കമ്മ്യൂണിക്കേഷൻ രംഗത്തെ പുരോഗതിയും അതുമായ് ബന്ധപ്പെട്ട സോഷ്യൽ മീഡിയ രംഗത്തുണ്ടായ കുതിച്ച് ചാട്ടവും ഇന്ന് സാധാരണക്കാർക്ക് പോലും ധാരാളം അവസരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇൻ്റർനെറ്റും, മൊബൈൽ ആപ്പ്ളിക്കേഷനുകളും, വീഡിയോ സംവിധാനങ്ങളുടെ പ്രയോജനങ്ങളും ഉപയോഗിച്ചു കൊണ്ട് ധാരാളം ആൾക്കാർ ഇന്ന് വ്യത്യസ്തമായ വ്‌ളോഗ്ഗുകൾ തയ്യാറാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്.
ഇത്തരം വ്‌ളോഗ്ഗുകളിൽ കൂടുതലും, എന്തെങ്കിലുമൊക്കെ എങ്ങനെയും പണം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയുള്ളതാണ്. ഇതിൽ കൂടുതലായുള്ളത്, പാചകവുമായി ബന്ധപ്പെട്ടതും, യാത്രകളുമായി ബന്ധപ്പെട്ടുള്ളതുമാണ്. പാചകവുമായി ബന്ധപ്പെട്ടുള്ളത് കൂടുതലും ഒരേ കണ്ടെൻ്റും, ഒരേ പാചകക്കുറിപ്പുകളും, ഒരേ രീതിയുമൊക്കെയാണ്. ഉദാഹരണത്തിന് സാമ്പാർ ഉണ്ടാക്കുന്ന വീഡിയോകൾ, പതിനായിരത്തിന് മുകളിലുണ്ടാകുമെന്ന ഒരു അതിശയോക്തികരമായ ചിന്തയാണ് മനസ്സിൽ വരുന്നത്. അതു പോലെ പല യാത്രാ വിവരണങ്ങളും അവർ എത്തിച്ചേർന്ന സ്ഥലം മനോഹരമെങ്കിലും അതിൻ്റെ കാഴ്ചകളോ, വിവരണമോ ഒട്ടും ആകർഷകമോ, നമ്മുടെ ശ്രദ്ധയെ പിടിച്ച് പറ്റുന്നതോ, അല്ലെങ്കിൽ നമുക്ക് എന്തെങ്കിലും പ്രയോജനം ഉള്ളതോ അല്ല എന്നതാണ് സത്യം.
ഇത്തരത്തിലുള്ള യാത്രയിലും, കാഴ്ചകളിലും, വിവരണങ്ങളിലും വളരെ വ്യത്യസ്തമായ ഒന്നാണ് ജലജ എന്ന ഒരു ട്രക്ക് ഡ്രൈവറും ഭർത്താവ് രതീഷും കൂടി നടത്തുന്ന ട്രക്ക് യാത്രകൾ. പുത്തേറ്റ് ട്രാവൽ വ്‌ളോഗ് എന്ന യൂട്യൂബ് ചാനലിലാണ് ഇത് സംപ്രേക്ഷേപണം ചെയ്യുന്നത്. അവരുടെ വീഡിയോകളുടെ പ്രത്യേകത, അവർ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന വ്യത്യസ്തമായ കാഴ്ചകളും, അതിൻ്റെ അവതരണ രീതികളുമാണ്.
ഇന്ത്യൻ റോഡുകളെക്കുറിച്ചും, അതിൻ്റെ നല്ലതും, മോശവുമായ കാര്യങ്ങളും, ഇന്ത്യ ഒട്ടാകെ റോഡുകൾക്ക് ഇരുവശത്തുമുള്ള വികസനത്തിൻ്റെയോ, അവികസനത്തിൻ്റെയോ, പൊടിപ്പും തൊങ്ങലും ചേർക്കാത്ത ആലങ്കാരികതകളില്ലാത്ത കാഴ്ചകളും വിവരണവുമാണ് ഇതിലുള്ളത്. അതോടൊപ്പം കൃഷിയുടെ കാഴ്ചകളും അതിൻ്റെ വ്യത്യസ്തതകളും, പ്രകൃതി സൗന്ദര്യവും ഇതിലൂടെ കാഴ്ചക്കാരുടെ മുൻപിലേക്കെത്തിക്കുന്നു.
പലപ്പോഴും ഓരോ സംസ്ഥാനത്തും സംവിധാനങ്ങളിൽ നിന്ന് ട്രക്ക് ഡ്രൈവേഴ്സ് നേരിടുന്ന പ്രശ്നങ്ങളും, റോഡുകളിലെ പാർക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തതയും, ടോയ്‌ലറ്റ് സംവിധാനങ്ങളുടെ അഭാവവും, അതിൻ്റെ വൃത്തയില്ലായ്‌മയുമൊക്കെ വിവരിക്കുമ്പോൾ, കാഴ്ച്ചക്കാർ തങ്ങൾ അനുഭവിച്ച ചില അനുഭവങ്ങളിലേക്കും അതിൻ്റെ ഓർമ്മകളിലേക്കും എത്തിച്ചേരുമെന്നതിന് ഒരു സംശയവും വേണ്ട. ഒരു രാജ്യത്തിൻ്റെ വികസനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനമായ ഒരു കാര്യമാണ് ആ രാജ്യത്ത് നടക്കുന്ന ചരക്കുനീക്കമെന്നത് പ്രത്യേകം പറയേണ്ടതില്ല. ഇതിൽ ഉണ്ടാകുന്ന ഏത് വീഴ്ചകളും രാജ്യ പുരോഗതിക്ക് തന്നെ തടസ്സമാകും എന്നതും ആരെയും ഓർമ്മിപ്പിക്കേണ്ടതില്ല. ഒരു പക്ഷെ ഇവർ നൽകുന്ന ഈ കാഴ്ചകളും വിവരണങ്ങളും ആയിരിക്കാം, പ്രേക്ഷകരെ അവരോട് അടുപ്പിച്ച് നിർത്തുന്നതും, അവരുടെ വീഡിയോകൾക്കായി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതും. ആ വീഡിയോകളുടെയോ ഓഡിയോകളുടെയോ ഗുണമേന്മയെ കുറിച്ചൊന്നും ഇവിടെ പരാമർശിക്കുന്നതിൽ വലിയ അർഥമില്ല.
ജലജ ഒരു സ്ത്രീ ഡ്രൈവർ ആണെന്നതാണ്, ഈ ചാനൽ എല്ലാവരും ശ്രദ്ധിക്കുവാനുള്ള പ്രധാന കാരണം. ഒരു സ്ത്രീ, ട്രക്ക് ഡ്രൈവറായി ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്നു എന്നത്, സാധാരണക്കാരായ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നു. കാനഡയിൽ ഒരു മലയാളി പെൺകുട്ടി വളരെ നീണ്ട ട്രെയ്‌ലർ ട്രക്ക് ഓടിക്കുന്ന വീഡിയോകളും, കേരളത്തിൽ ത്തന്നെ ഒരു പെൺകുട്ടി പെട്രോൾ ടാങ്കർ ഓടിക്കുന്ന വാർത്തയും വളരെ ശ്രദ്ധിക്കെപ്പട്ട ഒന്നാണ്. കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും സ്ത്രീകൾ, ഇപ്പോഴും ഇത്തരം ജോലികൾ ചെയ്യാൻ മടിക്കുകയോ, അല്ലെങ്കിൽ അവരെ അതിൽ നിന്ന് പിൻതിരിപ്പിക്കുകയോ ചെയ്യുന്നു, എന്നതാണ് കാണാൻ കഴിയുന്നത്.
അതിനുള്ള കാരണങ്ങൾ പലതാണ്, അവരുടെ സുരക്ഷയെ സംബന്ധിച്ച ഭയവും, മോശപ്പെട്ട റോഡുകളും, യാത്ര വേളകളിൽ അവർക്ക് കിട്ടേണ്ട സൗകര്യങ്ങളുടെ അഭാവവും, അപര്യാപ്തതയും ഇതിൽ ചിലത് മാത്രമാണ്. ഇതൊക്കെ സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാരെയും ബാധിക്കുന്നതാണെങ്കിലും, ഇവയൊക്കെ സ്ത്രീകളെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ടോയ്‌ലറ്റ്‌സുകളുടെ അഭാവവും, അല്ലെങ്കിൽ അതിൻ്റെ വൃത്തിയില്ലായ്മയുമാണ്.
എന്നാൽ സ്ത്രീ എന്ന കാരണത്താൽ, സമൂഹം കൽപ്പിക്കുന്ന ചില നിബന്ധനകളോ, സ്ത്രീകൾക്ക് നേരെയുണ്ടാകാവുന്ന അതിക്രമങ്ങളെയൊക്കെ ഭയന്നാണ്, അവർ ഇതിലേക്ക് എത്തിച്ചേരാത്തതും, അല്ലെങ്കിൽ എത്തിച്ചേർന്നവരെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നതും. ഇതിന് മാറ്റമുണ്ടാകണമെങ്കിൽ, നമ്മുടെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാകണം. ഒരു പക്ഷെ ജലജയെ കൂടുതൽ ധൈര്യവതിയാക്കുന്നത്, അവരുടെ ഭർത്താവിൻ്റെ സാമീപ്യവും, പെട്രോൾ ടാങ്കർ ഡ്രൈവറായിരുന്ന പെൺകുട്ടിക്ക് ധൈര്യം നൽകിയത് സ്വന്തം പിതാവും ആയിരിന്നിരിക്കാം. മറ്റൊരു കാര്യം ഒരു പുരുഷാധിപത്യ സമൂഹത്തിൽ, സ്ത്രീകൾക്ക് ഡ്രൈവിംഗ് പഠിക്കുവാനോ, ഡ്രൈവിംഗ് ചെയ്യുവാനോ ഉള്ള അവസരങ്ങൾ എല്ലാവർക്കും ലഭിക്കുന്നില്ല എന്നതാണ്.
കേരളാ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് താൽപര്യപ്പെടുന്നത് പോലെ പ്ലസ് 2 ക്ലസ്സുകളോടൊപ്പം എല്ലാ വിദ്യാർത്‌ഥികൾക്കും ഡ്രൈവിങ്ങിനുള്ള ലേർണേഴ്‌സ് ലൈസൻസ് സർട്ടിഫിക്കറ്റ് കൊടുത്താൽ, ഏറ്റവും കൂടുതൽ പെൺകുട്ടികളെ ആയിരിക്കും അത് സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതിന് ഒരു സംശയവുമില്ല.
സ്ത്രീകൾക്ക് വേണ്ട പരിഗണനകളും, സുരക്ഷയുമാണ് ഏറ്റവും പ്രധാനമായി അവർക്കായി ഒരുക്കേണ്ടത്. സ്വയം പ്രതിരോധത്തിനായി കുങ്ഫു, കരാട്ടെ, കളരി പോലുള്ള കായികാഭ്യാസങ്ങൾ പഠിക്കുവാൻ കുട്ടികളെ സാഹചര്യങ്ങൾ മൂലം നിർബന്ധിതരാകുകയോ അതിന് മാതാപിതാക്കളോ അധ്യാപകരോ അവരെ നിർബന്ധിക്കുകയോ ചെയ്യുന്നു. എന്നാൽ ഇതൊക്കെ എത്ര ബാലിശമാണെന്ന് മാത്രമേ ചിന്തിക്കാൻ കഴിയൂ. ഉദാഹരണത്തിന്, അതി ബലവാനായ ഒരു വ്യക്തിയുടെ മുൻപിൽ കായികാഭ്യാസം പഠിച്ച ഒരു കൊച്ചു പെൺകുട്ടിക്ക്, അയാളെ പ്രതിരോധിക്കാൻ എന്ത് മാത്രം സാധിക്കുമെന്നതാണ് ചിന്തിക്കേണ്ടത്. ഇത്തരം അവസരത്തിൽ അവളെ സഹായിക്കേണ്ടത് അവൾ പഠിച്ച അഭ്യാസങ്ങൾ അല്ല. പകരം അവൾക്ക് രക്ഷയ്ക്കെത്തേണ്ടത് നമ്മുടെ സുരക്ഷാ സംവിധാനങ്ങളാണ്.
കൊച്ചു പെൺ കുട്ടികളെയോ സ്ത്രീകളെയോ പുരുഷന്മാർ ഏതെങ്കിലും അവസരത്തിൽ സ്പർശിക്കുകയാണെങ്കിൽ, അവരുടെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കണം എന്ന് പൊതു സമൂഹത്തിൽ ഒരു പുതിയ കാഴ്ചപ്പാട് രൂപപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള സ്പർശനങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുവാനും ശ്രമം നടക്കുന്നുണ്ട്. ചിലപ്പോഴെങ്കിലും ഇത്തരത്തിൽ, കുട്ടികൾക്കോ, സ്ത്രീകൾക്കോ എതിരെ ലൈംഗികോദ്ദേശത്തോടെ വളരെ മോശപ്പെട്ട പ്രവർത്തികൾ, അത് സ്പർശനമായും ചേഷ്ടകളായും ഉണ്ടാകാറുണ്ട്. ഇത്തരം പ്രവർത്തികൾ നീചവും, ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിച്ചു കൊടുക്കാൻ കഴിയുന്നതുമല്ല. അതൊക്കെ തീർച്ചയായും ക്രിമിനൽ കുറ്റം തന്നെയാണ്. അത്തരം പ്രവർത്തികളിൽ ഏർപ്പെടുന്ന കുറ്റവാളികളെ നിയമത്തിന് മുൻപിൽ കൊണ്ട് വരേണ്ടത് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ്.
എന്നാൽ കൊച്ചു കുട്ടികളെ സ്പർശനങ്ങളെക്കുറിച്ച് പറഞ്ഞു പഠിപ്പിക്കുമ്പോൾ, ഒരാൾ ഒരു ഭാഗത്ത് ലിംഗ സമത്വത്തെക്കുറിച്ച് വീറോടെ പറയുകയും, മറു ഭാഗത്ത് ആ കുട്ടികളിൽ ലിംഗ അസമത്വം വളരുവാൻ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന സത്യം മറന്നു പോകുന്നു. അവരിലുള്ള ലിംഗപരമായ വ്യത്യാസം അവരെ പറഞ്ഞു പഠിപ്പിക്കുകയും അത് അവരിലേക്ക് അടിച്ചേൽപ്പിക്കുകയുമാണ് ചെയ്യുന്നത്. ലൈംഗികാതിക്രമം പോലുള്ള സാമൂഹത്തിലുള്ള തിന്മകളെ ഭയപ്പെട്ട് പാവം കൊച്ചു കുട്ടികളുടെ ജീവിതം സങ്കീർണമാക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഭാവനകളും സ്വപ്നങ്ങളും നെയ്തു കൂട്ടേണ്ട ഒരു കുട്ടി, സ്വന്തം ശരീരത്തിലേറ്റ സ്പർശനം ഏതാണെന്നു ചിന്തിച്ച് വിഷണ്ണയാകുന്നത് സങ്കൽപ്പിക്കാൻ സാധിക്കുന്നില്ല. മ്യൂസിക് പഠിക്കുകയും, ഡ്രാമയിൽ അഭിനയിക്കുകയും, ചിത്രങ്ങൾ രചിക്കുകയും ചെയ്യണ്ടേ ഒരു കുട്ടിയെ, അവരുടെ ചിന്തയെ ഇത്തരത്തിൽ വഴിമാറ്റുന്നുണ്ടോയെന്ന് സംശയം തോന്നാം.
ഇവിടെ സ്വയം പ്രതിരോധിക്കുകയും, സ്വയം വിഷണ്ണയാകുകയുമല്ല വേണ്ടത്. പകരം അവർക്കൊരു പ്രശ്നമുണ്ടാകുകയാണെങ്കിൽ അവർ ബന്ധപ്പെട്ടവരെ സമീപിക്കുവാനാണ് പഠിപ്പിക്കേണ്ടത്. അവർക്കു വേണ്ടി ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കേണ്ടത്. അവർക്ക് വേണ്ട ധൈര്യവും സുരക്ഷയുമാണ് കൊടുക്കേണ്ടത്. വ്യകതമായ സാമൂഹ്യ കാഴ്ചപ്പാടുകളുള്ള കാര്യ വിവരമുള്ള പൗരനെ വാർത്തെടുക്കുവാൻ ആവശ്യമായ നല്ല വിദ്യാഭ്യാസമാണ് വേണ്ടത്. അവർക്കുള്ള സുരക്ഷ സ്റ്റേറ്റ് ആണ് നൽകേണ്ടത്. പൊലീസാണ് നൽകേണ്ടത്. പകരം നിങ്ങളുടെ സുരക്ഷ നിങ്ങൾ നോക്കിക്കോളൂ എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഒരു ജനാധിപത്യ രാജ്യത്ത് അത് അംഗീകരിക്കാൻ കഴിയാത്തതാണ്.
വിദേശത്ത് പഠിക്കുന്ന ചെറിയ കുട്ടികളെ, എന്തൊക്കെയാണ് തെറ്റും ശരിയെന്നും, എപ്പോൾ, എങ്ങനെ പോലീസിനെ സമീപിക്കണമെന്നും അതിന് അടിയന്തരമായി ബന്ധപ്പെടുവാനുള്ള നമ്പറുമാണ് അവരെ പഠിപ്പിക്കുന്നത്. അവിടൊക്കെ സ്വന്തം മാതാപിതാക്കൾക്ക് പോലും ഒരു പരിധിയ്ക്കപ്പുറം അവരുടെ മേൽ അമിതാധികാരമില്ല. ഓരോ കുട്ടിയും സ്റ്റേറ്റിൻ്റെ സ്വത്തായാണ് കരുതുന്നത്. ഇവിടെ നാട്ടിലെ വീടുകളിൽ മാതാപിതാക്കളുടെ തല്ല് കൊണ്ട് വളർന്ന്, വിദേശത്ത് പോയി ജീവിക്കുന്ന ഇന്നത്തെ മാതാപിതാക്കൾ കുട്ടികൾക്ക് നേരെ കൈ ഓങ്ങിയാൽ, കുട്ടികൾ പോലിസിനെ വിളിക്കുമോയെന്ന ഭയത്തിലാണ് എന്നതാണ് രസകരമായ കാര്യം. ഇന്ന് നമ്മുടെ നാട്ടിലെ എത്ര കുട്ടികൾക്കറിയാം എങ്ങനെയാണ് ഏതെങ്കിലും ഒരു സംഭവത്തിൽ പോലീസിനെ സമീപിക്കേണ്ടതെന്ന്. അത്തരത്തിൽ കുട്ടികൾ വിളിച്ച കേസുകൾ എത്രമാത്രമുണ്ടെന്ന് എന്തെങ്കിലുമൊരു പഠനം നമ്മുടെ നാട്ടിൽ നടന്നിട്ടുണ്ടോയെന്നും, അല്ലെങ്കിൽ പൊലീസിൻ്റെ കൈവശം അത്തരം ഡാറ്റാ ഉണ്ടോയെന്നും സംശയമാണ്. ഒരു പൗരൻ്റെ സുരക്ഷ, സ്റ്റേറ്റിൻ്റെ ഉത്തരവാദിത്തമാണെന്നു നമ്മൾ മറന്നു പോകുന്നു എന്നതാണ് യാഥാർഥ്യം. ആ തിരിച്ചറിവാണ് നമുക്ക് വേണ്ടത്.
ശക്തമായ സുരക്ഷാ സംവിധാനങ്ങളിലൂടെ നമ്മുടെ സ്ത്രീകളുടെ ആത്മവിശ്വാസവും ധൈര്യവും വർധിപ്പിക്കുവാൻ ആകണം. ഏതു രാത്രിയിലും എവിടെയും തനിച്ച് യാത്രചെയ്യാൻ സാധിക്കുമെന്നുള്ള ബോധ്യം അവരിലുണ്ടാകണം. എങ്കിൽമാത്രമേ അവർക്ക് കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളു. എങ്കിൽ മാത്രമേ സ്ത്രീകൾ ഓടിക്കുന്ന ട്രക്കുകൾ കാണുമ്പോൾ സാധാരണ ജനം അത്ഭുതം കൂറാതിരിക്കുകയുള്ളു. ജലജയെ പ്പോലുള്ള സ്ത്രീ ട്രക്ക് ഡ്രൈവർമാരെ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതും, അവരിലൂടെ സ്ത്രീകൾക്ക്, പുരുഷന്മാർ ചെയ്യുന്ന എല്ലാ ജോലിയും സ്വതന്ത്രമായി രാപ്പകൽ വ്യത്യാസമില്ലാതെ ചെയ്യാൻ സാധിക്കുമെന്ന ബോധ്യം ജനങ്ങളിലേക്ക് എത്തിക്കേണ്ടതും നമ്മുടെയും, നമ്മുടെ സംവിധാനങ്ങളുടെയും ഉത്തരവാദിത്വമാണ്.