പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കിയതിലൂടെ ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിനു കത്തി വെച്ചു –എബി തോമസ് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ
ന്യൂയോർക്ക് :നിര്‍മാണപ്രവൃത്തി തുടങ്ങിയതു മുതല്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി പൂർണമാകുന്നതു വരെ രാഷ്രപതിമാരെ ഒഴിവാക്കിയതിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി തോമസ് പ്രതിക്ഷേധം അറിയിച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍നിന്ന് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഒഴിവാക്കിയിരുന്നു. പകരം തറക്കല്ലിടല്‍ നിര്‍വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.
ഇപ്പോള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കി, നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ. രാജ്യത്തിന്റെ പൊതുഖജനാവില്‍നിന്ന് ഒരു സഹസ്രത്തിനടുത്ത് കോടി രൂപ ചെലവിട്ട് നിര്‍മിച്ച പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കേണ്ടത് ഏതാനും മീറ്ററുകള്‍ക്ക് അപ്പുറത്ത് താമസിക്കുന്ന ദ്രൗപതി മുര്‍മുആയിരുന്നു.
രാഷ്ട്രപതിക്കുള്ള ഭരണഘടനാപരമായ അവകാശമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. രാജ്യത്തിന്റെയും ഭരണഘടനയുടെയും പാര്‍ലമെന്റിന്റെയും തലവനാണ് രാഷ്ട്രപതി.
ഭരണഘടനയുടെആര്‍ട്ടിക്കിള്‍ 60, 79, 111 എന്നിവ ലോക്സഭയും രാജ്യസഭയും ഉള്‍പ്പെടുന്ന പാര്‍ലമെന്റിന്റെ തലവന്‍ രാഷ്ട്രപതിയാണെന്ന് വ്യക്തമാക്കുന്നു. ഭരണഘടനയുടെ 85-ാം വകുപ്പ് പ്രകാരം പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ളഅധികാരം അടക്കം രാഷ്ട്രപതിക്കാണ്.
അങ്ങനെയുള്ള രാഷ്ട്രപതിക്കാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കേവലം കാഴ്ചക്കാരനായി നില്‍ക്കേണ്ടിവരുന്നത്. ആദിവാസി വിഭാഗത്തില്‍നിന്ന് രാഷ്ട്രപതി പദവിയിലേക്ക് ഉയര്‍ന്ന ഒരു വനിതയെ പൂര്‍ണമായും നോക്കുകുത്തിയാക്കി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തുന്നതിലൂടെ അപഹസിക്കുന്നത് ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന് കത്തി വെച്ചതിനു തുല്യമാണെന്ന് എബി തോമസ് ആരോപിച്ചു.
ജോ ചെറുകര
(സെക്രട്ടറി, അമേരിക്കൻ മലയാളി വെൽഫെയർ അസ്സോസിയേൻ)