സെര്‍ബിയയില്‍ നിന്ന് മനുഷ്യനും പൂച്ചയും തമ്മിലുള്ള ബന്ധത്തിന്റെ കരളലയിക്കുന്ന നേര്‍കാഴ്ച.
സെര്‍ബിയയിലെ പ്രമുഖ മതപണ്ഡിതനും ചീഫ് മുഫ്തിയുമായിരുന്ന ശൈഖ് മുആമര്‍ സുകൊര്‍ലിക്കിന്റെ ഖബറിനരികിലാണ് അദ്ദേഹത്തിന്റെ വളര്‍ത്തുപൂച്ച നിത്യവും സന്ദര്‍ശനത്തിനെത്തുന്നത്. 2021 നവംബര്‍ ആറിനാണ് അദ്ദേഹം മരിച്ചത്. ഖബറടക്കം നടന്നതു മുതല്‍ പൂച്ച ആ ഖബറിനരികില്‍ നിന്ന് മാറാതെ നില്‍ക്കുന്നു.
നവംബര്‍ ഒമ്പതിന് ലാവേഡര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഈ അപൂര്‍വ ബന്ധത്തിന്റെ കഥ ലോകം അറിയുന്നത്.
ഇപ്പോള്‍ മഞ്ഞുവീഴ്ച ശക്തമായിട്ടും ഖബറിനരികില്‍ നിന്ന് മാറാതെ നില്‍ക്കുന്ന പൂച്ചയുടെ ചിത്രവും ലാവേഡര്‍ തന്നെയാണ് പുറത്തുവിട്ടത്. അചഞ്ചലമായ ഈ സ്‌നേഹത്തിന്റെ ചിത്രം ഏറെ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ പങ്കുവെച്ചത്.
അവസാനശ്വാസം വരെ യജമാനന്റെ തിരിച്ചുവരവ് കാത്തുകിടന്ന ഹാച്ചികോ എന്ന നായയുടെ കഥ പറയുന്ന ‘ഹാച്ചി: എ ഡോഗ്‌സ് ടെയ്ല്‍’ എന്ന ജപ്പാന്‍ സിനിമയാണ് പലരും അനുസ്മരിച്ചത്. ‘നല്ല മഞ്ഞുവീഴ്ചയാണ്. ആരെങ്കിലും ആ പൂച്ചയെ ദത്തെടുക്കൂ’, ‘ഇത് വളരെ ഹൃദയഭേദകമാണ്’ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
സെര്‍ബിയയുടെ ചീഫ് മുഫ്തിയായിരുന്ന ശൈഖ് മുആമര്‍ സുകൊര്‍ലിക് ഹൃദയാഘാതം മുലമാണ് മരിച്ചത്. സെര്‍ബിയയിലെ മുസ്‌ലിമുകള്‍ക്കിടയില്‍ വന്‍ സ്വാധീനമുണ്ടായിരുന്ന അദ്ദേഹം 2016 മുതല്‍ 2020 വരെ പാര്‍ലമെന്റ് അംഗമായിരുന്നു. 2020 ഒക്ടോബര്‍ മുതല്‍ മരണം വരെ നാഷണല്‍ അസംബ്ലി ഓഫ് സെര്‍ബിയയുടെ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം.