”സേവനം ചെയ്യുന്നവരാണ് മഹാന്‍മാര്‍, ഭരിക്കുന്നവരല്ല” എന്ന് പ്രതിഭയുടെ പ്രകാശദൂരങ്ങള്‍ താണ്ടിയ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ പറഞ്ഞു. ഭരിക്കാനുള്ള അസുലഭ ഭാഗ്യം ത്യജിച്ച് ജനസേവനം ചെയ്യാനുള്ള ജീവിതം ചോദിച്ചുവാങ്ങിയ മഹാരഥനാണ് ഗാന്ധിജി. സ്വന്തം ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. അഹിംസയായിരുന്നു മതം. സത്യമെന്ന സമരായുധം കൊണ്ട് മഹാത്മജി ശത്രുക്കളെ നേരിട്ടു.
”മനുഷ്യന്റെ ആഗ്രഹം നിറവേറ്റാന്‍ ഭൂമിക്കു കഴിയും, എന്നാല്‍ അത്യാഗ്രഹം നിറവേറ്റാന്‍ കഴിയില്ല” എന്ന് ചൊല്ലിയ ആ കൃശഗാത്രന്റെ പ്രസക്തി വര്‍ദ്ധിക്കുന്ന, പാര്‍ലമെന്ററി അത്യാഗ്രഹം കൊടുമ്പിരിക്കൊള്ളുന്ന കാലമാണിത്. അതിനാല്‍ തന്നെ ഈ മഹാത്മാവിന് യഥാര്‍ത്ഥ പിന്‍ഗാമികളില്ല. നാളെ, ഒക്‌ടോബര്‍ രണ്ടാം തീയതി നാം ഗാന്ധിജയന്തി കൊണ്ടാടുന്നു. ലോക ജനതയാകട്ടെ അന്താരാഷ്ട്ര അഹിംസാദിനമായും…
ബാപ്പുവെന്ന മോഹന്‍ദാസ് കരം ചന്ദ് ഗാന്ധിയെ, മഹാത്മജിയെ കൂടുതല്‍ അറിയുകയെന്നതാണ് ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ലക്ഷ്യം. ആ മഹത്‌വ്യക്തിത്വത്തില്‍ നിന്ന് അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ലോകം അതിന്റെ പൊരുത്തക്കേടുകള്‍ക്ക് ഉത്തരം തേടേണ്ടത് അവിടന്നു തന്നെയാണ്. വ്യക്തി ജീവിതത്തില്‍ ഒഴിവാക്കേണ്ട ഏഴുതിന്മകളെക്കുറിച്ച് മഹാത്മജി പറഞ്ഞിട്ടുണ്ട്. എക്കാലത്തും പ്രസക്തമായ അവയെ ഓര്‍ത്തുകൊണ്ട് ചില രസകരമായ ഗാന്ധിയന്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്…
- ആദര്‍ശമില്ലാത്ത രാഷ്ട്രീയം
- ജോലി ചെയ്യാതെ നേടുന്ന സമ്പാദ്യം
- ധാര്‍മികമല്ലാത്ത വ്യാപാരം
- ത്യാഗമില്ലാത്ത ഈശ്വരപൂജ
- മനുഷ്യത്വമില്ലാത്ത ശാസ്ത്രം
- മനസാക്ഷിക്കു ചേരാത്ത സുഖം
- സ്വഭാവശുദ്ധിയില്ലാത്ത അറിവ്
ഗാന്ധിജിയെ ‘മഹാത്മ’ എന്ന് അഭിസംബോധന ചെയ്തത് രവീന്ദ്രനാഥ ടാഗോറും ‘രാഷ്ട്രപിതാവ്’ എന്ന് വിളിച്ച് ആദരിച്ചത് നേതാജി സുഭാഷ് ചന്ദ്രബോസുമായിരുന്നു. ലണ്ടനില്‍ വട്ടമേശസമ്മേളനത്തിനെത്തിയ ഗാന്ധിജിയുടെ വേഷം കണ്ട് എല്ലാവരും അമ്പന്നു. ഒറ്റമുണ്ടും അംഗവസ്ത്രവും മാത്രം. സംഘാടകര്‍ വിഷമത്തിലായി. സമ്മേളനത്തിലെ പ്രതിനിധികള്‍ക്കായി ജോര്‍ജ് അഞ്ചാമന്‍ ഒരുക്കിയ വിരുന്നില്‍ ഗാന്ധിജിയെ എങ്ങനെ പങ്കെടുപ്പിക്കും…? അവര്‍ പ്രത്യക്ഷമായും പരോക്ഷമായും ഈ കാര്യം ഗാന്ധിജിയോട് സൂചിപ്പിച്ചു. എന്നാല്‍ വസ്ത്രം മാറാന്‍ ഗാന്ധിജി തയ്യാറായില്ല. ഒറ്റമുണ്ടും ഷാളും ധരിച്ചുതന്നെ ഗാന്ധിജി വിരുന്നിനു പോയി. താന്‍ പാവപ്പെട്ടവരുടെ പ്രതിനിധിയായാണ് വന്നതെന്ന് ഗാന്ധിജി വിശദീകരിക്കുകയായിരുന്നു.
പല്ലു തേക്കുന്നതിന് ആര്യവേപ്പിന്റെ കമ്പായിരുന്നു ഗാന്ധിജി ഉപയോഗിച്ചിരുന്നത്. ഒരിക്കല്‍ യര്‍വാദാ ജയിലില്‍ വച്ച് കാകാ കലേര്‍ക്കര്‍ ഈ കമ്പിനായി ഒരു ശിഖരം മുഴുവനും ഒടിക്കാന്‍ ശ്രമിച്ചു. ഇതു കണ്ട ഗാന്ധിജി ”നിങ്ങള്‍ ഹിംസയാണണ് ചെയ്യുന്നത്. മരത്തിന്റെ ശിഖരം മുഴുവന്‍ ഒടിക്കാതെ, എളിമയോടും ക്ഷമാപണത്തോടും കൂടി നമുക്കാവശ്യമായ ഒരു കമ്പ് ഒടിച്ചെടുക്കുകയാണ് വേണ്ടത” എന്നു പറഞ്ഞു. ഗാന്ധിജിയാവട്ടെ ഉപയോഗിച്ച കമ്പിന്റെ അറ്റം മുറിച്ചുകളഞ്ഞ് അടുത്തദിവസം ഉപയോഗിക്കുകയാണ് പതിവ്. വേപ്പ് ധാരാളമുണ്ടെങ്കിലും അതെല്ലാം നമുക്കു മാത്രം ഉപയോഗിക്കാനുള്ളതല്ലെന്നതായിരുന്നു ഗാന്ധിജിയുടെ കാഴ്ചപ്പാട്.
ജയില്‍വാസം തുടരുന്ന ഗാന്ധിജിയെ കാണാന്‍ ഒരിക്കല്‍ കസ്തൂര്‍ബാ എത്തി. ജയില്‍ ഓഫീസറുടെ സാന്നിധ്യത്തിലാവണം സന്ദര്‍ശനമെന്നാണ് ജിയിലിലെ നിയമം. കസ്തൂര്‍ബയുടെയും ഗാന്ധിജിയുടെയും അടുത്ത് താന്‍ വേണ്ടെന്നു കരുതി ജയില്‍ ഓഫീസര്‍ അല്പം മാറി നിന്നു. അര മണിക്കൂര്‍ കഴിഞ്ഞ് ഓഫീസര്‍ തിരിച്ചു വന്ന് ഗാന്ധിജിയോട് ചോദിച്ചു, ”അങ്ങയുടെ സംഭാഷണം കഴിഞ്ഞിരിക്കുമല്ലോ?”
”സംഭാഷണമോ?” ഗാന്ധിജി ചോദിച്ചു, താങ്കള്‍ക്ക് ജയിലിലെ നിയമം അറിയില്ലേ, ജയില്‍ അധികാരികളില്ലാതെ തടവുകാര്‍ക്ക് സന്ദര്‍ശകരോട് സംസാരിക്കാന്‍ കഴിയില്ല. താങ്കള്‍ ഉണ്ടായിരുന്നപ്പോള്‍ അല്പം സംസാരിച്ചു . എന്നാല്‍ താങ്കള്‍ പോയശേഷം ഞങ്ങളൊന്നും സംസാരിക്കാതെ ഇരിക്കുകയായിരുന്നു.
ഒരിക്കല്‍ ഗാന്ധിജി യാത്രയ്‌ക്കൊരുങ്ങുന്നതിനു മുമ്പ് തിരക്കിട്ട തിരച്ചിലിലായിരുന്നു. ഇതു കണ്ട് കാകാ സാഹിബ് താങ്കള്‍ എന്താണ് തിരയുന്നതെന്ന് ചോദിച്ചപ്പോള്‍ ഗാന്ധിജി പറഞ്ഞു, ”എന്റെ മേശപ്പുറത്തുണ്ടായിരുന്ന ഒരു ചെറിയ പെന്‍സിലാണ്.” കാകാ സാഹിബ് സ്വന്തം പോക്കറ്റില്‍ നിന്ന് ഒരു പെന്‍സില്‍ എടുത്ത് ഗാന്ധിജിക്ക് കൊടുത്തെങ്കിലും ഗാന്ധിജി സമ്മതിച്ചില്ല. മദ്രാസില്‍ നിന്ന് ഒരു കൊച്ചുകുട്ടി സ്‌നേഹത്തോടെ കൊടുത്ത പെന്‍സിലായിരുന്നു അത്. അത് നഷ്ടപ്പെടുത്താന്‍ ഗാന്ധിജി തയ്യാറായില്ല. തിരച്ചിലിനൊടുവില്‍ പെന്‍സില്‍ കണ്ടെടുത്തു. കഷ്ടിച്ച് രണ്ട് ഇഞ്ച് നീളമേ ആ പെന്‍സിലിനുണ്ടായിരുന്നുള്ളു.
ഒരിക്കലും അമാനുഷിക സിദ്ധികളുള്ള ഒരു വ്യക്തിയായിരുന്നില്ല ഗാന്ധിജി. വ്യക്തിപരമായ ദൗര്‍ബല്യങ്ങളും പരിമിതികളും ഗാന്ധിജിക്കുണ്ടായിരുന്നു. അവയെ അതിജീവിച്ചു എന്നതാണ് ഗാന്ധിജിയുടെ മിടുക്ക്. വിദ്യാഭ്യാസത്തിനായി ലണ്ടനിലെത്തിയ ഗാന്ധിജി അവിടെ ഒരു സസ്യഭുക്ക് സംഘടനയില്‍ അംഗമായി. എന്നാല്‍ ഈ യോഗത്തില്‍ ഒരിക്കല്‍ പോലും സംസാരിക്കാന്‍ ഗാന്ധിജിക്ക് സാധിച്ചിരുന്നില്ല. ലജ്ജ തന്നെയായിരുന്നു കാരണം. അവസാനം എഴുതിവായിക്കാനായി ഒരു പ്രസംഗം തയ്യാറാക്കി. എന്നാല്‍ വായിക്കാനെഴുന്നേറ്റപ്പോള്‍ അതിനു സാധിച്ചില്ല. കാഴ്ച മങ്ങിപ്പോയി. വിറച്ചു.
ബോംബേ കോടതിയില്‍ ആദ്യത്തെ കേസിലെ സാക്ഷിവിസ്താരത്തിന് എഴുന്നേറ്റപ്പോഴുള്ള അവസ്ഥയും ഇതു തന്നെയായിരുന്നു. എഴുന്നേറ്റു നിന്നപ്പോഴേയ്ക്കും ധൈര്യം മുഴുവന്‍ ചോര്‍ന്നു പോയി. തല ചുറ്റുന്നു. ജഡ്ജിയും വക്കീലന്മാരും ചിരിച്ചു പോകുന്ന അവസ്ഥ മറ്റൊരിക്കല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രമേയമവതരിപ്പിക്കാന്‍ ഗാന്ധിജിയെ വിളിച്ചപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ”ഞാനെഴുന്നേറ്റു നിന്നു. എന്റെ തല കറങ്ങാന്‍ തുടങ്ങി, എങ്ങനെയോ ഞാന്‍ പ്രമേയം വായിച്ചു തീര്‍ത്തു.” പിന്നീടദ്ദേഹം പറഞ്ഞു.
ഈ അനുഭവങ്ങളെല്ലാം സത്യസന്ധമായി ഗാന്ധിജി തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എനിക്ക് സാധ്യമായതെല്ലാം ഒരു കുട്ടിക്കു പോലും സാധ്യമാണെന്ന് ഗാന്ധിജി പറഞ്ഞത് ഈ പശ്ചാത്തലത്തില്‍ വായിക്കണം. ലളിതവും സുതാര്യവുമായ ആ ജീവിതകഥ വായിക്കാന്‍ കൂട്ടുകാര്‍ മടിക്കരുത്, മറക്കരുത്.
1920ലായിരുന്നു ഗാന്ധിജിയുടെ ആദ്യകേരള സന്ദര്‍ശനം. നിസ്സഹകരണ സമര പ്രചാരണവുമായി ബന്ധപ്പെട്ട് ആഗസ്ത് 18ന് കോഴിക്കോട് പ്രസംഗിച്ചു. അടുത്ത സന്ദര്‍ശനം വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ടായിരുന്നു. 1925 മാര്‍ച്ച് 8ന്. 1927 ഒക്‌ടോബര്‍ ഒമ്പതിന് എത്തിയ ഗാന്ധിജി പതിനാറാം തീയതി കോഴിക്കോട് ഹരിജന സമ്മളനത്തില്‍ പ്രസംഗിച്ചു. 1934 ജനുവരി പത്തിന് നാലാം തവണ കേരളത്തിലെത്തി. ഹരിജനഫണ്ട് ശേഖരണത്തിനായിരുന്നു അത്. വടകരയില്‍ കൗമുദി എന്ന കൊച്ചുകുട്ടി തന്റെ സ്വര്‍ണവളകള്‍ ഊരി ഗാന്ധിജിക്ക് നല്‍കിയത് ഈ യാത്രയിലായിരുന്നു. 937 ജനുവരി 13ന് ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ ഭാഗമായും അദ്ദേഹം കേരളത്തിലെത്തിയിരുന്നു.
മഹാത്മാഗാന്ധി തന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ക്കു തുടക്കം കുറിച്ച ഇടമാണ് ടോള്‍സ്റ്റോയ് ഫാം. 1910ലാണ് ഗാന്ധിജി ഇതു സ്ഥാപിച്ചത്. ഗാന്ധിജിയുടെ അടുത്ത സുഹൃത്തായ ഫെര്‍മന്‍ കല്ലെന്‍ ബാഹ് വിലയ്ക്കു വാങ്ങിയ പതിനൊന്നേക്കര്‍ സ്ഥലമാണ് ടോള്‍സ്റ്റോയ് ഫാമാക്കിയത്. ദക്ഷിണാഫ്രിക്കയിലെ വര്‍ണ വിവേചനത്തിനെതിരെ പോരാടുന്ന സത്യാന്വേഷികള്‍ക്ക് ഗാന്ധിയന്‍ തത്ത്വങ്ങളിലധിഷ്ഠിതമായ സ്വാശ്രയ ജീവിതം നയിക്കാനുള്ള ഇടമാണ് ടോള്‍സ്റ്റോയ് ഫാം. മോഹന്‍ ദാസിനെ മഹാത്മാവാക്കുന്നതിലേക്കുള്ള വഴിയില്‍ ടോള്‍സ്റ്റോയ് ഫാമിന്റെ പങ്ക് അമൂല്യമാണ്. പ്രകൃതി ജീവിതം , പ്രകൃതി ചികിത്സ, സ്വാശ്രയത്വം, ബ്രഹ്മചര്യം, സത്യനിഷ്ഠ തുടങ്ങിയ ആദര്‍ശങ്ങള്‍ പരിശീലിപ്പിക്കാന്‍ ഈ കൃഷിക്കളം വേദിയായി. നിരവധി താമസക്കാര്‍ ഉണ്ടെങ്കിലും ഫാം ശുചിത്വപൂര്‍ണമായിരുന്നു.
മേല്‍ സൂചിപ്പിച്ച നുറുങ്ങുകളില്‍ നിന്ന് മഹാത്മജിയുടെ ദര്‍ശനത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാനാവില്ല. പ്രപഞ്ച വിജ്ഞാനീയം പോലെ വിസ്തൃതവും വിസ്മയകരവുമാണ് ആ ജീവിതം. എങ്കിലും ഗാന്ധിയന്‍ ദര്‍ശനത്തിന്റെ പൊരുള്‍ ഇപ്രകാരം സംഗ്രഹിക്കാമെന്ന് തോന്നുന്നു….
”മനുഷ്യന്റെ അന്തസത്ത ദിവ്യമായ ഒന്നാണ്. മനുഷ്യനില്‍ കുടികൊള്ളുന്ന ഈ ദിവ്യഭാവത്തെ വ്യക്തിതലത്തിലും സമൂഹതലത്തിലും സാക്ഷാത്ക്കരിക്കുകയാണ് ജീവിതത്തിന്റെ പരമ ലക്ഷ്യം. മതവും സദാചാരവും സാമൂഹ്യനീതിയും അര്‍ഥശാസ്ത്രവുമെല്ലാം തന്നെ തത്വത്തിലും പ്രയോഗത്തിലും, ഈ ആത്യന്തികലക്ഷ്യമായ ആത്മാവിഷ്‌കരണത്തിന് ഇണങ്ങുന്നതും അതിനെ സഹായിക്കുന്നതുമാവണം…”
ഈ കുറിപ്പ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ പേര് ഉദ്ധരിച്ചുകൊണ്ട് തുടങ്ങിയതിനാല്‍ അദ്ദേഹം മഹാത്മജിക്ക് അയച്ച കത്തിന്റെ യും മറുപടിയുടെയും വിവര്‍ത്തനത്തോടു കൂടി അവസാനിപ്പിക്കട്ടെ…
ബഹുമാനപ്പെട്ട മിസ്റ്റര്‍ ഗാന്ധി,
ഈ വരികള്‍ താങ്കള്‍ക്ക് എത്തിക്കുന്നതിന് ഞങ്ങളുടെ ഭവനത്തിലുള്ള താങ്കളുടെ സുഹൃത്തിന്റെ സാന്നിധ്യം ഞാന്‍ ഉപയോഗിക്കുകയാണ്. ഹിംസയുടെ മാര്‍ഗം കൈയൊഴിയാത്തവരോടുപോലും അഹിംസ പുലര്‍ത്തി വിജയിക്കാമെന്ന് താങ്കള്‍ സ്വന്തം പ്രവര്‍ത്തിയിലൂടെ കാണിച്ചിരിക്കുകയാണ്. താങ്കളുടെ മാതൃക, താങ്കളുട രാജ്യാതിര്‍ത്തി ഉല്ലംഘിച്ച് വ്യാപിക്കട്ടെയെന്നും അത് യുദ്ധവും സംഘര്‍ഷവും ഒഴിവാക്കിക്കൊണ്ട് പരസ്പരാദരവോടെ തീരുമാനങ്ങള്‍ കൈകൊള്ളുന്ന അന്തര്‍ദേശീയ വ്യവസ്ഥയുടെ സ്ഥാപനത്തിന് സഹായകമാവട്ടെയെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നെങ്കിലും നമുക്ക് നേരില്‍ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ
ആത്മാര്‍ത്ഥമായ ആദരവോടെ,
താങ്കളുടെ
എ.ഐന്‍സ്റ്റൈന്‍
ലണ്ടന്‍, ഒക്‌ടോബര്‍ 18, 1931
പ്രിയ സുഹൃത്തേ,
സുന്ദരം മുഖേന താങ്കള്‍ അയച്ച മനോഹരമായ കത്ത് ലഭിച്ചതില്‍ സന്തോഷം. എന്റെ പ്രവര്‍ത്തനത്തെ താങ്കള്‍ സ്വന്തം ദൃഷ്ടിയില്‍ അനുകൂലിച്ചത് വളരെ സന്തോഷം നല്‍കുന്നു. ഇന്ത്യയില്‍ എന്റെ ആശ്രമത്തില്‍ വച്ച് നമുക്ക് തമ്മില്‍ കാണാന്‍ ഇടവരട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
സ്‌നേഹത്തേടെ
താങ്കളുടെ
എം. കെ. ഗാന്ധി