരിക്കും. പ്രത്യേകിച്ച് രാഷ്ട്രീയ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗം പേരും. ചിലര്‍ അതില്‍ തന്നെ ഉറച്ചു നിന്നുകൊണ്ട് വസ്തുതാപരമായ അതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും പറയുക എന്നാല്‍ ഏറെപ്പേരും പറയുന്നതും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതും തങ്ങളുടെ മനസ്സില്‍ സൂക്ഷിച്ചുവച്ചിട്ടുള്ള മറ്റ് പല കാര്യങ്ങളുമായിരിക്കുമെന്നതാണ് സത്യം. ഇവരില്‍ ഭൂരിഭാഗം പേരും കടുത്ത രാഷ്ട്രീയ നിലപാട് സൂക്ഷിക്കുന്നവരും അന്ധമായ രാഷ്ട്രീയ വിധേയത്വമുള്ളവരുമായിരിക്കും.
ഇവര്‍ക്ക് ലഭിക്കുന്ന അറിവ് പാര്‍ട്ടി ക്ലാസ്സുകളില്‍ നിന്നുമുള്ളതായിരിക്കും. പലപ്പോഴും ആ അറിവ് പാര്‍ട്ടികളിലെ താത്വീകാചാര്യന്മാരും സൈദ്ധാന്തികന്മാരുമെന്ന് സ്വയം അവകാശപ്പെടുന്നവരില്‍ നിന്നുമായിരിക്കും. ഈ അറിവ് ഒരു പൊട്ടക്കിണറ്റിലെ തവളയ്ക്കു ലഭിക്കുന്ന അറിവു പോലെയാണ്. തവള ചിന്തിക്കുന്നത് കിണറിനപ്പുറം മറ്റൊരു ലോകമില്ലായെന്നതാണ്. കാരണം കിണറിനപ്പുറം ഒരു ലോകത്തേക്ക് നടത്താന്‍ തങ്ങളുടെ മുകളില്‍ ഉള്ള നേതാക്കന്മാര്‍ ഇവരെ കൊണ്ടുപോകാറില്ല. അതിനു കാരണം ഇവര്‍ അവരെ ചോദ്യം ചെയ്യുകയോ അവരേക്കാള്‍ അറിവ് ഉള്ളവരോ നേതാക്കന്മാരാകുകയോ ചെയ്യുമെന്നതായ ഭയമായിരിക്കും.
ഇവര്‍ക്ക് അറിവുകള്‍ പലപ്പോഴും കിട്ടുന്ന മറ്റൊരു സ്രോതസ്സ് വാട്ട്‌സപ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുമായിരിക്കും. ഈ അറിവുകളൊക്കെ വച്ച് കേരളത്തിലെ രാഷ്ട്രീയ സാമൂഹിക കാര്യങ്ങള്‍ പറയാന്‍ ഇവര്‍ക്ക് മടിയില്ലായിരിക്കും. എന്നാല്‍ പാലക്കാടിനപ്പുറം ഉള്ള ലോകത്തെ വിവിധ വിഷയങ്ങള്‍ വരുമ്പോള്‍ ഇവര്‍ക്ക് അതിനെക്കുറിച്ച് വല്ല്യ ഗ്രാഹ്യമില്ല.
ആ അവസരത്തിലാണ് ഇവര്‍ തങ്ങള്‍ക്ക് അറിയാവുന്ന വിഷയത്തെക്കുറിച്ച് വാചാലരാകുന്നത്. അതും ചാനലില്‍ അന്ന് അവതരിപ്പിക്കുന്ന ചര്‍ച്ചയുമായി യാതൊരു ബന്ധവുമില്ലാത്തത്. ഈ അടുത്തകാലത്ത് പല ചര്‍ച്ചകളും കണ്ടപ്പോള്‍ മനസ്സിലായ ഒരു സത്യമാണ്. ആകാംഷയോടെ ശ്രദ്ധിച്ചിരിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത് ബിരിയാണിയുടെ മുകളില്‍ അവിയല്‍ ഇട്ടമാതിരി ചര്‍ച്ചയാണ്. അരിയെത്രയെന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ പയര്‍ അഞ്ഞാഴി ഞാന്‍ ഇട്ടതു കണ്ടില്ലെ എന്ന മറുചോദ്യമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പണ്ഡിതന്മാര്‍ പറയുന്നത്.
ഇത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് മാത്രമല്ല മറ്റ് ദേശീയ അന്തര്‍ദേശീയ വിഷയങ്ങളുടെയും കാര്യത്തിലുമാണ്. ഇന്ത്യ ചന്ദ്രനില്‍ തങ്ങളുടെ പേടകത്തെ ഇറക്കിയപ്പോള്‍ ആ ചര്‍ച്ചയിലും ഇന്ത്യയിലെ ഇലക്ഷന്‍ കമ്മീഷന്‍ ആറ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ആ ചര്‍ച്ചയിലും സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തെക്കുറിച്ചുള്ള ചര്‍ച്ചയിലും പല ചാനലുകളും ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചത് ഒരേ വ്യക്തികളെയാണ്. അതിനര്‍ത്ഥം ഈ വ്യക്തികള്‍ക്ക് എല്ലാ കാര്യത്തെക്കുറിച്ചും അറിവുണ്ടെന്നാണ്.
അവര്‍ ആ വിഷയത്തില്‍ അറിവില്ലെന്നുമില്ല. എന്നാല്‍ ഏതൊരു വിഷയമാണോ ചര്‍ച്ചയില്‍ വരുന്നത് ആ വിഷയത്തില്‍ പ്രാഗത്ഭ്യം നേടിയവരെയാണ് ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തേണ്ടത്. ഏതൊരു ചര്‍ച്ചയിലും അതുമായി ബന്ധപ്പെട്ടവരെയാണ് ഉള്‍പ്പെടുത്തേണ്ടതെന്ന് പറയാന്‍ കാരണം അവര്‍ക്ക് ആ വിഷയത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ആഴമായ അറിവുണ്ടായിരിക്കുമെന്നതു തന്നെ. അപ്പോള്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ വിഷയവുമായി ബന്ധപ്പെട്ടതും ആധികാരികവും വസ്തുനിഷ്ഠവുമായതായിരിക്കും ഏറെക്കുറെ. ജനങ്ങള്‍ക്ക് ആ വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അത് ഉപകരിക്കും.
എന്നാല്‍ കേരളത്തിലെ ചാനലുകള്‍ ചെയ്യുന്നതാകട്ടെ പുട്ടിന് പീരപോലെ ഒരാള്‍ മാത്രമായിരിക്കും ആ വിഷയവുമായ ആധികാരികമായി അറിയാവുന്നത് മറ്റുള്ളവരാകട്ടെ ചാനലുകളുടെ ലിസ്റ്റിലുള്ള സ്ഥിരം വ്യക്തികളായിരിക്കും. വിദേശ ചാനലുകള്‍ പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിലെ ചാനല്‍ ചര്‍ച്ചകള്‍ ഒരു വിഷയത്തെക്കുറിച്ച് ചര്‍ച്ചകള്‍ അവതരിപ്പിക്കുമ്പോള്‍ അതില്‍ പങ്കെടുക്കുന്നവര്‍ അതുമായി ബന്ധപ്പെട്ടവരായിരിക്കും. ഒരു വിഷയമായിരിക്കുമെങ്കിലും വ്യത്യസ്തമായ ആ വിഷയത്തില്‍ അടിസ്ഥാനമാക്കിയുള്ള അഭിപ്രായമായിരിക്കും അവര്‍ പറയുക. കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും വിജ്ഞാനപ്രദമായിരിക്കുമെന്ന് മാത്രമല്ല അത് കാര്യക്ഷമമായതുമായിരിക്കും. കേരളത്തിലാണെങ്കില്‍ വെറുതെ കേട്ടിരിക്കാന്‍ പോലും പറ്റാത്ത ചര്‍ച്ചകളാണ് മിക്ക ചര്‍ച്ചകളും. അവര്‍ക്കു തന്നെ അറിയില്ല അവര്‍ പറയുന്നതെന്തെന്.
ചാനലുകളിലെ സീരിയലുകള്‍ക്കെതിരെ ഏറെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കുടുംബ സീരിയലുകള്‍ എന്ന പേരില്‍ പ്രദര്‍ശിപ്പിക്കുന്നവയേറെയും കുടുംബ സദസ്സുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റാത്തവയായിരുന്നു. അധാര്‍മ്മികത അശ്ലീലവും ധുര്‍ന്നടപ്പും തുടങ്ങി സമൂഹത്തിലെ എല്ലാ തിന്മകളും നിറഞ്ഞതാണ് സീരിയലുകളില്‍ കൂടി കാണിക്കുന്നത്. അതും കുടുംബ സദസ്സുകളില്‍ പ്രദര്‍ശിപ്പിക്കുന്ന കുടുംബ സീരിയലുകള്‍ അതിന്റെ മറ്റൊരു പതിപ്പാണ് ചാനലുകളിലെ ചര്‍ച്ച. ആര്‍ക്കും വേണ്ടാത്ത ആര്‍ക്കോ വേണ്ടി ആരൊക്കെയോ നടത്തുന്ന ചര്‍ച്ച. അതുമാത്രമല്ല ആര്‍ക്കൊക്കയോ ആളാകാന്‍ എന്നു കൂടി പറയാം. ഇതൊന്നുമില്ലാതിരുന്ന കാലത്തും കേരളം ഇങ്ങനെ തന്നെയായിരുന്നു. ഇതൊക്കെ ഉള്ളപ്പോഴും കേരളം അതു തന്നെ. അപ്പോള്‍ ഇതെന്തിനെന്നതാണ് ഒരു ചോദ്യം. ഒരു തരി മണലുപോലും മാറ്റാന്‍ കഴിയാത്ത ഈ ചാനലുകള്‍ എന്തിന് ആര്‍ക്ക്.
blessonhouston@gmail.com