Sunday, December 22, 2024

HomeFeatures'പി.ടി' നിലപാടുകളുടെ രാജകുമാരന്‍ ഓര്‍മയായിട്ട് മൂന്നു വര്‍ഷം

‘പി.ടി’ നിലപാടുകളുടെ രാജകുമാരന്‍ ഓര്‍മയായിട്ട് മൂന്നു വര്‍ഷം

spot_img
spot_img

പി.ടി എന്ന രണ്ടക്ഷരം കേട്ടാല്‍ മലയാളികള്‍ ഒരേ സ്വരത്തില്‍ പറയും നിലപാടുകളുടെ രാജകുമാരന്‍ എന്ന്. തന്റെ ശക്തമായ നിലപാടുകള്‍ കൊണ്ട് കേരള രാഷ്ട്രീയത്തില്‍ വ്യക്തമായ ഇടം നേടിയ കരുത്തനായ കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് ഓര്‍മയായിട്ട് രണ്ട വര്‍ഷം. തന്നെ നിലപാടുകളില്‍ ഉറച്ചു നില്ക്കാനും ഉത്തേജിപ്പിക്കാനും ശക്തനാക്കുന്നത് ഗാന്ധിജിയുടെ വാക്കുകളാണെന്നു പല വട്ടം പറഞ്ഞിട്ടുള്ള പി.ടി എന്ന മലയോരത്തു നിന്നും ഉദിച്ചുയര്‍ന്ന ശക്തനായ ജനനായകന് കേരള രാഷ്ട്രീയത്തിനുള്ളില്‍ അത്രയധികം സ്വാധീനമുണ്ടായിരുന്നു.

‘സത്യം പറയുന്ന ഞാന്‍ ഒറ്റക്കാവാം. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ആളില്ലായിരിക്കാം. എന്നാല്‍, മറ്റ് ശബ്ദങ്ങള്‍ തളര്‍ന്നാലും എന്റെ ശബ്ദം കേള്‍ക്കാതിരിക്കില്ല’- രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടേതാണ് ഈ വാക്കുകള്‍.. ഗാന്ധിജിയുടെ ഈ വാക്കുകളാണ് തനിക്ക് സ്വാധീനം ആയിട്ടുള്ളതെന്നു പലവട്ടം പി.ടി വ്യക്തമാക്കിയിട്ടുണ്ട്.
വികസനം നാടിനു വേണം. പക്ഷേ പരിസ്ഥിതിയോട് നൂറു ശതമാനം വിശ്വസ്ഥത പുലര്‍ത്തുന്നതാവണം വികസനമെന്നതായിരുന്നു പി.ടി യുടെ നിലപാട്

പഠനം, പ്രണയം, രാഷ്ട്രീയം തുടങ്ങി ജീവിതയാത്രയില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടതിനാല്‍ ഈ എതിര്‍പ്പുകളെല്ലാം പി.ടിക്ക് കരുത്തേകിയിട്ടേയുള്ളൂ. സ്‌കൂള്‍ പഠനമായിരുന്നു ജീവിതത്തിലെ ആദ്യ വെല്ലുവിളി. ജന്മനാടായ ഇടുക്കിയിലെ മലയോര ഗ്രാമമാമയ ഉപ്പുതോടില്‍ സ്‌കൂളില്ലായിരുന്നു തുടക്കം. തുടര്‍ന്ന് 12 കിലോമീറ്റര്‍ അകലെ പാറത്തോടുള്ള സെന്റ് ജോര്‍ജ് സ്‌കൂളിലേക്ക് നടന്നുപോയാണ് പഠിച്ചത്. 8,9,10 ക്ലാസുകളില്‍ സ്‌കൂള്‍ ലീഡര്‍ ആയിരുന്നു. കര്‍ഷകനും ചെറുകിട ബിസിനസുകാരനുമായിരുന്ന പിതാവ് പുതിയാപറമ്പില്‍ തോമസ് സ്വാതന്ത്ര്യസമര സേനാനി ആര്‍.വി. തോമസിന്റെ അടുത്ത ബന്ധു ആയിരുന്നതിനാല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തോടായിരുന്നു ചെറുപ്പം മുതലേ താല്‍പര്യം. ഇടുക്കി ജില്ലാ രൂപവത്കരണ സമരം നടക്കുന്ന കാലം. വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി സമരത്തില്‍ പങ്കെടുത്തിരുന്നു.
പഠിപ്പുമുടക്കി കൊന്നത്തടി വില്ലേജ് ഓഫിസ് പിക്കറ്റ് ചെയ്യാന്‍ പോയി അറസ്റ്റ് വരിച്ചിട്ടൊക്കെയുണ്ടെങ്കിലും പി.ടിയിലെ രാഷ്ട്രീയക്കാരനെ രൂപപ്പെടുത്തിയെടുത്തത് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ പ്രീഡ്രിഗ്രി കാലമാണ്.
അവിടെ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റായി സജീവ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. പാര്‍ട്ടി നേതൃത്വം ഇടുക്കിയിലേക്ക് വിട്ടതോടെ തൊടുപുഴ ന്യൂമാന്‍സിലായി ഡിഗ്രി പഠനം. ഇടത് പാര്‍ട്ടി ഗ്രാമം ആയിരുന്ന കാലത്താണ് മഹാരാജാസില്‍ പി.ജിക്ക് പഠിക്കുന്നത്. മറ്റാരെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടായിരുന്നു എസ്.എഫ്.ഐയുടേത്. പലപ്പോഴും അവരുടെ ആക്രമണത്തിനിരയായി.

ഒരിക്കല്‍ ഹോസ്റ്റല്‍ വളപ്പില്‍ രക്തം കിടന്ന പി.ടി അവിടെ പുല്ലുവെട്ടിക്കൊണ്ടിരുന്ന ഒരു സ്ത്രീ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ മരിക്കുമായിരുന്നു. ഇടതുമുന്നണിയില്‍ കോണ്‍ഗ്രസ് ചേരുന്ന സമയത്തായിരുന്നു ആക്രമണം. കോളജ് ജീവിതത്തിനിടെ ആക്രമിക്കപ്പെട്ട് മൂന്ന് തവണയായി 120 ദിവസത്തോളം ആശുപത്രിയില്‍ കിടന്നിട്ടുണ്ട്. തേവര കോളജില്‍ നടന്ന സംയുക്ത വിദ്യാര്‍ഥി സമരത്തില്‍ പങ്കെടുത്ത പി.ടിയെ പൊലീസ് വളഞ്ഞിട്ട് മര്‍ദിച്ചതൊക്കെ അന്ന് വലിയ വാര്‍ത്തയായിരുന്നു. മഹാരാജാസില്‍ കെ.എസ്.യുവില്‍ ഒപ്പം പ്രവര്‍ത്തിച്ച ഉമയുമായി വെല്ലുവിളികള്‍ നിറഞ്ഞ പ്രണയം ആരംഭിച്ചതും അക്കാലത്താണ്. വിവാഹത്തിന് പല തരത്തിലുള്ള എതിര്‍പ്പ് ഉയര്‍ന്നപ്പോഴും ആ പ്രതിസന്ധികളെല്ലാം തരണം ചെയ്താണ് ഉമയെ ജീവിത സഖിയാക്കിയത്.
കെപിസിസി നിര്‍വാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്ടര്‍, കെഎസ്യു മുഖപത്രം കലാശാലയുടെ എഡിറ്റര്‍, ചെപ്പ് മാസികയുടെ എഡിറ്റര്‍, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്ഥാന ചെയര്‍മാന്‍, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍നിന്നും 2016 ലും 2021 ലും തൃക്കാക്കരയില്‍നിന്നും ജയിച്ചു. 2009 ല്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍നിന്നു ജയിച്ച് എംപിയായി.

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നപ്പോഴും അദ്ദേഹം ഉറച്ചുനിന്നു. സാധാരണ രാഷ്ട്രീയക്കാരില്‍ നിന്നും വ്യത്യസ്ഥമായി വ്യക്തമായ നിലപാടുകളുള്ള രാഷ്ട്രീയ നേതാവായിരുന്നു പി. ടി എന്ന പി ടി തോമസ്. നിയമസഭയ്ക്കുള്ളില്‍ മുഖ്യമന്ത്രിക്കു നേരെ കൈ ചൂണ്ടി അക്ഷോഭ്യനായി ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയും ഇല്ലാത്ത പി.ടി എ്ന്നും ഭരണപക്ഷത്തിനു പേടിസ്വപ്‌നമായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments