Monday, March 10, 2025

HomeFeaturesവാലൻറ്റൈൻസ് ഡേ വിശേഷങ്ങൾ!(സി.ജെ. ജെസ് വിൻ)

വാലൻറ്റൈൻസ് ഡേ വിശേഷങ്ങൾ!(സി.ജെ. ജെസ് വിൻ)

spot_img
spot_img

പ്രണയം പ്രാചീന പ്രപഞ്ച പ്രവണതയാണ്. പ്രാസം, പ്രത്യക്ഷ പ്രചാര പ്രവാഹവും. പ്രേമ പ്രമേയത്തിലെ പ്രശസ്ത പ്രച്ഛന്നതക്ക് ഫസ്റ്റ് പ്രൈസ് വാലൻറൈൻസ് ഡേക്കും! മധുവിധു ആസ്വദിച്ചവരും അല്ലാത്തവരും നാണം കുണുങ്ങി ഈ യാഥാർത്ഥ്യം സമ്മതിക്കും! ലോകമെന്വാടും ഫെബ്രുവരി 14-ന് ആർഭാട ആഘോഷം. ഭാഷ ദേശ മതഭേദ്യമില്ലാതെ ഭൂലോകവാസികൾ ഒരുമയിൽ കൊണ്ടാടുന്ന ഒരേയൊരു ഉൽസവമെന്നും വിശേഷിപ്പിക്കാം. ഹാപ്പി വാലൻറ്റൈൻസ് ഡേ പറഞ്ഞ് ജോഡികൾ കൈ കൊടുത്ത് അനുമോദിക്കലാണ് ലളിതമായ ആദ്യ ചടങ്ങ്. അതിഥി അകന്വടി അനുരാഗ കള്ള പുഞ്ചിരി മാത്രം മതി. അതായത് വീടൊരുങ്ങണ്ടാ.

ആളൊരുങ്ങിയാൽ കുശാലായി ധാരാളിത്തം. മംഗള മുഹൂർത്തത്തിന് ബന്ധുമിത്രാദികളെ ക്ഷണിച്ചു വരുത്തേണ്ടാ. എല്ലാ വീട്ടിലുമുണ്ടേ ഒന്നിലധികം ജോഡികൾ. ആഘോഷമോ സ്വകാര്യമായി കെങ്കേമം. എന്നാലോ ലോകത്തൊരു രാഷ്ട്രവും അന്നവധി ദിനമായി പ്രഖ്യാപിച്ചിട്ടുമില്ല. ചുരുക്കം ചില പ്രേമക്കാരും ദന്വതികളും ഇണയുടെ ആയുഷാരോഗ്യത്തിനായി ഭക്ഷണ ഒരിക്കലെടുത്തും ആശ അടക്ക ആചാരം പാലിക്കുമന്ന്. പുണ്യാളൻെറ അനുഗ്രഹാശിസ് നേടാനായി അന്നേ ദിവസം വിവാഹിതരാകുന്നവർ ഏറെ. രണ്ടുണ്ട് മെച്ചം. വെവ്വേറെ ചെലവില്ലാതെ വിവാഹ വാർഷീകവും വാലൻറ്റൈൻസു ഡേയും ഒറ്റയടിക്ക് സൂത്രത്തിൽ തീർക്കാം. ഗേൾ ഫ്രണ്ട്സും ബോയ് ഫ്രണ്ടുസും ഡിജിറ്റലായ കാലഘട്ടമാണിത്. കൗമാരക്കാർ അംബാസഡർമാരും. ഇതെല്ലാം വാലൻറ്റൈസ്ക്കാരുടെ വേറിട്ട മാതൃകകളാണ്! പ്രേമം പ്രകാശമായി. ഇഷ്ടം, ഇണക്കവും ഇന്വവുമായി. മനപൊരുത്തം രാമച്ച വിശറി വീശി. ലില്ലി പൂവ്വിൻെറ നൈർമ്മല്ല്യവും റോസാ ഇതളിൻെറ മൃദുലതയും മുല്ലപൂവ്വിൻെറ പരിമളവും സമ്മിശ്രമായൊരു ഇക്കിളി രോമാഞ്ചം.

ആരെല്ലാമോ കാല കൃതികളിൽ സ്വരുക്കൂട്ടിയ പ്രണയം പ്രളയ ഹൃദയ ആവിഷ്കാരമായി ഭവിച്ചു. സ്വ കൈ മുഷ്ടി വലുപ്പവും സാദൃശ്യവുമാർന്ന ഹൃദയത്തിന് ചിത്രകാരന്മാർ കരൾ ആകൃതി ഭംഗി വരുത്തി. മിന്നാമിനുങ്ങ് മിനുക്കു വരകളിൽ ഭാവനയുടെ അലങ്കാര വൃത്തമുണ്ടാക്കി. നിറം ചെന്വരത്തി ചെമപ്പ്. ശാസ്ത്ര വർണ്ണമൊരുക്കി. ഐ ലൗ യൂ ലിഖിതം ഫ്ലൈയിംങ്ങ് കിസ്. അനുരാഗ വസന്തം വിടർത്തി. പ്രണയത്തിനങ്ങിനെ ക്രിത്രിമ ചാതുരിയും അഴകും വാസനിപ്പുമേകി. പഞ്ചേന്ദ്രിയങ്ങളെ അളവറ്റ് കൊതിപ്പിച്ചു സുഖിപ്പിച്ചു. പ്രഥമ സംഗമ ഛിഹ്നമായ റോസാപ്പൂക്കൾ മധു മിഥുനങ്ങൾ കൈമാറുന്നത് സന്തുഷ്ട സാധാരണ ശൈലിയായി. കടക്കന്വോളങ്ങളിലീ വാര വിനിമയം ഹൃദയ ഭാഷയാണ്. ഏവ്വർക്കും എത്ര കണ്ടാലും അനുഭവിച്ചാലും മനം മടുക്കാത്ത അനുരാഗ ചേതോഹര കാഴ്ചകൾ നാടുനീളെ സുലഭം. റോസാ ബഡുകളെ ചുംബന കത്രിക പൂട്ടിട്ട് ബന്ധിച്ച പങ്കുവെട്ടാത്ത വിൽപന തിരുതകൃതി. ഒറ്റ നോട്ടത്തിലാശിച്ച ഹൃദയം കൂട്ടിച്ചേർക്കാൻ ഫ്രണ്ട്ഷിപ്പ് ബാൻറ്റുകളുടെ സെലിബ്രേഷനാണെങ്ങും.

ചെറുകിട സമ്മാന കന്വം പോരാഞ്ഞ് വിപണികൾ പലവിധ നിർവൃതി നേർന്നു. മണിയനീച്ച ഗൗനിക്കാത്ത ഗിഫ്റ്റ് ഷോപ്പുക്കാർക്ക് ചാകര കോളായി. തുണിത്തരങ്ങളിൽ മേത്തരം കസവെന്നോണം ചെങ്ക് ഹൃദയം തുന്നി ചില്ലു ഷോ കേസിൽ മോഡി പ്രദർശനത്തിനിട്ടു. പട്ടിലും പുടവയിലും മാനിക്വിനുകൾ മദാലസകളായി. മാണിക്യ മുത്തമിട്ട് നൃത്ത ചുവടിൽ വിലസി. സ്വർണ്ണക്കടക്കാരോ ഡൈമൻറ് മോഡികൾ പരത്തി നിരത്തി.
പെൻറൽസും, വൈരക്കല്ല് മോതിരവും, നെക്കലസും, കാതിപ്പൂവ്വും, കൊലുസുമെല്ലാം വജ്രശോഭയിൽ കണ്ണഞ്ചിച്ച് തിളങ്ങും. പൊന്നും കണ്ണുമല്ലേ പേരിന് ചതിവും ഉടവുമില്ലാത്ത വിശ്വാസം. അങ്ങിനെ പ്രണയ ജോഡികളെ കൈമാടി വിളിക്കുന്ന ഉന്മേഷ ജാല വിദ്യകൾ അനവധി.

ലോകമെന്വാടും അനുരാഗ തരംഗ ദൃശ്യ മേള തുറക്കലായി. മെയിഡ് ഫോർ ഈച്ചദർ! പാശ്ചാത്യ സംസ്കാരം പ്രണയ പല്ലവിയും ഇറക്കി. വായനയിലും പാട്ടിലും നോക്കിലും അനുരക്ത ശൈലി ചാർത്തി. എങ്കിലും ഹർഷ ഭാരത മഹർഷിമാരായ വാൽമീകിയും വ്യാസനും കാളിദാസനുമീ ഇതിവൃത്തം അതേപടി അനുകരിച്ചു കാണുന്നില്ല. തീവ്ര സ്നേഹം ഗൃഹാതുരമാകുന്നത് അവരുടെ രചനകളിൽ മഷിയിട്ടു നോക്കിയാൽ കാണാനില്ലെന്നല്ല. പ്രേമത്തിനൊരു മിത്തും മിതത്വമുണ്ടത്തരം പരിധ്യ പരിമിത എഴുത്തുകളിലെന്നു സാരം. അഗ്നി പരീക്ഷകളാണ് ആഖ്യാന സുകൃതം . പ്രണയത്തിന് കണ്ണും മൂക്കുമില്ല. ഏതു വിനാഴികയിലും ആകസ്മികമായി കൂട്ടിമുട്ടും. പ്രായം പ്രേമത്തിന് ബെല്ലും ബ്രേക്കുമല്ലെന്ന് പഴഞ്ചൊല്ല്!

മദ്ധ്യപ്രദേശുകാരി മോണാ ബോസ്ലേയുടെ അസാധാരണ നീല കരി മിഴിയോട്ടം പ്രയാഗരാജ് കുംഭമേളക്ക് ഡബ്ബിൾ കൗതുകമായി. വർത്തമാന കാലമാ അവതാര മമതക്കോ വൈറൽ ഖ്യാതിയേകി. പറയണോ പൂരം. മേളയിൽ ആരാധകരുടെ തിക്കു തിരക്കും. നിഷ്കളങ്കയുടെ പാർശ്വം ചേർന്ന കള്ള ദൃഷ്ടികളും സെൽഫിയെടുത്തു മദിച്ചു. സുന്ദരി കൈക്കോർത്ത രുദ്രാക്ഷ മാലകളും മുത്തു മാലകളും പതിവിൻ പടി വിറ്റു പോയില്ലെന്ന ആവലാതി പിതാവിനും. വിയർപ്പലിഞ്ഞ വിശപ്പിൻെറ നിലവിളിയാകാം.

ഉപജീവനക്കാരിക്കൊപ്പം നിന്ന് വാട്ട്സപ്പ് കോലാഹലം സൃഷ്ടിച്ചത് മുഴുവൻ വാർത്താ വിതരണക്കാരല്ലെന്നത് നേര്. നഗ്ന സത്യം പാവം കാറ്റത്തും മഞ്ഞത്തും വെയിലത്തും അലഞ്ഞ് കസർത്തു കാട്ടിയ നിർഭാഗ്യം ബാക്കി. നാടോടി പെണ്ണു ചിരിച്ചു കുഴഞ്ഞാടി തുള്ളിയ ഗമ. അയ്യോ വൃഥാവിലായോന്ന് തോന്നാം. ഈശ്വര ഐശ്വര്യവതി ഭാവിയിൽ കുബേരയും സിനിമാ നടിയുമൊക്കെയാകുമെന്ന് വിടുവായ്. ഒടുവിലെ പ്രവചന ഭംഗി ഉഡായിപ്പൻ വരികളിലൊതുക്കി. പ്രശംസിച്ച മാലോകർ പാട്ടും പദവുമായി പലതും കുറിച്ചു. ആശ കൊടുത്തത് മോക്ഷ
അനുഗ്രഹമായി സങ്കൽപ്പിക്കാം. ഒന്നും സാക്ഷാൽ ദൃൿസാക്ഷി കൊതിച്ചവരുടെ മനഃസാക്ഷ്യമല്ല. ഈ കുംഭകോണങ്ങളെല്ലാം ക്ഷണികമായ ഉൾപ്രിയമാക്കി കാണികളും ഫുൾസ്റ്റോപ്പിട്ടു.

അതുകൊണ്ടാണ് തരള മനസിൻെറ വെളിപാടായ വാലൻറ്റൈൻസ് ഡേ പ്രാധാന്യം അനുദിന മോഹ കഥകളിൽ നിന്നും അടിമുടി വ്യത്യസ്ഥമായത്. ഉള്ളിൻെറ ഉള്ളിൽ ഭദ്രമായൊളിഞ്ഞിരിക്കുന്ന കെടാവിളക്ക് സ്നേഹം പുനർജ്ജനിക്കണം. പാലാഴി പുഞ്ചിരി സ്ഥായി ആണ്ടൊരിക്കൽ പ്രകടിപ്പിക്കാൻ ഇതാ അവസരമൊരുങ്ങി. വാലൻറ്റൈൻസ് ഡേ ഇരുകൈനീട്ടി വരവേൽക്കാം. അതു വെറും മനസിണങ്ങിയ കന്വമല്ല. ഭൂകന്വം സൃഷ്ടിച്ച് തലമുറകളാഘോഷിച്ചു പോരുന്നു. ചരിത്ര സംഭവ ഋതു സംക്രമമാകുന്നതും ദൈവ കുരുത്തം.

സെയിൻറ് വാലൻറ്റൈൻ!

പണ്ടു പണ്ട് എന്ന കഥാ പരായണത്തിന് പ്രസക്തിയില്ല. എഡി മൂന്നാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യത്തിൽ നിലവിൽ വന്ന ഒരു ദുശാഠ്യ നിയമത്തിൻെറ ദയനീയ കഥയാണീ സുദിനത്തിനുള്ളത്! ഓരോ വർഷവുമീ ഹർഷാദര ആരവം ഫെബ്രുവരി 14-ന് സുനിശ്ചിതം ലോകം കൊണ്ടാടും.

സംഘർഷ സംഭവം ഇപ്രകാരം. സന്ദർഭം ക്ലൗഡീസ് രണ്ടാമൻ ചക്രവർത്തിയുടെ ഭരണ കാലം. അക്കാലത്ത് യുവതുർക്കികൾ പട്ടാളത്തിൽ ചേരാൻ വിമഖത കാട്ടി. കാരണം കലശലായ കാമുകീ കാമുക പ്രണയമെന്ന് വിവരദോഷികൾ രാജ്യ സമക്ഷം വിടുമൊഴി കൊടുത്തു. അതോടെ ചെറുപ്പക്കാർക്ക് വിവാഹം നിഷിധമാക്കി. രാജ്യ വിളംബരവുമിറക്കി. പ്രണയ ജോഡികൾ അങ്കലാപ്പിലുമായി. നിയമം ലംഘിക്കുന്നവരെ നിർദ്ദയം ജയിലിലടച്ചു. യുവതീ-യുവാക്കളുടെ വിവാഹം നടത്തി കൊടുക്കാൻ മത പാതിരിമാരും അതോടെ അമാന്തിച്ച് ഭയന്നു. കൽപന തെറ്റിച്ചാൽ ശിക്ഷ അതിക്രൂരം. എന്നാൽ അക്കാലത്ത് ജീവിച്ചിരുന്ന ഫാദർ വാലൻറ്റൈൻ നിർഭയം രംഗത്തിറങ്ങി.

പ്രേമിക്കുന്നവരെ കലഹിപ്പിക്കുന്നതിൽ എതിർത്തു. ഒന്നിപ്പിക്കുന്നത് എന്തു കൊണ്ടും സൽപ്രവർത്തിയെന്നു കരുതി. വിവാഹങ്ങൾ നടത്തി കൊടുക്കാൻ മുന്നിട്ടിറങ്ങി. രഹസ്യ വിവാഹങ്ങളതോടെ അസംഖ്യം അരങ്ങേറി. വിവരം മണത്തറിഞ്ഞ് കോപിച്ച നിയമ ഭുക്കുകൾ അദ്ദേഹത്തേയും ജയിലിലടച്ചു. അതോടെ ജയിലിൽ കഴിയുന്ന പ്രണയ ജോഡികൾക്കും വിവാഹിതരാകാൻ അവസരം സിദ്ധിച്ചു. ജയിലറുടെ അന്ധയായ മകളുടേയും വിവാഹം പുരോഹിതൻ അറിഞ്ഞ് ആശീർവ്വദിച്ചു. കാര്യം വിവാദമായി. ഫാദർ വധിക്കപ്പെട്ടു. രക്തസാക്ഷിത്വം വരിച്ചു. ഈ കരി ദിനത്തിൻെറ അനുസ്മരണ ആചരണമാണ് വാലൻറ്റൈൻസ് ഡേ! പിന്നീട് വിശുദ്ധൻെറ ഫീസറ്റയി മാർപ്പാപ്പ പ്രഖ്യാപിക്കയും ചെയ്തു. ലോകമാകെ ഈ കഥയിലെ ദുഃഖാചരണം വിമോചന ആഘോഷമാക്കി അതേപ്പടി അംഗീകരിച്ചതായാണ് അത്ഭുത സാക്ഷ്യം. 1909-കളിലാണ് വാലൻറ്റൈൻസ് ഡേ കാർഡുകൾ പ്രേമ ജോഡികളുടെ പ്രത്യക്ഷ പ്രകട പ്രവണതയായത്.

കല്ലു ഹൃദയരുടേയും മനം തുറക്കുന്ന കാർഡുകളിലെ വിവർണ്ണ കൊത്തെഴുത്തുകൾ ഉദാഹരണം. വാചക വേരുകൾ ശ്രദ്ധിച്ചാൽ ആഴത്തിൽ സ്നേഹിച്ചവരുടെ പ്രണയ സൗഹൃദം താനെ ബോധ്യമേകും. അപ്രകാരമാണ് പടിപടിയായി വാക്കുകളുടെ അർത്ഥ സന്വുഷ്ടമായ മാർദ്ദവം മനസിലേശുന്നത്! മൊബൈൽ തരംഗം വിപുലമായതോടെ ഹൃദയ സംസാരങ്ങൾ സഞ്ചരിക്കുന്ന ദൂരവും സമീപസ്ഥമായി. എന്തെന്തു വര വർണ്ണങ്ങളാണ് മൊബൈൽ കരഘോഷം. കലാവിരുതർ വിത്തിട്ടാൽ വള കൂറില്ലാതെ പൂത്തു തളിർക്കുന്ന പകിട്ടൻ വാക്കുകളാണ് വീശുന്നത്.
കഥയറിയാത്തവർ ശരവേഗം ഓർക്കാപ്പുറം കൊത്തിൽ വീഴാനും മതി. ഫ്രണ്ട്ഷിപ്പ് കൈവളയ ചങ്ങാത്തമിട്ട് പുതു തലമുറ ഉല്ലസിക്കുന്നു. സിനിമ ചെപ്പടി വിദ്യകളിലവർ മനം മയങ്ങിയതല്ല. കൊലവിളി ഏഷണി കേട്ട് മുതിർന്നവർ ശാസനക്കും കുറ്റം പറയാനും ചട്ടം കെട്ടല്ലേ. പ്രതിഷേധമല്ല ശരി. കൗമാര കുസൃതികളുടെ കോമഡിയാക്കി കണ്ണടച്ചു കൂടെ?. നായിക നായകന്മാരെ പോലെ ഗെറ്റപ്പിന് സെറ്റാക്കിയ വിചിത്ര ഫ്രണ്ട്ഷിപ്പ് റിസ്റ്റ് ബാൻറുകൾ അണിയുന്നതും പരിഷ്കാരമായി. നാടോടുന്വോൾ നടുവേ ഓടുന്നവർ മാന്യ മഹാജനം.

അനുഷ്ടാന ആചാരം

വത്തിക്കാൻ സിറ്റി റോമിൽ നിന്നുമാണ് ഈ അനുസ്മരണം പ്രചരിക്കലാരംഭിച്ചത്. പടർന്നു പിടിച്ചതു പരിഷ്കൃത രാജ്യങ്ങളിലും. അമേരിക്ക, യു.കെ., യൂറോപ്പ്, റഷ്യ തുടങ്ങി എല്ലാ ഭൂഖണ്ഡങ്ങളിലുമീ ഘോഷം വ്യാപിച്ചു. മനുഷ്യ സ്നേഹികളെയെല്ലാം ഈ പ്രവണത എളുപ്പമാകർഷിച്ചു എന്നതാണ് ശരി. ഹൃദയത്തിൻെറ സ്പന്ദിക്കുന്ന വർണ്ണ പകിട്ടാർന്ന പ്രണയ ഭാഷ. അന്നേ ദിവസം സമ്മാനം പരസ്പരം കൊടുക്കൽ വാങ്ങൽ നിർബന്ധ ശീലമാക്കി. മാത്രവുമല്ല ജോഡികൾ കലഹം മറന്ന് തെല്ലു നേരം രഹസ്യത്തിൽ ഇണക്കായി നീക്കി വച്ച് ചെലവിടുന്നത് നാനാവിധം. പരസ്പരം കൈമാറുന്ന ഹൃദയ ചിഹ്നമാർന്ന വിചിത്ര കാർഡുകൾ നിലച്ചു. ഇപ്പഴും ഗ്രീറ്റിംങ്ങായി റോസാ ബഡുകൾ നേരുന്ന കരകൗശലം ഉഷാറാണ്. മനസടുപ്പം വിരഹ ദുഃഖമകറ്റി.
പലവിധം ഹോബി ഹോമിക്കലായി.

വിലപിടിപ്പുള്ള സമ്മാനങ്ങൾ ഇണക്ക് അന്നേ ദിവസമേകുന്ന ശൈലി സർപ്രൈസായി. ഇല്ലാത്തവൻ ഗാഢം കെട്ടിപുണർന്ന ചുംബനത്തിലൊതുക്കി സ്നേഹ വായ്പ. ഉള്ളവൻെറ ഗിഫ്റ്റിനു അതിരില്ല. ഉല്ലാസവും ലാവിഷ് ടൈംപാസും കേട്ടാൽ ഞെട്ടും. സ്വർണ്ണവും, ഡൈമൻറും വിട്ട് ബിസ്നസ് ടൈക്കൂണുകൾ വിമാനവും കപ്പലുമൊക്കെ വാലൻററ്റൈൻസ് സമ്മാനമേകുന്ന രീതിയെത്തി. ആഡംബര ഗമ കാട്ടി മേലെക്കിടയിലുള്ളവർ വാർത്താ വിശേഷകരാകാൻ മത്സരം. ദാന്വത്യ വിശ്വാസികളാകട്ടെ ഒരുമിച്ചു പള്ളിയിലും, അന്വലങ്ങളിലും, മോസ്ക്കിലും ചെന്നു കുന്വിട്ടു. നേർവഴി നേർച്ച കാഴ്ചകളർപ്പിച്ചു. പ്രേമം പ്രാണൻെറ പ്രാർത്ഥനയാക്കുന്നു. മറ്റു ചിലർക്ക് ഉന്മാദം വേറെ. സന്ധ്യക്കു ആൾത്തിരക്കുള്ള മണപ്പുറത്ത് ജോഡികൾ കൈക്കോർത്തു പിടിച്ച് ചിരിച്ചാടി കുഴഞ്ഞ് ഒരു ഉല്ലാസവേള. ഒടുവിൽ ഫൈസ്റ്റാറുകളിൽ ക്യാൻറിൽ ഡിന്നർ സംപ്രദായ വിശേഷം തിരുതകൃതി! സെലിബ്രേഷൻ പലപ്പോഴും പ്രഹസന മീഡിയകളല്ലേ.

മഞ്ഞ റിബ്ബണിലെ പ്രണയം

ചേതോഹര പ്രേമത്തിനും ഇടവേളയിലൊരു ഉത്തമ ഉദാഹരണമുണ്ടായി. 1973-ൽ വിശ്വ വിഖ്യാതമായ ഇംഗ്ലീഷ് പ്രേമ ഗാനമിറങ്ങി. ടൈ എ യല്ലോ റിബ്ബൺ റൗണ്ട് ദ ഓക്ക് ട്രീ! ഐർവിൻ ലിവനിയുടെ വരികൾക്ക് എൽ റൂസൽ ബ്രൗൺ ഈണമിട്ടു പുറത്തിറക്കി. ടോണി ഒർണാൾഡോ, ഡാവൻ ചേർന്നു പാടി സൂപ്പർ ഹിറ്റാക്കി. ഗാനത്തിൻെറ ഉള്ളടക്കം മൃദു ശ്രുതി മധുരം. സങ്കീർണ്ണമാണ്. വർഷങ്ങളുടെ വിടവിനു ശേഷമുള്ള തിരിച്ചു വരവിന് പ്രിയതമയോട് സന്ദേശ അനുവാദം ചോദിക്കുന്നു.

അടിയും കാലും പിടിച്ച ക്ഷമാപണമല്ല ഇതിവൃത്തം. തീരുമാനം സമ്മതമെങ്കിൽ ഒരു മഞ്ഞ റിബ്ബൺ വീടുമുറ്റത്തെ ഓക്കു മരത്തിൽ കെട്ടണം. അതു കണ്ടാലേ താൻ ബസിറങ്ങി വീട്ടിൽ വരൂ. റിബ്ബൺ കണ്ടില്ലേൽ ബസിറങ്ങാതെ നേരെ വിടും. സ്നേഹ സിഗ്നലെന്നോണം പ്രിയതമ ഒന്നല്ല സമീപത്തുള്ള നൂറ് ഓക്കു മരങ്ങളിൽ മഞ്ഞ ഛിഹ്നം കെട്ടി സ്വീകരണത്തിനൊരുങ്ങി. ഒരെണ്ണമായാൽ പ്രിയതമൻ വല്ല വിധേനെയും കാണാതെ പോയാലോയെന്ന പരിഭ്രമത്തിൽ. ആലാപന ശൈലിയും ആശയവും ശബ്ദവും മുട്ടി വിളിക്കുന്ന പ്രണയത്തിന് അവിസ്മരണീയതയേകി. ഈരടികൾ കേട്ട ജന കോടികളെ വീണ്ടു വിചാര മാംഗല്യത്തിലോട്ട് അടുപ്പിച്ചത്രേ. ലൈക്ക് നമസ്കാര കഥകളും പോപ്പുലറായി. അതിൽ ബഹുഭൂരിപക്ഷം പേരും ഡൈവോസികളായി പിരിഞ്ഞ വധൂവരന്മാരായിരുന്നു. പുനർ വിവാഹം നടത്തി നവ ദന്വതികളായെന്നത് മറ്റൊരു പുതുമ!

വിശുദ്ധൻെറ സാരോപദശം

പ്രേമം ഇച്ഛാ ചൈതന്യത്തിൻെറ ഛായാ ചിത്രമാണ്. വിവാഹത്തോടെ സ്നേഹീഷ്ടങ്ങൾ ചുടുചോര അടുപ്പമാകും.
പ്രണയിച്ചും അല്ലാതെയും വിവാഹത്തിൽ അടുത്തവർ ആജീവനാന്തം അല്ലലിലാതെ ഇണക്കിളികളായി ലോഹ്യത്തിൽ ജീവിക്കണം. ദിവ്യ സ്നേഹം അരക്കിട്ടുറപ്പിക്കാൻ ഉപാധികളും മുൻകരുതലായി നിർദ്ദശിച്ചിട്ടുണ്ട്. ഒറ്റമൂലികളായ പോംവഴികൾ. ഒന്നിച്ച് പ്രാർത്ഥന. കഴിവതും ഒരുമിച്ചിരുന്നു ഭക്ഷിക്കുക. മധുവിധു ഐക്യം ശാശ്വതമാകാൻ ഒരു പാത്രത്തിൽ നിന്നും ഉണ്ണുന്നതും നല്ല ശീലം. ആവശ്യങ്ങൾക്കു അന്യോന്യം മുറുമുറുപ്പില്ലാതെ സഹായിക്കണം. ശരീര നിലനിൽപിനായി അവയവങ്ങൾ അന്യോന്യം ശക്തി പകരും പോലെ.

ആരാദ്യം, അധികമെന്ന പിടിവാശി നന്നല്ല. എല്ലാ തിരക്കിനും സുല്ലു കൊടുത്ത് ഒരുമിച്ചുറങ്ങുക. സുഖനിദ്രക്കു മുന്നേ പതിനഞ്ചോ മുപ്പതോ മിനിട്ടു ഉള്ളു തുറന്നു സംസാരം അഭികാമ്യം. പകൽ സമയത്തൊപ്പിച്ച അഭിപ്രായ വ്യത്യാസങ്ങൾ അന്നന്നു തിരുത്തണമല്ലോ. ഇല്ലേൽ ഗുരുതരമായ സംശയ രോഗ അടയാളങ്ങൾ പഴകി കരിവാളിക്കും. ഇത്തരം ചെറിയ കാര്യങ്ങളിൽ മനസിരുത്തിയാൽ നിസംശയം കൂർക്കം വലിച്ചുറങ്ങാം. ദാന്വത്യത്തിൽ വിള്ളലുകളോ അലോഹ്യങ്ങളോ ഏഴയലക്കത്ത് വരില്ല. പങ്കാളിയോടുള്ള ബഹുമാനവും പെരുമാറ്റവും ശരാശരി തൃപ്തികരമായാൽ ദാന്വത്യം സ്വർഗ്ഗ ജീവിതം! സെയിൻറ് വാലൻറ്റൈൻ വണക്കം മാഹാത്മ്യമായി നിലനിൽക്കുന്നത് വെറുതെയല്ല. സ്വഭാവ ശുദ്ധിയുള്ളിടത്താണ് ബന്ധങ്ങൾ സുദൃഡമായി വേരുറക്കുന്നതും! അതും അനുരാഗ ഹറിബറിയിലെ സന്തുഷ്ട തർജ്ജമ രഹസ്യമാണ്. ഭാവനാ ശീലമുള്ളവർ സുചിന്തകരാകും. ആത്മ നിർവൃതിക്കിടം കൊടുത്ത് വാലൻററ്റൈസ് ഡേ മനസാ വാചകാ കർമ്മണാ അർത്ഥപൂർണ്ണമാക്കാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments