Tuesday, May 6, 2025

HomeEditor's Pickആ വടവൃക്ഷം മറിഞ്ഞുവീണു (മാത്യു ചെറുശ്ശേരി )

ആ വടവൃക്ഷം മറിഞ്ഞുവീണു (മാത്യു ചെറുശ്ശേരി )

spot_img
spot_img

രാവിലെ പള്ളീൽപോകാൻ വഴിയിലേക്കിറങ്ങി ഒരുവളവ് കഴിഞ്ഞപ്പോഴാണ് ആ കാഴ്ചകണ്ടത്. അടുത്തപുരയിടത്തിലെ ഒരുവലിയ ആഞ്ഞിലി മരം കടപുഴകി വീണിരിക്കുന്നു . ഭാഗ്യം ആരുടേയും പുരമുകളിൽ വീണിട്ടില്ല. എങ്കിലും വീണിട്ടുള്ള പറമ്പിലെ കുറെ സ്ഥലത്തു പറിക്കാൻ പാകമായി കൊണ്ടിരുന്ന കപ്പയും ഏത്തവാഴയും നശിച്ചു.

കുർബാനക്ക് സമയം പോകുന്നതിനാൽ ഞാൻ അധികം സമയം അവിടെ നിന്നില്ല . എങ്കിലും പോകുന്ന വഴി എന്റെ ചിന്ത അതുതന്നെയായിരുന്നു . വലിയ കാറ്റോ മഴയോ ഒന്നുമുണ്ടായിരുന്നില്ല ഇത്രയും വലിയ ഒരു മരം എങ്ങനെ കടപുഴകിവീണു. ചെറുപ്പം മുതൽ ആ മരം ഞാൻ കാണുന്നുണ്ട് . ആ മരം വളർന്നുവന്നതുതന്നെ എന്റെ ചെറുപ്പകാലത്താണ് . ആ പറമ്പിൽ കളിക്കാനൊക്കെ പോകുമ്പോൾ അതൊരു ചെറിയ മരമായിരുന്നു.

അതിനെ ഞങ്ങൾ കുട്ടികൾ ചേർന്ന് ചായിച്ചുപിടിച്ചു അതിൽ കയറി ഇരിക്കുകയുംഒക്കെച്ചെയ്യുമായിരുന്ന. അന്ന് അതിനോട് ചെയ്യാത്ത ശോഭകേഡുകൾ ഒന്നുംതന്നെ ഇല്ലായിരുന്നു . എന്നാൽ വളരെ കുറഞ്ഞ കാലയളവുകൊണ്ട് അതങ്ങു വലുതായി തായ്ത്തടിക്കു നല്ല വണ്ണംവയ്ക്കുകയും ധാരാളം ചില്ലകളുള്ള വലിയ വടവൃക്ഷമായിതീരുകയും ചെയ്തു . അതിന്റെ അഭൂതപൂർവമായ വളർച്ചയിൽ എനിക്ക് അത്ഭുതംതോന്നിയിട്ടുണ്ട് . എങ്കിലും ഇത്രവലിയ ആ വൃക്ഷം എങ്ങനെ ഒറ്റരാത്രികൊണ്ട് കടപുഴകി എന്ന ചിന്ത എന്നെ വല്ലാതെ അലട്ടി .

കുർബാനകഴിഞ്ഞു തിരിച്ചെഎത്തിയപ്പോൾ കാണാം വീണ മരം കാണാൻ അയൽപക്കത്തുള്ള ധാരാളം ആൾക്കാർ കൂടിയിട്ടുണ്ട്. പലരുംപല അഭിപ്രായങ്ങളും പറഞ്ഞിട്ടുപിരിഞ്ഞുപോയി . വീണത് വീണു ഇനിപിടിച്ചുനേരെ ഒന്നും വയ്ക്കാൻ പറ്റത്തില്ലല്ലോ. പള്ളീൽ പോയ ഡ്രസ്സ് ഒക്കെ മാറ്റി ഞാനും അവിടെയെത്തി. ഒന്ന് കാണാനുംമാത്രം അത്ര ആകര്ഷണീയമായിട്ടായിരുന്നു അതിന്റെ കിടപ്പ് . അത് നേരെ നിന്നിരുന്ന കാലത്ത് അതിലെ വഴിനടന്നിരുന്നവർ ആകാശം മുട്ടെ നിൽക്കുന്ന ആ മരത്തിലേക്കൊന്നു നോക്കാതെ കടന്നുപോയിരുന്നില്ല . കായുണ്ടാകുന്ന കാലത്തു ഇടതിങ്ങിയായിരുന്നു ആഞ്ഞിലിപ്പഴം ഉണ്ടാകുന്നത്‌ .

അതും നല്ല മധുരമുള്ള ആനിക്കാവിള. പഴുത്ത് കഴിഞ്ഞാൽ പകൽ പക്ഷികളും രാത്രിയിൽ വവ്വാലുകളും വലിയ ബഹളമാണ് . ചെറുപ്പത്തി l അതിന്റെ ചുവട്ടിൽ വീഴുന്ന ആഞ്ഞിലിക്കുരു പെറുക്കിക്കൂട്ടി വീടിനുപുറത്തടുപ്പുണ്ടാക്കി ഞങ്ങൾ വറുത്തു തിന്നുമായിരുന്നു . ആ ഓർമ്മകളൊക്കെ മനസ്സിലിട്ടു ഞാൻ വീണുകിടക്കുന്ന മരത്തിന്റെ അടുക്കലെത്തി.

അപ്പോഴും അതിന്റെ ഉടമസ്ഥൻ കുഞ്ഞപ്പൻ ചേട്ടൻ ഒരു കച്ചതോർത്തും ഉടുത്ത് വാക്കത്തിയുമായ് വീണമരത്തിന്റെ കമ്പുകൾ വഴിയാത്രക്കാർക്ക് തടസ്സമുണ്ടാകാതിരിക്കാൻ വെട്ടിമാറ്റുകയായിരുന്നു. അയ്യാളുടെ മുഖത്തു വലിയദുഖമുള്ളതായി എനിക്ക് തോന്നി. ഇനിയിപ്പോൾ കച്ചവടക്കാർ പെടാവിലക്കല്ലെ അത് കൊണ്ടുപോകുന്നത്. നേരെ നിൽക്കുന്ന മരത്തിനു പറയുന്ന വിലകിട്ടും ഇതിപ്പോൾ വീണുപോയില്ല . അവർക്കറിയാം ഇനിയിപ്പോൾ അത് വെട്ടിമാറ്റാൻ വേണ്ടി കിട്ടുന്നവിലക്ക് അയ്യാൾ കൊടുക്കുമെന്ന്.

ഞാൻ മെല്ലെ കുഞ്ഞപ്പൻ ചേട്ടന്റെ അടുക്കൽ ചെന്ന് അനുശോധനം രേഖപ്പെടുത്തി. ഏതായാലും അടുത്തുള്ള പുരയ്ക്കു മുകളിലോട്ടെങ്ങും വീണില്ലല്ലോ .,ഞാൻ പറഞ്ഞു, അതാ ഒരുസമാധാനം കുഞ്ഞപ്പൻ ചേട്ടൻ നെടുവീർപ്പിട്ടു. ഒന്ന് അത്ഭുതപ്പെട്ടിട്ടെന്നപോലെ ഞാൻപറഞ്ഞു എന്നാലും ഇത്ര വലിയ മരം ഒരു കാറ്റും കോളും ഒന്നുമില്ലാതെ എങ്ങനെയാ മറിഞ്ഞുവീണത്.?

അതെങ്ങനെയായിരിക്കുമെന്നു കാണിച്ചുതരാം കുഞ്ഞപ്പൻ ചേട്ടൻ എന്നെയുംകൂട്ടി തടിയുടെമുകളിലൂടെതന്നെനടന്ന് വേരിനടുത്തു കൊണ്ടുപോയി, എന്നിട്ടു വേരിലേക്കൊന്നു നോക്കാൻ പറഞ്ഞു. എനിക്കൊന്നും അസാധാരണമായി തോന്നിയില്ല ഒരു പത്തുപന്ത്രണ്ടിഞ്ചു വണ്ണവും പത്തടിയെങ്കിലും നീളവുമുള്ള ആറ്‌ വലിയവേരുകൾ അതും നല്ല കൊടപോലെ അതിനിടക്കായി അനേകചെറുവേരുകളും ഓഹോ ഇത്രയും വലിയ വേരുകൾ ഉണ്ടായിട്ടും അത് വീണുപോയല്ലോ എന്നുഞാൻ ഓർത്തു അത് ഞാൻ ഉറക്കെ പറയുകയും ചെയ്തു. ആ …. വേരൊക്കെയുണ്ട് പക്ഷെ ആഴത്തിലേക്കുള്ള തായ്‌വേര് അത് ഇതിനുഉണ്ടായിരുന്നില്ല. കുഞ്ഞപ്പൻചേട്ടൻ തുടർന്നു ആഴത്തിലേക്കുള്ള ബലമുള്ള തായ്‌ വേരുണ്ടെങ്കിൽമാത്രമേ മരത്തിന്‌ അതിന്റെ മുകളിലെ ഭാരം താങ്ങാനും കാറ്റടിക്കുമ്പോൾ നിലതെറ്റാതെ നിൽക്കാനും സാധിക്കുകയുള്ളു .

അതെന്നെ വളരെ അധികം ചിന്തിപ്പിച്ചു. മരമെത്ര വലുതാണെങ്കിലും ആഴത്തിലുള്ള ബലമുള്ള വേരില്ലെങ്കിൽ എന്നേലും അത് മറിഞ്ഞുവീഴും .

എന്തുകൊണ്ടാണ് ഈ മരത്തിനു തായ്‌വേരുണ്ടാകാത്തത് എന്നുള്ള ചോദ്യത്തിന് ചേട്ടൻ തന്നെ മറുപടിപറഞ്ഞു . ഏതോ ഒരു മഴക്കാലത്ത് എവിടുന്നോ ഒഴുകിവന്ന ആഞ്ഞിലിക്കുരു. വെള്ളം താഴ്ന്നപ്പോൾ അവിടെ കിളിർത്തു. ചെറുതല്ലേ താഴേക്ക് വേരോടിക്കാൻ നോക്കിയപ്പോൾ അധികം താഴ്ച്ചയില്ലാതെ വെള്ളം. വെള്ളത്തിൽ മുട്ടി ചീഞ്ഞുപോകാതിരിക്കാൻ ആച്ചെടി ഭൂമിയുടെ മുകളിലൂടെ വേര് പാകി. മേൽമണ്ണ് നല്ല നനവും വളക്കൂറുള്ളതുമായിരുന്നു .

അതിനാൽ മരം തല്ക്കാലം ആർത്തു വളർന്നു. വളവും വെള്ളവും ആവശ്യത്തിന് കിട്ടിയതിനാൽ മരം അതിശീക്രം വളർന്നു വലുതായി . ചില്ലകൾ വലുതായി തായ്‌തടിക്കു വണ്ണവുംവച്ച്. ധാരാളംചില്ലകളും ഇലകളുമായി പിന്നെ പഴങ്ങളായി കൂടുകൂട്ടാൻ കിളികളായി നാട്ടുകാർക്കെല്ലാം നന്മരമായി. എന്നാൽ … തായ്‌വേര് ഇല്ലാതിരുന്നതിനാൽ മുകൾ ഭാരം താങ്ങാനാവാതെ മരം എന്നന്നേക്കുമായി മറിഞ്ഞുവീണു. ചെറുതായിരുന്നപ്പോൾ വീണിരുന്നെങ്കിൽ ആഘാതം ചെറുതായിരുന്നേനെ ഒരുപക്ഷെ നാട്ടികെട്ടി അതിനെ രക്ഷപെടുത്താമായിരുന്നേനെ .

“സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമ്യോനോടുപറഞ്ഞു . ആഴത്തിലേക്ക് നീക്കി മീന്പിടിക്കുവാൻ വലയിറക്കുക” (ലുക് (5(4)
അന്ന് പള്ളിയിൽ വായിച്ച വചന ഭാഗം മനസ്സിൽ വന്നു ,

ബൗദ്ധീകവും ഭൗതികവുമായ മേൽഭാരം കൂടുമ്പോൾ ഞാനും ഒരിക്കൽ മറിഞ്ഞുവീഴും. കൂടുകൂട്ടിയ കിളികളും പക്ഷികളും അവരുടെ പാട്ടിനുപറന്നുപോകും വീണുകിടക്കുന്ന എന്റെ പുറത്തൂടെ മറ്റുപലരും ഇതുപോലെ അവരുടെ അഭിപ്രായങ്ങളും പറഞ്ഞോണ്ട് ചവിട്ടിനടക്കും എന്നുള്ള വിചാരം എന്നെ ശരിക്കുംഅലട്ടി.
ഇത്രയും ജ്ഞാനിയായ കുഞ്ഞപ്പൻചേട്ടന്റെ ചിന്ത അപ്പോൾ എന്തായിരുന്നുവൊ ആവോ……….

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments