തച്ചാറ
കണിച്ചുകുളങ്ങര ക്ഷേത്ര മൈതാനത്തു ഗംഭീര വെടിക്കെട്ട്.ജനങ്ങൾ വലിയ ആവേശത്തിലാണ്.ടോമിച്ചൻ പറഞ്ഞത് ചോര കണ്ടാൽ ആണ് ദേവി പ്രസാദിക്കുന്നതെന്നു.വെടിക്കെട്ടിൽ ആരെങ്കിലും രക്തത്തിൽ കുളിക്കുകയോ ,മരിക്കുകയോ ചെയ്യുമത്രേ.പെട്ടന്ന് ഒരു വാണം ദിശ തെറ്റി തന്റെ നേർക്കു വരികമാത്രമല്ല ;തന്റെ പേര് പറഞ്ഞുകൊണ്ട് പൊട്ടി തെറിക്കുകയും ചെയ്തു.
“മത്തച്ചാ” ഞെട്ടി ഉണർന്നപ്പോൾ ലിസി കലിപ്പിലാണ്. “പോത്തുപോലെ കിടന്നുറങ്ങാതെ ധ്യാനത്തിന് പോകുന്നുണ്ടോ?”. അതൊരു ചോദ്യമല്ല; താക്കീതാണ്. ലിസി ജോലിക്ക് പോകുവാൻ ഒരുങ്ങുകയാണ് . അമേരിക്കയിൽ നേഴ്സുമാർക്ക് ജോലിയാണല്ലോ പ്രധാനം. “ഏകദിന ധ്യാനമാണ് നേരത്തെ തുടങ്ങും”.
” ഭാര്യ ഭർത്താക്കന്മാർ ഒരുമിച്ചു പോയാലേ ധ്യാനത്തിന്റെ ഗുണം കിട്ടു”. അവൻ വെറുതെ പറഞ്ഞു നോക്കി.
” അതെന്താ ഒറ്റയ്ക്ക് പോയാൽ വേറെ ചെവി കൊണ്ടാണോ കേൾക്കുന്നത്?”. അതിൽ തമാശയുണ്ടെങ്കിലും തമാശയുടെ ഗണത്തിൽ അവൾ അത് പെടുത്തിയില്ല. “തുമ്പിയെ കല്ലെടുപ്പിക്കുന്നതുപോലെ ആർകെങ്കിലും നന്നാക്കാൻ പറ്റില്ല”.
” നന്നാകണമെന്നു മനസ്സിൽ ആഗ്രഹം വേണം”. അവൾ പറഞ്ഞു . അത് കേട്ടപ്പോൾ അവൻ എഴുന്നേറ്റിരുന്നു. ഒരു കലാപത്തിന് അവൻ വളം വെച്ചില്ല . ധ്യാനിയെ പോലെ ഇരുന്നിട്ട് ധ്യാനത്തിന് ഉള്ള ഒരുക്കങ്ങൾ തുടങ്ങി.
അപ്നാ സെന്ററിൽ ആണ് ധ്യാനം. ഇടവക ജനങ്ങളിൽ നിന്ന് ഇതിനുവേണ്ടി പണം പിരിച്ചു. പക്ഷേ അച്ഛൻറെ ഒത്താശയോടെ കൈക്കാരികൾ ഉൾപ്പെടെ ചിലർ അത് പ്രൈവറ്റ് പ്രോപ്പർട്ടിയാക്കി . ആനച്ചാലിൽ അച്ഛനാണ് ധ്യാന ഗുരു. ധ്യാനത്തിന് പോകുമ്പോൾ ഒരു ബൈബിൾ കൂടി കരുതി. എല്ലാ പ്രാവശ്യവും ബൈബിൾ എടുക്കണമെന്ന് ചിന്തിക്കുമെങ്കിലും സമയമാകുമ്പോൾ മറക്കുകയാണ് പതിവ്.
ധ്യാനം തുടങ്ങിയപ്പോഴാണ് ബൈബിൾ വണ്ടിയിൽ വിശ്രമിക്കുകയാണെന്ന് അയാൾ ഓർത്തത്. അപ്പോഴേക്കും ധ്യാനം അതിൻറെ മുറ പോലെ കത്തിയെരിയുകയായിരുന്നു. അതുകൊണ്ട് ബൈബിൾ വണ്ടിയിൽ നിന്ന് എടുക്കുന്നത് തൽക്കാലം ഉപേക്ഷിച്ചു. ഉച്ചകഴിഞ്ഞപ്പോഴേക്കും ദൈവ സ്തുതികൾ മറുഭാഷയിലും അല്ലാതെയും ഉച്ചസ്ഥായിയിൽ എത്തി. കണ്ണുകൾ അടച്ച ധ്യാനം അതിൻറെ പാരമ്യത്തിൽ എത്തിയപ്പോൾ,
” എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്”. തൻറെ പ്രാർത്ഥനയിൽ കല്ലുകടി ഉണ്ടാക്കുന്ന ശബ്ദങ്ങൾ ആരുടേതാണ്?. മത്തച്ഛൻ ഒരു കണ്ണ് തുറന്നു നോക്കി. ഒരു ദൃഢഗാത്രൻ മൈക്ക് പഠിച്ചു കൊണ്ട് സ്റ്റേജിൽ നിൽക്കുന്നു.
” എൻറെ പേര് ഡോമിനിക്ക്”. അയാൾ സ്വയം പരിചയപ്പെടുത്തി. പ്രാർത്ഥനാനിരതയായി ധ്യാനം നയിച്ചുകൊണ്ടിരുന്ന സിസ്റ്റർ ട്രീസയുടെ ശ്രദ്ധ നഷ്ടമായി. പ്രാർത്ഥനക്കും ഗാനങ്ങൾക്കും രാഗ താളങ്ങൾ പകർന്ന ഹാർമോണിസ്റ്റിന്റെ വിരലുകൾ നിശ്ചലമായി.
” ഞാൻ അല്പം മദ്യപിച്ചിട്ടുണ്ട്”. അയാൾ കൂടുതൽ മദ്യപിച്ചിട്ടുണ്ടെന്ന് മത്തച്ഛന് മനസ്സിലായി.
“എല്ലാം തുറന്നു പറയാൻ അത് ആവശ്യമാണെന്ന് എനിക്ക് തോന്നി”. അയാൾക്ക് മാർഗ്ഗ തടസ്സം സൃഷ്ടിക്കാൻ വന്ന ചെറുപ്പക്കാരെ തൃണവൽക്കരിച്ചുകൊണ്ട് അയാൾ തുടർന്നു. “നിങ്ങൾ വിചാരിക്കുന്നത് പോലെ ഒന്നുമല്ല കാര്യങ്ങൾ. ഈ അച്ഛന്മാർ എല്ലാം വ്യഭിചാരികളാണ്”. അയാൾ തല ഒന്ന് ചുറ്റിച്ചു.” ഞാൻ പറഞ്ഞു തരാം”. അപ്പോഴേക്കും അയാളുടെ കാലുകൾ നിലത്ത് ഉറക്കാതെയായി.” ഞാൻ പറഞ്ഞു തരാം”. അയാളുടെ തല കുനിഞ്ഞു. അവ്യക്തമായി എന്തോ പിറുപിറുത്തു. ചെറുപ്പക്കാർ ആ തക്കത്തിന് അയാളുമായി അന്തർധാനം ചെയ്തു. ധ്യാനം തുടർന്നു.
വൈകിട്ട് കാപ്പിക്കുള്ള ഇടവേളയിൽ പുറത്തിറങ്ങുമ്പോൾ മത്തച്ഛൻ കണ്ടത് അയാൾ പുറത്ത് വായിൽ നിന്ന് ചോര ഒലിപ്പിച്ച് നിൽക്കുന്നു . ചിലരൊക്കെ അപ്പോഴും അയാളെ ഉപദ്രവിക്കുന്നുണ്ട്. മത്തച്ചൻ ചുറ്റും നോക്കി. ആളുകൾ ഏറെ ഉണ്ടെങ്കിലും മത്തച്ഛന് അവരെല്ലാം അപരിചിതരാണെന്ന് തോന്നി. അടുത്തുനിന്ന് ഏതോ ഒരാളോട് ചോദിച്ചു:-
” അച്ഛന് പറയാൻ മേലെ വെറുതെ അയാളെ ദ്രോഹിക്കരുതെന്ന്?”
” അച്ഛന് നേരെ തട്ടി കയറിയാൽ അച്ഛൻ എന്താ ചെയ്യുക” അയാളുടെ മറുപടി തൃപ്തികരമായി തോന്നിയില്ല.
മത്തച്ഛൻ തന്റെ കാറെടുത്ത് അയാൾ നിന്ന ഭാഗത്തേക്ക് ചെന്നു. അയാളെ കൈ കാട്ടി വിളിച്ചു. അയാൾക്ക് മുന്നേ ചിലർ ഓടിവന്ന് “അയാളെ കൊണ്ടുപോകരുത്”, ആളില്ലാത്ത സ്ഥലത്തു ചെല്ലുമ്പോൾ നിന്നെക്കൊന്ന് വണ്ടി എടുത്തു കൊണ്ട് പോകും” എന്ന് ഉപദേശിച്ചു. അയാൾ അടുത്തെത്തിയപ്പോൾ,”
വണ്ടിയിൽ കയറു .. ഞാൻ തന്നെ വീട്ടിൽ കൊണ്ട് ആക്കാം”.
“എന്നെ കൊണ്ടുപോകാൻ എൻറെ ഭാര്യ വരും”. എന്ന് പറഞ്ഞെങ്കിലും ഉടനെ കാറിൽ കയറി. മത്തച്ഛൻ അയാളെയും കൊണ്ട് അവിടുന്ന് പോയി. അവിടെ നിന്ന് കുറച്ചു പോയിട്ട്.
” ഇനി ഭാര്യയോട് വരണ്ടെന്ന് പറ”.: ഭാര്യ വരുമെന്ന് ഞാൻ വെറുതെ പറഞ്ഞതാ”. അയാൾ പറഞ്ഞ വഴി മത്തച്ഛൻ വണ്ടിയോടിച്ചു.
അവർ തമ്മിൽ യാത്രയിൽ കൂടുതൽ പരിചയപ്പെട്ടു. താൻ അന്നോളം പോയിട്ടില്ലാത്ത വഴികളിലൂടെ വാഹനം അയാളുടെ കുടിലിനു മുന്നിൽ എത്തി. അപ്പോഴേക്കും അവർ തമ്മിലുള്ള സൗഹൃദം വളർന്നിരുന്നു. ഇനി ഒരിക്കലും കാണുവാൻ സാധ്യതയില്ല എന്നറിയുമ്പോഴും,
” ഇന്നു സമയമില്ല പിന്നീട് കാണാം “എന്നു പറഞ്ഞു പിരിഞ്ഞു.