Sunday, December 22, 2024

HomeArticlesArticlesകുമ്പക്കുടി സുധാകരൻ വീണ്ടും അമരത്തേക്ക്

കുമ്പക്കുടി സുധാകരൻ വീണ്ടും അമരത്തേക്ക്

spot_img
spot_img

ജെയിംസ് കൂടല്‍

കണ്ണൂര്‍കോട്ടയിലെ കോണ്‍ഗ്രസിന്റെ കരുത്ത്, കാലം അതിനെ കേരളത്തിലെ കോണ്‍ഗ്രസിന്റെ തന്നെ ഊര്‍ജമായി പരുവപ്പെടുത്തിയെടുത്തു. പ്രതിസന്ധികളുടെ തീച്ചൂളയില്‍ കോണ്‍ഗ്രസിന്റെ പ്രകാശമായി മാറിയ നേതാവാണ് കെ. സുധാകരന്‍. മുന്നില്‍ നിന്നും നയിക്കുമ്പോഴും ഏവരേയും ഒപ്പം ചേര്‍ത്തു നിര്‍ത്തി കേരളത്തിലെ കോണ്‍ഗ്രസിനു മാറുന്ന കാലത്തിന്റെ അടയാളമായി മാറാനും അദ്ദേഹത്തിനു കഴിഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഇരുപതില്‍ ഇരുപതും നേടി കോണ്‍ഗ്രസ് അതിന്റെ യാത്രകളുടെ പുതുതുടക്കം കുറിക്കുമ്പോഴും വിജയശില്പി കെ. സുധാകരന്‍ തന്നെ.

കൃത്യമായ ആസൂത്രണ മികവും അത് സൂക്ഷ്മമായി നടപ്പിലാക്കാനുള്ള പരിജ്ഞാനവുമാണ് കെ. സുധാകരന്റെ മുഖമുദ്ര. അധികാരത്തിലേറിയ നാള്‍ മുതല്‍ അദ്ദേഹം പിന്തുടര്‍ന്ന ശൈലിയും അതുതന്നെ. എതിരാളികളെ സധൈര്യം നേരിടുന്ന ആ തന്റേടം തന്നെയാണ് തിരഞ്ഞെടുപ്പ് ഗോദയിലും പിന്തുടരുന്നത്. കടന്നാക്രമിച്ചും പോരടിച്ചും കെ. സുധാകരന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തുറന്നുതന്നത് പുതുവഴികളാണ്. യുവാക്കളുടെ പ്രസരിപ്പും സാധാരണ പ്രവര്‍ത്തകന്റെ എളിമയും കാത്തുസൂക്ഷിക്കുന്ന കെ. സുധാകരന് ഇനി മടങ്ങി വരവിന്റെ പുതുതുടക്കമാണ്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലം നല്‍കിയ ഇടവേളയ്ക്ക് ശേഷം സുധാകരന്റെ രാജകീയവരവിനാണ് കേരളം ഇപ്പോള്‍ കാത്തിരിക്കുന്നത്. പ്രധാനലക്ഷ്യമാകട്ടെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പും. അതിസൂക്ഷ്മമായ നീക്കങ്ങളും സര്‍ക്കാരിനെതിരെ അതിരൂക്ഷമായ പ്രതികരണവുമൊക്കയായി അദ്ദേഹം കളം നിറഞ്ഞാടും. ഓരോ മണ്ഡലത്തിലും അദ്ദേഹം നേരിട്ട് തിരഞ്ഞെടുപ്പിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനൊരുങ്ങുന്നു എന്ന സൂചനകളുമുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സുധാകരന്റെ ഇത്തരം നീക്കങ്ങള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കൂടുതല്‍ കരുത്തുള്ളതാക്കുമെന്നതില്‍ സംശയമില്ല.

കേരളത്തിലെ സാധാരണ പ്രവര്‍ത്തകരുടെ വികാരമാണ് കെ. സുധാകരന്‍. മാറിയ കാലത്തിനനുസരിച്ച് രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്ന കെ. സുധാകരനൊപ്പം ചേര്‍ത്തു നിര്‍ത്താന്‍ കഴിയുന്ന മുന്‍മാതൃകകള്‍ കേരള രാഷ്ട്രീയത്തില്‍ തന്നെയില്ലെന്നു വേണം പറയാന്‍. എതിരാളികളോട് അദ്ദേഹം പുലര്‍ത്തുന്ന ശൈലി, ചങ്കൂറ്റം, നിലപാട്, പ്രവര്‍ത്തകരുടെ വികാരം തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനം ഇതൊക്കെയാണ് കെ. സുധാകരന്റെ കീര്‍ത്തി കേരളത്തില്‍ വളര്‍ത്തിയത്. സംഘടനയിലേക്ക് ചെറുപ്പക്കാരെ എത്തിക്കുക, പോഷക സംഘടനകളെ വളര്‍ത്തുക, രാഷ്ട്രീയ വിശുദ്ധി കാത്തുസൂക്ഷിക്കുക, നിലപാടുകള്‍ക്കൊപ്പം സഞ്ചരിക്കുക എന്നിങ്ങനെയുള്ള പ്രത്യേകതകള്‍ കെ. സുധാകരനെ എതിരാളികള്‍ക്കിടയില്‍പോലും ശ്രദ്ധേയനാക്കി.

എല്ലാ നേതാക്കളേയും പ്രവര്‍ത്തകരെയും ഒപ്പം നിര്‍ത്തി പ്രസ്ഥാനത്തെ നയിക്കുക എന്ന ശൈലി കെ. സുധാകരനെ അതിവേഗത്തിലാണ് വളര്‍ത്തിയത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഇന്നുള്ള ഏറ്റവും കരുത്തനായ നേതാവെന്ന് അദ്ദേഹം ഖ്യാതി നേടിയതും അതുകൊണ്ടുതന്നെ. വരാനിരിക്കുന്ന നാളുകളില്‍ കെ. സുധാകരനു മുന്നില്‍ ലക്ഷ്യങ്ങളേറെയുണ്ട്. വിശ്രമമില്ലാത്ത യാത്രകളുമായി അദ്ദേഹം തുടരുന്ന യാത്രകള്‍ക്ക് അനുഗമിക്കാന്‍ കേരളവും ഒപ്പം തന്നെയുണ്ട്.

ജെയിംസ് കൂടല്‍
(ഗ്ലോബല്‍ പ്രസിഡന്റ്, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments