വത്തിക്കാൻ സിറ്റി: ഇരുപത്തിരണ്ട് വര്‍ഷം മാത്രം നീണ്ട ഹൃസ്വമായ ജീവിതം ആലംബഹീനര്‍ക്കും അനാഥർക്കും മയക്കുമരുന്ന് അടിമകള്‍ക്കുമിടയില്‍ പ്രവര്‍ത്തിച്ച് നിത്യതയിലേക്ക് യാത്രയായ ഇറ്റാലിയൻ യുവതി സാന്ദ്ര സബാറ്റിനി വാഴ്ത്തപ്പെട്ട പദവിയില്‍.
മെഡിക്കൽ ബിരുദപഠനം പൂർത്തിയാക്കി ആഫ്രിക്കയിൽ മിഷ്ണറിയാകാൻ ആഗ്രഹിച്ച സാന്ദ്ര 1984 ഏപ്രിൽ 29ന് ‘പോപ്പ് ജോൺ XXIII കമ്മ്യൂണിറ്റി’യുടെ ഒരു കൂട്ടായ്മയിൽ പങ്കെടുക്കാൻ റോഡ് മുറിച്ചുകടക്കവേ എതിർദിശയിൽനിന്ന് വന്ന വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ഉടനെ എത്തിച്ചെങ്കിലും മൂന്ന് ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞ അവൾ മേയ് രണ്ടിന് മരണമടയുകയായിരിന്നു.
1961 ഓഗസ്റ്റ് 19ന് റിമിനിയിൽ ഗ്യൂസെപ്പെ സബാറ്റിനിയുടെയും ആഗ്നസ് ബോണിനിയുടെയും മകളായി ജനിച്ച സാന്ദ്ര ചെറുപ്പം മുതലേ ക്രിസ്തു വിശ്വാസം നെഞ്ചോട് ചേര്‍ത്തു ജീവിച്ച വ്യക്തിയായിരിന്നു. 1965-ൽ റിമിനിയിലെ സാൻ ജിറോലാമോയിലെ ഇടവക പള്ളിയിലേക്ക് മാറുന്നതിന് മുമ്പ് വരെ മിസാനോ അഡ്രിയാറ്റിക്കോയിലാണ് സബാറ്റിനി താമസിച്ചിരുന്നത്. പിന്നീട് അമ്മാവനായ ഫാ. ജുസെപ്പോ കഴിഞ്ഞിരിന്ന സാൻ ഗിറോലെമോയിലേക്ക് കുടുംബസമേതം താമസം മാറുകയായിരുന്നു.
ജപമാലയോട് വളരെ ശക്തമായ ആഭിമുഖ്യം പുലര്‍ത്തിയിരിന്ന അവള്‍ ഉറങ്ങുമ്പോൾപോലും ജപമാല കരങ്ങളില്‍ മുറുകെ പിടിച്ചിരിന്നു. വിശുദ്ധ കുര്‍ബാനയ്ക്കായി ദേവാലയത്തില്‍ വളരെ നേരത്തെ എത്താനും സാന്ദ്ര ശ്രദ്ധ ചെലുത്തിയിരിന്നു.
1973-ൽ ജോൺ 23-ാമൻ പാപ്പയുടെ നാമധേയത്തിലുള്ള (പോപ്പ് ജോൺ XXIII കമ്മ്യൂണിറ്റി) ഉപവി പ്രസ്ഥാനത്തിന് രൂപം നൽകിയ ഫാ. ഒറെസ്റ്റെ ബെൻസിയുമായുള്ള (ദൈവദാസന്‍) കൂടിക്കാഴ്ച അവളുടെ ജീവിതത്തെ മാറ്റിമറിച്ചു. അവളുടെ അമ്മാവൻ തന്റെ ഇടവകയിൽ സംഘടിപ്പിച്ച യോഗത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്. സംഘടനയുടെ പ്രവര്‍ത്തനങ്ങളും ശുശ്രൂഷ മേഖലകളും അവളിലെ മിഷ്ണറിയെ ഉണര്‍ത്തി.
1974-ൽ, വടക്കുകിഴക്കൻ ഇറ്റലിയിലെ ഡോളോമൈറ്റ്സ് എന്ന പർവതനിരയിലേക്കു ഭിന്നശേഷിയുള്ള കൗമാരക്കാരോടൊപ്പമുള്ള യാത്ര അവളുടെ ജീവിതത്തെ കൂടുതല്‍ ശുശ്രൂഷ ദൌത്യത്തിലേക്ക് അടുപ്പിക്കുകയായിരിന്നു. അവരോടൊപ്പം ചെലവഴിച്ച ഓരോ നിമിഷവും അവളില്‍ സ്വര്‍ഗ്ഗീയമായ അനുഭവമാണ് സമ്മാനിച്ചത്.
“കർത്താവേ, നീ എനിക്ക് ഒരു വലിയ സമ്മാനം തന്നിരിക്കുന്നു: എന്റെ ജീവിതം ഏറ്റവും ദരിദ്രർക്ക് നൽകാൻ ആഗ്രഹിക്കുന്നു. ഇതിന് ഞാൻ നന്ദി പറയുന്നു” – 16-ാം വയസ്സിൽ അവൾ എഴുതി. ഹൈസ്കൂൾ പഠനകാലത്ത്, ജോൺ XXIII കമ്മ്യൂണിറ്റിയിൽ സന്നദ്ധസേവനം തുടര്‍ന്ന അവള്‍ തന്റെ കൊച്ചു കൊച്ചു സമ്പാദ്യം വരെ പാവങ്ങള്‍ക്കായി മാറ്റിവെച്ചിരിന്നു. ഇതിനിടെ സയന്റിഫിക് ഹൈസ്‌കൂളിൽ നിന്ന് മികച്ച ഗ്രേഡുകളോടെ ബിരുദം നേടി. ആഫ്രിക്കയിൽ മിഷ്ണറിയായി മാറണോ മെഡിക്കൽ ബിരുദം നേടണമോയെന്ന ആശങ്കയിലാണ്ടെങ്കിലും ആദ്ധ്യാത്മിക ഗുരുക്കന്മാരുടെ നിര്‍ദ്ദേശപ്രകാരം ബോളോഗ്ന യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജില്‍ പഠനം ആരംഭിച്ചു. ആഫ്രിക്കയിലെ മെഡിക്കല്‍ മിഷന്‍ ദൌത്യങ്ങളെ സഹായിക്കണമെന്ന ഒറ്റലക്ഷ്യമേ അവള്‍ക്കു ഉണ്ടായിരിന്നുള്ളൂ.
മെഡിക്കല്‍ പഠനത്തിന്റെ തിരക്കുകള്‍ക്ക് ഇടയിലും ദരിദ്രരെ സഹായിക്കുന്നതിനും അവരുടെ വേദനകളില്‍ ആശ്വാസം പകരുന്നതിനും മയക്കുമരുന്നിന് അടിമകളായ ആളുകളെ ചികിത്സിക്കുന്ന അഭയകേന്ദ്രത്തിൽ ശുശ്രൂഷകയായും അവള്‍ പ്രവര്‍ത്തിച്ചു. ഇതിനിടെ ഗിഡോ റോസി എന്ന യുവാവിനെ വിവാഹം കഴിക്കാൻ അവള്‍ തീരുമാനിച്ചിരിന്നു. ആഫ്രിക്കയിലെ മെഡിക്കല്‍ മിഷന് വേണ്ടിയുള്ള തന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും അവള്‍ തന്റെ ഭാവി വരനോട് പങ്കുവെച്ചിരിന്നു.