എന്നെങ്കിലും മനുഷ്യന് വംശനാശം സംഭവിക്കുകയാണെങ്കില്‍ പിന്നെ ഏത് ജീവിവര്‍ഗമായിരിക്കും ലോകം ഭരിക്കുക? ആ ചോദ്യത്തിന് പ്രമുഖ ജന്തുശാസ്ത്രജ്ഞനും ഓക്‌സ്‌ഫോഡ് സര്‍വകലാശാല പ്രഫസറുമായ ടിം കോള്‍സണ്‍ നല്‍കിയിരിക്കുന്ന ഉത്തരം ‘നീരാളികള്‍’ എന്നാണ്. എന്തുകൊണ്ടാണ് മനുഷ്യന്‍ ഇല്ലാതായാല്‍ നീരാളികള്‍ ഭരിക്കുന്ന ഒരു ലോകം വരുമെന്ന് താന്‍ പ്രവചിക്കുന്നതെന്നതിന് കൃത്യമായ വിശദീകരണവും അദ്ദേഹം നല്‍കുന്നുണ്ട്. ദ യൂറോപ്യന്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിഗമനങ്ങള്‍ പങ്കുവെച്ചത്.
ബുദ്ധിശക്തിയും വിഭവശേഷിയുമേറിയ ജീവിവര്‍ഗമാണ് കടല്‍ജീവിയായ നീരാളിയെന്ന് പ്രഫസര്‍ ടിം കോള്‍സണ്‍ ചൂണ്ടിക്കാട്ടുന്നു. അവക്ക് ഭൂമിയിലെ മേധാവിത്വമുള്ള ജീവിവര്‍ഗമായി പരിണമിച്ചുവരാനുള്ള എല്ലാ ഘടകങ്ങളുമുണ്ട്. ബുദ്ധിശക്തിയും ശേഷിയേറിയ കാലുകളും അനുകൂല ഘടകങ്ങളാണ്. ‘നീരാളികള്‍ ലോകത്തെ ബുദ്ധികൂടിയതും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയുന്നതും വിഭവസമൃദ്ധവുമായ ജീവികളില്‍ ഒന്നാണ്. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വസ്തുക്കളെ കൈകാര്യം ചെയ്യാനും വളരെ കൃത്യതയോടെ സ്വയം മറഞ്ഞിരിക്കാനുമുള്ള കഴിവുകളുണ്ട്’ -അദ്ദേഹം പറയുന്നു.
വെള്ളത്തിനടിയില്‍ നീരാളികള്‍ കോളനികള്‍ സൃഷ്ടിക്കുമെന്നും മനുഷ്യന്‍ സൃഷ്ടിച്ചതുപോലെയുള്ള നാഗരികതകള്‍ രൂപപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു. ഇതിനുള്ള ശാരീരിക, മാനസിക ഗുണങ്ങള്‍ നീരാളിക്കുണ്ട്. അത് അത്യാധുനിക നീരാളി സമൂഹങ്ങള്‍ സൃഷ്ടിക്കുന്നതിന് വഴിയൊരുക്കും. നീരാളികളുടെ നാഡീഘടന, വികേന്ദ്രീകൃതമായ നാഡീവ്യവസ്ഥ, പ്രശ്‌നപരിഹാര ശേഷി എന്നിവ പ്രവചനാതീതമായ ഒരു ലോകം സൃഷ്ടിക്കുന്നതിന് സഹായകമാകും -നീരാളികളുടെ പരിണാമ സാധ്യതകള്‍ പ്രഫസര്‍ ചൂണ്ടിക്കാട്ടുന്നു.
സമുദ്രജീവികളായ നീരാളികള്‍ക്ക് ലോകം മുഴുവന്‍ അടക്കിവാഴാന്‍ കഴിയുമോയെന്ന ചോദ്യത്തിന് പ്രഫസര്‍ ടിം കോള്‍സണിന് ഉത്തരമുണ്ട്. മനുഷ്യന്‍ ഇല്ലാതായാല്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് നീരാളികള്‍ പരിണമിച്ച് കരയിലേക്ക് കയറും. ഇപ്പോള്‍ 30 മിനുട്ടോളം കരയില്‍ അതിജീവിക്കാനുള്ള ശേഷി നീരാളികള്‍ക്കുണ്ട്. ഭാവിയില്‍ കരയില്‍ കൂടുതല്‍ നേരം നിലനില്‍ക്കാനുള്ള ശ്വസന ഉപകരണങ്ങള്‍ നീരാളികള്‍ വികസിപ്പിച്ചേക്കാം. കരയില്‍ ഇരതേടാനും നീരാളികള്‍ക്ക് ശേഷി കൈവരും -അദ്ദേഹം പറയുന്നു.
മനുഷ്യന് വംശനാശം സംഭവിക്കുകയാണെങ്കില്‍ സസ്തിനികളായ മറ്റേതെങ്കിലും ജീവിവര്‍ഗങ്ങളാകും സ്വാഭാവികമായും ഭൂമിയില്‍ ആധിപത്യം നേടുകയെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍, ഇതിനെ നിരാകരിക്കുന്നതാണ് ടിം കോള്‍സന്റെ കാഴ്ചപ്പാടുകള്‍. എന്തെങ്കിലും കാരണത്താല്‍ മനുഷ്യന് വംശനാശം സംഭവിക്കുകയാണെങ്കില്‍ അതേ കാരണത്താല്‍ മറ്റ് സസ്തിനികള്‍ക്കും കുരങ്ങുവര്‍ഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രൈമേറ്റുകള്‍ക്കും വംശനാശം സംഭവിച്ചേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.