ഗോപി കയറിയ ബസ്സ് കാഴ്ചയിൽ നിന്ന് മറയുന്നത് വരെ ചാരു അവിടെത്തന്നെ നിന്നു. ഗോപിയുമൊത്തുള്ള മൂന്നാഴ്ചക്കാലം വളരെ പെട്ടെന്ന് തീർന്ന പോലെ തോന്നി. സുഹൃത്ത് ബന്ധത്തിൻ്റെ ആഴം പലപ്പോഴും ചിന്തിക്കുന്നതിനും അപ്പുറമാണ്. കൂട്ടുകാരുമൊത്ത് ഡൽഹിയിൽ ജീവിക്കുമ്പോഴും ഗോപിയായിരുന്നു തൻ്റെ ഏറ്റവും വലിയ സുഹൃത്ത്. ബന്ധത്തിലുള്ളവരേക്കാൾ സ്നേഹവും കരുതലുമായിരുന്നു തൻ്റെ കാര്യത്തിൽ. താനും ഗോപിയോട് അങ്ങനെ തന്നെയാണ് പെരുമാറിയിരുന്നത്.
ചാരു തിരിച്ച് വീട്ടിലെത്തി. സുധ അടുക്കളയിൽ എവിടെയോ ആണ്. ചാരു വിളിച്ചില്ല. വന്നപാടെ സോഫയിലിരുന്നു. സുധ വന്നപ്പോൾ എന്തോ ആലോചിച്ച് വിഷണ്ണനായിരിക്കുന്ന ചാരുവിനെയാണ് കണ്ടത്. സുധയ്ക്ക് മനസ്സിലായി ഗോപി പോയതിലുള്ള വിഷമത്തിലാണെന്ന്. അദ്ദേഹം കുറച്ച് നേരം തനിയെ ഇരിക്കട്ടേന്ന് കരുതി സുധ അകത്തേക്ക് പോയി.
ചാരു ചിന്തയിലാണ്. ഗോപിയെ ഇവിടെ അടുത്തെവിടെങ്കിലും താമസിപ്പിക്കണം. എവിടെയാണ് കുറച്ച് നെൽപ്പാടവും, സ്ഥലവും വാങ്ങാൻ കിട്ടുക? അവനു കൃഷിയോട് വലിയ താല്പര്യം ആയിട്ടുണ്ട്. ഇവിടുത്തെപ്പോലെ ഒരു ജീവിതം ഗോപിക്ക് എവിടെ കിട്ടാനാണ്. നഗര ജീവിതത്തിനോടുള്ള ഗോപിയുടെ നിരാശ അവൻ പല പ്രാവശ്യം പറഞ്ഞതാണ്. അവനും അവൻ്റെ ഭാര്യയ്‌ക്കുമുള്ള ഒരു ചെറിയ വീട് പണിതാൽ മതിയല്ലോ.
ചാരു സുധയെ വിളിച്ചു. സുധയോട് മനസ്സിലുള്ളതെല്ലാം തുറന്നു പറഞ്ഞു. “ഗോപിയുടെ ഭാര്യക്ക് അതിഷ്ടമാകുമോ? അവർ ഡൽഹിയിൽ ജനിച്ചു വളർന്നതല്ലേ?” സുധ തൻ്റെ സംശയം ചോദിച്ചു. “അതൊക്കെ അവനു പറഞ്ഞു സമ്മതിപ്പിക്കാമല്ലോ “ചാരുവിൻ്റെ മറുപടിയിൽ സുധ തൃപ്‌തയായില്ലെങ്കിലും കൂടുതൽ ചോദിച്ചില്ല. അദ്ദേഹത്തിൻ്റെ സ്വഭാവം സുധയ്ക്ക് നന്നായി അറിയാം. സുധ അകത്തേക്ക് പോയി. ചാരു വീണ്ടും ചിന്തയിലായി.
ഗോപി ബസിൽ പട്ടണത്തിൽ ഇറങ്ങി, അവിടുന്ന് ഒരു ടാക്സി പിടിച്ച് എയർപോർട്ടിൽ എത്തി. ചെക്കിൻ ചെയ്ത് ബോർഡിങ്ങ് പാസും വാങ്ങി ലോഞ്ചിൽ ഒരു സോഫയിലിരുന്നു. ഇനി ഗംഗയെ ഒന്ന് വിളിക്കണം. ബസ്സിലിരുന്നു എയർപോർട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞതാണ്. ഫ്‌ളൈറ്റ് ഒരുമണിക്കൂർ ഡിലെയാണ്. ഗോപി ഫോൺ എടുത്ത് ഗംഗയെ വിളിച്ചു. പക്ഷെ അത്ര നല്ല പ്രതികരണമല്ലായിരുന്നു ഗംഗയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കാര്യമായി ഒന്നും പറഞ്ഞില്ല. ഇത്രയും ദിവസം സംസാരിക്കാത്തതിൻ്റെ പരിഭവം കാണും. തൻ്റെ ഭാഗത്തും തെറ്റുണ്ട്. അല്പം സമയം കണ്ടെത്തി പട്ടണത്തിലോ റേഞ്ച് ഉള്ള എവിടെങ്കിലുമോ പോയി വിശദമായി സംസാരിക്കാമായിരുന്നു. ബോർഡിങ്ങിനുള്ള അനൗൺസ്മെൻറ് വന്നു. ബാക്ക്പാക്കും എടുത്ത് ഗേറ്റിലേക്ക് നടന്നു.
ഡൽഹിയിൽ ഫ്‌ളൈറ്റ് ലാൻഡ് ചെയ്തപ്പോൾ രാത്രി ഏഴു മണിയായി. ഒരു ടാക്സി പിടിച്ച് വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തി. ഡോർ തുറന്നത് ഗംഗയാണ്. മുഖം ഇരുണ്ടാണിരിക്കുന്നത്. തന്നോടുള്ള പരിഭവം മുഴുവൻ ആ മുഖത്ത് കാണാം.
വൈകിട്ടത്തെ ടിന്നറിന് ഇരുന്നപ്പോഴും വലിയ മാറ്റമൊന്നും ഗംഗയിൽ കണ്ടില്ല. എന്നാൽ വളരെ വലിയ ഒരു ഡിന്നർ തന്നെയാണ് ഗംഗ, തനിക്കുവേണ്ടി ഒരുക്കി വെച്ചതെന്ന് ഗോപിക്ക് മനസ്സിലായി. ഗോപി നാട്ടിലെ വിശേഷങ്ങളൊക്കെ വാ തോരാതെ പറഞ്ഞുകൊണ്ടിരുന്നു. ഗംഗയ്ക്ക് ആകെ മുഷിച്ചില് തോന്നി. താൻ ഇത്രമാത്രം കഷ്ടപ്പെട്ടുണ്ടാക്കിയ ഡിന്നറിനെക്കുറിച്ച് കാര്യമായി ഒന്നും പറഞ്ഞില്ല. കുട്ടികൾ ആഹാരം കഴിച്ച് എഴുന്നേറ്റ് പോയി. ഗംഗയ്ക്ക് ഗോപിയുടെ രീതികൾ ഒട്ടും ഇഷ്ടപ്പെട്ടില്ല. ഗോപി കഴിച്ചു കഴിഞ്ഞു എന്ന് മനസ്സിലാക്കിയ ഉടൻ ഗംഗ പ്ലെയ്റ്റുകളും മറ്റ് പത്രങ്ങളുമെല്ലാം കിച്ചണിലേക്ക് കൊണ്ടുപോകാൻ തുടങ്ങി. ഗോപിയും എഴുന്നേറ്റ് കൈ കഴുകാൻ പോയി.
കിടക്കാനായി ബെഡ് റൂമിലെത്തിയെങ്കിലും ഗോപി കൃഷിയെക്കിറിച്ചും അവിടെയുള്ളവരെ കുറിച്ചുമാണ് സംസാരിച്ചു കൊണ്ടിരുന്നത്. ഗംഗയ്ക്ക് അതിൽ ഒട്ടും താല്പര്യം തോന്നിയില്ല. ഗംഗ ലൈറ്റണച്ചു. ഗോപി വീണ്ടും നാട്ടു വിശേഷങ്ങളും കൃഷിയെക്കുറിച്ചും മുന്നോട്ടുള്ള തൻ്റെ പ്ലാനുകളും പറഞ്ഞു കൊണ്ടേയിരുന്നു. അവിടെ അല്പം സ്ഥലം വാങ്ങണം, ഒരു വീട് വെക്കണം, കൃഷി ചെയ്യണം, ഗംഗ അതൊന്നും കേട്ടില്ല. അപ്പോഴേക്ക് ഗംഗ ഉറക്കമായി.
പിറ്റെന്ന് തന്നെ ചാരു സ്ഥല ബ്രോക്കറെ കണ്ടു പിടിച്ച് പോയി സ്ഥലം കണ്ടു. നല്ല സ്ഥലമാണ് പുഴയോരത്താണ്. വീടുണ്ടാക്കി പുഴയിലേക്കൊരു കൽപ്പടവും കെട്ടിയാൽ മനോഹരമാകും. ചാരു ഗോപിക്ക് ഡീറ്റൈൽ ആയിട്ട് മെയിൽ ചെയ്തു.
ചരുവിൻ്റെ മെയിൽ കിട്ടിയ ഉടനെ ഗോപി അക്കാര്യം ഗംഗയെ അറിയിച്ചു. വലിയ പ്രതിഷേധമാണ് ഗംഗയിൽ നിന്നുണ്ടായത്. ഗംഗ അടുത്തുള്ള അച്ഛനെയും അമ്മയെയും അറിയിച്ചു. അവരും ഗോപിയോട് തീരുമാനം മാറ്റുവാൻ ആവശ്യപ്പെട്ടു. ഗോപി തൻ്റെ തീരുമാനം മാറ്റിയില്ല എന്ന് മാത്രമല്ല ഗോപി വോളന്റീയർ റിട്ടയർമെന്റിന് അപേക്ഷിച്ചു. ഗംഗയോടും ജോലി ഉപേക്ഷിക്കാൻ പറഞ്ഞു കൊണ്ടിരുന്നു. ഗംഗയ്ക്കതു ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു. ഡൽഹിയിൽ ജനിച്ച് വളർന്ന തനിക്ക് ഒരു നാട്ടിൻപുറത്ത് ജീവിക്കാൻ കഴിയില്ല എന്ന് പറഞ്ഞു നോക്കി. എന്നാൽ ഗംഗയ്ക്ക് ഗോപിയുടെ മുൻപിൽ പിടിച്ച് നിൽക്കാനായില്ല. ലോങ്ങ് ലീവ് എടുക്കാമെന്ന് ഗംഗ അവസാനം സമ്മതിച്ചു. ഒരു മാസം കൊണ്ട് തന്നെ ഗോപിയുടെ ജോലി അവസാനിച്ചു. വോളന്റീയർ റിട്ടയർമെൻറ് ബെനഫിറ്റ്‌സ് ബാങ്കിലെത്തി. ബാങ്കിലുണ്ടായിരുന്ന ഫിക്സഡ് ഡിപ്പോസിറ്റ് എല്ലാം പിൻവലിച്ച് നാട്ടിലെ സ്ഥലം വാങ്ങുവാനായി ഗോപി വീണ്ടും നാട്ടിലേക്ക് പുറപ്പെട്ടു.
ഗോപി ചാരുവുമായി സ്ഥലം പോയിക്കണ്ടു. മനോഹരമായ സ്ഥലം. പുഴയരികിൽ തന്നെ. ഒരു കല്പടവു കെട്ടിയാൽ പുഴയിൽ ഇറങ്ങി കുളിക്കാം, പുഴയോട് ചേർന്ന് പുഴയിലേക്ക് തിരിഞ്ഞാണ് വീട് ഉണ്ടാക്കേണ്ടത്. ഗോപി മനക്കോട്ടകൾ കെട്ടി. കുറെ ഫോട്ടോകൾ എടുത്ത് ഗംഗയ്ക്ക് അയച്ചു കൊടുത്തു. പിറ്റേ ദിവസം തന്നെ പണം കൈമാറി രജിസ്‌ട്രേഷൻ ചെയ്തു. ചാരു അതിനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തിരുന്നു. ഇനി വീടുണ്ടാക്കണം. അതും ചാരുവിനെ പറഞ്ഞ് ഏർപ്പാട് ചെയ്തു. എല്ലാം ഭംഗിയായി നടക്കുന്നു. ചാരുവിനെ പോലെ ഒരു സുഹൃത്തിനെ കിട്ടിയതിൽ ഗോപിക്ക് വളരെ സന്തോഷം തോന്നി. ചാരുവും വളരെ സന്തോഷത്തിലായിരുന്നു. തൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് തൻ്റെ അടുത്തായി താമസിക്കാൻ എത്തുന്നു.
കാര്യങ്ങളെല്ലാം വേഗത്തിൽ തന്നെ നീങ്ങി. ചാരു വീടിൻ്റെ പ്ലാൻ തയ്യാറാക്കി ഗോപിക്ക് അയച്ചു കൊടുത്തു. തൻ്റെ മനസ്സിലുള്ളതുപോലെയുള്ള വീട്. ആദ്യം ഇഷ്ടമില്ലായിരുന്നെങ്കിലും ഗംഗയ്ക്കും വീടിൻറെ പ്ലാൻ ഇഷ്ടപ്പെട്ടു. അല്പസ്വല്പം തിരുത്തലുകൾ പറഞ്ഞിട്ട് പണി ആരംഭിക്കാൻ പറഞ്ഞു. അതിനായി ബാങ്കിലുണ്ടായിരുന്ന ബാക്കി പണവും അയച്ചു കൊടുത്തു. ചാരു ഉഷാറോടെ കാര്യങ്ങൾ നീക്കി. നല്ല കോൺട്രാക്ടറെ കണ്ടുപിടിച്ച് പണി ആരംഭിച്ചു. പണത്തിന് അല്പം ഷോർട് ആയിത്തുടങ്ങി. ഗംഗയുടെ അച്ഛനോട് ചോദിയ്ക്കാൻ മനസ്സ് വന്നില്ല. അവർക്ക് തങ്ങൾ നാട്ടിൽ വീട് വെക്കുന്നതിനോട് ഒരു താല്പര്യവുമില്ല. ഗംഗയുടെ ആഭരണം വിറ്റ് പണം കണ്ടെത്തി. പണി പൂർത്തിയാകുന്നതിൻ്റെ ഫോട്ടോകൾ ചാരു അയച്ചു കൊണ്ടിരുന്നു.
വീട് പണി ഏകദേശം പൂർത്തിയായി. ഇതിനിടെ ഗോപി പല പ്രാവശ്യം നാട്ടിൽ വന്നു പോയി. ഗംഗ ലോങ്ങ് ലീവിന് അപേക്ഷിച്ചു. നാട്ടിലേക്ക് പോകുവാനുള്ള സമയമായി. കുട്ടികളെ അച്ഛൻറെയും അമ്മയുടെയും ഒപ്പമാക്കാൻ തീരുമാനിച്ചു. താമസിക്കുന്ന ഫ്ലാറ്റ് തൽകാലം വാടകയ്ക് കൊടുക്കാൻ വേണ്ട ഇടപാടുകൾ ചെയ്തു. അമ്മയ്ക്കും അച്ഛനും വളരെ സങ്കടമായിരുന്നെങ്കിലും ഗോപിയുടെ നിർബന്ധത്തിനു വഴങ്ങി. ആകെയുള്ള അവരുടെ സന്തോഷം കുട്ടികൾ അടുത്തുണ്ടെന്നുള്ളതാണ്.
ഗോപിയും ഗംഗയും നാട്ടിലെത്തി. കുറച്ച് ദിവസം ചാരുവിനോടൊപ്പം വീട്ടിൽ താമസിച്ചു. സുധക്ക് ഗംഗയോട് കൂടുതൽ അടുപ്പം തോന്നിയില്ല. വീടിൻറെ പാലു കാച്ചൽ വളരെ ലളിതമായി നടത്തി. ആരെയും വിളിച്ചില്ല. ചാരുവും സുധയും കോൺട്രാക്ടറും കുറെ പണിക്കാരും മാത്രം. വീട്ടിലേക്കുള്ള ഫർണിച്ചറുകൾ വാങ്ങാൻ അച്ഛൻ കുറെ പൈസ അയച്ചു കൊടുത്തു.
കൽപ്പടവുകൾ കെട്ടിയില്ലെങ്കിലും പുഴയിലേക്കിറങ്ങാൻ ഒരു വഴിയുണ്ടാക്കി. കൽപ്പടവുകൾ പിന്നീട് കെട്ടാമെന്ന് തീരുമാനിക്കുകയായിരുന്നു, അതിന് ചിലവ് കൂടും. വേനൽക്കാലമാണ് പുഴയിൽ കാര്യമായി വെള്ളമില്ല. മഴക്കാലമാകുമ്പോൾ പുഴ നിറയെ വെള്ളമാകുമെന്ന് ചാരു പറഞ്ഞു. നിറയെ വെള്ളമുണ്ടെങ്കിലേ പുഴ കാണാൻ ഭംഗിയുള്ളൂ.
ഗംഗക്ക് വീടും ചുറ്റുപാടും വളരെ ഇഷ്ടപ്പെട്ടു. കുട്ടികളെയും അച്ഛനെയും അമ്മയെയും പിരിഞ്ഞതിലുള്ള സങ്കടമുണ്ട്, അവരെ പിന്നീട് കൊണ്ട് വരണം. കുട്ടികൾക്ക് പരീക്ഷാ സമയമാണ്. ഗംഗ വീട് എല്ലാം ഒന്ന് അറേൻജ്ജ് ചെയ്തു. പുറത്ത് കുറെ ചെടികൾ വെച്ചു പിടിപ്പിച്ചു. മുറ്റമൊക്കെ ഭംഗിയാക്കി. വീടിന് ആകെ ഒരു മാറ്റം വന്നു. ഇടക്കിടക്ക് ചാരു വരും. ഒരു പ്രാവശ്യം സുധയും എത്തിയിരുന്നു. എന്തോ ഗംഗയ്ക്ക് സുധയുടെ ഇടപെടലുകൾ ഇഷ്ടപ്പെട്ടില്ല. തന്നോട് വലിയ അകൽച്ച കാണിക്കുന്നതായി തോന്നി.
മാസങ്ങൾ കടന്നു പോയി. വേനൽക്കാലം കഴിഞ്ഞു. മെയ് അവസാനത്തോടെ തന്നെ മഴ വന്നു. ഗോപിയും ഗംഗയും പുതുമഴ വളരെ ആസ്വദിച്ചു. ജൂൺ മാസമെത്തി. കാർ മേഘങ്ങൾ ഉരുണ്ടു കൂടി. എപ്പോൾ വേണമെങ്കിലും മഴ പെയ്യാമെന്ന അവസ്ഥ. മഴ കൂടി വന്നു. വീട്ടിലിരുന്നു മഴ കാണുന്നത് ഗംഗയ്ക്കും ഗോപിക്കും വളരെ രസകരമായ അനുഭവമായിരുന്നു. പുഴയിലാകെ വെള്ളം നിറഞ്ഞു. നല്ല ഒഴുക്കുമാണ്. അല്ലെങ്കിൽ പുഴയിൽ കുളിക്കാമായിരുന്നെന്ന് രണ്ടു പേരും ചിന്തിച്ചു.
ആദ്യത്തെ മഴയുടെ കാഠിന്യം കുറഞ്ഞു. വെച്ച് പിടിപ്പിച്ച ചെടികളെല്ലാം ഒന്ന് പുഷ്ടിപ്പെട്ടു. എന്നാൽ മഴ വീണ്ടും ആരംഭിച്ചു. ദിവസം കഴിയും തോറും മഴയുടെ ശക്തി കൂടി വന്നു. പുഴയുടെ സ്വഭാവവും മാറുന്നു. പുഴയുടെ ശബ്ദം കനത്തിട്ടുണ്ട്. വെള്ളം തിട്ടയോട് ചേർന്ന് നിൽക്കുന്നു. എപ്പോൾ വേണമെങ്കിലും കരയിലേക്ക് കയറാമെന്ന നിലയിൽ. ആദ്യമൊക്കെ അത് രസകരമായി തോന്നിയെങ്കിലും അല്പം ഭയം തോന്നി ത്തുടങ്ങി. ചാരുവിനോട് സംസാരിച്ചപ്പോൾ ഇത് സാധാരണമാണെന്ന് ആശ്വസിപ്പിച്ചു. എന്നാൽ അറിയിപ്പുകൾ വന്നു തുടങ്ങി. യെല്ലോ അലേർട്ടും റെഡ് അലേർട്ടും പല വിധ മെസ്സേജുകളും എത്തിക്കൊണ്ടിരുന്നു. അതിൽ ഡാമുകൾ നിറയുന്നുവെന്നും അത് തുറന്നു വിടേണ്ടി വരുമെന്നുമുള്ളതാണ്.
രാവിലെ എഴുന്നേറ്റപ്പോൾ വെള്ളം പുഴയിൽ നിന്ന് കരയിലേക്ക് കയറി. മുറ്റത്ത് നിറയെ വെള്ളം. കരയും പുഴയും തിരിച്ചറിയാനൊക്കുന്നില്ല. വീടിൻ്റെ ഒരു പടി വരെ വെള്ളമെത്തി. വെള്ളപ്പൊക്കമാണ്. ഗംഗക്ക് ആകെ ഭയമായി. ഇനി വീട്ടിലേക്ക് വെള്ളം കയറിയാൽ എന്ത് ചെയ്യും. കുട്ടികളെക്കുറിച്ചുള്ള ചിന്തയായി. കുട്ടികളെ ഫോൺ ചെയ്തു. അവരും നാട്ടിലെ വിവരങ്ങൾ അറിയുന്നുണ്ട്. അച്ഛനും അമ്മയും ആകെ വിഷമത്തിലാണ്. ഡാമുകൾ തുറന്നു. വെള്ളം അടിക്കടി ഉയർന്നു. ഇപ്പോൾ രണ്ടാമത്തെ പടിയും വെള്ളത്തിനടിയിലായി. അനൗൺസ്മെന്റുകൾ വരുന്നുണ്ട്. താമസം മാറി ദുരിതാശ്വാസ ക്യാമ്പുകളിക്ക് പോകാനാണ് ആവശ്യപ്പെടുന്നത്. ഗംഗ ആകെ ഭയപ്പെട്ടിരിക്കുകയാണ്. കാര്യമായിട്ടൊന്നും കഴിച്ചിട്ടില്ല, ചരുവിനെ വിളിച്ചു. ചാരു ധൈര്യപ്പെടുത്തി. “സാരമില്ല, ഇതൊക്കെ സാധാരണമാണ്. വെള്ളമിറങ്ങിക്കൊള്ളും. എന്തെങ്കിലും പേടിയുണ്ടെങ്കിൽ ഇങ്ങോട്ട് പോന്നോളൂ”. ചരുവിൻ്റെ വീട് കുറച്ച് പൊക്കത്തിലാണ്. വൈകുന്നേരമായപ്പോൾ വെള്ളം വീട്ടിൽ കയറുമെന്ന നിലയിലായി. ഇനി ഇവിടെ നില്ക്കാൻ പറ്റില്ല. ചരുവിനെ വീണ്ടും വിളിച്ചു. ചാരു ഒരു വഞ്ചിയുമായെത്തി. അത്യാവശ്യം വസ്ത്രങ്ങളെടുത്ത് വഞ്ചിയിൽ കയറി ചാരുവിൻ്റെ വീട്ടിലേക്ക് തിരിച്ചു.
പിറ്റേ ദിവസമായപ്പോൾ വെള്ളം വീണ്ടും ഉയർന്നു. ചരുവിൻ്റെ വീടിൻ്റെ പടികളിലും വെള്ളമെത്തി. ഇനി ഒരു പടി കൂടി കടന്നാൽ വീടിനുള്ളിലും വെള്ളമെത്തും. ഓരോ മണിക്കൂറിലും വെള്ളത്തിൻറെ ലെവൽ ഉയരുകയാണ്. ചാരു ഗോപിയേയും വിളിച്ച് ടെറസ്സിൻ്റെ മുകളിലേക്ക് പോയി. അവിടെ നിന്ന് നോക്കിയാൽ സ്ഥിതി എന്താണെന്ന് മനസിലാക്കാം. ചുറ്റും കണ്ണോടിച്ചു. കടലു പോലെ കിടക്കുകയാണ്. ചെറു മരങ്ങളും ചെറു വീടുകളുമൊന്നും കാണാനില്ല. തെങ്ങിൻ തലപ്പുകൾ മാത്രം വെള്ളത്തിന് മുകളിലുണ്ട്. ഗോപിയുടെ വീടിൻറെ സ്ഥാനം ഏകദേശം നോക്കി. വീടിൻറെ കുറച്ചു ഭാഗം മാത്രം കാണാം. വള്ളങ്ങൾ തലങ്ങും വിലങ്ങും ഓടുകയാണ്. മുക്കുവരുടെ വഞ്ചികളാണ് കൂടുതലും. ഗോപിക്കാകെ ഭയം തോന്നി. വേഗം താഴെയെത്തി. മുറിക്കുള്ളിലും വെള്ളമായി കഴിഞ്ഞു. ഗംഗ ആകെ ജീവച്ഛവം പോലെ നിൽക്കുകയാണ്. വീടിനുള്ളിലേക്ക് വെള്ളം ഇരച്ചു കയറുകയാണ്. ടീവി ന്യൂസുകളെല്ലാം വെള്ളപ്പൊക്കത്തെ കുറിച്ച് മാത്രം. ഭയാനകമായ അവസ്ഥ. കറണ്ടും പോയി. വീണ്ടും പൊലീസിൻറെ അന്ത്യശാസനം വന്നു. എല്ലാവരും വീടൊഴിയണം. ഗോപി ചാരുവിനെ നിർബന്ധിച്ചു. എങ്ങനെയും രക്ഷപ്പെടണം.
വള്ളമെത്തി തയ്യാറാക്കി വെച്ച കുറച്ചു ഡ്രെസ്സുകളുമായി വള്ളത്തിൽ കയറി. വള്ളം ആടുകയും ഉലയുകയും ചെയ്യുന്നുണ്ട്. എല്ലാവരും നിലത്തിരിക്കാൻ വള്ളക്കാർ ആവശ്യപ്പെടുന്നുണ്ട്. ചിലർ കരയുന്നു. ചിലർ ദൈവത്തെ വിളിച്ച് ഉറക്കെ പ്രാർത്ഥിക്കുന്നു. വള്ളം ഒരു കടവിൽ അടുത്തു. എല്ലാവരും കരയ്ക്കിറങ്ങി അടുത്തു കണ്ട കെട്ടിടത്തിലേക്ക് നടന്നു. നീണ്ട ഒരു സ്‌കൂൾ കെട്ടിടമാണ്. അവിടെ നിറയെ ആൾക്കാരാണ്. ചിലർ കിടക്കുന്നു. ചിലർ ബെഡ്ഷീറ്റ് വിരിക്കുന്നു. ആകെ തിരക്കാണ്. ഗംഗക്ക് കരച്ചിലു വന്നു. ഇതാണ് ദുരിതാശ്വാസ ക്യാമ്പ്. ഗോപി നിസ്സഹായനായി ഗംഗയെ നോക്കി. ഒരു സ്ഥലം കണ്ടെത്തി അവരും തങ്ങളുടെ ബെഡ്ഷീറ്റ് വിരിച്ച് തങ്ങളുടെ സ്ഥലം ഉറപ്പിച്ചു. ആരൊക്കൊയോ എന്തൊക്കെയോ വിതരണം ചെയ്യുന്നുണ്ട്. ഒരാൾ ഒരു നൈറ്റി ഗംഗയുടെ നേർക്ക് എറിഞ്ഞു. ഗംഗയുടെ മുഖത്തേക്കാണ് അത് വന്ന് വീണത്. ഗംഗ അതും പിടിച്ച് കുനിഞ്ഞിരുന്ന് കരഞ്ഞു. ജീവിതത്തിൽ ആദ്യത്തെ അനുഭവമാണ്. വൈകുന്നേരമായപ്പോൾ പ്രാർത്ഥന. അതിന് ശേഷം ഭക്ഷണം. ക്യൂ നിന്ന് വേണം ഭക്ഷണം വാങ്ങേണ്ടത്. കഴിച്ചെന്ന് വരുത്തി. ടോയ്‌ലെറ്റിൽ പോയി. വൃത്തി ഹീനമായ അന്തരീക്ഷം. ഗംഗാക്കാകെ മനം പുരട്ടുന്നു. ജീവിതത്തിൽ ഇങ്ങനെ ഒരു അവസ്ഥ. കുട്ടികളെ ഒന്ന് വിളിക്കാൻ പോലും സാധിക്കുന്നില്ല. ചിലരൊക്കെ വന്നു പരിചയപ്പെടുന്നുണ്ട്. പല സ്ഥലങ്ങളിൽ നിന്നുള്ളവർ.
ദിവസങ്ങൾ കടന്നു പോയി. വെള്ളം ഇറങ്ങിത്തുടങ്ങി. ചാരുവും ഗോപിയും കൂടി വീട് നോക്കാൻ പോയി തിരികെ വന്നു. ചാരുവിൻ്റെ വീട്ടിലെ വെള്ളം ഇറങ്ങിയിട്ടുണ്ട്. എല്ലാവരും കൂടി അവിടേക്ക് പോകാമെന്ന് ചാരു പറഞ്ഞു. എന്നാൽ ഗംഗ അതിന് തയ്യാറായില്ല. ചാരുവും സുധയും അവരുടെ വീട്ടിലേക്ക് പോയി. ഗോപിയും ഗംഗയും വളരെ കുറച്ചുപേരും മാത്രമായി. ഒന്നിച്ചുള്ള കുറച്ച് സമയങ്ങൾ. ഗോപിയും ഗംഗയും പരസ്പരം കുറ്റപ്പെടുത്താതെ ചില തീരുമാനങ്ങൾ എടുത്തു. രണ്ടു ദിവസം കൂടി അവിടെ തുടരേണ്ടി വന്നു. അവിടവുമായി ഗംഗ ഒന്ന് പൊരുത്തപ്പെട്ടു. പൂർണമായും വെള്ളമിറങ്ങി. ഗോപിയും ഗംഗയും കൂടി വീട്ടിലെത്തി. വീട് നിറയെ ചെളിയാണ്. ഒരു ജോലിക്കാരനെക്കൂട്ടി കുറെയൊക്കെ വൃത്തിയാക്കി. അലമാരിയിലുള്ള ഡ്രെസ്സുകൾ മുഴുവൻ ഉപയോഗ ശൂന്യമായിരുന്നു. വൈകുന്നേരം ഗോപി ചാരുവിൻ്റെ വീട്ടിലെത്തി. തങ്ങൾ ഇനി ഇവിടെ നിൽക്കുന്നില്ലായെന്നും വീട് വിൽക്കുവാനുള്ള കാര്യങ്ങൾ ചെയ്യണമെന്നും ചാരുവിനോട് പറഞ്ഞു. ചാരു യാതൊരു ഭാവഭേദവുമില്ലാതെ അത് കേട്ടിരുന്നു.
രാവിലെ ഗോപി പട്ടണത്തിൽ പോയി ഡെൽഹിക്കുള്ള രണ്ട് ഫ്‌ളൈറ്റ് ടിക്കറ്റ് തരപ്പെടുത്തി. ടിക്കറ്റുകൾ ഗംഗക്ക് കൊടുത്തു. ഗംഗ ഇത്ര പെട്ടെന്ന് അത് പ്രതീക്ഷിച്ചിരുന്നില്ല. സന്തോഷം കൊണ്ട് ഗംഗയുടെ കണ്ണ് നിറഞ്ഞു. ഗോപി ചാരുവിനെ ഫോൺ ചെയ്തു പിറ്റേന്ന് പോകുകയാണെന്നും രാവിലെ വീട്ടിൽ എത്തണമെന്നും ആവശ്യപ്പെട്ടു. ഗംഗ ഉള്ള ഡ്രെസ്സുകൾ എല്ലാം ഒരു ബാഗിലാക്കി ഒതുക്കി. അതിൽ ക്യാമ്പിൽ നിന്ന് കിട്ടിയ ഡ്രെസ്സുകൾ പ്രത്യേകം എടുത്ത് വെച്ചു. അത് ഓർമ്മയ്ക്കായി സൂക്ഷിക്കേണ്ടതാണ്.
രാവിലെ തന്നെ ചാരു എത്തി. ടാക്സിക്ക് വിളിച്ചു പറഞ്ഞു. ചാരുവിൻ്റെ പെരുമാറ്റം ഗംഗ പ്രത്യേകം ശ്രദ്ധിച്ചു. പഴയ കൂട്ടുകാരനോടുള്ള സ്നേഹമോ തങ്ങൾ പോകുന്നതിലുള്ള വിഷമമോ ഇല്ല. ഗോപി വീട് പൂട്ടി ഇറങ്ങി. താക്കോൽ ചരുവിന് നേരെ നീട്ടി. എന്നാൽ ചാരു അത് വാങ്ങിയില്ല. പകരം ചാരു ചില ആവശ്യങ്ങളാണ് ഗോപിക്ക് മുൻപിൽ വെച്ചത്. സ്ഥലം വിൽക്കുമ്പോൾ ഒരേക്കർ സ്ഥലം അദ്ദേഹത്തിന് ഫ്രീയായി കൊടുക്കണമെന്നും വിൽക്കുന്നതിൻ്റെ രണ്ട് ശതമാനം കമ്മീഷൻ കൊടുക്കണമെന്നുമാണ് ആവശ്യങ്ങൾ. ഗോപി സ്തംഭിച്ചു പോയി. ചരുവിൽ നിന്ന് ഇത്തരമൊരു ആവശ്യം ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഗോപി ഒന്നും പറയാനാകാതെ നിൽക്കുകയാണ്. പെട്ടെന്ന് ഗംഗ മുന്നോട്ട് വന്ന് അതിന് തയ്യാറാണെന്ന് പറഞ്ഞു. ഗംഗ ഗോപിയുടെ കൈയ്യിൽ നിന്നും താക്കോൽ വാങ്ങി ചരുവിനെ ഏല്പിച്ചിട്ട് വേണ്ടത് ചെയ്തു കൊള്ളാനും രജിസ്ട്രേഷൻ സമയത്ത് തങ്ങൾ എത്തിക്കൊള്ളാമെന്നും പറഞ്ഞു.
രണ്ടുപേരും കൂടി ടാക്സിയിൽ കയറി. ടാക്സി മുന്നോട്ടെടുത്തു. അവർ തിരിഞ്ഞു നോക്കിയില്ല. ഗംഗ ഗോപിയുടെ കൈയ്യിൽ ഇറുക്കെ പിടിച്ച് മന്ദസ്മിതത്തോടെ ഗോപിയുടെ മുഖത്തേക്ക് നോക്കി പരസ്പരം ചിരിച്ചു. വലിയ ഒരു രക്ഷപെടലിൻ്റെ സന്തോഷം മുഴുവൻ ആ ചിരിയിൽ നിറഞ്ഞു നിന്നു.