(നേര്‍കാഴ്ചയുടെ ഫാദേഴ്‌സ് ഡേ ആശംസകള്‍)
നമ്മുടെ ജീവിതത്തില്‍ താങ്ങും തണലും കരുത്തും കരുതലുമായി നില്‍ക്കുന്ന അച്ഛനു വേണ്ടിയൊരു ദിവസം. ശാസിച്ചും ശിക്ഷിച്ചും ഉപദേശിച്ചും നമ്മുടെ വഴികാട്ടിയാകുന്ന അച്ഛന്റെ കരുതല്‍ ഓര്‍ക്കാനും ആ സ്നേഹം പതിന്മടങ്ങളായി തിരികെ നല്‍കണമെന്ന് ഓര്‍മ്മപ്പെടുത്താനുമായൊരു ദിനം.
ഒരു കുട്ടിയുടെ ജീവിതത്തില്‍ അമ്മയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ടോ അത്രതന്നെ പ്രാധാന്യം അച്ഛനും അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും മനപൂര്‍വ്വമല്ലെങ്കിലും അത് വിസ്മരിക്കപ്പെടാറുണ്ട്. അമ്മയുടെ സ്നേഹത്തിനും കരുതലിനും മുന്നില്‍ അച്ഛന്റെ സ്നേഹത്തിന്റെ തട്ട് താണുപോകാറുണ്ട്. അതിനാലാണ് മാതൃദിനം പോലെ തന്നെ പിതൃദിനവും ആഘോഷിക്കപ്പെടുന്നത്.
പല രാജ്യങ്ങളിലും പല തീയതികളിലായാണ് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. ഇന്ത്യയില്‍ എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേയായി എല്ലാവരും ആഘോഷിക്കുന്നത്. ഇത്തവണ ജൂണ്‍ 18 നാണ് ഫാദേഴ്സ് ഡേ. മറ്റു ചില രാജ്യങ്ങളിലും ഈ ദിനം ഫാദേഴ്സ് ഡേയായി ആഘോഷിക്കുന്നുണ്ട്. കേക്ക് മുറിച്ചും സമ്മാനങ്ങള്‍ നല്‍കിയും അച്ഛനൊപ്പം സമയം പങ്കു വച്ചും നാം ഫാദേഴ്സ് ഡേ ആഘോഷിക്കാറുണ്ട്.
1910 ലാണ് ഫാദേഴ്സ് ഡേയുടെ തുടക്കം. അമേരിക്കയിലാണ് ഫാദേഴ്സ് ഡേ എന്ന ആശയം ആദ്യമുയര്‍ന്നത്. സൊനോറ സ്മാര്‍ട്ട് ഡോഡ് എന്ന പെണ്‍കുട്ടിയുടെതായിരുന്നു ആശയം. അമ്മ മരിച്ച സെനോറയും അഞ്ച് സഹോദരങ്ങളെയും അച്ഛനാണ് വളര്‍ത്തിയത്. ആഭ്യന്തരയുദ്ധത്തില്‍ സൈനികനായി സേവനമനുഷ്ഠിച്ച തന്റെ പിതാവിന്റെ ഓര്‍മയ്ക്കായി ഫാദേഴ്‌സ് ഡേ ആചരിക്കാന്‍ അവര്‍ ആരംഭിച്ചു. ഒടുവില്‍ ആ ആഘോഷം പലനാടുകളിലേക്ക് വ്യാപിച്ചു.
1972-ല്‍ അമേരിക്കയുടെ അന്നത്തെ പ്രസിഡന്റായ റിച്ചാഡ് നിക്സണ്‍ എല്ലാവര്‍ഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച ‘ഫാദേഴ്സ് ഡേ’ ആയി ആചരിക്കാന്‍ ഔദ്യോഗിക ആഹ്വാനം ചെയ്യുകയായിരുന്നു. അച്ഛന്‍ കരുതിവച്ച സ്നേഹത്തിനും സംരക്ഷണത്തിനും ഒരിക്കല്‍ക്കൂടി നന്ദി പറഞ്ഞ് ഈ ഫാദേഴ്സ് ഡേ ആഘോഷമാക്കാം.
നേര്‍കാഴ്ചയുടെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഹൃദ്യമായ ഫാദേഴ്‌സ് ഡേ ആശംസകള്‍..

സൈമണ്‍ വളാച്ചേരില്‍ (ചീഫ് എഡിറ്റര്‍), രാജേഷ് വര്‍ഗീസ് (ചെയര്‍മാന്‍)