ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഭക്ഷണപ്രേമികള്‍ ചര്‍ച്ച ചെയ്യുന്നത് പാര്‍ലെ-ജി ബിരിയാണിയെ കുറിച്ചാണ്.
കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റഗ്രാമില്‍ ഒരു യുവതി പാര്‍ലെ-ജി ബിസ്ക്കറ്റ് ഉപയോഗിച്ച് ബിരിയാണി ഉണ്ടാക്കി എന്ന അവകാശവാദവുമായി എത്തിയത്.ബിരിയാണി എന്നു കേള്‍ക്കുമ്പോള്‍ വായില്വെള്ളമൂറാത്തവര് ചുരുക്കമായിരിക്കും. വ്യത്യസ്ത ബിരിയാണി രുചികള്‍ തേടിയിറങ്ങുന്നവര്‍ ഇക്കാലത്ത് നിരവധിയാണ്.
വെജിറ്റബിള്‍ ബിരിയാണിക്കും നോണ്‍വെജ് ബിരിയാണിക്കുമെല്ലാം വിവിധ വകഭേദങ്ങള്‍ ഇന്നുണ്ട്. അതോടൊപ്പം മലബാര്‍ ബിരിയാണി, തലശേരി ബിരിയാണി, ഹൈദരാബാദ് ബിരിയാണി, റാവുത്തര്‍ ബിരിയാണി, ചെട്ടിനാട് ബിരിയാണി, കൊല്‍ക്കത്ത ബിരിയാണി, ഡിണ്ഡിഗല് ബിരിയാണി തുടങ്ങിയ വകഭേദങ്ങള്‍ പിന്നെയുമുണ്ട്. എന്നാല്‍ വ്യത്യസ്ത ചേരുവകള്‍ ഒന്നിച്ച് സംയോജിപ്പിച്ച് അവരുടെ രുചി മുകുളങ്ങള്‍ക്ക് അനുയോജ്യമായ ഭക്ഷ്യ ഉല്പന്നങ്ങള് ഉപയോഗിച്ച് വിവിധ തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. ചിലത് വളരെ ഭംഗിയായി വരികയും ചില പരീക്ഷണങ്ങള്‍ പാളിപ്പാവുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ പാളിപ്പോയ പരീക്ഷണമാണ് ഈ പാര്‍ലെ-ജി ബിരിയാണിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
പാര്‍ലെ-ജി ബിരിയാണിയെ യുവതി പരിചയപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്. ബിരിയാണി മസാലയില്‍ പാര്‍ലെ-ജി ബിസ്ക്കറ്റ് ചേര്‍ത്താണ് പാര്‍ലെ-ജി ബിരിയാണി ഉണ്ടാക്കിയിരിക്കുന്നതെന്നാണ് യുവതി പറയുന്നത്. എന്നാല്‍ ബിരിയാണി പ്രേമികളെ ചൊടിപ്പിക്കുന്നതായിരുന്നു ഈ പരീക്ഷണം. നിരവധിയാളുകളാണ് യുവതിയുടെ പരീക്ഷണത്തെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്.