ഒരു കാലത്ത് കുട്ടനാട്ടിൽ പുഞ്ച കൃഷി മാത്രമാണ് നടന്നിരുന്നത്. അത് മാത്രമായിരുന്നു കുട്ടനാട്ടിൽ സാധ്യമായിരുന്നത്. കേരളത്തിലെ കാലാവസ്ഥയും കാലവർഷവും തുലാവർഷവും ഒക്കെ പരിഗണിച്ചാണ് പുഞ്ച കൃഷി ചെയ്തിരുന്നത്. മലയോര മേഖലകളിൽ പെയ്യുന്ന മഴയെ തുടർന്ന് പമ്പ, മണിമല, അച്ചൻകോവിൽ, മീനച്ചിൽ, എന്നീ ആറുകളിലൂടെ വരുന്ന വെള്ളപ്പാച്ചിൽ കുട്ടനാട്ടിലെ പാടങ്ങളിൽ എക്കലടിയാനും മെച്ചപ്പെട്ട വിളവെടുപ്പിനും വഴിയൊരുക്കി.
അതുകൊണ്ടുതന്നെ വെള്ളപ്പാച്ചിലും പ്രളയവുമൊക്കെ കുട്ടനാട്ടുകാർ ദുരിതത്തേക്കാൾ ഏറെ ഒരു പരിധിവരെ അനുഗ്രഹമായിട്ടേ കരുതിയിട്ടുള്ളൂ. ഓരോ പാടത്തിനും ഒരു പാടശേഖരകമ്മിറ്റി ഉണ്ടാക്കി അവർ കൂട്ടായി എടുക്കുന്ന തീരുമാനത്തിൽ ആയിരുന്നു കൃഷിയുടെ തീയതി നിശ്ചയിച്ചിരുന്നത്. ഒരാൾക്കും പാടശേഖര കമ്മിറ്റിയിൽ നിന്നും മാറി നിൽക്കുവാനോ ഒറ്റയ്ക്ക് വ്യത്യസ്തമായ കൃഷി ചെയ്യുവാനോ സാധിക്കില്ല. വെള്ളം വറ്റിക്കുന്നതു മുതൽ വെള്ളം തിരിച്ചു കയറ്റുന്നത് വരെ ഒരേ രീതിയിൽ ഒരേ മനസ്സോടെ ആണ് കർഷകർ കൃഷി ചെയ്തിരുന്നത്.
അതുകൊണ്ടാണ് കണ്ണെത്താ ദൂരത്തോളം പാടങ്ങൾ ചിലപ്പോൾ ചേറ് കണ്ടങ്ങളായും ചിലപ്പോൾ പച്ചപ്പട്ട് വിരിച്ച പോലെയും ചിലപ്പോൾ സ്വർണ്ണ പട്ട് വിരിച്ച പോലെയും കാഴ്ചക്കാർക്ക് തോന്നുന്നത്. ഇത്തരം കൃഷി രീതി തന്നെയാണ് കുട്ടനാടിനെ വ്യത്യസ്തമാക്കിയിരുന്നത്. ഒരു കൂട്ടുകൃഷി രീതി തന്നെയാണ് ഇവിടെ നടപ്പാക്കിയിരുന്നത്. ഒരുപക്ഷേ വെള്ളം വറ്റിച്ച് കൃഷി ചെയ്യുന്ന എല്ലാ സ്ഥലങ്ങളിലും ഇത്തരം രീതികൾ മാത്രമേ അവലംബിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് നെതർലാൻഡ്സ് പോലുള്ള സ്ഥലങ്ങളിലും നമുക്ക് ഇത്തരം കാഴ്ചകൾ കാണാൻ സാധിക്കുന്നത്. ഇതൊക്കെ കൊണ്ടാണ് കുട്ടനാടിന് തനതായ സാംസ്കാരികതയും ജാതി മത വ്യത്യാസമില്ലാത്ത ഒരു കൂട്ടായ്മയും ഉണ്ടാക്കിക്കൊടുത്തത്. അവരെല്ലാം ഒരേ മനസ്സോടെയാണ് കൃഷി ചെയ്യുകയും വെള്ളപ്പൊക്കം പോലെയുള്ള ദുരന്തങ്ങൾ നേരിട്ടിരിന്നതും.
കുട്ടനാട്ടുകാർ വളരെ ഉച്ചത്തിൽ സംസാരിക്കുന്നവരായി തോന്നിയിട്ടുണ്ട്. അതിൻറെ കാരണം തന്നെ അവർ പരസ്പരം സംസാരിച്ചിരുന്നത് പുഴകൾക്ക് രണ്ടു കരകളിൽ നിന്നും പാടങ്ങളുടെ വരമ്പിൽ നിന്നു കൊണ്ട് മറു വരമ്പിൽ നിന്നവരുമായിട്ടായിരുന്നു. ഇതൊക്കെ കൊണ്ടാകാം കുട്ടനാട്ടുകാർക്ക് ഒരു പ്രത്യേക ഭാഷാശൈലി തന്നെ ഉണ്ടായത്. പരസ്പരം പിണക്കങ്ങൾ ഉണ്ടായാൽ പോലും കുട്ടനാട്ടുകാർക്ക് പരസ്പര സഹായമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുവാൻ സാധിക്കില്ലായിരുന്നു. അവർക്ക് പരസ്പരം സഹകരിക്കാതെയും സഹായിക്കാതെയും സഹായം സ്വീകരിക്കാതിരിക്കാനും സാധിക്കില്ലായിരുന്നു.
ഇത് വ്യത്യസ്തമായ ഒരു സാമൂഹ്യ കാഴ്ചപ്പാടും കൂട്ടായ്മയും ഉണ്ടാക്കിയിരുന്നു. കൂ..യ്… എന്ന ഒരു നീട്ടി വിളിയിൽ പല സഹായങ്ങളും എത്തിയിരുന്നു. പുഴ കടക്കാൻ നോക്കി നിൽക്കുന്നവരെ കടമ എന്നോണം പുഴകടത്തി വിടുന്നവർ ഉണ്ടായിരുന്നു. രോഗികളായവരെ അത്യാസന്ന ഘട്ടങ്ങളിൽ ഒട്ടേറെ തുഴച്ചിൽകാരോട് കൂടി വള്ളത്തിൽ ആലപ്പുഴയിലും ചങ്ങനാശേരിയിലും മറ്റ് അടുത്തുള്ള പട്ടണങ്ങളിലെ ആശുപത്രികളിലേക്ക് എത്തിച്ചിരുന്നു. അതൊരു സാമൂഹ്യപ്രതിബദ്ധതയായി ആ നാട്ടിലെ ആൾക്കാർ കാണുകയും അതിന് തയ്യാറാവുകയും ചെയ്തിരുന്നു.
രണ്ടാം കൃഷിയിലൂടെ കൂടുതൽ വിളവെടുപ്പ് എന്ന ദുരാഗ്രഹമാണ് കുട്ടനാടിനെ ഒരു പരിധിവരെ അപകടത്തിലേക്ക് നയിച്ച ഒരു കാര്യം. രണ്ടാം കൃഷി ഉപ്പുവെള്ളം കയറി നശിക്കാതിരിക്കാൻ കുട്ടനാട്ടിലെ കർഷക പ്രമാണിമാരുടെ നേതൃത്വത്തിൽ തണ്ണീർമുക്കം ബണ്ട് നിർമ്മിക്കാനുള്ള ആവശ്യവുമായി സമരം നടത്തി. ആ സമരം വിജയിക്കുകയും തണ്ണീർമുക്കത്ത് ബണ്ട് നിർമ്മിക്കുകയും ചെയ്തു.
എന്നാൽ തീർത്തും അശാസ്ത്രീയമായ ഒരു കാൽവയ്പ്പായിരുന്നു അതെന്ന് ഇന്ന് തോന്നിപ്പോകുന്നു. തികച്ചും സ്വാഭാവികമായി നടന്ന ഒഴുക്കിനെ ഇത് തടസ്സം തീർത്തു. കടലും കായലുമായുള്ള ഒത്തുചേരൽ തടസ്സപ്പെടുകയും കടലിൽനിന്നുള്ള ഉപ്പു വെള്ളം കായലിലേയ്ക് കലരുന്നതും തടസ്സപ്പെട്ടു. ബണ്ട് യാഥാർത്ഥ്യമായത് മൂലം രണ്ടാം കൃഷി ഒരു പരിധി വരെ സാധ്യമായെങ്കിലും ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ കുട്ടനാട്ടിൽ ഉണ്ടാക്കിയെന്നാണ് മനസ്സിലാക്കുന്നത്.
ദീർഘവീക്ഷണം ഇല്ലാത്ത ഇത്തരം പ്രവർത്തികൾ കൂടുതൽ ജനതയെയും ഒരു നാടിനെ തന്നെ ഇല്ലാതാക്കുന്നത് എങ്ങനെയെന്ന് നമുക്ക് ഇതിൽ നിന്നും കാണാൻ സാധിക്കും. വേനൽക്കാലത്ത് ഓര് (ഉപ്പ്) വെള്ളം കയറി പുഴകൾ ശുദ്ധീകരിക്കപ്പെട്ടിരുന്നു.
വികസനം എത്തി ചേരാത്ത കുട്ടനാട്ടിൽ ചെറുതോടുകൾ ഒക്കെയാണ് ഏറിയ പങ്കും കക്കൂസുകളായി ഉപയോഗിച്ചിരുന്നത്. ചെറുതോടുകൾക്ക് അരികിൽ മറകെട്ടി ഒരു ഉരുളൻ തടിയുടെ പാലവുമിട്ടാണ് ഇത് സാധ്യമാക്കിയിരുന്നത്. എന്നിട്ട് പോലും മാരകമായ രോഗങ്ങൾ കുട്ടനാട്ടുകാരെ ഒരു പരിധിവരെ കാര്യമായി ബാധിക്കാതിരുന്നത് വർഷകാലത്തെ നീരൊഴുക്കും ഉപ്പുവെള്ളത്തിന്റെ ഇത്തരം ശുചീകരണവും ആയിരുന്നു.
ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങളാണ് തണ്ണീർമുക്കം ബണ്ട് നിർമാണത്തിലൂടെ ഉണ്ടായത്. കുട്ടനാട്ടിലെ മത്സ്യ സമ്പത്ത് വളരെ വലുതായിരുന്നു. ഏറെ രുചികരമായ ശുദ്ധജല മത്സ്യങ്ങളാണ് കുട്ടനാട്ടിൽ ഉണ്ടായിരുന്നത്. ഇന്ന് പലകാരണങ്ങളാൽ ആ മത്സ്യ സമ്പത്തുകളിൽ ഒക്കെ വലിയൊരു ശോഷണം സംഭവിച്ചിരിക്കുന്നു. പല മത്സ്യങ്ങളും വംശനാശഭീഷണിയിൽ പെട്ടിട്ടുണ്ടോ എന്നുപോലും സംശയം തോന്നുന്നു.
തണ്ണീർമുക്കം ബണ്ടുമായി ബന്ധപ്പെട്ട് അതിനെതിരെ, അതിൻറെ പ്രവർത്തന രീതിക്കെതിരെ, പലപ്പോഴായി പല ആക്ഷേപങ്ങൾ ഉയർന്നു വന്നിട്ടുണ്ട് . പ്രത്യേകിച്ച് ബണ്ടിന്റെ സമീപപ്രദേശത്തുള്ള മത്സ്യ തൊഴിലാളികൾ ഉയർത്തിയ ആക്ഷേപങ്ങൾ. ബണ്ട് മൂലം മേഖലയിൽ മീൻപിടിത്തം നശിച്ചു. ഈ മേഖലയിൽ മത്സ്യങ്ങളുടെ പ്രജനനത്തിന് ചെറിയ അളവിൽ ഉപ്പുവെള്ളം ആവശ്യമാണ്. ഉപ്പുവെള്ള തടസ്സം മൂലവും വേലിയേറ്റ വേലിയിറക്കത്തിന്റെ പ്രയോജനം കിട്ടാത്തതുകൊണ്ടും ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റങ്ങൾ ഈ പ്രദേശത്തെ മത്സ്യങ്ങളുടെ പ്രജനനം കുറയുവാൻ കാരണമാകുകയും അത് മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
എന്നാൽ മാറി മാറി വന്ന സർക്കാരുകൾ ഇതിൻറെ നേരെ കണ്ണടയ്ക്കുകയും വളരെ നിരുത്തരവാദത്തോടെയുള്ള വാഗ്ദാനങ്ങൾ കൊടുത്തു കടന്നു പോവുകയായിരുന്നു. രാഷ്ട്രീയമായി, സാംസ്കാരികമായി ഉയർന്ന രീതിയിൽ ചിന്തിക്കുന്ന ഒരു ജനതയായതിനാൽ അവർ തെരഞ്ഞെടുപ്പുകളിൽ ആവേശത്തോടെ പങ്കെടുക്കുകയും ജനാധിപത്യത്തിൽ വിശ്വസിക്കുകയും സർക്കാരുകളിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്തുപോന്നു.
ഇത് എഴുതുമ്പോൾ പണ്ടെന്നോ കണ്ട കെ ബാലചന്ദർ സംവിധാനം ചെയ്ത തണ്ണീർ തണ്ണീർ എന്ന തമിഴ് സിനിമയാണ് ഓർമ്മയിൽ വരുന്നത്. തമിഴ്‌നാട്ടിലെ ഒരു ചെറിയ ഗ്രാമം ജലക്ഷാമം നേരിടുന്നു. വരൾച്ചയിൽ വലയുന്ന ഗ്രാമത്തിലെ ജനങ്ങൾ അവരുടെ സ്ഥലത്തേക്ക് വെള്ളമെത്തിക്കാനുള്ള ശ്രമങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗ്രാമവാസികളുടെ ദുരവസ്ഥയും അവരുടെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ കൈകളിൽ നിന്ന് അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളും രാഷ്ട്രീയക്കാർ അവരുടെ നേട്ടങ്ങൾക്കായി സാഹചര്യം മുതലെടുക്കുന്നതും സിനിമ എടുത്തുകാണിക്കുന്നു.
തെരഞ്ഞെടുപ്പിൽ ഗ്രാമത്തിലെ ജനങ്ങളെ തങ്ങൾക്ക് വോട്ട് ചെയ്യാൻ വേണ്ടി പ്രാദേശിക രാഷ്ട്രീയക്കാർ ശ്രമിക്കുന്നു. എന്നാൽ ഗ്രാമത്തിലെ എല്ലാ ജനങ്ങളും തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു. ജലക്ഷാമത്തിന് പരിഹാരം കാണാത്ത രാഷ്ട്രീയക്കാരെയും ബ്യൂറോക്രസിയെയും പരിഹസിച്ച് കൃഷിഭൂമിയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പൂത്ത് ഉല്ലസിച്ച കൊടികൾ പറക്കുന്നത് കാണിച്ച് ചിത്രം അവസാനിക്കുന്നു. സാധാരണക്കാരന്റെ ആഗ്രഹങ്ങളെ, ആവശ്യങ്ങളെ ബ്യൂറോക്രസിയും രാഷ്ട്രീയവും എങ്ങനെ പരാജയപ്പെടുത്തുന്നുവെന്ന് ഈ സിനിമ കാണിക്കുന്നു.
തണ്ണീർമുക്കം ബണ്ടിന്റെ നിർമ്മാണത്തിനുശേഷം ഓര് (ഉപ്പ്) എന്ന പ്രതിഭാസം നിലയ്ക്കപ്പെട്ടുപോയി. കുട്ടനാട്ടിലെ രണ്ടാം കൃഷിക്ക് തണ്ണീർമുക്കം ബണ്ട് എത്രമാത്രം സഹായിച്ചുവെന്നും, അത് എത്രമാത്രം പാരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും, അത് സാമൂഹിക, സാമ്പത്തിക മേഖലകളെ എങ്ങനെ ബാധിക്കുന്നുണ്ടെന്നും ഒരു ശാസ്ത്രീയമായ വിശകലനവും താരതമ്യ പഠനവും നടത്തി വേണ്ട നടപടികൾക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇത്തരം പഠനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു നല്ല പ്രവർത്തിപരിചയമുള്ള ഒരു ഏജൻസി ആയിരിക്കണം നടത്തേണ്ടത്. അത്തരത്തിലുള്ള ഒരു ശാസ്ത്രീയ പഠനം അനിവാര്യമാണ്. അത് കുട്ടനാടൻ ജനതയെ രക്ഷിക്കുമെങ്കിൽ അത് ചെയ്തെടുക്കേണ്ടത് കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏവരുടെയും കടമയാണ് ഉത്തരവാദിത്വമാണ്.