ന്യൂഡല്‍ഹി: ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് (68) ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതോടെ ഓര്‍മ്മയാകുന്നത് ഇന്ത്യയുടെ സേനാചരിത്രത്തിലെ ജ്വലിക്കുന്ന ഏട്.. 2020 ജനുവരി ഒന്നിനാണ് ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേന മേധാവിയായി അദ്ദേഹം നിയമിക്കപ്പെട്ടത്.
യുദ്ധതന്ത്രങ്ങളിലെ അഗ്രഗണ്യനായിരുന്നു. പുതിയ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യയുടെ മൂന്നു സേനകളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ രാജ്യം എന്നും അഭിമാനത്തോടെ ഓര്‍മ്മിക്കും. ഭാര്യ മധുലിക റാവത്ത് ഉള്‍പ്പെടെ മറ്റ് 12 പേര്‍ കൂടി മരിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി.
സൈനിക പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ബിപിന്‍ റാവത്തിന്റെ ജനനം. ഉത്തരാഖണ്ഡിലെ പൗരിയില്‍ 1958 മാര്‍ച്ച് 16 നാണ് ബിപിന്‍ റാവത്ത് ജനിച്ചത്. പിതാവ് ലക്ഷ്മണ്‍ സിങ് റാവത്ത് കരസേനയിലെ ലഫ്റ്റനന്റ് ജനറലായിരുന്നു.
ഡെറാഡൂണിലെ കാംബ്രിയന്‍ ഹാള്‍ സ്‌കൂളിലും ഷിംലയിലെ സെന്റ് എഡ്വേര്‍ഡ് സ്‌കൂളിലുമായിരുന്നു സ്‌കൂള്‍ പഠനം. പിന്നീട് പൂനെ നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഇന്ത്യന്‍ മിലിറ്ററി അക്കാദമി ഡെറാഡൂണ്‍ എന്നിവിടങ്ങളിലായിരുന്നു തുടര്‍ വിദ്യാഭ്യാസം. കുനൂരിലെ വെല്ലിങ്ടണിലുള്ള ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജില്‍നിന്ന് ബിരുദം നേടിയിട്ടുണ്ട്.
1978 ഡിസംബര്‍ 16നാണ് കാലാള്‍പ്പടയുടെ പതിനൊന്നാം ഗൂര്‍ഖ റൈഫിള്‍സിന്റെ അഞ്ചാമത്തെ ബറ്റാലിയനിലേക്ക് അദ്ദേഹത്തെ നിയോഗിച്ചത്. അദ്ദേഹത്തിന്റെ പിതാവ് കമാന്‍ഡര്‍ ആയിരുന്ന ബറ്റാലിയന്‍ ആയിരുന്നു അത്.
ഗൂര്‍ഖ റെജിമെന്റില്‍ നിന്നാണ് കരസേന തലപ്പത്തേക്ക് റാവത്ത് എത്തുന്നത്. 2016 ഡിസംബര്‍ 31 മുതല്‍ 2019 ഡിസംബര്‍ 31 വരെ കരസേനാ മേധാവിയായിരുന്നു. രാജ്യത്തിനകത്തും പുറത്തും നടന്ന സുപ്രധാനമായ നിരവധി സൈനിക നീക്കങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്.
കശ്മീരില്‍ കിഴക്കന്‍ സെക്ടര്‍ നിയന്ത്രണ രേഖയില്‍ രാഷ്ട്രീയ റൈഫിള്‍സ് കമാന്‍ഡര്‍, കോംഗോയിലെ ഐക്യരാഷ്ട്ര സഭ ചാപ്റ്റര്‍ ഢകക മിഷനില്‍ ബ്രിഗേഡ് കമാന്‍ഡര്‍, ജമ്മു-കശ്മീര്‍ നിയന്ത്രണ രേഖയില്‍ ആര്‍മി ഡിവിഷന്‍ കമാന്‍ഡര്‍, വടക്ക്-കിഴക്കന്‍ കോര്‍പ്‌സ് കമാന്‍ഡര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.
ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി സീനിയര്‍ ഇന്‍സ്ട്രക്ടര്‍, മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടറേറ്റിലെ ജനറല്‍ സ്റ്റാഫ് ഓഫിസര്‍ എന്നീ പദവികളും വഹിച്ചു. മിലിട്ടറി സെക്രട്ടറി ബ്രാഞ്ചില്‍ കേണലും ഡെപ്യൂട്ടി മിലിട്ടറി സെക്രട്ടറിയുമായിരുന്നു.
വെല്ലിംഗ്ടണ്‍ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജ് , അമേരിക്കയിലെ ഫോര്‍ട്ട് ലിവന്‍വര്‍ത്ത് സൈനിക കേളേജ്, നാഷണല്‍ ഡിഫന്‍സ് കോളേജ് ന്യൂഡല്‍ഹി എന്നീ ഉന്നത സൈനിക കലാലയങ്ങളില്‍ നിന്ന് ബിരുദങ്ങള്‍ നേടി. അന്താരാഷ്ട്ര സൈനിക ജേണലുകളില്‍ അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മീററ്റ് ചൗധരി ചരന്‍സിങ് സര്‍വകലാശാലയില്‍ നിന്ന് മിലിട്ടറി മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടി.
നാലു പതിറ്റാണ്ടോളം നീണ്ട സൈനിക സേവനത്തിനിടയില്‍ വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പരമവിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ് സേവാമെഡല്‍, യുദ്ധ് സേവാ മെഡല്‍, സേനാ മെഡല്‍ തുടങ്ങിയ സൈനിക ബഹുമതികള്‍ ഇതില്‍പ്പെടും.
സൈന്യത്തില്‍ നാലു നക്ഷത്ര പദവി (ഫോര്‍ സ്റ്റാര്‍ റാങ്ക്) അദ്ദേഹത്തിന് അനുവദിച്ചിരുന്നു. പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേശകനും സൈനികകാര്യ വകുപ്പിന്റെ മേധാവിയുമായിരുന്നു.