ബെയ്ജിങ്: ടെന്നിസ് താരം പെങ് ഷുവായിയുടെ തിരോധാനം ചൈനയ്ക്ക് പുതിയ തലവേന. ചൈനയുടെ മുന്‍ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് വനിത വിഭാഗം ഡബ്ള്‍സിലെ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ പെങ്ങിനെ കാണാതായത്.
ഇതിന് പിന്നാലെ പെങ് എവിടെയെന്ന ചോദ്യവുമായി ‘വേര്‍ ഈസ് പെങ് ഷുവായി’ എന്ന ഹാഷ്ടാഗ് സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായി. പിന്നാലെ താരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് യു.എസും ഐക്യരാഷ്ട്ര സഭയും രംഗത്തെത്തി. കമ്യൂണിസ് പാര്‍ട്ടി നേതാവായ ഗാവെലിക്കെതിരായ ആരോപണങ്ങളില്‍ സുതാര്യമായ അനേഷണം വേണമെന്നും യു.എന്‍ ആവശ്യപ്പെട്ടു.
ടെന്നിസ് താരങ്ങളായ നൊവാക് ദ്യോകോവിച്ച്, ആന്‍ഡി മറെ, സെറീന വില്യംസ്, നവോമി ഒസാക, കിം ക്ലൈസ്റ്റേഴ്‌സ്, കോകോ ഗഫ്, സിമോണ ഹാലപ്പ്, പെട്ര ക്വിറ്റോവ എന്നിവര്‍ ക്യാമ്പയിനില്‍ അണിചേര്‍ന്നു. പെങ്ങിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷണം നടത്തിയില്ലെങ്കില്‍ ചൈനയില്‍ ടൂര്‍ണമെന്റുകള്‍ നടത്തില്ലെന്ന് വനിത ടെന്നിസ് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം, പെങ് ഷുവായിയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് ചൈനയുടെ പ്രതികരണം. അത് നയതന്ത്രപരമായ വിഷയമല്ലെന്നും സാഹചര്യത്തെക്കുറിച്ച് അറിയില്ലെന്നും സര്‍ക്കാര്‍ വക്താവ് ഷാവോ ലിജിയാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നവംബര്‍ രണ്ടിന് ചൈനീസ് സാമൂഹ്യമാധ്യമായ വെയ്‌ബോ വഴിയാണ് പെങ് സാങ് ഗാവൊലിക്കെതിരെ പീഡന ആരോപണം ഉന്നയിച്ചത്. പോസ്റ്റ് ഉടന്‍ വെയ്ബോയില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടു. വിവാദം വലിയ ചര്‍ച്ചയാവാതിരിക്കാന്‍ ഇന്റര്‍നെറ്റില്‍ കനത്ത സെന്‍സറിങ് നടത്തിയതായാണ് ആരോപണം.
അതേസമയം പെങ് സുരക്ഷിതയായിരിക്കുന്നുവെന്നും അടുത്ത് തന്നെ പെതുജന മധ്യത്തില്‍ പ്രത്യക്ഷപ്പെടുമെന്നും സര്‍ക്കാര്‍ അനുകൂല മാധ്യമപ്രവര്‍ത്തകന്‍ ഹു ഷിന്‍ജിന്‍ അവകാശപ്പെട്ടു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ പീപ്പിള്‍സ് ഡെയ്‌ലി പ്രസിദ്ധീകരിക്കുന്ന ‘ദ ഗ്ലോബല്‍ ടൈംസ്’ എഡിറ്റര്‍ ഇന്‍ ചീഫാണ് ഷിന്‍ജിന്‍.
35കാരിയായ പെങ് വനിതകളുടെ ഡബിള്‍സിലെ മുന്‍ ലോക ഒന്നാം നമ്പറുകാരിയാണ്. 2013ല്‍ വിംബിള്‍ഡണും 2014ല്‍ ഫ്രഞ്ച് ഓപണും സ്വന്തമാക്കിയിട്ടുണ്ട്. കരിയറിലാകെ രണ്ട് സിംഗിള്‍സ്, 22 ഡബിള്‍സ് കിരീടങ്ങളുമുയര്‍ത്തിയ താരം 2018ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. മൂന്ന് ഒളിമ്പുക്‌സുകളില്‍ റാക്കറ്റേന്തിയ താരം 2010ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി.