സുനിൽ വല്ലാത്തറ ഫ്ലോറിഡാ
കേരളത്തിൽ ഇരുപത് ലോക്‌സഭ മണ്ടലങ്ങൾ ഉണ്ടെങ്കിലും 2024 ലെ തെരഞ്ഞെടുപ്പു അടുത്തെത്തി നിൽക്കുമ്പോൾ മൂന്നു മുന്നണികളും അങ്കത്തിനു കച്ച കെട്ടി ഇറങ്ങിയിരിക്കുന്നത് തൃശൂരിലാണ്. തന്ത്രങ്ങളും കുതന്ത്രങ്ങളും ആവിഷ്കരിച്ചും നാടകീയതയും നിറഞ്ഞ തൃശൂർ ആണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
U D F നു വേണ്ടി ഇറങ്ങുന്നത് കോൺഗ്രസ് നേതാവും സിറ്റിംഗ് എം പി യുമായ T N പ്രതാപൻ ആണെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. പ്രതാപേട്ടൻ നല്ല മീൻ പിടുത്തക്കാരൻ ആയതുകൊണ്ട് ആരെ കണ്ടാലും കെട്ടിപിടിക്കുകയും ഉമ്മ കൊടുക്കുകയും പതിവാണ്.
തൃശൂർ മണ്ടലത്തിലെ വോട്ടർ അല്ലാഞ്ഞിട്ടുകൂടി അധികം ആരും അടുപ്പിക്കാത്ത രാഷ്ട്രീയ നിരീക്ഷകൻ ജയശങ്കറിനെപ്പോലും രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹത്തിന് കണ്ടപ്പോൾ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു. പേര് പ്രതാപൻ എന്നാണെങ്കിലും പ്രതാപം കാണിക്കാതെ തൃശൂരിലെ എല്ലാ പള്ളികളിലെയും അമ്പലങ്ങളിലെയും മോസ്കുകളിലെയും നിത്യ സന്ദർശകനാണ് പ്രതാപേട്ടൻ.
അച്ഛന്മാരെയും മെത്രന്മാരെയും സാമൂദായിക നേതാക്കളേയും കെട്ടിപിടിക്കുവാനും ഉമ്മ കൊടുക്കുവാനും യാതൊരു പിശുക്കും പ്രതാപേട്ടൻ കാണിക്കാറില്ല. തീരദേശ നേതാവായ പ്രതാപേട്ടൻ 2018 ലെ പ്രളയ കാലത്ത് വള്ളവും വഞ്ചിയും ബോട്ടും എടുത്തു ഒറ്റയ്ക്കു തുഴഞ്ഞു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി പേരെടുത്തു ഗിന്നസ് ബുക്കിൽ കയറിപ്പറ്റുവാനുള്ള ശ്രമവും നടത്തി. നല്ലയൊരു നീന്തൽ വിദഗ്ധൻ ആയ പ്രതാപേട്ടൻ വിഴിഞ്ഞത്തു കടലാക്രമണം ഉണ്ടായപ്പോൾ തൃശൂരിൽ നിന്നും ഒരുപാട് ദൂരെ ആണെങ്കിലും വിഴിഞ്ഞത്തു പാഞ്ഞെത്തി മറ്റൊരു തീരദേശ നേതാവായ മുൻ മന്ത്രി ആന്റണി രാജുവിന് കടലിൽ നീന്തി തോൽപിച്ചു.
പലതവണ നാട്ടിക നിയമസഭ മണ്ഡലത്തിൽ നിന്നും വിജയിച്ച പ്രതാപേട്ടൻ മണ്ഡലം മാറേണ്ടിവന്നപ്പോൾ മാർക്സിസ്റ് കോട്ടയായ കൊടുങ്ങല്ലൂർ പോയി അങ്കം വെട്ടി ജയിച്ചാണ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശൂർ മത്സരിച്ചു ജയിച്ചത്. ഇപ്രാവശ്യം മത്സരിക്കുവാൻ പ്രതാപേട്ടന് വലിയ താല്പര്യം ഇല്ലായിരുന്നു. അതുകൊണ്ട് പ്രവർത്തനം അൽപ്പം മന്ദഗതിയിലായിരുന്നു
2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ചു U D F ഗവണ്മെന്റ് വരികയാണെങ്കിൽ ഒരു മന്ത്രി സ്‌ഥാനത്തിലായിരുന്നു കണ്ണ് . പെട്ടെന്നാണ് കരുവന്നൂർ ബാങ്ക് വിഷയവും അതുപോലെ സിറ്റിംഗ് M P മാർ മത്സരിക്കണമെന്നുള്ള കേന്ദ്ര നേതൃത്വത്തിന്റെ കർശന നിർദ്ദേശവും വന്നത്. ഉടൻ പ്രതാപേട്ടൻ സടകുടഞ്ഞെണീറ്റു. യൂസഫലി സാഹിബിനെപോലുള്ള വ്യവസായ പ്രമുഖരുടെ ആശ്രിതവത്സലൻ കൂടിയായ പ്രതാപേട്ടൻ ചെറിയ മീനല്ല. B J P യ്ക്കു വേണ്ടി അങ്കത്തിനു ഇറങ്ങുന്നത് സുരേഷ് ഗോപി ആണെന്ന് ഏതു കൊച്ചു കുട്ടികൾക്ക് പോലും അറിയാം.
2019 ലെ തെരഞ്ഞെടുപ്പിൽ തൃശൂർ സീറ്റ് N D A മുന്നണിയിലുണ്ടായിരുന്ന ബി ഡി ജെ എസ് നു നൽകിയതാണ് ആ പാർട്ടിയുടെ അമരക്കാരൻ തുഷാർ വെള്ളാപ്പള്ളി ഇലക്ഷൻ പ്രചരണം തുടങ്ങിയതുമാണ്. അപ്പോഴാണ് സെലിബ്രിറ്റി പൊളിറ്റീഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുവാൻ എത്തുന്നത്. രാഹുൽജിക്കെതിരെ മത്സരിച്ചാൽ ദേശീയ പത്രങ്ങളിലും T V ചാനലുകളിലും പേരും മുഖവും വരുമെന്നറിഞ്ഞ തുഷാറേട്ടൻ വയനാട്ടിലേയ്ക്കു വച്ചു പിടിപ്പിച്ചു.
അങ്ങനെ തൃശൂർ സീറ്റ് B J P ഏറ്റെടുക്കുകയും പെട്ടെന്നൊരു സ്‌ഥാനാർഥിയെ കണ്ടെത്തുവാനുള്ള പരക്കം പായിച്ചിലിനിടയിൽ കുറച്ചു കാലമായി സിനിമകൾ ഒന്നും ഇല്ലാതെ തിരുവനന്തപുരത്തെ വീട്ടിൽ പത്രം വായനയിലും T V കാണലിലും മുഴുകി ഇരുന്ന സുരേഷ് ഗോപിയെ കണ്ടെത്തുകയുമായിരുന്നു. ഉടൻ തൃശൂരു പാഞ്ഞെത്തിയ സുരേഷേട്ടൻ ഗംഭീര പ്രകടനം ആണ് കാഴ്ച്ച വച്ചത്. അതിനു ശേഷം ഇപ്പോൾ അഞ്ചു വർഷമായി സുരേഷേട്ടൻ തിരുവനന്തപുരത്തെ വീട്ടിലേയ്ക്കു പോയിട്ടില്ല. തൃശൂരു തമ്പടിച്ചു കിടപ്പാണ്.
തൃപ്പൂണിത്തുറ M L A കെ ബാബുവിനെ കണ്ടു പഠിച്ചു 20 കല്യാണം വരെ ഒരു ദിവസം കൂടിയിട്ടുണ്ട്. മരിച്ചടക്കും മാമ്മോ ദീസയും നൂല് കെട്ടിനും ഒരു കുറവുമില്ല. ഇതിനിടയിൽ 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പദ്മജയ്ക്കു പണി കൊടുക്കുവാൻ മത്സരിച്ചു പാവം പദ്മജ പരാജയപ്പെട്ടു. കരുവന്നൂരിൽ പദയാത്ര നടത്തി പരിഹാസ്യൻ ആയെങ്കിലും മകളുടെ ചരിത്ര വിവാഹം തൃശൂർ മണ്ഡലം ഉൾപ്പെടുന്ന ഗുരുവായൂരിൽ വച്ചു നടത്തി പ്രധാന മന്ത്രി മോദിജിയോടൊപ്പം കഴിഞ്ഞ തവണ അനുഗ്രഹം വാങ്ങാൻ എറണാകുളത്തു എളമക്കാരായിലുള്ള വീട്ടു പടിക്കൽ ക്യു നിൽക്കേണ്ടിവന്ന മോഹൻലാലിനെയും കുറച്ചു നാളായി പുറം തിരിഞ്ഞു നടക്കുന്ന കമ്മ്യൂണിസ്റ്കാരൻ മമ്മുട്ടിയെയും ഒരു പറ്റം സിനിമക്കാരെയും ഗുരുവായൂരിൽ എത്തിച്ചു ഇലക്ഷൻ പ്രചരണം അനൗദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഇടതു മുന്നണിയ്ക്കായി പോരിനിറങ്ങും എന്നു പറയപ്പെടുന്ന പേര് മുൻ മന്ത്രിയും C P I നേതാവുമായ V S സുനിൽ കുമാറിന്റെതാണ് ഒരു കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ റേറ്റിംഗ് കൂട്ടുവാൻ രാത്രിയിലുള്ള അന്തി ചർച്ചയിൽ വിനു വി ജോണിന്റെ മധ്യസ്‌ഥതയിൽ രാജ് മോഹൻ ഉണ്ണിത്താനോടും ഇപ്പോഴത്തെ B J P പ്രസിഡണ്ട് K സുരേന്ദ്രനോടും ഒപ്പം സംവാദിച്ചത് സുനിലേട്ടനാണ്.
അങ്ങനെ ഏഷ്യാനെറ്റിന്റെ റേറ്റിങ്ങും കൂടി സുനിലേട്ടൻ താരവുമായി. ഉറ്റ ചങ്ങാതിമാർ ആയതുകൊണ്ട് ആരെങ്കിലും ഒരാൾ മത്സരിക്കേണ്ടന്നു പ്രതാപേട്ടനും സുനിലേട്ടനും കൂടി തീരുമാനിച്ചാൽ ചിത്രം പിന്നെയും മാറും ഇനി അറിയേണ്ടത് തൃശൂർ ഇതിൽ ഏത് ശൂലം എടുക്കുമെന്നാണ്
കടപ്പാട്
ഒരു തൃശൂർ നിവാസി