മാക്സി ധരിച്ച നിറ വയറുള്ള യുവതി റെയിൽവേ പ്ലാറ്റ് ഫോമിൽ നിന്നും കഠിന വേദനയോടെ ഞെരിയാനും ആശ്രയം ചോദിച്ച് കരയാനും തുടങ്ങി. സ്ത്രീ ജനങ്ങൾ അലിവോടെ യുവതിയെ വട്ടം വളഞ്ഞു. കാരണം അന്വേഷിച്ച് പേറ്റുനോവെന്നു കാര്യം സ്ഥിരീകരിച്ചു. ചിലർ ഹെൽപ് ലൈനിൽ അഭയം തേടി. ചിലർ പ്രസവ വേദനയുടെ പഴമ പുതുമയായി പകർത്തി. ചുടു ന്യൂസ് വാട്ട്സപ്പ് വാണം വിടാൻ. അതാണല്ലോ ആധുനികതയുടെ പരസഹായ യുഗ ഫാഷൻ. പേരിന് സ്റ്റേഷൻ അധികാരികളും വിവരമറിഞ്ഞ് സഹായത്തിനെത്തി. ഇപ്പോൾ യുവതി വേദന സഹിക്കാതെ താഴെ കുഴഞ്ഞു വീഴുന്ന പരുവത്തിലായി. വയറു താങ്ങി പിടിച്ചിരുത്താൻ മറ്റൊരു ചെറുപ്പക്കാരി സന്മനസ് കാട്ടി.
“എല്ലാവരും കൂടി ഒരു ചെറിയ ഉപകാരം ചെയ്താൽ കൊള്ളാം. ഇവിടെ ഒരു മറ ചടുന്നനേ തട്ടിക്കൂട്ടിയാൽ മതി. ഞാനൊരു ബിഎസ്സി നേഴ്സാണ്. തനിച്ചു പ്രസവമെടുക്കാനുള്ള പ്രാപ്തിയെനിക്കുണ്ട്.” ദൈവ ഭാഗ്യത്തിന് നേഴ്സിൻെറ സർട്ടിഫിക്കറ്റുകൾ ചോദിച്ചാരും തർക്കിച്ചില്ല. അപേക്ഷ തട്ടിക്കളയാൻ ചിലർക്കെങ്കിലും മനസാക്ഷി കുത്തു തോന്നി. സ്വരച്ഛേർച്ചയിൽ സമ്മതം മൂളലുണ്ടായി. അധികാരികളും സൊരുമ കാട്ടി കൂട്ടു നിന്നു. പേറ്റു നോവെടുത്ത് പുളയുന്ന യുവതി താമസിച്ചാൽ പ്ലേറ്റ് ഫോമിൽ പ്രസവിച്ച പുല്ലാപ്പാകും. ഫസ്റ്റ് എയ്ഡിനു വൈകിയ കുറ്റം ചുമത്തി യാത്രക്കാർ അക്രമിക്കാനും മതി. പഴിയാവും പിഴ ശിക്ഷ. പൊതുവേ അടിയന്തര ഘട്ടങ്ങളിൽ ചേതമില്ലാത്ത പരസഹായത്തിന് തയ്യാറാവുന്നവരാണ് മഹാനഗരവാസികൾ. കാര്യം ഏവ്വരും ഉപജീവനത്തിന് മത്സരിച്ച പരക്കം പാച്ചിലാണെങ്കിലും. സഹകരണ ബോധം അസംഭവ്യങ്ങളെ സാധ്യമാക്കുന്നതല്ലേ സാക്ഷി! കീറ തുണികൾ കൂട്ടിക്കെട്ടി മറ സൃഷ്ടിച്ചു. വെള്ളവും വെളിച്ചവുമെത്തിക്കാൻ തത്രപ്പെട്ടു. ദാ വാവിട്ടുള്ള പിള്ള കരച്ചിൽ ഹരിശ്രീ അക്ഷരമായി സൈറൺ മുഴങ്ങി. അക്ഷമരായി കാത്തു നിന്നവർക്ക് ആശ്വാസം. തന്താങ്ങളുടെ ദൈവ നാമം ഉരുവിട്ട് സന്തുഷ്ടരായി.
“എവിടെ എമർജൻസി പ്രസവമെടുത്ത നേഴ്സ്?” സീൻ ദ്രുതഗതിയിൽ മാറി. മാധ്യമ ചാനലുകാർ പാഞ്ഞെത്തി. വാർത്ത കവറു ചെയ്യലായി.
“എന്നെ എല്ലാവരും കൂടി കൊത്തി തിന്നരുത്.” ചുടു ചോര പുരണ്ട കൈ തുടച്ച് ധൈര്യം കാണിച്ച കൊച്ചു സുന്ദരി സ്വയം പരിചയപ്പെടുത്തലായി.
“മലയാളിയാണ്. ജോലിയന്വേഷിച്ച് ഇവിടെ എത്തി. പ്രൈവറ്റ് സ്ഥാപനത്തിലാണ്. യോഗ്യതയുള്ള ഒരു സർക്കാർ ജീവനക്കാരിയാകാൻ അതിയായ മോഹമുണ്ട്. കഴിയുമെങ്കിൽ അധികാരികൾ തുണച്ചാൽ ഒരു പ്രാരബ്ദമുള്ള വീട് രക്ഷപ്പെടും.” മിടുമിടുക്കി അവതാരക ശൈലിയെടുത്തു. സ്ഫുടമായ ഭാഷയിൽ മുഴുവൻ പേരും, മേൽവിലാസവും, വർക്കു ചെയ്യുന്ന സ്ഥലവും നിർത്തി നിർത്തി പറഞ്ഞു കൊടുത്തു. ഇപ്പോഴതാ പ്ലാറ്റ് ഫോമിൽ യാത്രക്കാരെ കുത്തി നിറച്ച ഇലട്രിൿ ട്രെയിനെത്തി. എല്ലാവരോടുമായി നേഴ്സ് കൈവീശി. പ്രതിഫലം പറ്റിയ സന്തോഷത്തിൽ ലോക്കൽ തിരക്കിൽ ഊള വച്ചു. അതോടെ ലൈവ് ടെലിക്കാസ്റ്റ് പടയും പിരിഞ്ഞു. അക്കടി പറ്റിയ വിധം സംഭവ സ്ഥലം വെടിഞ്ഞ് ദൃൿസാക്ഷി യാത്രക്കാരും തനതു വഴിക്കു നടന്നു.
“എൻെറ കാതിപ്പൂ.” ചോരക്കുഞ്ഞിനെ കീറത്തുണിയിൽ പേറിയ പെണ്ണ് നടുങ്ങി. പ്രസവമെടുത്ത നേഴ്സമ്മയല്ല ഇസ്ക്കിയത്. നേർബുദ്ധി തെളിഞ്ഞു. ഞാനൊരു വയറ്റാട്ടിയാ. നിന്നെ എവിടയോ കണ്ട നല്ല മുഖപരിചയം. എൻെറ കുഞ്ഞു മോളെ പോലിരിക്കുന്നു. പുന്നാര ലോഹ്യം പൂന്വൊടിയായ് വിതറി. കാതിലുള്ളത് സ്വർണ്ണമല്ലേ! ബഹളത്തിനിടയിൽ ഉരുക്കി പിടിച്ചുണ്ടാക്കിയത് വല്ലവളും ഊരി കൈമടക്കാക്കണ്ടാ. മരണ പിടച്ചിലിൽ നിരാകരിച്ച് തടയാൻ ശ്രമിച്ചതാണ്. ഒരുത്ത്യേം വിശ്വസിച്ചടുപ്പിക്കാൻ കൊള്ളില്ല. വേദനയുടെ മൂർദ്ദന്യതയിൽ ദേഹം കുഴഞ്ഞു. മോഹാലസ്യപ്പെട്ടു പോയി. വെളുത്തു തടിച്ച മലമന്തി എപ്പോഴോ സുരക്ഷിത മേഖല താണ്ടി അപ്രത്യക്ഷമായി കഴിഞ്ഞു. അവർക്ക് എന്നേക്കാൾ പതിന്മടങ്ങ് ജീവിത സമ്മർദ്ദ ക്ലേശങ്ങളുണ്ടാകും. അല്ലാതാര് മോഷ്ടിക്കും. തലേ ഇടിത്തീ വീഴുമെന്ന് ശപിക്കാതെ ക്ഷമിക്കാൻ പ്രേരണയായി.
മറ്റൊരു ട്രെയിൻ കൂടിയെത്തി. ജനം പ്രളയം മലവെള്ളമായി. ചാടിയിറക്കവും കുത്തിക്കേറ്റവും നിമിഷാർദ്ധത്തിൽ കഴിഞ്ഞു.
“ടിക്കറ്റ് പ്ലീസ്.” നല്ല വസ്ത്രം ധരിച്ച കാക്കി കോട്ടിട്ട ഉദ്യോഗസ്ഥ! സ്വയം മിഴിച്ചു. വിളിച്ചു കേഴാൻ അവൾക്ക് ദൈവങ്ങളില്ലാതായി. തൊണ്ടയിടറി. തെല്ലിട മുന്വിവിടെ നിങ്ങളുടെയൊക്കെ സഹകരണത്തിൽ പ്രസവിച്ചവളാണ്. വിശ്വാസം വരുത്താൻ ചോരക്കുഞ്ഞിനെ സാക്ഷിയാക്കി നീട്ടി കാണിച്ചു. നപുംസകങ്ങൾ കുഞ്ഞിനെ കൈവട്ടം വണങ്ങി. കണ്ണോക്ക് നീക്കി. കൈക്കൊട്ടും നൃത്തവും പാരിതോഷികത്തിന് കൈനീട്ടലും മുറയ്ക്ക് നടന്നു. അത്ഭുതം. കണ്ണു തള്ളി നിന്നവൾക്ക് കടാക്ഷമായി. അലിവാർന്ന യാത്രക്കാർ പണം മന്ന പൊഴിഞ്ഞു.
“ടിക്കറ്റില്ലേൽ പറാ. ടിക്കറ്റ്ലസിന് പിഴയടക്കണം.” ഗർവ്വുകാരി ക്രൂരമായി ഒച്ച കൂട്ടി.
“പാവം പൊക്കോട്ടെ മാഡം. പേക്കൂത്തു കാട്ടണ ഞങ്ങടെ തെണ്ടലീന്ന് ഫൈനടച്ചോളാം.”
“പിശാച്ചുക്കള് എവിടേം നേരം നോക്കി ചാടി വീണോളും. തിന്നൂല്ല. തീറ്റിക്കൂല്ല. പുല്ലൂട്ടിലെ നായ്ക്കൾ.” വട്ടമുഖം കോട്ടുകാരി പല്ലിറുമ്മി. പിരാകി അരിശം പൂണ്ടു.
ഹിജഡകൾ ചിതറിയ നോട്ടുകളും തുട്ടങ്ങളും വാരി കൂട്ടി ശേഖരിച്ചു. ശല്യ ഇടപാട് തീർന്ന ആനന്ദ തുള്ളലാടി. മതിമറന്നു. ആരോടും നന്ദി രേഖപ്പെടുത്താനാവാതെ അവൾ നാണിച്ച് തലതാഴ്ത്തി. വിധിയുടെ കരിനിഴലു തേടി നരക തെരുവിലോട്ടിറങ്ങി.
–ജെസ്‌വിൻ ചേറൂക്കാരൻ
