കുട്ടനാട്ടിൽ ഒരുകാലത്ത് കുളങ്ങളിലെയും തോടുകളിലെയും ആറുകളിലെയും വെള്ളമാണ് കുടിവെള്ളത്തിനും മറ്റ് വീട്ടാവശ്യങ്ങൾക്കായും ഉപയോഗിച്ചിരുന്നത്. മലിനമായ ജലസ്രോതസ്സുകൾ കാരണം ഉണ്ടായ ശുദ്ധ ജലത്തിന്റെ ദൗർലഭ്യത മൂലം ആളുകൾ കുടിക്കാനും പാചകം ചെയ്യാനും സ്വകാര്യ കച്ചവടക്കാരിൽ നിന്ന് വെള്ളം വിലകൊടുത്ത് വാങ്ങേണ്ടുന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചേർന്നു. ഇത് അവർക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന കാര്യമായി മാറി. വളരെയേറെ സ്ഥലപരിമിതിയുള്ള ഒരു പ്രദേശമായതിനാൽ അവിടെ പുതിയ കുളങ്ങൾ നിർമ്മിക്കുവാൻ സാധിക്കില്ല. പകരം കിണറുണ്ടാക്കിയാൽ പലയിടത്തും ഉപ്പുവെള്ളമോ കലങ്ങിയ ദുർഗന്ധമുള്ള വെള്ളമോ ആയിരിക്കും ലഭിക്കുന്നത്. ഈ വെള്ളം വസ്ത്രം കഴുകാനോ പാത്രം കഴുകാനോ പോലും ഉപയോഗിക്കാൻ സാധിക്കില്ല എന്നതാണ് സത്യം.
കുട്ടനാടിൻറെ ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് കുടിവെള്ളത്തിന്റെ ദൗർലഭ്യത മൂലം ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവന്നത്. കുട്ടനാട്ടിൽ താമസിക്കുന്നവരിൽ ഭൂരിഭാഗവും താഴ്ന്ന വരുമാനമുള്ളവരാണ്. സമ്പന്നരേക്കാൾ പാവപ്പെട്ട കുടുംബങ്ങളെയാണ് എല്ലാകാര്യങ്ങളെയും പോലെ ശുദ്ധ ജലത്തിന്റെ ദൗർലഭ്യതയും കൂടുതൽ ബാധിച്ചത്. അവരുടെ ജീവിത നിലവാരം വളരെ മോശപ്പെട്ട അവസ്ഥയിലേക്ക് താഴുവാൻ ഇതും ഒരു കാരണമായി. അവർ വർഷങ്ങളായി പൈപ്പിലെ വെള്ളത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
പുഴവെള്ളം നശിക്കുവാൻ പ്രധാന കാരണങ്ങളിൽ ഒന്ന് അശാസ്ത്രീയമായ കൃഷി രീതി തന്നെയാണ്. അമിതമായ രാസവളങ്ങളുടെയും വിഷത്തിന്റെയും ഉപയോഗം പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകിടം മറിച്ചു. അമിതമായ കൃഷി ചിലവും കൂടുതൽ വിളവെടുക്കാനുള്ള ആഗ്രഹവും അവരെ അതിന് പ്രോത്സാഹിപ്പിച്ചു. കൃഷിവകുപ്പും അതിൻറെ ഉദ്യോഗസ്ഥരും അതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അക്കാലത്ത് വന്നിരുന്ന റേഡിയോ പ്രോഗ്രാമുകൾ രാസവളങ്ങളെക്കുറിച്ചും വിഷങ്ങളെക്കുറിച്ചും അത് ഉപയോഗിക്കേണ്ട രീതിയെ കുറിച്ചും വളരെയേറെ പ്രോത്സാഹനം നൽകുന്നതായിരുന്നു.
അതൊക്കെ തികച്ചും നിസ്വാർത്ഥം ആയിരുന്നു എങ്കിലും ദീർഘകാലത്തെ മുൻകൂട്ടി കാണാതെ ഉള്ളതായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും. ഇത്തരം വിഷപ്രയോഗവും രാസവള പ്രയോഗവും കുട്ടനാട്ടിലെ കുടിവെള്ളത്തെ സാരമായി ബാധിച്ചു. കുടിവെള്ളത്തിനായി മലിനമായ തോടുകളെയും ആറുകളെയും, തടാകങ്ങളെയും ആണ് ആശ്രയിക്കുന്നുവെന്നത് ഭയാനകമായ ഒരു അവസ്ഥ തന്നെയാണ്.
കുടിവെള്ളത്തിന്റെ ദൗർലഭ്യം സാമ്പത്തികമായി ഉയർന്ന നിലയിൽ എത്തിയ പലരെയും കുട്ടനാട് ഉപേക്ഷിക്കാൻ നിർബന്ധിതമാക്കി. അവരൊക്കെ കൃഷി ഉപേക്ഷിച്ചു കൂടുതൽ ഉയർന്ന പ്രദേശങ്ങളിലേക്കാണ് കുടിയേറിയത്. അതിനൊക്കെ സാമൂഹികമായ മറ്റനേകം വിഷയങ്ങളും കാരണമായിട്ടുണ്ട്. കൃഷി ഒരു ഉപജീവനത്തിനുള്ള വരുമാന മാർഗമാണെങ്കിലും ഈ കാലഘട്ടത്തിലെ മറ്റു ജോലികളുമായി താരതമ്യപ്പെടുത്തിയാൽ വളരെ തുച്ഛമായ വരുമാനമേ ലഭിക്കുന്നുള്ളൂ എന്നത് യുവാക്കളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ കാരണമായി.
ഗ്രാമ ജീവിതത്തേക്കാൾ നഗര ജീവിതത്തിനോടുള്ള അഭിവാഞ്ചയും പലായനങ്ങൾക്ക് ആക്കം കൂട്ടി. അത് കൊണ്ട് കുട്ടനാട്ടുകാർ മുഴുവൻ പലായനം ചെയ്യപ്പെട്ടു എന്ന അഭിപ്രായമില്ല പകരം, അത്തരത്തിലുള്ള പാലായനങ്ങൾ സംഭവിക്കുന്നു എന്ന് മാത്രമാണ് ചൂണ്ടി കാണിക്കുന്നത്. കുട്ടനാട്ടുകാരുമായുള്ള വിവാഹ ബന്ധങ്ങൾക്ക് പോലും പുറമെ നിന്നുള്ള പലരും താത്പര്യം കാണിക്കാറില്ല എന്നത് പച്ചയായ ഒരു യാഥാർത്ഥ്യമാണ്. പ്രത്യേകിച്ച് പെൺകുട്ടികളെ അവിടെയുള്ളവരുമായി വിവാഹം നടത്തുന്നതിൽ അവരുടെ മാതാപിതാക്കൾ വിമുഖത കാണിക്കുന്നുണ്ട്.
കുടിവെള്ളത്തിനായി 40 – 50 വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ പല പദ്ധതികളും പലയിടത്തും പിവിസി പൈപ്പുകൾ കുഴിച്ചുമൂടി പദ്ധതി അവസാനിപ്പിച്ചു. ഇത്തരത്തിലുള്ള കെടുകാര്യസ്തതയും രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടുകളുടെ ലാഭ കൊയ്ത്തും കുട്ടനാടിന്റെ ജീവിതം താളം തെറ്റിക്കുകയായിരുന്നു. ഇതൊക്കെ കുട്ടനാട്ടുകാരിൽ ഒരു രീതിയിലുള്ള നിരാശ ജനിപ്പിച്ചു എന്ന് പറയാതിരിക്കാനാവില്ല. ഇവിടെ ഒന്നും നടക്കില്ലെന്നും, നമുക്കെന്നും ഇത്രയൊക്കെയെ ലഭിക്കുകയുള്ളുവെന്നും അവർ വിശ്വസിച്ചു. ഒരുപാട് ചെറുതും വലുതുമായ കുളങ്ങൾ ഉള്ള സ്ഥലമായിരുന്നുകുട്ടനാട്, അതെല്ലാം തന്നെ കാലക്രമേണ മണ്ണിട്ടു നികത്തി. ഒരുകാലത്ത് ഇത്തരം ചെറു കുളങ്ങളായിരുന്നു ഉപ്പു വെള്ളം കയറുന്ന കാലങ്ങളിൽ കുട്ടനാടിന്റെ കുടിവെള്ള സ്രോതസ്സുകൾ.
കുളങ്ങളുടെ അഭാവവും, പുഴകളും തോടുകളും മലിനീകരിക്കപ്പെട്ടതും മറ്റൊരു രീതിയിലുള്ള ജല വിതരണ രീതി ആരംഭിക്കുവാൻ കാരണമായി. കെട്ടുവള്ളം, ചെറു വള്ളങ്ങൾ എന്നിവ ഉപയോഗിച്ചുള്ള കുടിവെള്ള വിതരണമാണ് ഇത്തരത്തിൽ കുട്ടനാട്ടിൽ പുതുതായി രൂപപ്പെട്ടത്. പഞ്ചായത്ത് നടത്തുന്ന കുടിവെള്ള വിതരണത്തിന് പുറമെ സ്വകാര്യ കച്ചവടക്കാരും ഇതിനായി മുന്നോട്ടു വന്നു.
മറ്റൊരു രസകരമായ കാര്യം ഈ കാലയളവിൽ കുട്ടനാട്ടിലെ വീടുകളിൽ ഒക്കെ മഴവെള്ള സംഭരണികൾ ധാരാളമായി ഉണ്ടാക്കിയെന്നുള്ളതാണ്. ഇത്തരം മഴവെള്ള സംഭരണികൾ ഒക്കെ വളരെ കുറച്ച് സ്ഥലം മാത്രമുള്ള വീടുകളോട് ചേർന്ന് വളരെ വലിയൊരു വ്യത്യസ്തമായ നിർമ്മിതിയായി നിലകൊള്ളുന്നു. ഇതിലേക്കുള്ള ജലസംഭരണത്തിനായി പല വീടുകളുടെയും ചരിഞ്ഞ മേൽക്കൂരകൾ മാറ്റി, പകരം നിരപ്പായ കോൺക്രീറ്റ് ചെയ്ത മേൽക്കൂരയാക്കി പുതുക്കി പണിയേണ്ടി വന്നു. ഇത്തരം മഴവെള്ള സംഭരണികളുടെ പരിപാലനം എത്രമാത്രമാണ് നടക്കുന്നത് എന്നതും, അത് ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾക്ക് കരണമാവുന്നുണ്ടോയെന്നതും മറ്റൊരു വിഷയമാണ്.
പക്ഷെ ഇതൊക്കെ തന്നെ കുടിവെള്ളത്തിനായി മാത്രമായിരുന്നു. പൊതുവെ എല്ലാവരും തന്നെ മഴക്കാലത്ത് മഴവെള്ള സംഭരണികളിലെ വെള്ളമാണ് വീട്ടാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. എന്നാൽ മഴക്കാലം കഴിയുമ്പോൾ കുടിക്കാനും പാചകം ചെയ്യാനും മാത്രമായി അത് പരിമിതപ്പെടുത്തുകയും, മറ്റു ആവശ്യങ്ങൾക്കുള്ള വെള്ളത്തിനായി പിന്നെയും മലിനീകരിക്കപ്പെട്ട പുഴകളെയും, തോടുകളെയും ആശ്രയിക്കേണ്ടിയും വന്നു. മഴവെള്ള സംഭരണികളുടെ നിർമ്മാണം സാമ്പത്തികമായി മുന്നോട്ട് നിൽക്കുന്നവർക്കും അതിനാവശ്യമായ സ്ഥലവും, മഴവെള്ളം ശേഖരിക്കാനുള്ള സൗകര്യമുള്ളവർക്കും മാത്രമേ സാധിയ്ക്കുകയുള്ളു.
സാമുവൽ ടെയ്‌ലർ കോൾറിഡ്ജിന്റെ ‘പ്രാചീന നാവികരുടെ നദി’ എന്ന കവിതയിലെ ‘വെള്ളം വെള്ളം സർവത്ര, തുള്ളി കുടിക്കാൻ ഇല്ലത്രെ’ എന്ന പ്രസിദ്ധമായ വരി പോലെ, വെള്ളം നമുക്ക് ചുറ്റും ഒരുപാട് ഉണ്ട്, പക്ഷേ കുടിക്കാൻ ശുദ്ധമോ സുരക്ഷിതമോ അല്ല. ഒരു പക്ഷെ ഈ കവി വാക്യം കേരളീയരെ പരിചയപ്പെടുത്തിയത് നമ്മുടെ പ്രിയങ്കരനായ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണ്. 1952 ൽ അദ്ദേഹത്തെ കേരളത്തിലേക്ക് വരവേൽക്കാനാണ് ആദ്യമായി ഒരു ചുണ്ടൻ വള്ളംകളി സംഘടിപ്പിച്ചത്.
വള്ളംകളിയുടെ ആവേശത്തിൽ അദ്ദേഹം ഈ കവിത ഉറക്കെ പാടിയെന്നാണ് കുട്ടനാട്ടിലുള്ള പഴമക്കാർ ഓർത്ത് പറയുന്നത്. ആദ്യ കാലത്ത് ഈ ചുണ്ടൻ വള്ളംകളിയെ പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി എന്നറിയപ്പെട്ടു, പിന്നീട് ഇതിനെ നെഹ്‌റു ട്രോഫി വള്ളം കളി എന്ന് പേരിട്ട് എല്ലാ വർഷവും ആഗസ്ത് രണ്ടാം ശനിയാഴ്ച പുന്നമടയിൽ നടത്തി വന്നു.
ഇന്ന് കുട്ടനാട്ടിൽ നടപ്പാക്കിയ ജപ്പാൻ കുടിവെള്ള പദ്ധതിയും ശരിയായ ശാസ്ത്രീയ പഠനത്തിലൂടെ, ശരിയായ രൂപകൽപ്പനയിലൂടെയാണോ നടപ്പിലാക്കിയത് എന്നും സംശയം ഉണ്ട്. കാരണം കുട്ടനാട് മറ്റുള്ള സ്ഥലവുമായി വളരെ വ്യത്യസ്തമാണ്. അവിടുത്തെ പ്രോജക്ടുകളിലും അതിൻറെ രൂപകൽപ്പനയിലും അതിൻറെ വ്യത്യാസം ഉണ്ടായിരിക്കണം. അത് കുട്ടനാടിന് അനുയോജ്യമായിരിക്കണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ജപ്പാൻ കുടിവെള്ള പദ്ധതികൊണ്ട് കുട്ടനാട്ടിലെ എത്രമാത്രം ജനങ്ങൾക്ക് എന്ത് പ്രയോജനം ലഭിക്കുന്നുണ്ട് എന്നത് ചിന്തനീയമാണ്, പഠന വിഷയമാക്കേണ്ടതാണ്. വിവാദങ്ങൾ കാരണം ജപ്പാൻ കുടിവെള്ള പദ്ധതി ഒരു ദശാബ്ദത്തോളം വൈകി.
കുട്ടനാട്ടിൽ ഇന്നും സമഗ്രമായ ഒരു കുടിവെള്ള പദ്ധതിയുണ്ടോ എന്ന് സംശയം ഉണ്ട്. സമഗ്രമെന്നത് കൊണ്ട് ഉദ്ദേശിച്ചത് കുട്ടനാടിന് വേണ്ടി അവിടത്തെ ഓരോ പ്രദേശങ്ങളുടെയും വ്യസ്ത്യസ്തതകൾ ഉൾകൊള്ളുന്ന “ഒരു കുടിവെള്ള പദ്ധതി” എന്നതാണ്. കുട്ടനാട്ടിൽ കുടിവെള്ളത്തിനായി പല പദ്ധതികളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്. പല പദ്ധതികൾ ആകുമ്പോൾ പല രൂപകൽപ്പനകളും പല രീതികളുമായി വ്യത്യസ്തമായിരിക്കും എന്നുള്ളതാണ് അതിൻറെ പ്രത്യേകത.
അതിന് ഒരു ഏകീകൃത സ്വഭാവം ഉണ്ടായിരിക്കണം. ഒരു സാങ്കേതിക നേതൃത്വം ആയിരിക്കണം അതിനുണ്ടാകേണ്ടത്. ഒരേ തരത്തിലുള്ള മെഷീനറികളും, അനുബന്ധ സാമഗ്രികളുമായിരിക്കണം ഉപയോഗിക്കുന്നത്. ഒരേ രീതിയിൽ ആയിരിക്കണം അത് പ്രവർത്തിപ്പിക്കുന്നതും പരിപാലിക്കുന്നതും. മെച്ചപ്പെട്ട മുൻകരുതലുകളും, കാര്യക്ഷമമായ നിരീക്ഷണ സംവിധാനങ്ങളും, പരാതി പരിഹാര സംവിധാനങ്ങളും ഉണ്ടായിരിക്കണം. എന്നാലെ ഒരു പദ്ധതി വിജയകരമായി സുസ്ഥിരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളു. നിർഭാഗ്യവശാൽ നമ്മുടെ പല പദ്ധതികളിലും ഇത്തരം ചിന്തയോ രൂപകൽപ്പനകളോ ഇല്ലെന്നു മാത്രമല്ല ഉണ്ടങ്കിൽ തന്നെ അത് രേഖകളിൽ മാത്രമായി ഒതുങ്ങിപ്പോകുന്നു.
ഏറ്റവും ആധുനികമായ രീതിയിൽ ലോകം മുന്നോട്ടു പോകുകയും എല്ലാ മേഖലകളിലും പുരോഗതി നേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യ ജീവിതത്തിന് ഏറ്റവും അത്യാവശ്യമായ കുടിവെള്ളത്തിനുവേണ്ടി ഇന്നും ഒരു ജനത കഷ്ടപ്പെടുന്നു എന്നുള്ളത് വളരെ ദുഃഖകരം ആണ്. കുടിവെള്ളത്തിനു വേണ്ടി പണം ഈടാക്കുന്നത് പോലും തെറ്റാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഭരണനേതൃത്വങ്ങൾ മാനുഷികമായ പരിഗണനകൾ നൽകുന്നില്ല എന്നും മനുഷ്യത്വപരമായി ചിന്തിക്കുന്നില്ല എന്നുമാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. കുടിവെള്ളം കിട്ടാതെയും മലിനജലം കുടിച്ചും രോഗികളായി മരണപ്പെടുന്നവരുടെ എണ്ണം വരും നാളുകളിൽ കൂടിക്കൊണ്ടിരിക്കും. സാമ്പത്തികമായി മെച്ചപ്പെട്ടവർ മാത്രം ജീവിച്ചാൽ മതി എന്ന ഒരു അവസ്ഥയിലേക്ക് മനുഷ്യജീവിതത്തെ കൊണ്ടെത്തിക്കുന്ന ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.
ഇതൊരു സാമൂഹിക പ്രശ്നമാണ്. ഒരു പൗരന് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാവുകയാണ്. ഇന്ന് മനുഷ്യൻ മതങ്ങളാലും, ജാതികളാലും, രാഷ്ട്രീയ പാർട്ടികളാലും വേർതിരിക്കപ്പെട്ടിരിക്കയാണ്. അതിനാൽ ഇത്തരത്തിലുള്ള ഒരു സാമൂഹിക പ്രശ്നത്തിനെതിരെ ഒന്നിച്ച് നിന്ന് പൊരുതാൻ സാധിക്കുന്നില്ല എന്നതാണ് സത്യം. ഇവിടെയാണ് കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞ കെ ബാലചന്ദറിന്റെ “തണ്ണീർ തണ്ണീർ” എന്ന സിനിമ പ്രസക്തമാകുന്നത്.
ഇതിനൊക്കെ ഒരു മാറ്റം ഉണ്ടാകണമെങ്കിൽ പരമ്പരാഗത ചിന്താഗതിയിൽ നിന്നും മാറി, ശാസ്ത്ര ബോധമുള്ള, വ്യക്തമായ സാമൂഹികമായ കാഴ്ചപ്പാടുള്ള, ദീർഘ വീക്ഷണമുള്ള, ധിഷണാശാലികളായ പുതുതലമുറ ഭരണ നേതൃത്വങ്ങളിലേക്ക് എത്തിച്ചേരേണ്ടിയിരിക്കുന്നു. കൂടുതൽ ഗവേഷണങ്ങളും ഈ മേഖലയിൽ നടക്കണം. അത് ചർച്ചയാവണം, സംവാദങ്ങളുണ്ടാവണം. മാറ്റങ്ങൾ വരട്ടെ.