ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ നൈജീരിയയിലെ ഏറ്റവും വലിയ നഗരമായ ലാഗോസ്. ഭൂപടത്തില്‍ നിന്ന് മാഞ്ഞുപോയേക്കുമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. തീരനഗരമായ ലാഗോസ് വര്‍ഷാവര്‍ഷം വന്നെത്തുന്ന വെള്ളപ്പൊക്കത്തിന്‍റെ കെടുതികളിലാണ്.
മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ ലാഗോസ് നഗരത്തെ കടല്‍ കീഴടക്കും. വെള്ളമിറങ്ങിയ ശേഷം വേണം നഗരവാസികള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാന്‍.
2.4 കോടിയാണ് ലാഗോസിലെ ജനസംഖ്യ. അറ്റ്‌ലാന്‍റിക് തീരപ്രദേശത്തോടു ചേര്‍ന്ന് താഴ്ന്ന വിതാനത്തില്‍ സ്ഥിതിചെയ്യുന്ന നഗരത്തില്‍ വര്‍ഷാവര്‍ഷം വെള്ളപ്പൊക്കമുണ്ടാക്കുന്ന നഷ്ടം 400 കോടി ഡോളറിന്‍റേതാണ്. വെള്ളപ്പൊക്കത്താല്‍ ബുദ്ധിമുട്ടുന്ന ഇവിടെ സെപ്റ്റംബറോടെ കനത്ത വെള്ളപ്പൊക്കമാണ് പ്രവചിക്കുന്നത്.
ലാഗോസിന്‍റെ തീരത്തെ ഒന്നൊന്നായി കടല്‍ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. 2100ഓടെ നഗരം സമുദ്രനിരപ്പിന് താഴേയാവുമെന്നാണ് പ്രവചനം. ആഗോളതലത്തില്‍ സമുദ്രനിരപ്പില്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രണ്ട് മീറ്ററോളം വര്‍ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
ലാഗോസ് ഉള്‍പ്പെടെ നൈജീരിയന്‍ തീരങ്ങളില്‍ വെള്ളപ്പൊക്കം വന്‍ പ്രതിസന്ധിയാണ് തീര്‍ക്കുന്നത്. 2020ല്‍ വെള്ളപ്പൊക്കം 20 ലക്ഷത്തിലധികം പേരെ നേരിട്ട് ബാധിച്ചു. കുറഞ്ഞത് 69 പേര്‍ മരിക്കുകയും ചെയ്തു. 2019ല്‍ രണ്ട് ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. 158 പേരാണ് മരിച്ചത്.
ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്‍റെ ആഗോള ലൈവബിലിറ്റി സൂചികയില്‍ ലോകത്തെ ജീവിക്കാന്‍ കൊള്ളാത്ത 10 നഗരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ലാഗോസ്.