Monday, December 23, 2024

HomeEditor's Pickഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം (ജോസ് മാളേയ്ക്കല്‍)

ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം (ജോസ് മാളേയ്ക്കല്‍)

spot_img
spot_img

രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം യൂദയായിലെ ബെത്‌ലഹേം എന്ന ചെറിയ ഗ്രാമത്തില്‍ ഉണ്ണിയേശു പിറന്നു എന്ന സദ്‌വാര്‍ത്തക്കൊപ്പം മാനവരാശിക്ക് ലഭിച്ച ഏറ്റവും വലിയ സന്ദേശമായിരുന്നു. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് ശാന്തിയും സമാധാനവും എന്നത്. ദൈവത്തിന്റെ പൊന്നോമനപുത്രന്‍ മനുഷ്യാവതാരം ചെയ്ത് പുല്‍ക്കൂട്ടില്‍ ഭൂജാതനായപ്പോള്‍ ദൈവത്തിന്റെ ദൂതന്‍ വയലില്‍ ആടുകളെ മേയിച്ചുകൊണ്ടിരുന്ന ആട്ടിടയര്‍ക്ക് പ്രത്യക്ഷപ്പെട്ട് നവജാതശിശുവിനെ കണ്ടെത്തുന്നതിനുള്ള അടയാളം നല്‍കി. ആസമയം ദൈവദൂതനൊപ്പം സ്വര്‍ഗീയഗണങ്ങള്‍ മന്നിലിറങ്ങി ദാവീദിന്റെ പട്ടണമായ ബെത്‌ലഹേമില്‍ പൊന്നുണ്ണിയെ കുമ്പിട്ടാരാധിച്ചു ആനന്ദനൃത്തം ചെയ്തു പാടിയ സ്‌തോത്രഗീതത്തിലെ പ്രസക്തമായ സന്ദേശമാണ് മുകളില്‍ കാണുന്നത്.

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ആശംസിച്ചശേഷം സ്വര്‍ഗീയദൂതരും, മാലാഖാമാരും ഒത്തുചേര്‍ന്ന് ഭൂമിയിലെ മാനുഷര്‍ക്ക് നല്‍കിയ ആശംസാസുവിശേഷമാണ് സന്മനസ്സുള്ളവര്‍ക്ക് ശാന്തിയും സമാധാനവും എന്നത്. രണ്ടായിരം സംവല്‍സരങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും മാലാഖാമാരുടെ ഈ കീര്‍ത്തനം എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലും ദിവ്യബലിയുടെ ആരംഭത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്നു.

തിരുപ്പിറവിയുടെ സദ്‌വാര്‍ത്ത ആദ്യം ലഭിച്ച ആട്ടിടയര്‍ കളങ്കമില്ലാത്ത മനസ്സിനുടമകളായിരുന്നു. ദൈവത്തിന്റെ പ്രത്യേക അരുളപ്പാടുകളും, ശുഭ സന്ദേശങ്ങളും ലഭിക്കണമെങ്കില്‍ മനസ് ശുദ്ധമായിരിക്കണം.അസൂയയും, മറ്റുള്ളവരോടുള്ള വിദ്വേഷവും, അത്യാഗ്രഹവും, ധനമോഹങ്ങളും കുത്തിനിറച്ച മനസ്സില്‍ സാരോപദേശങ്ങള്‍ എത്തുകയില്ല. ശൂന്യമായ മനസിനുമാത്രമേ സമാധാനവും സന്തോഷവും സ്വീകരിക്കാനാകൂ.മറ്റുള്ളവരെ ഇകഴ്ത്തി സംസാരിക്കുമ്പോഴും, കുത്തുവാക്കുകള്‍ പറയുമ്പോഴും, ബോഡിഷെയിമിംഗ് നടത്തുമ്പോഴും അവരിലേല്‍ക്കുന്നന്ന മാനസികാഘാതം നാം മനസിലാക്കുന്നില്ല. സഹജീവികളുടെ കുറവുകള്‍ ചികഞ്ഞെടുത്ത് ക്രൂരവാക്കുകളിലൂടെ അവരെ തളര്‍ത്തുന്നതിനുപകരം അവരിലെ ചെറിയ നന്മകള്‍ തിരിച്ചറിയുന്നതിന് സാധിച്ചാല്‍ നമുക്കും അവര്‍ക്കും ലഭിക്കുന്ന മാനസികോല്ലാസം ഒന്നു വേറെതന്നെയാണ്.

നാം സ്വീകരിക്കുന്നതിനേക്കാള്‍ കൂടുതല്‍ മറ്റുള്ളവര്‍ക്ക് നല്‍കാനായാല്‍ അതെത്രയോ നന്ന്. കരുണയര്‍ഹിക്കുന്നവര്‍ക്ക് നമ്മുടെ സമ്പത്തിന്റെ ഒരു ചെറിയ ഭാഗം ദാനം ചെയ്യുമ്പോള്‍ അതു സ്വീകരിക്കുന്നവര്‍ക്ക് ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുകയില്ല. ദരിദ്രര്‍ക്ക് തന്റെ സ്വത്തിന്റെ പകുതിയും, വഞ്ചിക്കപ്പെട്ടവര്‍ക്ക് നാലിരട്ടിയും തിരിച്ചുനല്‍കാമെന്ന് തന്റെ ഭവനത്തില്‍ പ്രവേശിച്ച യേശുവിനോട് സക്കേവൂസ് പറയുന്നതും, ഇന്നു മുതല്‍ നീയും നിന്റെ കുടുംബവും രക്ഷപ്രാപിച്ച് സമാധാനത്തിലും, സന്തോഷത്തിലും ജീവിക്കും എന്ന് യേശു അവര്‍ക്ക് വാക്കുകൊടുക്കുന്നതും ബൈബിളില്‍ നാം വായിക്കുന്നുണ്ടല്ലോ. സന്തോഷത്തോടെ കൊടുക്കുന്നതില്‍ നിന്നും കൊടുക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും ലഭിക്കുന്ന ആത്മസംതൃപ്തിയും, സമാധാനവും പറഞ്ഞറിയിക്കുക വയ്യ.

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം കിട്ടിയ ഒരു നിമിഷം ഓര്‍ത്തെടുക്കാമോ എന്നുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇന്ത്യയിലെ ശതകോടിശ്വരനും, മനുഷ്യസ്‌നേഹിയും, പ്രചോദനാല്‍മക പ്രഭാഷകനുമായ രത്തന്‍ ടാറ്റ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു:

‘എന്റെ ജീവിതത്തില്‍ ഞാന്‍ നാലു തരത്തിലുള്ള സന്തോഷങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ഒന്ന്, ധാരാളം സമ്പത്തു സ്വരുക്കൂട്ടിയപ്പോള്‍, രണ്ട്, വിലപിടിപ്പുള്ള ധാരാളം രത്‌നങ്ങളും മറ്റു അമൂല്യവസ്തുക്കളും കരസ്ഥമാക്കിയപ്പോള്‍. മൂന്ന്, ഇന്‍ഡ്യയിലെയും, ആഫ്രിക്കയിലെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കുത്തകയും, ഇന്‍ഡ്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റിന്റെ ഉടയുമായപ്പോള്‍. എന്നാല്‍ ഇതിലൊന്നും എനിക്ക് യഥാര്‍ത്ഥ സന്തോഷം കണ്ടെത്താനായില്ല. നാലാമതായി, എന്റെ സുഹ്രുത്തിന്റെ നിര്‍ദ്ദേശപ്രകാരം ഒരു അനാഥാലയത്തിലെ ഭിന്നശേഷിക്കാരായ 200 കുട്ടികള്‍ക്ക് വീല്‍ചെയര്‍ വാങ്ങി താന്‍ തന്നെ നേരിട്ട് അവര്‍ക്ക് വിതരണം ചെയ്തു.

കുട്ടികളെല്ലാം വീല്‍ചെയറിലിരുന്ന് അവരുടെ ജീവിതത്തിലെ ഏറ്റവും ആനന്ദം നിറഞ്ഞ നിമിഷങ്ങള്‍ ആസ്വദിക്കുന്നതുനേരില്‍ കണ്ടു സന്തുഷ്ടനായി പോകാനൊരുങ്ങുമ്പോള്‍ ഒരു കുട്ടി കാലില്‍ കെട്ടിപിടിച്ച് തന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിനില്‍ക്കുന്നതുകണ്ടപ്പോള്‍ കുട്ടിയുടെ പിടിവിടുവിച്ചിട്ട് രത്തന്‍ ടാറ്റ ഇനിയെന്തെങ്കിലും കൂടി നിനക്ക് ആവശ്യമുണ്ടോ എന്ന് അവനോട് ചോദിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞ മറുപടി തന്റെ ജീവിത്തിന്റെ കാഴ്ച്ചപ്പാടുതന്നെ മാറ്റിമറിച്ചു’ എന്ന് ടാറ്റ പറയുന്നു. അവന്‍ പറഞ്ഞതെന്തെന്നോ. സാര്‍, എനിക്കൊന്നും ഇനി ആവശ്യമില്ല. എന്നാല്‍ ഞാന്‍ സ്വര്‍ഗത്തില്‍ വച്ച് താങ്കളെ കാണുമ്പോള്‍ ആ മുഖം തിരിച്ചറിയുന്നതിനുവേണ്ടി എന്റെ മനസില്‍ ആ ചിത്രം ഗാഡമായി പതിയുന്നതിനായാരുന്നുഞാന്‍ അങ്ങയെ സൂക്ഷിച്ചു നോക്കുന്നത്.

ആ കുട്ടി പറഞ്ഞതുപോലെ നമ്മുടെ മുഖം ആരുടെയെങ്കിലും മനസില്‍ പതിപ്പിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ? ഇല്ലായെങ്കില്‍ അതിന്റെയര്‍ത്ഥം നമ്മുടെ ജീവിതം ഉദ്ദേശിക്കുന്ന ഫലം പുറപ്പെടുവിക്കുന്നില്ല എന്നു തന്നെ. നമ്മുടെ സല്‍പ്രവര്‍ത്തികള്‍ ആരുടെയെങ്കിലും മനസില്‍ തങ്ങിനില്‍ ക്കുന്നില്ലെങ്കില്‍ നാം ജീവിതശൈലി മാറ്റേണ്ടിയിരിക്കുന്നു.

ആവശ്യം കഴിഞ്ഞാല്‍ മറ്റുള്ളവരെ ഒഴിവാക്കുന്ന, സ്‌നേഹിക്കുന്നവരേക്കാള്‍ സ്‌നേഹം നടിക്കുന്നവരേറെയുള്ള ഇക്കാലത്ത് മറ്റുള്ളവരുടെ മനസ് വായിക്കാനറിയാത്ത മൃതപ്രായരായ കുറെ ബന്ധങ്ങള്‍ ഉണ്ടായിട്ടു കാര്യമില്ല. തിരിച്ചു പ്രതീക്ഷിക്കാത്ത സ്‌നേഹം നല്‍കിയും, മറ്റുള്ളവരെ സങ്കടപ്പെടുത്താതെ നമ്മുടെ സങ്കടങ്ങള്‍ സ്വയം കരഞ്ഞു തീര്‍ത്തും, മറ്റുള്ളവരുടെ വീഴ്ച്ചയില്‍ സന്തോഷിക്കാതെസ്വന്തം ഉയര്‍ച്ചയില്‍ ആനന്ദിച്ചും ഹൃസ്വജീവിതം മുന്‍പോട്ടു നയിക്കുക. അകലാന്‍ വളരെ എളുപ്പവും, തമ്മിലടുക്കാന്‍ പ്രയാസവും ആണെന്നിരിക്കെ ആത്മാര്‍ത്ഥബന്ധുവിന്റെ മൗനം ശത്രുവിന്റെ പരുക്കന്‍ വാക്കുകളേക്കാള്‍ വേദനാജനകമാണ്. പ്രകടിപ്പിക്കാത്ത സ്‌നേഹം, ചെലവാക്കാത്ത പണം, കഴിക്കാത്ത ഭക്ഷണം ഇവയെല്ലാം ഉപയോഗശൂന്യമാണ്. അധികമുള്ളത് മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുന്ന സന്മനസുകള്‍ക്കടിമയാകുക. തിരുത്താന്‍ കഴിയാതെ ജീവിക്കുന്ന പേനയുടെ അവസ്ഥപോലെയാകാതെ സ്വയം തിരുത്തി ജീവിക്കുന്ന പെന്‍സിലിന് തുല്യമാവുക. രൂപത്തിലോ, ഭാവത്തിലോ, സൗന്ദര്യത്തിലോ, ഉന്നത വിദ്യാഭ്യാസംകൊണ്ടോ അല്ല ഒരാള്‍ വലിയവനാകുന്നത്, മറിച്ച് നന്മയുള്ള മനസിനുടമയാകുമ്പോളാണ്. അറിവിനു ശേഷം അഹം ജനിച്ചാല്‍ ആ അറിവ് വിഷമാവും, അറിവിനുശേഷം വിനയം ആര്‍ജിക്കാന്‍ ശ്രമിക്കുക.

നിഷ്‌ക്കളങ്കരും, നിര്‍മ്മലമാനസരുമായ ഇടയരെപ്പോലെ നമുക്കും സന്മനസിനുടമയാകാം. ലോകരക്ഷകനായ ഉണ്ണിയേശു നല്‍കുന്ന സ്‌നേഹവും, സമാധാനവും, ശാന്തിയും എന്നും നമ്മുടെ ഹൃദയങ്ങളില്‍ നിറയട്ടെ. ക്രിസ്മസ്‌രാവില്‍ കിഴക്കുദിച്ച നക്ഷത്രം പൂജ്യരാജാക്കന്മാര്‍ക്ക് വഴികാട്ടിയായതുപോലെ നമുക്കും നക്ഷത്രവിളക്കുകളായി പ്രകാശം പരത്തി മറ്റുള്ളവര്‍ക്ക് മാര്‍ഗദര്‍ശികളാകാം. ഹൃദയകവാടങ്ങള്‍ മറ്റുള്ളവര്‍ക്കായി തുറന്നിടാനും, ഈ ഹൃസ്വജീവിതം പങ്കുവക്കലിന്റെയും പരസ്പരസ്‌നേഹത്തിന്റെയും വിളനിലമാക്കാനും, ലോകത്തിന്റെ അന്ധകാരമകറ്റാനും, കാരുണ്യത്തിന്റെ കൈത്തിരിനാളം അണയാതെ ഉള്ളില്‍ സൂക്ഷിക്കാനും നമുക്കെല്ലാം കഴിയട്ടെ.

മനുഷ്യബന്ധങ്ങളില്‍ വിദ്വേഷത്തിന്റെ മതില്‍ തീര്‍ക്കുന്നതിനുപകരം സ്‌നേഹത്തിന്റെ പാലം പണിയുന്നവരായി നമുക്ക് മാറാം.

എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍!!

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments