Monday, December 23, 2024

HomeEditor's Pickകർഷകരുടെ പ്രശ്നങ്ങളും, കർഷക ആത്മഹത്യയും ലേഖനം : (ആൻറണി ജോസഫ് കുറുപ്പശ്ശേരി)

കർഷകരുടെ പ്രശ്നങ്ങളും, കർഷക ആത്മഹത്യയും ലേഖനം : (ആൻറണി ജോസഫ് കുറുപ്പശ്ശേരി)

spot_img
spot_img

വീണ്ടും കുട്ടനാട്ടിൽ ഒരു കർഷക ആത്മഹത്യ കൂടി നടന്നിരിക്കുന്നു. വളരെ വേദനാജനകമായ ഒരു സംഭവമായിട്ടേ ഇതിനെ കാണുവാൻ കഴിയൂ. അതിൻ്റെ കാരണമായി മരണപ്പെട്ട ആൾ തന്നെ പറഞ്ഞത്, നെല്ല് വിറ്റതിൻ്റെ പണം ലഭിക്കുവാനായി, ബാങ്കുകളിൽ നിന്ന് വ്യക്തിഗത വായ്പയെടുക്കേണ്ടി വന്നുവെന്നും, എന്നാൽ ആ വായ്പ, സിബിൽ സ്കോറിനെ ബാധിക്കുകയും, അദ്ദേഹത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ, മറ്റൊരു വായ്പയെടുക്കാൻ തരമില്ലാതെ വരികയും ചെയ്തു എന്നാണ്. അദ്ദേഹത്തിൻ്റെ മരണ കാരണങ്ങളിലേക്കല്ല പോകേണ്ടത്. അദ്ദേഹം ഉയർത്തിയ വിഷയമാണ് പ്രധാനമായി ചർച്ച ചെയ്യപ്പെടേണ്ടത്. നെല്ല് വിറ്റതിൻ്റെ പണം ലഭിക്കുന്ന രീതികളാണ് ചർച്ച ചെയ്യേണ്ടത്. ആ വിഷയങ്ങളിലാണ് തീരുമാനമുണ്ടാകേണ്ടത്. കർഷകരുടെ പ്രശ്നങ്ങൾക്കാണ് അറുതിയുണ്ടാകേണ്ടത്.

ഒരാൾ സ്വയമേവ മരിക്കുവാൻ തുനിയുന്നുവെങ്കിൽ, അദ്ദേഹം അനുഭവിക്കുന്ന മാനസിക വേദന, നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമായിരിക്കും. ആത്മഹത്യ ഒന്നിനുമൊരു പരിഹാരം അല്ലെന്ന് പൊതുവേ പറയുമെങ്കിലും അത്തരം സംഭവങ്ങളിലേക്ക് നയിക്കുന്ന കാര്യങ്ങൾ ഉണ്ടാകരുതെന്നതാണ് പ്രധാനം. ശരിയാണ് ആത്മഹത്യ ഒന്നിനുമൊരു പരിഹാരം അല്ല.

ഇന്ന് നമുക്കറിയാവുന്ന പോലെ സാങ്കേതികമായ വളർച്ച പല മേഖലകളിലും ഉണ്ടാകുമ്പോഴും, അതിൻ്റെയൊക്കെ വിരുദ്ധമായ, അപകടകരമായ, ചില പ്രശ്നങ്ങളും ഒളിഞ്ഞിരിക്കുന്നെണ്ട്, എന്നുള്ളത് ശ്രദ്ധിക്കാതെ പോകരുത്. സിബിൽ സ്കോറിനെക്കുറിച്ചറിയാത്ത ഒരു സാധാരണക്കാരന് ഇത് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. സിബിൽ സ്കോറിന് വേണ്ടി ബുദ്ധി പൂർവം നീങ്ങുന്നവരെയും നമ്മുടെ ചുറ്റും കാണാൻ സാധിക്കും. ഇവിടെയാണ് സാധാരണക്കാരൻ പെട്ട് പോകുന്നത്. എങ്ങനെ ഇതിനെ മറികടക്കാമെന്ന് ചിന്തിക്കുന്നവരും, അവരെ സഹായിക്കുന്ന ഏജൻസികളും നിലവിലുണ്ട്.

ഒരാളുടെ ആത്മാർത്ഥയോ സത്യസന്ധതയോ ഇവിടെ വിഷയമാകുന്നില്ല. പൂർണമായും സാങ്കേതികത മാത്രമാണ്. സാങ്കേതികതയിൽ സഹതാപമോ സഹകരണമോ ഇല്ല. ഒരാളുടെ ബുദ്ധിമുട്ടുകളോ, ആവശ്യങ്ങളോ ആരും അന്വേഷിക്കുകയുമില്ല. തികച്ചും യാന്ത്രികമായ ഒരു സംവിധാനം എന്ന് മാത്രമേ കരുതാൻ കഴിയൂ. പുതിയ കാലഘട്ടത്തിൽ അതിനെ കുറ്റം പറയാനും കഴിയില്ല. പക്ഷെ അതിൻ്റെയൊക്കെ പോരായ്മകളും, പ്രശ്നങ്ങളും മനസ്സിലാക്കുവാനും, അതിലൊക്കെ ഇടപെടാനും സർക്കാർ സംവിധാങ്ങളാണ് തയ്യാറാക്കേണ്ടത്. എന്ത് ഇടപെടലുകളെന്നത് സർക്കാർ സംവിധാനങ്ങളാണ് ചിന്തിക്കേണ്ടത്. അതാണ് അവരുടെ കടമയും ഉത്തരവാദിത്വവും. സമൂഹത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളെയും മുൻകൂട്ടി കണ്ട്, അത് പഠിച്ച്, അതിനുള്ള പ്രതിവിധികൾ നിർദ്ദേശിക്കുകയും അവ നടപ്പാക്കുകയുമാണ് വേണ്ടത്.

ഈ അടുത്ത നാളിലാണ് ഓൺലൈൻ വായ്പയുടെ പേരിൽ ഒരാൾ ആത്മഹത്യ ചെയ്തതത്. ഇന്ന് ഓൺലൈൻ വായ്പകൾ, പല രൂപത്തിലും ഭാവത്തിലും, നിങ്ങളുടെ മുൻപിലേക്ക് എത്തുകയാണ്. അത് പോലെ തന്നെ ഓൺലൈൻ ഗെയിമുകളിലൂടെ നടക്കുന്ന കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകൾ. ചില ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലും കുട്ടികൾക്ക് വലിയ ഓഫറുകൾ നൽകി കൊണ്ട് അവരെ ചതിക്കുഴിയിലേക്ക് നയിക്കുകയാണ്.

വൻ പരസ്യങ്ങളാണ് ഇവർ നൽകുന്നത്. നിഷ്കളങ്കരായ കുട്ടികൾ വളരെ പ്രതീക്ഷയോടെ മാത്രമേ ഇതിനെ സമീപിക്കുകയുള്ളു. ചെറു പ്രായത്തിലുള്ള കുട്ടികൾ ഈ കപട ലോകത്തെ മനസ്സിലാക്കാൻ വളരെ താമസിക്കുമെന്നതാണ് യാഥാർഥ്യം. അവർ ഇത്തരം കുതന്ത്രങ്ങൾ മനസ്സിലാക്കാതെ വളരെ ലാഘവ ബുദ്ധിയോടെ മാത്രമേ ഇതിനെ കൈകാര്യം ചെയ്യൂ. വലിയ ശമ്പളത്തിൽ ജോലി ഓഫറുകൾ നൽകി കൊണ്ടാണ്, ഒരു ചെറിയ കോഴ്‌സിന് പോലും വലിയ ഫീസ് ദീർഘകാല ലോൺ EMI ആയി തരപ്പെടുത്തി കൊടുത്തു കൊണ്ട് ഇത്തരത്തിൽ പറ്റിക്കുന്നത്. ജോലി കൊടുക്കുന്ന വലിയ ടെക്നോളജി കമ്പനികൾ പോലും ഇതിൻ്റെ ഭാഗമാകുന്നു എന്നത് വളരെ ദുഖകരമാണ്. ഇത്തരത്തിലുള്ള കാര്യങ്ങളെ കാണുവാനോ മനസ്സിലാക്കുവാനോ ഇതിനെ തടയുവാനോ നമ്മുടെ സംവിധാനങ്ങൾ ശ്രമിക്കുന്നില്ല എന്നത് വളരെ ദുഖകരമാണ്, പ്രതിഷേധാർഹമാണ്.

കുട്ടനാട്ടിലെ കർഷകരുടെ ഇന്നത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് അവർ കഷ്ടപ്പെട്ടു കൃഷി ചെയ്ത് ഉണ്ടാക്കുന്ന നെല്ല്, ശരിയായ വിധത്തിൽ വില്കുവാനോ, അതിൻ്റെ വില സമയത്തിന് നേരിട്ട് പണമായി കിട്ടുവാനോ സാധിക്കുന്നില്ല എന്നതാണ്.. ഒരാൾ സ്വന്തമായി ഉത്പാദിപ്പിച്ച നെല്ലിൻ്റെ വില വാങ്ങുവാൻ വായ്പയെടുക്കേണ്ടി വരുന്നു എന്നത് തീർത്തും അപഹാസ്യമായ ഒരു കാര്യമായേ കാണാൻ കഴിയൂ. ഇവിടെ ബാധ്യത കർഷകരിലാണ്. എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയാൽ ബാധ്യതപ്പെട്ടവരുടെ സിബിൽ സ്കോറിനെ ബാധിക്കുമെന്നതിൽ ഒരു സംശയത്തിനും ഇടമില്ല. ഇവിടെ ബാങ്കുകൾക്ക് ലാഭം മാത്രമേ ഉണ്ടാകുന്നുള്ളൂ. കൊടുക്കുന്ന പണം തിരിച്ചു കിട്ടുമെന്ന ഉറപ്പാണ് ബാങ്കുകൾക്ക് വേണ്ടത്.

അത് ന്യായമായ ബാങ്കുകളുടെ ആവശ്യമാണ്. പക്ഷെ സർക്കാർ കൊടുക്കേണ്ട ഉറപ്പ്, നെല്ല് കൊടുത്ത കർഷകർ എന്തിന് നൽകണം എന്നതാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യം. ഇവിടെ സർക്കാർ സംവിധാനങ്ങൾ തികച്ചും പരാജയപ്പെടുകയാണ്. ഒരു പ്രശ്നത്തെ പരിഹരിക്കുവാനായി മറ്റൊരു പ്രശ്നത്തെ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. സമൂഹത്തിൽ സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്നവരാണ് കർഷകർ എന്നത് മറക്കാൻ പാടില്ല. അവർക്കൊരിക്കലും സമൂഹത്തിൽ മറ്റുള്ളവർ നേടുന്ന വരുമാനത്തിൻ്റെ നിലവാരത്തിൽ എത്തിച്ചേരാൻ സാധിക്കില്ല. അത് ഉറപ്പാക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്തമാണ്.

ഇന്ന് ജന്മി വ്യവസ്ഥകളെല്ലാം ഇല്ലാതായിട്ടുണ്ട്. പഴയ ജന്മിമാരെല്ലാം ഇന്ന് സാമ്പത്തികമായി തകരുകയോ, ചിലർ വ്യാവസായിക മേഖലകളിലേക്ക് മാറി പോയി എന്നും കരുതാം. കർഷകരെ നമുക്ക് മാറ്റി നിർത്താൻ കഴിയില്ല. അവരെ നമ്മൾ നിരാശപ്പെടുത്തരുത്. അവർക്കാവശ്യമായ പിന്തുണ കൊടുക്കേണ്ടത് സമൂഹത്തിൻ്റെ ആവശ്യമാണ്. കുട്ടനാട്ടിലെ നെൽ കൃഷി പൂർണമായും ഇല്ലാതാകുന്ന അവസ്ഥ നമ്മൾ ഒന്ന് ചിന്തിച്ച് നോക്കേണ്ടതാണ്. ഒരിക്കലും പിന്നീട് നമുക്ക് അത് പുനരാരംഭിക്കാനോ, പുനഃസ്ഥാപിക്കുവാനോ കഴിയുകയില്ല എന്ന യാഥാർഥ്യം നമ്മൾ മനസ്സിലാക്കണം. നെൽ കൃഷി ഇല്ലാതാകുന്നതിലൂടെ അപകടകരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കപ്പെടുക.

ഒരു പക്ഷെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമോ, 1971 ലെ ഇന്ത്യ – പാകിസ്താൻ യുദ്ധത്തിന് ശേഷമോ ഉണ്ടായ ഒരു വലിയ ഭക്ഷ്യ ക്ഷാമം പോലെ ഒരു പുതിയ പ്രതിസന്ധി നേരിടുമ്പോഴായിരിക്കും നമ്മൾ അത് മനസ്സിലാക്കുകയും വിലപിക്കുകയും ചെയ്യുക. അത്തരത്തിലുള്ള ഒരു ഭക്ഷ്യ ക്ഷാമം നമ്മൾ മുൻകൂട്ടി കാണേണ്ടതാണ്. അതിനുള്ള പ്രതിവിധികൾ നമ്മൾ ചിന്തിക്കേണ്ടതാണ്. അന്ന് തെലുങ്കാനയും ആന്ധ്രയും തമിഴ്‌നാടുമൊന്നും കേരളത്തിലേക്ക് അരി തരില്ല എന്ന ബോധ്യം നമുക്ക് വേണം. അവർ കൂടുതൽ വില നൽകുന്ന ഇടങ്ങളിലേക്ക് അരി കയറ്റി അയയ്ക്കുമ്പോൾ, നമ്മൾ ദുഖിച്ചിട്ടോ, പ്രതിഷേധിച്ചിട്ടോ കാര്യമുണ്ടാകില്ല.

ഇന്ന് കുട്ടനാട്ടിലും മറ്റ് പലയിടങ്ങളിലും, നെൽ കൃഷി ചെയ്യുന്നവരിലുള്ള താല്പര്യക്കുറവ് നമ്മൾ ശ്രദ്ധിക്കാതെ പോകരുത്. നെൽ കർഷകരുടെ പ്രശ്നങ്ങൾ ശരിയാം വണ്ണം മനസ്സിലാക്കുവാനും, അതിന് പ്രതിവിധി കാണുവാനുമാണ് ബന്ധപ്പെട്ടവർ ആത്മാർഥമായി ശ്രമിക്കേണ്ടത്. കക്ഷി രാഷ്ട്രീയത്തിനതീതമായി നമ്മൾ ഇതിനെ കാണണം. കക്ഷി രാഷ്ട്രീയം കാലാകാലങ്ങളിൽ മാറ്റത്തിന് വിധേയമാണ്. എന്നാൽ നെൽ കൃഷി എന്നും നിലനിൽക്കണം. അരി ഭക്ഷണം കഴിക്കുന്നവർക്ക് അത് ലഭ്യമാകണം. അത് നമ്മുടെ ഭക്ഷണാവശ്യമാണ്. വിശപ്പിൻ്റെ വിളി വളരെ ദയനീയമാണ്, ഭയാനകമാണ്. അന്ന് ഉണ്ടാക്കി വെച്ചിരിക്കുന്ന നോട്ട് കെട്ടുകൾ ഉപ്പും കൂട്ടി കഴിക്കാനൊക്കില്ല. പട്ടിണി രാജ്യങ്ങളിലേക്ക് ഒന്ന് കണ്ണ് തുറന്ന് നോക്കിയാലേ നമുക്കത് മനസ്സിലാകൂ.

ഇനി ഒരു കർഷക ആത്മഹത്യ കുട്ടനാട്ടിലെന്നല്ല, ഒരു സംസ്ഥാനത്തും, ഒരു രാജ്യത്തും ഉണ്ടാകരുത്. അതിന് ഇടവരുത്തരുത്. ആത്മഹത്യ ഒന്നിനുമൊരു പരിഹാരം അല്ല. പരിഹരിക്കപ്പെടേണ്ടത് നിലനിൽക്കുന്ന പ്രശ്നങ്ങളാണ്. അതൊരു സാമൂഹ്യ പ്രശ്നമാണ്. ആ പ്രശ്നങ്ങൾ പൊതു സമൂഹത്തിൻ്റെ മുൻപിലേക്ക് എത്തിക്കുകയാണ് വേണ്ടത്. കുട്ടനാട്ടിലെ കർഷകർ നേരിടുന്ന നിരവധിയായ വിഷയങ്ങളുണ്ട്. അതിനൊക്കെയുള്ള പരിഹാരം ഉണ്ടാകണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments