പത്തനംതിട്ട: ‘സര്‍ക്കിള്‍ അച്ചന്റെ’ പിന്‍ഗാമിയായിരിക്കുകയാണ് ഫാ. ജോസഫ് വരമ്പുങ്കല്‍.. ഉതിമൂട് സ്വദേശിയായ സര്‍ക്കിള്‍ അച്ഛന്‍ പരേതനായ ടി.വി.തോമസ് തറയില്‍ കോറെപ്പിസ്‌കോപ്പയെ നാട് ഇനിയും മറന്നിട്ടില്ല. എസ്‌ഐ ആയിരിക്കെയാണ് അദ്ദേഹം ശെമ്മാച്ചനായത്.
സിഐയായി സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമാണ് വൈദികനായത്. എന്നാല്‍, ഫാ. ജോസഫ് വരമ്പുങ്കല്‍ വൈദികനായിരിക്കെ തന്നെയാണ് പൊലീസ് യൂണിഫോം അണിഞ്ഞത്. ചെറുകുളഞ്ഞി സ്‌കൂളിലെ അധ്യാപകനും ഡയറക്ടറുമാണ് ഫാ. ജോസഫ്. അദ്ദേഹത്തിന് പൊലീസില്‍ ജോലി കിട്ടിയതല്ല. സ്‌കൂളില്‍ അടുത്തിടെ തുടങ്ങിയ സ്റ്റുഡന്‍സ് പൊലീസ് കെഡറ്റ്‌സിന്റെ (എസ്പിസി) കമ്മ്യൂണിറ്റി പൊലീസ് ഓഫിസറായാണ് (സിപിഒ) അദ്ദേഹം ചുമതലയേറ്റത്.
തിരുവനന്തപുരം പൊലീസ് ട്രയിനിങ് കോളജിലായിരുന്നു പരിശീലനം. അതു പൂര്‍ത്തീകരിച്ചാണ് യൂണിഫോം അണിഞ്ഞത്. എസ്പിസി രൂപീകരിക്കാന്‍ ഫാ. ജോസഫാണ് മുന്‍കൈയെടുത്തത്. സിപിഒ ആകാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിന് മലങ്കര കത്തോലിക്കാ സഭ അനുമതി നല്‍കിയിരുന്നു.
പൊലീസ് യൂണിഫോമില്‍ ചെറുകുളഞ്ഞി ബഥനി ആശ്രമം ഹൈസ്‌കൂളില്‍ എത്തിയ വൈദികനെ ‘ബിഗ് സല്യൂട്ട്’ നല്‍കിയാണ് കുട്ടികള്‍ വരവേറ്റത്.