മുപ്പത് നോമ്പുകള്‍ പിന്നിട്ട് പരിശുദ്ധ റമസാന് പരിസമാപ്തി. കൊടും വേനലിനെയും കടുത്ത ചൂടിനെയും തരണം ചെയ്ത് ശരീരത്തെയും ആത്മാവിനെയും വിശുദ്ധമാക്കിയാണ് ഓരോ വിശ്വാസിയും റമസാന്‍ പൂര്‍ത്തിയാക്കുന്നത്. റമസാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് പള്ളികള്‍ മനമുരുകിയുള്ള പ്രാര്‍ഥനകള്‍ക്ക് സാക്ഷിയാകും. ഇന്നത്തേത് അടക്കം 5 വെള്ളിയാഴ്ചകള്‍ ലഭിച്ചു എന്നതു വിശ്വാസികള്‍ക്ക് സന്തോഷകരമാണ്.
മനസ്സിനെയും ശരീരത്തെയും വ്രതശുദ്ധി കൊണ്ട് പവിത്രമാക്കിയ ആത്മീയ നിര്‍വൃതിയില്‍ വിശ്വാസികള്‍ക്ക് നാളെ പെരുന്നാള്‍ സന്തോഷം. സക്കാത്ത്, ഫിത്‌റ് സക്കാത്ത് വിതരണം പൂര്‍ത്തിയാക്കി റമസാന്‍ വിട പറയുമ്പോള്‍ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളും വിശ്വാസികള്‍ തുടങ്ങിക്കഴിഞ്ഞു.

ഈദുല്‍ ഫിത്‌റിനോടനുബന്ധിച്ചു നല്‍കേണ്ട നിര്‍ബന്ധ ദാനമാണ് ഫിത്ര്‍ സക്കാത്ത്.
റംസാനിലെ അവസാന പകലില്‍ സൂര്യസ്തമയത്തോടെ ഇത് ധാന്യമായോ പണമായോ പാവപ്പെട്ടവര്‍ക്കു നല്‍കും. റംസാന്‍ മാസത്തെ പുണ്യ നിമിഷങ്ങള്‍ പകര്‍ന്നു നല്‍കിയ ആത്മസംതൃപ്തിയിലും ആത്മീയ വിശുദ്ധി കൈവിടാതെയും വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും
വ്രതശുദ്ധി നിറഞ്ഞ കാലത്തിന് പരിസമാപ്തിയായി പുലര്‍ച്ചെ തന്നെ കുളിച്ചൊരുങ്ങി പുതു വസ്ത്രങ്ങളണിഞ്ഞ് ഈരാറ്റുപേട്ടയിലെ ജുമ മസ്ജിദുകളിലും ഈദ്ഗാഹുകളിലുമായി നമസ്‌കാരത്തിനായി വിശ്വാസികളെത്തും.
നമസ്‌കാരത്തിനും ഇമാമുമാരുടെ ഖുത്തുബ (പ്രസംഗം)യ്ക്കും ശേഷം പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനം നല്‍കിയും സ്നേഹം പങ്കുവച്ചും ബന്ധു വീടുകള്‍ സന്ദര്‍ശിച്ചും ഈദ് ആശംസകള്‍ കൈമാറും. പെരുന്നാളിന്റെ തലേദിവസം തന്നെ പള്ളികള്‍ തക്ബീര്‍ ധ്വനികളാല്‍ പ്രാര്‍ഥനാനിര്‍ഭരമാകും. മൈലാഞ്ചിയിടലും മറ്റുമായി വീടുകളും ആഘോഷരാവില്‍ നിറയും.