Friday, November 22, 2024

HomeFeaturesഭാരതം ലോകത്തെ നയിക്കുമ്പോള്‍

ഭാരതം ലോകത്തെ നയിക്കുമ്പോള്‍

spot_img
spot_img

പി ശ്രീകുമാര്‍

നരേന്ദ്ര മോദിയെ ഭരണാധികാരിയായി കിട്ടിയിരുന്നെങ്കില്‍ ഞങ്ങളുടെ പ്രശ്‌നങ്ങളെല്ലാം മാറുമായിരുന്നു എന്ന് പാക്കിസ്ഥാനിലെ യുവാവ് പറയുന്ന വീഡിയോദൃശ്യം വലിയ ചര്‍ച്ചാവിഷയമായത് സ്വാഭാവികമാണ്. പാക്കിസ്ഥാന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ഇപ്പോഴത്തെ ദുഃസ്ഥിതിയില്‍ മനംനൊന്ത യുവാവാണ് യൂട്യൂബറോട് ഇങ്ങനെ പ്രതികരിച്ചത്. ഞങ്ങള്‍ക്ക് ബേനസീര്‍ ഭൂട്ടോയേയും നവാസ് ഷെരീഫിനെയും ഇമ്രാന്‍ഖാനെയും പര്‍വേസ് മുഷറഫിനെയുമൊന്നും ആവശ്യമില്ലായിരുന്നുവെന്നും, പാക്കിസ്ഥാന്റെ എല്ലാ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ആവശ്യമെന്നും ഈ യുവാവ് പറയുമ്പോള്‍ അത് ഒരാളുടെ മാത്രം അഭിപ്രായമല്ല. പാക്കിസ്ഥാനിലെ ജനങ്ങളില്‍ വലിയൊരു വിഭാഗത്തിന്റെയും മനോഭാവം ഇതാണെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഉപഭൂഖണ്ഡത്തെ ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിക്കേണ്ടിയിരുന്നില്ലെന്നും, ഇത് സംഭവിക്കാതിരുന്നെങ്കില്‍ കുറഞ്ഞ വിലയ്ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കഴിയുമെന്നുമൊക്കെ ഒരു വ്യക്തിയാണ് പറയുന്നതെങ്കിലും അത് പാക്കിസ്ഥാനിലെ പൊതുവികാരമാണ്. അള്ളാഹു ഞങ്ങള്‍ക്ക് ഒരു ഇസ്ലാമിക രാജ്യം നല്‍കിയത് ഖേദകരമാണെന്നും, നല്ലവനായ മോദി തന്റെ ജനങ്ങളോട് എത്ര ആത്മാര്‍ത്ഥമായാണ് പെരുമാറുന്നതെന്നും, രാജ്യത്തെ ശരിയായി നയിച്ച് ലോകത്തെ അഞ്ചാമത് സാമ്പത്തികശക്തിയാക്കിക്കൊണ്ടിരിക്കുന്ന മോദിയുടെ കീഴില്‍ കഴിയാനാണ് ഞങ്ങളും ആഗ്രഹിക്കുന്നതെന്നും ഒരു പാക് പൗരന്‍ പറയുമ്പോള്‍ പല മിഥ്യകളും തകരുകയാണ്.
മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ഇന്ത്യയെക്കുറിച്ച് പറഞ്ഞതും ഇതിനോടു ചേര്‍ത്തുവായിക്കാവുന്നതാണ്. ലോകം വന്‍ പ്രതിസന്ധികളില്‍ നട്ടംതിരിയുമ്പോഴും ഇന്ത്യയ്ക്ക് അത്തരം വെല്ലുവിളികളെ നേരിട്ട് വിജയിക്കാന്‍ കഴിയുന്നുണ്ടെന്ന് ബില്‍ ഗേറ്റ്‌സ് തന്റെ ബ്ലോഗില്‍ കുറിച്ചത് പ്രധാനമന്ത്രി മോദിക്കുള്ള പ്രശംസയാണ്. ബില്‍ ഗേറ്റ്‌സ് ചൂണ്ടിക്കാട്ടുന്ന പല വെല്ലുവിളികളും ഇന്ത്യ അതിജീവിച്ചത് മോദിയുടെ ഭരണത്തിന്‍കീഴിലാണല്ലോ. ഇന്ത്യയുടെ മുന്നേറ്റത്തില്‍ അസൂയപൂണ്ട ചില വൈദേശികശക്തികള്‍ തെറ്റായ പ്രചാരണത്തിലൂടെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അതല്ല സത്യമെന്ന് ലോകത്തിന് തിരിച്ചറിയാനുള്ള സന്ദര്‍ഭമുണ്ടാവുന്നത് ഓരോ പൗരനും സന്തോഷകരമായ കാര്യമാണ്.

ബാലിയില്‍ ചേര്‍ന്ന ജി20 ഉച്ചകോടി അടുത്ത അധ്യക്ഷ പദവി ഭാരതത്തിനാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് മുഴുവന്‍ ലോകത്തെയും ഉള്‍ക്കൊള്ളുന്നതായിരിക്കും ഭാരതത്തിന്റെ അധ്യക്ഷപദവിയെന്നും, ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി എന്ന സങ്കല്‍പ്പത്തിലധിഷ്ഠിതമായി ജി20 കൂട്ടായ്മയെ നയിക്കുമെന്നും ആണ്. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി ആഗോളതലത്തില്‍ ‘ഇന്ത്യ ഫസ്റ്റ്’ എന്നൊരു നിലയിലേക്ക് സ്ഥിതിഗതികള്‍ പുരോഗമിക്കുന്നതിന്റെ നിരവധി ദൃശ്യങ്ങള്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. രാഷ്ട്രത്തിന് കിടയറ്റ ഒരു നേതൃത്വം ലഭ്യമായതോടെ ഭാരതീയ സംസ്‌കാരത്തിന്റെ പൗരാണിക മഹിമയും, കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെ ആധുനിക ലോകത്തിന്റെ പ്രശ്‌നപരിഹാരങ്ങള്‍ക്കായി നമുക്ക് മുന്നോട്ടുവയ്ക്കാനുള്ള പ്രതിവിധികളുമൊക്കെ ലോകമെമ്പാടും ചര്‍ച്ച ചെയ്യുകയാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും യുദ്ധങ്ങളുമൊക്കെ പ്രത്യക്ഷപ്പെടുമ്പോള്‍ ഭാരതം എന്തു പറയുന്നു, എന്തു നിലപാടെടുക്കുന്നു എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. റഷ്യഉെ്രെകന്‍ യുദ്ധത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുള്‍പ്പെടെ പല നേതാക്കളും പരസ്യമായി അഭിപ്രായപ്പെട്ടത് ഇതിന് തെളിവാണ്. ദേശീയതാല്‍പ്പര്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാതെ അയല്‍രാജ്യങ്ങളുമായി സഹകരിക്കാനും സമാധാനത്തിനുവേണ്ടി നിലകൊള്ളാനുമാണ് ഭാരതം ആഗ്രഹിക്കുന്നത്. കാപട്യമോ ഇരട്ടത്താപ്പോ ഇല്ലാതെ ഇക്കാര്യം വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി മോദിക്കും കഴിയുന്നു. കരുത്തുറ്റ നേതാവാണ് മോദി എന്ന പ്രശംസകള്‍ കേള്‍ക്കാത്ത, ഭാരതം പങ്കെടുക്കുന്ന രാജ്യാന്തര വേദികള്‍ ഇല്ലെന്നുതന്നെ പറയാം. പ്രധാനമന്ത്രി മോദിയുമായി സൗഹൃദം സ്ഥാപിക്കാനും ഭാരതവുമായി സഹകരിക്കാനും ലോകരാജ്യങ്ങള്‍ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്.
ഇന്ന്, ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥ ലോകത്തെ മുന്‍നിര സമ്പദ് വ്യവസ്ഥകളിലൊന്നായി ഉയര്‍ന്നുവരുന്നു. ഭാരതീയ ശാശ്വത മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് ലോകം അംഗീകരിക്കുകയാണ്. ‘വസുധൈവ കുടുംബകം’ എന്ന ആശയത്തെ അടിസ്ഥാനമാക്കി ലോക സമാധാനവും സാര്‍വത്രിക സാഹോദര്യവും മനുഷ്യ ക്ഷേമവും ഉറപ്പാക്കുന്ന ദൗത്യപൂര്‍ത്തീകരണത്തിലേക്കാണ് ഭാരതം നീങ്ങുന്നത്. സുസംഘടിതവും മഹത്വപൂര്‍ണവും സമൃദ്ധവുമായ രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍, സമാജത്തിലെ എല്ലാ വിഭാഗങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങളുടെ പൂര്‍ത്തീകരണം, സമഗ്ര വികസനത്തിനുള്ള അവസരങ്ങള്‍, സാങ്കേതികവിദ്യയുടെ വിവേകപൂര്‍വമായ ഉപയോഗം, പരിസ്ഥിതിസൗഹൃദ വികസനം, ആധുനികവത്കരണം, എന്നീ വെല്ലുവിളികളെ ഭാരതീയ സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ പുതിയ മാതൃകകള്‍ കെട്ടിപ്പടുത്തുകൊണ്ട് അതിജീവിക്കേണ്ടതുണ്ട്.

അനേകം രാജ്യങ്ങള്‍ ഭാരതത്തോട് ആദരവും സദ്ഭാവവും പുലര്‍ത്തുമ്പോള്‍ തന്നെ ലോകത്തിലെ ചില ശക്തികള്‍ തനിമയിലൂന്നിയ ഭാരതത്തിന്റെ പുനരുത്ഥാനത്തെ അംഗീകരിക്കുന്നില്ല എന്ന വസ്തുതയും കാണാതിരുന്നുകൂടാ. രാജ്യത്തിനകത്തും പുറത്തുമുള്ള രാജ്യവിരുദ്ധ ശക്തികള്‍ സമൂഹത്തില്‍ അവിശ്വാസവും അരാജകത്വവും രാജ്യത്തിന്റെ സംവിധാനങ്ങളോട് അവമതിപ്പും അരാജകത്വവും സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനകള്‍ ആവിഷ്‌കരിക്കുന്നു. രാജ്യത്തായിരിക്കുമ്പോള്‍ പാര്‍ലമെന്റിനകത്തും പുറത്തും നിരുത്തരവാദപരവും വിദ്വേഷപൂര്‍ണവും വസ്തുതാവിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തുന്ന കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ വിദേശരാജ്യത്തു ചെന്നും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തുകയാണ്. പാര്‍ലമെന്റംഗമെന്ന നിലയ്ക്ക് രാജ്യത്തിന്റെ അന്തസ്സും ഉത്തമതാല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ഈ നേതാവ് ഇന്ത്യയിലെ വിഘടനവാദികളുടെയും വിധ്വംസക ശക്തികളുടെയും, ആയുധവും പണവും നല്‍കി അവരെ തന്ത്രപരമായി സഹായിച്ചുകൊണ്ടിരുന്ന വിദേശ ശക്തികളുടെയും ഭാഷയിലാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനയെയും പാര്‍ലമെന്റിനെയും ജുഡീഷ്യറിയെയുമൊക്കെ അപകര്‍ത്തിപ്പെടുത്തി ആനന്ദിക്കുന്ന രാഹുല്‍ വളരെ വ്യക്തമായിത്തന്നെ ഇന്ത്യാവിരുദ്ധ ശക്തികളുടെ കൈകളില്‍ കിടന്നു കളിക്കുകയാണ്. ബിബിസി പോലുള്ള വിദേശമാധ്യമങ്ങളും ഇന്ത്യയുടെ ഔന്നിത്യത്തില്‍ കുശുമ്പുള്ളവരായി മാറിയിരിക്കുന്നു. ഇവയെ ജാഗ്രതയോടെ കാണുകയും അവരുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുകയും വേണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments