നൈനാൻ മാത്തുള്ള
അമേരിക്കൻ മലയാളികൾ രാഷ്ട്രീയമായി ജനശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്- രാഷ്ട്രീയമായ പ്രബുദ്ധതയിൽ ഇവിടെയുള്ള ജനസംഖ്യാനിരക്കു താരതമ്യം ചെയ്യുമ്പാൾ മലയാളികൾ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ്. ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടാൻ സാദ്ധ്യത വളരെ കുറവാണ് എന്ന് പണ്ഡിറ്റുകൾ വിധിയെഴുതാം. എന്നാൽ കണക്കുകൂട്ടലുകളൊക്കെ തകിടം മറിച്ചുകൊണ്ട് മലയാളികൾ ഇലക്ഷൻ ഗോദയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതാണ് അടുത്ത കാലത്ത് ജനശ്രദ്ധ പിടിച്ചുപറ്റിയത്.
ഇതിനു കാരണം നമ്മുടെ കൂട്ടായ പ്രവർത്തനമാണ് എന്നതിൽ സംശയമില്ല. സാസ്‌കാരിക സംഘടനകളിലെ (FOMAA, FOKANA) ഐക്യമത്യമില്ലായ്മയെ രാഷ്ട്രീയമായി നാം നേരിട്ടു എന്നു പറയാം. കൂട്ടായ പ്രവർത്തനം കൊണ്ട് നമുക്ക് ഇതിലും വലിയ മാനങ്ങളിൽ എത്താൻ കഴിയുമെന്നതാണ് യാഥാർത്ഥ്യം. മലയാളികളുടെ വോട്ടുകൊണ്ടുമാത്രം ജയിക്കാൻ കഴിയുകയില്ലെങ്കിലും വിധി നിർണ്ണയിക്കുന്ന Casting Vote അല്ലെങ്കിൽ നിർണ്ണായകമായ Swing Vote ആയി മാറാൻ നമുക്കു കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. അത് കൂട്ടായ പ്രവർത്തനം കൊണ്ടുണ്ടായതാണ്.
വീണ്ടും അത് ഒന്നുകൂടി പരീക്ഷിക്കാനുള്ള ഒരു അവസരം ഗ്രേറ്റർ ഹൂസ്റ്റണിലെ സ്റ്റാഫോർഡ് സിറ്റി കൗൺസിൽ മത്സരത്തിൽ നടക്കുകയാണ്. ഈ പ്രാവശ്യം രണ്ടുപേരാണ് സ്റ്റാഫോർഡ് സിറ്റി കൗൺസിലേക്ക് മത്സരിക്കുന്നത് Mr. Ken Mathew മേയറായിട്ടും Dr. Mathew Viramon കൗൺസിൽ മെമ്പറായിട്ടും നമ്മുടെ കൂട്ടായ പ്രവർത്തനം കെണ്ട് രണ്ടുപേരെയും നമുക്ക് വിജയിപ്പിക്കാൻ സാധിക്കും.
രണ്ടുപേരും ഹൂസ്റ്റൺ മലയാളികൾക്ക് സുപരിചിതരും തങ്ങളുടേതായ പ്രവർത്തനം കൊണ്ട് സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരുമാണ്. അതുകൊണ്ടുതന്നെ അവരെ ഇവിടെ പരിചയപ്പെടുത്തേണ്ടിയ ആവശ്യമില്ല. കൂടാതെ അവരുടെ യോഗ്യതകൾ വിവരിച്ച് മൂന്നു വാർത്താക്കുറിപ്പുകൾ Nerkazhcha & Emalayalee.com – ൽ അടുത്ത സമയത്ത് വന്നിരുന്നു.
ഈ ലേഖകന് പറയാനുള്ളത് എങ്ങനെ അമേരിക്കൻ മലയാളികൾക്ക് രാഷ്ട്രീയ രംഗത്ത് പ്രബുദ്ധത കാണിക്കാനും, കൂട്ടായി പ്രവർത്തിക്കാനും കൂടുതൽ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനും കഴിയും എന്നുള്ളതാണ്. നാം ദിവസവും നടക്കാൻ പോകുമ്പോൾ (ദിവസവുമുള്ള നടത്തം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.) നമ്മുടെ സമീപവാസികളായ എത്രയോ പേരെ ദിവസവും കണ്ടുമുട്ടുന്നു. അവരെ നോക്കി നമുക്ക് ഒന്നു ചിരിച്ചുകൂടെ? ഹായ് എന്നു പറഞ്ഞുകൂടെ? അവരിൽ മിക്കവർക്കും വോട്ടവകാശം ഉള്ളവരായിരിക്കും.
ഒരു ചിരി മതിയാകും ഇന്ത്യൻ വംശജന് ഒരു വോട്ടു കൂടി കിട്ടാൻ. സാധരണ നാം നടക്കാനിറങ്ങുമ്പോൾ സമീപവാസികളായ മറ്റു വർഗ്ഗക്കാരെ കണ്ടാൽ കണ്ടില്ല എന്ന ഭാവം നടിച്ച് കടന്നുപോകും. ഇന്ത്യക്കാർ മനുഷ്യത്വമില്ലാത്തവരാണെന്ന് ചിലരെങ്കിലും ചിന്തിക്കാൻ മതി. എന്നാൽ വെള്ളക്കാർ നമ്മെ കണ്ടാൽ അഭിവാദ്യം ചെയ്യുകയും പുഞ്ചിരിക്കുകയും പതിവാണ്. നമ്മുടെ സാന്നിദ്ധ്യം അ്‌വർ സ്വാഗതം ചെയ്യുന്നതായി വാക്കാലല്ലെങ്കിലും പ്രകടിപ്പിക്കുന്നു.
നമ്മുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ നമുക്കു ചെയ്യാവുന്ന മറ്റൊരു കാര്യം ഇലക്ഷൻ അടുക്കുമ്പോൾ നമ്മുടെ സ്ഥാനാർത്ഥികൾക്കായി സമീപവാസികളോട് അവരെ വഴിയിൽ കാണുമ്പോൾ വോട്ടു ചോദിക്കുക എന്നതാണ്. നമ്മുടെ സമീപവാസികളായ പത്തുപേരെയെങ്കിലും ഓരോ മലയാളിക്കും സ്വാധീനിക്കാൻ കഴിയില്ലേ? ആ പത്തുപേരും നമ്മുടെ സ്ഥാനാർത്ഥിക്ക് അനുകൂലമായി അവരുടെ കുടുംബങ്ങളിൽ സംസാരിക്കും. അവർ മറ്റു പലരോടും നമ്മുടെ സ്ഥാനാർത്ഥി അദ്ദേഹത്തിന്റെ സ്‌നേഹിതന്റെ സ്‌നേഹിതനാണെന്നു പറയും. അവർ ചിന്തിക്കാം-എപ്പോഴാണ് ഒരു മേയറുടെയോ, ജഡ്ജിന്റേയോ, കൗൺസിമാന്റെയോ ആവശ്യം വരുന്നതെന്നു പറയാൻ കഴിയില്ല.
വോട്ടു ചെയ്യുന്നതോ, പരിചയത്തിലിരിക്കുന്നതോ എനിക്കു നല്ലതു തന്നെ. സാധാരണയായി ഇവിടെ നാം വോട്ടുചെയ്യാൻ പോകുമ്പോൾ ബാലറ്റ് പേപ്പറിലുള്ള മിക്ക സ്ഥാനർത്ഥികളും നമുക്ക് പരിചയമില്ലാത്തവരും കണ്ടിട്ടില്ലാത്തവരുമാണ്. ആർക്കു വോട്ടു ചെയ്യണമെന്നത് മിക്കവരെയും കുഴക്കുന്ന പ്രശ്‌നമാണ്. സ്ഥാനാർത്ഥി എന്റെ സ്‌നേഹിതനു പരിചയമുള്ള വ്യക്തിയാണെങ്കിൽ വോട്ടു ചെയ്യാൻ അതുമതി. നമ്മുടെ സ്ഥാനാർത്ഥികൾക്കു ചെയ്യാവുന്ന ഒരു കാര്യം സമൂഹത്തിൽ സ്വാധീനമുള്ള മറ്റു വർഗ്ഗക്കാരുടെയും ഭാഷക്കാരുടെയും രാഷ്ട്രീയ സംഘടനകൾ ഉണ്ടെങ്കിൽ അവരുടെ endorsement ന് ശ്രമിക്കുക എന്നതാണ്.
അവർ അവരുടെ അംഗങ്ങൾക്കുവേണ്ടി സ്ഥാനാർത്ഥികളെ നിർദേശിച്ച് കാർഡ് തയ്യാറാക്കുമ്പോൾ നമ്മുടെ സ്ഥാനാർത്ഥിയുടെ പേരും അതിൽ ഉൾപ്പെടുത്തും. പലരും ഇങ്ങനെയുള്ള കാർഡുകളാണ് വോട്ടുചെയ്യാൻ ഉപയോഗിക്കുന്നത്. സ്ഥാനാർത്ഥികൾ പൊതുജനസേവനത്തിൽ താല്പര്യമുള്ളവർ ആയിരിക്കണമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല.
വരുന്ന ഓരോ ഇലക്ഷനിലും നമുക്ക് കൂടുതൽ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ കഴിയട്ടെ എന്ന് ആശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. Mr. Ken Mathew നും Dr. Mathew Vairamon നും എല്ലാവിധ വിജയ ആശംസകളും നേരുന്നു. നമുക്ക് അവർക്കുവേണ്ടി കൂട്ടായി പ്രവർത്തിക്കാനും വോട്ടു ചെയ്യാനും കഴിയട്ടെ!
P.S. Early Voting: 24-29 May 1-2, 8:00 AM to 5:00 PM, Election Day: May 6th