തിരുവനന്തപുരം: ഇന്ന് (നവംബര്‍ 25) സ്ത്രീകള്‍ക്കെതിരായ അക്രമവിരുദ്ധ ദിനം. കോവിഡ് കാലത്തും കേരളത്തില്‍ പീഡനങ്ങള്‍ക്ക് കുറവില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കുടുംബശ്രീയുടെ കീഴില്‍ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്കിനോട് ചേര്‍ന്ന് സജ്ജമാക്കിയ സ്‌നേഹിത സ്‌റ്റേ ഹോമുകളില്‍ ഇക്കാലയളവില്‍ 31 പേര്‍ എത്തി.
അടിയന്തര സാഹചര്യങ്ങളില്‍ രണ്ടോ മൂന്നോ ദിവസം തങ്ങാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ലോക്ഡൗണിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ലെന്ന് സ്‌നേഹിതയിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. നൂറോളം പരാതികളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇവിടെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 47 ഗാര്‍ഹിക പീഡന പരാതികളും കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട 53 കേസുകളുമെത്തി. ഇവയില്‍ 16 പേര്‍ അന്തര്‍ സംസ്ഥാന തൊഴിലാളി സ്ത്രീകളായിരുന്നു.
വീടുവിട്ട് ഇറങ്ങിപ്പോയി റെയില്‍വേ സ്‌റ്റേഷനിലും പൊലീസ് സ്‌റ്റേഷനുകളിലുമെത്തുന്നവരെയാണ് ‘സ്‌നേഹിത’ സെന്ററുകളിലെത്തിക്കുന്നത്. കുട്ടികളെയും കൂട്ടി വീടുവിട്ടിറങ്ങുന്നവര്‍ ശിശുസംരക്ഷണ സമിതി, ചൈല്‍ഡ് ലൈന്‍ എന്നിവ വഴിയും ഇവിടെയെത്താറുണ്ട്. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലെത്താനുള്ള സൗകര്യമൊരുക്കാറുണ്ടെന്ന് കുടുംബശ്രീ ജെന്‍ഡര്‍ ജില്ല പ്രോഗ്രാം മാനേജര്‍ മോനിഷ തോമസ് പറഞ്ഞു.
രണ്ട് കൗണ്‍സിലര്‍, അഞ്ച് സര്‍വിസ് പ്രൊവൈഡര്‍മാര്‍, രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവരടങ്ങുന്നതാണ് ‘സ്‌നേഹിത’. ഗാര്‍ഹിക പീഡന പരാതികളില്‍ കുറ്റകൃത്യ സ്വഭാവമുണ്ടെങ്കില്‍ തുടര്‍നടപടികള്‍ക്കായി ശിപാര്‍ശ ചെയ്യും. 2017ല്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ 1757 കേസുകളാണ് സ്‌നേഹിത കൈകാര്യം ചെയ്തത്. 535 അന്തേവാസികള്‍ ഷോര്‍ട്ട് സ്‌റ്റേ ഹോം ഉപയോഗപ്പെടുത്തി. ഇവയിലേറെയും ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് എത്തുന്നവരാണെന്ന് മോനിഷ പറയുന്നു.
സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകള്‍ വര്‍ധിച്ചുവരുമ്പോള്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തതുമാത്രം 11,124 കുറ്റകൃത്യങ്ങളാണ്.. ഒക്‌ടോബര്‍ ഒന്നു വരെയുള്ള കണക്കാണിത്. സ്‌റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോ രേഖകള്‍ പ്രകാരം കേസുകളുടെ വിശദാംശം ചുവടെ:
ബലാത്സംഗം 1660
പീഡനം 2898
തട്ടിക്കൊണ്ടുപോകല്‍ 127
പൂവാലശല്യം 321
സ്ത്രീധന പീഡന മരണം 08
ഭര്‍ത്താവ്/ഭര്‍തൃബന്ധുക്കള്‍
എന്നിവരില്‍ നിന്നുള്ള
അതിക്രമം 3252
മറ്റ് അതിക്രമങ്ങള്‍ 2858
ആകെ 11,124