ലിന്‍സി ഫിലിപ്‌സ്
പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ കൈക്കരുത്തില്‍ പൊതുവഴി കെട്ടിയടച്ച് സമ്മേളനങ്ങളും സമരങ്ങളും നടത്തുമ്പോള്‍ അവര്‍ക്കു പിന്തുണയുമായി ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ ഒന്നടങ്കം രംഗത്തു വരുന്നത് ഒരുവശത്ത്. മറുവശത്ത് പെരുമഴയത്ത് നനയാതിരിക്കാനായി സെക്രട്ടറേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ ഒരു ടാര്‍പോളിന്‍ അല്പ സമയത്തേയ്ക്ക് വലിച്ചുകെട്ടിയപ്പോള്‍ അത് അഴിച്ചുമാറ്റാനായി ഓടിയെത്തിയത് കേരളാ പോലീസ്. സെക്രട്ടേറിയറ്റിന് ഒരു കിലോമീറ്റര്‍ മാത്രം അകലെ വഞ്ചിയൂരില്‍ ഭരണ കക്ഷിയുടെ പൊതുസമ്മേളനം വഴിയടച്ചു ആഘോഷപൂര്‍വം നടത്തിയപ്പോള്‍ കേരളാ പോലീസ് കാഴ്ച്ചക്കാരായി നിന്നു .വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷനു വിളിപ്പാടകലെയായിരുന്നു ഇത്തരത്തില്‍ നിയമം ലംഘിച്ച് പൊതു സമ്മേളനം നടന്നത്. ഭരിക്കുന്നവര്‍ക്കും അവരുടെ സംഘടനകള്‍ക്കും നിയമങ്ങളൊന്നും ബാധകമല്ലേയെന്ന ചോദ്യമായിരുന്നു ഇവിടെ ഉയര്‍ന്നത്. സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാവര്‍ക്കര്‍മാരായ സ്ത്രീകള്‍ പെരുമഴ നനയാതിരിക്കാനായി ഒരു ടാര്‍പ്പോളിന്‍ വലിച്ചുകെട്ടിയപ്പോള്‍ ഒരു പട പോലീസ് എത്തിയാണ് അഴിച്ചു മാറ്റിയത്. സമ്മേളനത്തോടും സമരത്തോടുമുളള അധികാരികളുടെ മനോഭാവമാണ് ഈ രണ്ടു സംഭവങ്ങളും വ്യക്തമാക്കുന്നത്.
കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്കുന്ന ഒരു സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ ഒരു തൊഴിലാളി സമരത്തെ ഏതുരീതിയിലാണ് നേരിടുന്നതെന്നു ഒരു മാസത്തിലധികമായി കേരളം കണ്ടുകൊണ്ടിരിക്കയാണ്. ഇടതു മുന്നണി പ്രകടന പത്രികയില്‍ നല്കിയ വാഗ്ദാനമായിരുന്നു ആംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയം 21000 രൂപയാക്കുമെന്നുള്ളത്. അതേ ആവശ്യം ഉന്നയിച്ചാണ് ഒന്നരമാസത്തിലധികമായി മഴയും വെയിലുമെല്ലാമേറ്റ് ഒരു വിഭാഗം സാധു സ്ത്രീകള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്നത്. ഇവരുടെ സമരത്തെ സമൂഹത്തിലെ നാനാ തുറകളില്‍ നിന്നുള്ളവര്‍ പിന്തുണയ്ക്കുമ്പോള്‍ ഭരണത്തിനു ചുക്കാന്‍ പിടിക്കുന്ന കക്ഷിയുടെ പല നേതാക്കളും പരോക്ഷമായി പരിഹസിക്കുകയായിരുന്നു. പേരിനു കുറച്ചു പേര്‍ മാത്രമാണ് സമരം നടത്തുന്നതെന്നായിരുന്നു സംസ്ഥാനത്തെ ഭരണ നേതൃത്വത്തിന്റെ നിലപാട്.
സമരമുഖത്ത് അഭിവാദ്യം അര്‍പ്പിക്കാനെത്തിയ ബിജെപി നേതൃത്വവും കേന്ദ്ര മന്ത്രിമാരും ഓര്‍ക്കേണ്ട കാര്യമുണ്ട്. സംസ്ഥാനത്തെപ്പോലെ തന്നെ തുല്യ ഉത്തരവാദിത്വമുണ്ട് ആംഗന്‍വാടി ജീവനക്കാരുടെ കാര്യത്തില്‍ കേന്ദ്രത്തിനും . കേന്ദ്രം ഇന്‍സെന്റീവ് വര്‍ധിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടാല്‍ അതും ആശാ വര്‍ക്കര്‍മാര്‍ക്ക് സഹായകരമാണ്. എന്നാല്‍ അവര്‍ ചെയ്യുന്നത് ആശാ വര്‍ക്കര്‍മാര്‍ സമരം ചെയ്യുന്ന പന്തലിലെത്തി അഭിവാദ്യം അര്‍പ്പിക്കല്‍ മാത്രം. ഇനിയെങ്കിലും ഈ നേതാക്കള്‍ സമരത്തിനു പ്രഖ്യാപിച്ച പിന്തുണ ആത്മാര്‍ഥമെങ്കില്‍ ആശാവര്‍ക്കര്‍മാരുടെ കേന്ദ്രം നല്കുന്ന ഇന്‍സെന്റീവ് വര്‍ധിപ്പിക്കാന്‍ നടപടി കൈക്കൊള്ളണം. അതിനാല്‍ സംസ്ഥാനത്തു നിന്നുള്ള രണ്ടു കേന്ദ്രമന്ത്രിമാരും ശക്തമായ ഇടപെടല്‍ തന്നെ നടത്തണം. വാചക കസര്‍ത്തുകൊണ്ട് മാത്രം സമരനായകര്‍ക്ക് പിന്തുണ നല്കിയിട്ടു കാര്യമില്ല.
സെക്രട്ടറിയേറ്റ് പടിക്കലെ ആശ വര്‍ക്കര്‍മാരുടെ സമരം 48 ദിവസം പിന്നിടുമ്പോള്‍ സമരാവേശം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. സമരം ഏറ്റെടുത്ത് വിവിധ ജില്ലകളില്‍ പരിപാടികള്‍ നടന്നു. ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യാതെ സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ പ്രതിഷേധം കൂടുതല്‍ ശക്തമാവുകയാണ്. തലസ്ഥാനത്തെ സമരവേദിയിലെപ്പോലെ ജില്ലകളിലും പിന്തുണ ലഭിക്കുന്നത് സമരത്തിന്റെ ന്യായയുക്തത പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു എന്നതിന്റെ തെളിവാണ്. ജോലിയിലും ജീവിതത്തില്‍ തന്നെയും കടുത്ത പ്രതിസന്ധി നേരിടുമ്പോഴും അവകാശ പോരാട്ടത്തില്‍ ഉറച്ചു നില്‍ക്കുന്ന സ്ത്രീകള്‍ കേരളത്തില്‍ സാമൂഹ്യമുറ്റത്തിന്റെ പുതിയ ചരിത്രം എഴുതുകയാണെന്നു ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി കെ സദാനന്ദന്‍ പറഞ്ഞു.
തലസ്ഥാനത്തെ സമരവേദിയില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മുന്‍ കേന്ദ്ര മന്ത്രി പി.സി തോമസ്,എം.പി ജെബി മേത്തര്‍ , മുന്‍ ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍, മുന്‍ എം എല്‍ എമാരായ കെ.പി ധനപാലന്‍, വര്‍ക്കല കഹാര്‍, ശരത് ചന്ദ്രപ്രസാദ്, സിനിമ സീരിയല്‍ അഭിനേത്രി പ്രിയങ്ക എന്നിവരെത്തി പിന്തുണ അറിയിച്ചു.
അതിജീവനത്തിനായി പൊരുതുന്ന ആശാവര്‍ക്കര്‍മാര്‍ അടുത്തഘട്ടമായി നടത്തുന്ന മുടിമുറിക്കല്‍ സമരം തിങ്കളാഴ്ച നടക്കും. സ്ത്രീ തൊഴിലാളികളുടെ അവകാശ പോരാട്ടം എന്ന നിലയില്‍ അന്തര്‍ദേശീയ ശ്രദ്ധ ആകര്‍ഷിച്ച ആശസമരത്തെ മുടി മുറിക്കല്‍ സമരം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കും. 154 ലോകരാജ്യങ്ങളിലെ 700 തൊഴിലാളി സംഘടനകള്‍ അംഗമായുള്ള ആഗോള തൊഴിലാളി ഫെഡറേഷന്‍ പബ്ലിക് സര്‍വീസ് ഇന്റര്‍നാഷണല്‍ (പി സി ഐ) സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. മുടി മുറിക്കല്‍ സമരത്തോടെ ആഗോളതലത്തില്‍ സമരത്തിന് പിന്തുണയേറുമെന്നാണ് സമരക്കാരുടെ പ്രതീക്ഷ.