ന്യൂഡല്‍ഹി: നിതി ആയോഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇത്തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. 2016 വരെയുള്ള കണക്കനുസരിച്ചു കേരളത്തിലെ ജനസംഖ്യയുടെ 0.7 ശതമാനമായിരുന്നു ദരിദ്രരെങ്കില്‍ 2021 വരെയുള്ള കണക്കില്‍ ഇത് 0.55% ആയി കുറഞ്ഞു. ഇതനുസരിച്ച് കണക്കുകൂട്ടിയാല്‍, 2021നു ശേഷം കേരളത്തില്‍ ഏകദേശം 1.95 ലക്ഷം പേരാണ് ദരിദ്രരായുള്ളത്.
ദാരിദ്ര്യസൂചിക പ്രകാരം 2021 ല്‍ ഇന്ത്യയില്‍ ദരിദ്രരില്ലാത്ത ഏക ജില്ല എറണാകുളം. 201516 ല്‍ എറണാകുളത്തെ ജനസംഖ്യയുടെ 0.1% പേര്‍ ദരിദ്രരായിരുന്നുവെങ്കില്‍ 201921ല്‍ ഇത് പൂജ്യമായി. മുന്‍ നിതി ആയോഗ് റിപ്പോര്‍ട്ടില്‍ കോട്ടയത്തിനായിരുന്നു ഈ പദവി. എന്നാല്‍ 201921 ലെ കണക്കനുസരിച്ച് കോട്ടയത്ത് 0.14% പേര്‍ ദരിദ്രരാണ്. ജനസംഖ്യയില്‍ ദരിദ്രര്‍ ഏറ്റവുമധികമുള്ളത് വയനാട്ടിലാണെങ്കിലും 201516 ല്‍ 3.48 ശതമാനമായിരുന്നത് ഇത്തവണ 2.82% കുറഞ്ഞു.
രാജ്യമാകെ 13.5 കോടി ആളുകളാണ് ഈ കാലയളവില്‍ ദാരിദ്ര്യം മറികടന്നത്. മുന്‍പ് ദാരിദ്ര്യം ഏറ്റവുമധികമുണ്ടായിരുന്ന ബിഹാര്‍, ജാര്‍ഖണ്ഡ്, യുപി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഇത്തവണ സ്ഥിതി കാര്യമായി മെച്ചപ്പെടുത്തി. ഏറ്റവും കൂടുതല്‍ പേര്‍ ദാരിദ്ര്യം മറികടന്നതു യുപിയിലാണ്.
പോഷകാഹാരം, വിദ്യാഭ്യാസം, പാചക ഇന്ധനം, ശുചിത്വം, ശുദ്ധജലം, വൈദ്യുതി, വീട്, ബാങ്ക് അക്കൗണ്ട്, ശിശുമരണം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് ദാരിദ്ര്യസൂചിക തയാറാക്കുന്നത്.