നരച്ചു തുടങ്ങിയ ചിന്തകൾക്കപ്പുറം
നിറമാർന്നൊരോർമ്മയുണ്ടിന്നും
ചിലമ്പണിഞ്ഞില്ലേലും ചിലമ്പി, ചിരിക്കുന്ന
ഒരു കൊച്ചരുവിയാം ബാല്യം
ആകാശനീലിമ കാണാതെ സൂക്ഷിച്ച
മയിൽപ്പീലിത്തുണ്ടാണു ബാല്യം
കുശുമ്പും, കുന്നായ്മയും ഇല്ലാത്ത,യില്ലാത്ത
കുസൃതിയും, കരുതലും ബാല്യം
ഇത്തിരി വെട്ടത്തിൻ മോഹം പകുത്തുള്ള
മൺചെരാതാകുവാൻ മോഹം
കർക്കിടകപ്പെയ്ത്തിൻ ഒരു മഴത്തുള്ളിയായ്
തുള്ളിത്തുളുമ്പുവാൻ മോഹം
അന്നു ഞാനെന്നോ, നീയെന്നൊ നമ്മിൽ
ആർക്കാർക്കുമില്ലായിരുന്നു
ഒരു കുഞ്ഞു ചെടിയിലെ പൂക്കളെ പോലെ
എങ്ങും പരിലസിച്ചിരുന്നു
വിദ്യാലയത്തിൽ ഗുരുക്കളെ നാമെല്ലാം
ഒട്ടേറെ മാനിച്ചിരുന്നു
ഗുരുക്കളോ നമ്മളെ സ്വന്തമെന്നതു പോലെ
എത്രയോ സ്നേഹിച്ചിരുന്നു
കല്ലെട് ,മുള്ളെട് തുമ്പിയായ് മാറാൻ
ഉള്ളിലുണ്ടിപ്പോഴും ബാല്യം
നമ്മളെല്ലാരുമിന്നൊത്തുകൂടുമ്പോൾ
പറയാനറിയാത്തൊരു ഇഷ്ടം
……………………..

രാജു കാഞ്ഞിരങ്ങാട്
ഫോൺ – 9495458138